November 30, 2023 Thursday

Related news

November 28, 2023
November 25, 2023
November 12, 2023
November 5, 2023
October 27, 2023
October 26, 2023
October 16, 2023
October 11, 2023
October 7, 2023
October 7, 2023

നെഞ്ചളവും വൈദ്യുതി പ്രതിസന്ധിയും തമ്മിലെന്ത്?

Janayugom Webdesk
April 30, 2022 12:00 am

ഭൂതപൂർവമായ ഊർജപ്രതിസന്ധിയാണ് രാജ്യത്തെ ഗ്രസിച്ചിരിക്കുന്നത്. സമീപ ഭാവിയിലൊന്നും അതിൽനിന്ന് മോചനമില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. വടക്കേ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഗാർഹിക, പൊതു ഉപഭോക്താക്കൾക്ക് നീണ്ടമണിക്കൂറുകൾ വൈദ്യുതി നിഷേധിക്കപ്പെടും. നൂറ്റിഇരുപത്തിരണ്ട് വർഷക്കാലത്തെ ഏറ്റവും ഉയർന്ന ഉഷ്ണതരംഗമാണ് ഇന്നലെ വടക്കേ ഇന്ത്യയിലെ പല നഗരങ്ങളിലടക്കം ഇന്ത്യയുടെ മിക്കഭാഗങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളത്. വരാൻപോകുന്ന ദിവസങ്ങളിലും തല്‍സ്ഥിതി തുടരുമെന്നാണ് പ്രവചനം. വൈദ്യുതോർജ്ജത്തെ ആശ്രയിക്കുന്ന വ്യാവസായിക, തൊഴിൽ സംരംഭങ്ങൾ നിശ്ചലമാവുകയാണ്. തൊഴിലും വരുമാനവും ഇല്ലാത്ത അവസ്ഥയും കുതിച്ചുയരുന്ന ഇന്ധന വിലയും വൈദ്യുതിപ്രതിസന്ധിയും ജനജീവിതം ദുസ്സഹമാക്കും.

രാഷ്ട്രതലസ്ഥാനത്ത് മെട്രോ റയിൽ, ആശുപത്രികൾ എന്നിവയ്ക്കുപോലും വൈദ്യുതി നിഷേധിക്കപ്പെടുമെന്ന മുന്നറിയിപ്പ് പുറത്തുവന്നുകഴിഞ്ഞു. വൈദ്യുതിയുടെ അഭാവത്തിൽ പഞ്ചാബടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ ഘട്ടത്തിൽ ആരംഭിക്കേണ്ട കാർഷിക പ്രവർത്തനങ്ങൾ വൈകും. അവിടെ ക്ഷുഭിതരായ കർഷകർ തെരുവിൽ പ്രതികരിച്ചുതുടങ്ങി. കോവിഡ് മഹാമാരിയിൽ തകർന്ന സമ്പദ്ഘടനയുടെ തിരിച്ചുവരവിനെപ്പറ്റിയുള്ള എല്ലാ പ്രതീക്ഷകൾക്കും മങ്ങലേൽക്കുന്നു. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി പൊടുന്നനെ ഉടലെടുത്ത പ്രതിഭാസമല്ല. അതിനെക്കുറിച്ചുള്ള സൂചനകളും മുന്നറിയിപ്പുകളും മാസങ്ങൾക്കു മുൻപേ തന്നെ ലഭ്യമായിരുന്നു. പ്രതികരിക്കേണ്ടവരും മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടവരും അവ അവഗണിച്ചു. അവരാണ് ഇപ്പോഴത്തെ ദുരന്തത്തിന്റെ ഉത്തരവാദികൾ.


ഇതുകൂടി വായിക്കൂ: പൊതുമുതല്‍ വിറ്റു തുലയ്ക്കുമ്പോള്‍


രാജ്യത്തെ വൈദ്യുതോല്പാദനം ഏതാണ്ട് എഴുപതു ശതമാനവും കൽക്കരിയെ ആശ്രയിച്ചാണ്. തെർമൽ ഊർജനിലയങ്ങൾക്ക് ആവശ്യമായ കൽക്കരി ശേഖരം അവരുടെ കൈവശം ഇല്ല. അവ എത്തിച്ചുനൽകേണ്ട കേന്ദ്ര കൽക്കരി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുമുള്ള കോൾ ഇന്ത്യ ലിമിറ്റഡിന്റെ കൈവശവും ആവശ്യമായ ശേഖരം ഇല്ലെന്നാണ് വെളിവാകുന്നത്. ഉള്ള കൽക്കരി ശേഖരം ഊർജനിലയങ്ങളിലേക്ക് എത്തിക്കേണ്ടത് ഇന്ത്യൻ റയിൽവേയാണ്. എന്നാൽ അവരുടെപക്കൽ ആവശ്യത്തിന് ഗതാഗത സംവിധാനം ഇല്ല. ഏറ്റവും അവസാനം റയിൽവേ പറയുന്നത് കൽക്കരി നീക്കത്തിന് രാജ്യത്തെ 670 യാത്രാ സേവനങ്ങൾ നിർത്തിവയ്ക്കുന്നു എന്നാണ്. ഇവയെല്ലാം വിരൽചൂണ്ടുന്നത് മോഡി ഭരണകൂടത്തിന്റെ സമ്പൂർണ പരാജയത്തിലേക്കാണ്. കേന്ദ്ര കൽക്കരി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡ് ഇന്ത്യയുടെ മഹാരത്ന പൊതുമേഖലാ കമ്പനികളിൽ ഒന്നുമാത്രമല്ല, അത് ലോകത്തെ ഏറ്റവും വലിയ കൽക്കരി ഉല്പാദകർ കൂടിയാണ്.

