Janayugom Online
tourism sector

മധ്യകേരളത്തിലെ രണ്ട് പ്രധാന ടൂറിസം സര്‍ക്യൂട്ടുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇനിയെന്ത്?

Web Desk
Posted on March 28, 2019, 9:24 pm

ചാലക്കുടി: കേരളത്തിന്റെ ജിഡിപിയുടെ 10%ത്തോളം സംഭാവന ചെയ്യുന്നത് ടൂറിസമാണെങ്കില്‍ ടൂറിസത്തിന്റെ വികസനം കേരളത്തെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രശ്‌നമാണെന്നര്‍ത്ഥം. പുതിയ പാക്കേജുകള്‍ ഉണ്ടാക്കുകയാണ് ഇതിന് ഒരേയൊരു പോംവഴി. എന്നും പഴയതു തന്നെ വില്‍ക്കാന്‍ ശ്രമിച്ചാല്‍ സഞ്ചാരികള്‍ വരില്ല. പുതിയ യാത്രക്കാരും പുതുമ തേടി വീണ്ടും വരുന്നവരുമാണല്ലോ ടൂറിസത്തിന്റെ കാതല്‍. ഇത് മുന്നില്‍ക്കണ്ട് എംപിയായിരുന്നപ്പോള്‍ ഇന്നസെന്റ് സമര്‍പ്പിച്ച രണ്ട് വന്‍കിട ടൂറിസം പദ്ധതികള്‍ തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിക്കു കീഴില്‍ നടപ്പാക്കാന്‍ സമര്‍പ്പിച്ച കാലടിമലയാറ്റൂര്‍ പില്‍ഗ്രിം സര്‍ക്യൂട്ടും (59 കോടി), അതിരപ്പിള്ളി നേച്വര്‍ സര്‍ക്യൂട്ടുമാണ് (39 കോടി) ഇപ്പോള്‍ തെരഞ്ഞെടുപ്പ് വിഷയമായിരിക്കുന്നത്.

എംപിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യരണ്ടു വര്‍ഷത്തിനുള്ളില്‍ത്തന്നെ കേന്ദ്രമാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട്
അദ്ദേഹം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അന്ന് കേന്ദ്ര ടൂറിസം മന്ത്രിയായിരുന്ന മഹേഷ് ശര്‍മ പദ്ധതി നടപ്പാക്കാമെന്ന് ഉറപ്പും നല്‍കി. കേരള സര്‍ക്കാരും മുന്തിയ പരിഗണന നല്‍കി പദ്ധതിയെ പിന്തുണച്ചു. പിന്നീടാണ് മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനം ടൂറിസം മന്ത്രിയാകുന്നത്. ടൂറിസം മന്ത്രി മലയാളിയായതോടെ പദ്ധതി എത്രയും വേഗം നടപ്പാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പിന്നീട് കടുത്ത അവഗണനയാണ് കേന്ദ്ര ടൂറിസം വകുപ്പ് ഈ പദ്ധതിയോട് കാണിച്ചത്.

വമ്പന്‍ ടൂറിസം പാക്കേജുകളാക്കാവുന്ന സ്വാഭാവിക ആകര്‍ഷണീയതകള്‍ ഈ സര്‍ക്യൂട്ടിനുമുണ്ടെന്ന് ഇന്നസെന്റ് ചൂണ്ടിക്കാണിക്കുന്നു. ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിലുപരി കേരളത്തിന്റെ ടൂറിസഭൂപടം തന്നെ മാറ്റിവരയ്ക്കാന്‍ പോന്നതാണ് ഈ രണ്ട് സര്‍ക്യൂട്ടും. സ്വദേശ് ദര്‍ശന് കീഴിലാണെങ്കിലും സ്വദേശികളായ ടൂറിസ്റ്റുകളെ മാത്രമല്ല വിദേശികളെയും വന്‍തോതില്‍ ആകര്‍ഷിക്കാന്‍ ഇവയ്ക്കു കഴിയും.

അതിരപ്പിള്ളി, തുമ്പൂര്‍മൂഴി, ഏഴാറ്റുമുഖം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് അതിരപ്പിള്ളി നേച്വര്‍ സര്‍ക്യൂട്ടെങ്കില്‍ മലയാറ്റൂര്‍ പള്ളി, കാലടി ശൃംഗേരി മഠം, കാഞ്ഞൂര്‍പ്പള്ളി, കല്ലില്‍ഇരിങ്ങോള്‍ ക്ഷേത്രങ്ങള്‍, നാഗഞ്ചേരി മന എന്നിവയാണ് കാലടിമലയാറ്റൂര്‍ പില്‍ഗ്രിം സര്‍ക്യൂട്ടിലുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, റോഡുകള്‍, വഴിയോരവിശ്രമകേന്ദ്രങ്ങള്‍, സൈക്കിളിംഗ്, ട്രെക്കിംഗ്, കയാക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തി നല്‍കണം. ഇത് സ്വകാര്യമേഖലയ്ക്ക് വന്‍ബിസിനസ് അവസരങ്ങള്‍ തുറന്നിടും. ഈ പശ്ചാത്തലത്തില്‍ താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ വിഭാവനം ചെയ്ത ഈ പദ്ധതി ഏറ്റവും മുന്തിയ പരിഗണന നല്‍കി നടപ്പാക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.