ആ പേടിയും വേണ്ട, നിങ്ങളുടെ സ്വകാര്യതയ്ക്ക് ഇനി വാട്‌സ്ആപ്പിന്‍റെ ഉറപ്പ്‌

Web Desk
Posted on October 23, 2019, 4:01 pm
വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വാട്സാപ്പ് എന്നും ഉടമസ്ഥര്‍ക്കൊരു തലവേദനയാണ്. അതുകൊണ്ട് തന്നെ പഴയതില്‍ നിന്ന് വ്യത്യസ്ഥമായി നിരവധി മാറ്റങ്ങളാണ് ഇതിനോടകം വാട്സാപ്പില്‍ വരുത്തിയിരിക്കുന്നതും. ഇതിന്‍റെ ഭാഗമായാണ്
ഇന്ത്യൻ ഉപയോക്താക്കൾക്കായി നേരത്തെ തന്നെ അവതരിപ്പിച്ച ഗ്രൂപ്പ് സ്വകാര്യതയുടെ പുതിയ ഫീച്ചറുകളുമായി ഇവര്‍ വീണ്ടുമെത്തുന്നത്.
വാട്സാപ് മെസഞ്ചറിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റയിൽ ഈ ഫീച്ചർ കാണാം. ഗ്രൂപ്പ് സ്വകാര്യത ക്രമീകരണങ്ങളിൽ മുൻപ് ലഭ്യമായിരുന്ന നോബഡി ഓപ്ഷനുപകരം പുതിയ പരിഷ്കാരങ്ങളും വരുത്തിയിട്ടുണ്ട്. നിങ്ങളുടെ സമ്മതമില്ലാതെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയാത്ത പുതിയ ഓപ്ഷനുകളാണ് ഇപ്പോള്‍ വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ആപ്ലിക്കേഷന്റെ ഡെസ്ക്ടോപ്പ് പതിപ്പിലും തുടർച്ചയായി ശബ്ദ സന്ദേശങ്ങൾ കേൾക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചതായും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഗ്രൂപ്പ് സ്വകാര്യത ശക്തമാക്കാനായി ‘എവരിവണ്‍, മൈ കോണ്‍ടാക്റ്റ്‌സ്, മൈ കോണ്‍ടാക്റ്റ്‌സ് എക്‌സെപ്റ്റ്’ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് വാട്‌സാപ് നല്‍കുന്നത്. ഒരു ഗ്രൂപ്പിലും ചേരാൻ താൽപര്യമില്ലാത്തവരെ സംഘത്തിൽ ചേർക്കാൻ വ്യക്തിപരമായി മെസേജ് അയക്കേണ്ടിവരും. പുതിയതും മെച്ചപ്പെട്ടതുമായ ഗ്രൂപ്പ് സ്വകാര്യതാ ക്രമീകരണങ്ങൾ ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ്.