2,72,000 തൊഴിലാളികളുള്ള, രാജ്യത്തെ ഏഴാമത്തെ വലിയ തൊഴിൽദായകരായ കോൾ ഇന്ത്യയുടേതാണ് മൊത്തം കൽക്കരി ഉല്പാദനത്തിന്റെ 82 ശതമാനവും. കേന്ദ്രസർക്കാരിന്റെ നിയമാധിഷ്ഠിത സ്ഥാപനമായ ഇന്ത്യൻ റയിൽവേ ആകട്ടെ രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദായകരും ലോകത്തെ നാലാമത്തെ വലിയ റയിൽ സംവിധാനവുമാണ്. ഇവയുടെ സമ്പൂർണ നിയന്ത്രണം കയ്യാളുന്ന മോഡി ഭരണകൂടത്തിന് വൈദ്യുതി ഉല്പാദനത്തിന് ആവശ്യമായ കൽക്കരി ഉല്പാദിപ്പിക്കാനും അത് യഥാസമയം ലക്ഷ്യത്തിൽ എത്തിച്ചുനൽകാനും കഴിഞ്ഞില്ലെങ്കിൽ അത് ഭരണപരാജയം അല്ലെങ്കിൽ മറ്റെന്താണ്?


ഇതുകൂടി വായിക്കൂ: നരേന്ദ്രമോഡിയുടെ ഇന്ത്യ യഥാര്‍ത്ഥ ചിത്രം എന്ത്?


നരേന്ദ്രമോഡിയുടെ കുപ്രസിദ്ധ 56 ഇഞ്ച് നെഞ്ചളവ്പ്രയോഗം നടന്നത് വൈദ്യുതിയെ പരാമർശിച്ചായിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ യോഗി ആദിത്യനാഥിനുവേണ്ടി യുപിയിലെ ഗോരഖ്പുരിൽ പ്രസംഗിക്കുമ്പോഴാണ് ഗുജറാത്തിൽ 24 മണിക്കൂർ 365 ദിവസം തടസംകൂടാതെ വൈദ്യുതി നൽകുന്നത് തന്റെ നെഞ്ചളവിന്റെ മിടുക്കാണെന്നു മോഡി വീമ്പിളക്കിയത്. ഇന്ന് അതേ ഗുജറാത്തും വൈദ്യുതി പ്രതിസന്ധിയുടെ പിടിയിലാണ്. നെഞ്ചളവും വീമ്പിളക്കലുമല്ല ജനക്ഷേമ ഭരണത്തിന് ആധാരം എന്ന് ഒരിക്കൽക്കൂടി തെളിയുകയാണ്. നോട്ടുനിരോധനം, ചരക്കുസേവനനികുതി, കർഷകദ്രോഹ നിയമനിർമ്മാണം, കോവിഡ് പ്രതിരോധത്തിന്റെ പേരിൽ വരുത്തിവച്ച ദുരന്തം, ഇനിയും പ്രത്യാഘാതങ്ങൾ പൂർണമായും വെളിപ്പെട്ടിട്ടില്ലാത്ത എണ്ണമറ്റ ഭ്രാന്തൻ ഭരണനടപടികൾ എന്നിവയെല്ലാം വിരൽചൂണ്ടുന്നത് മോഡി ഭരണകൂടത്തിന്റെ വിനാശകരമായ ഭരണ പരാജയത്തിലേക്കാണ്. അധികാരത്തിലും അതുറപ്പിക്കുന്ന തെരഞ്ഞെടുപ്പ് കുതന്ത്രങ്ങളിലും കണ്ണുനട്ടിരിക്കുന്ന മോഡിയും കൂട്ടരും രാജ്യത്തെയും ജനങ്ങളെയും രാഷ്ട്രധർമ്മത്തെയും മറന്ന് ജനജീവിതം ദുരന്തമാക്കുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.