ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

Web Desk
Posted on July 20, 2018, 1:28 pm

ന്യൂഡല്‍ഹി: വാട്സപ്പ് വഴി സന്ദേശങ്ങൾ ഫോർവേർഡ് ചെയ്യുന്നതിൽ നിയന്ത്രണം വരുന്നു. വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സന്ദേശങ്ങള്‍ ഫോര്‍വാര്‍ഡ് ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അഞ്ചു പേര്‍ക്ക് മാത്രം സന്ദേശം ഫോര്‍വാര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നിയന്ത്രിക്കുമെന്നാണ് സൂചനകള്‍.  ഇന്ത്യയില്‍ തന്നെയാകും ഈ പദ്ധതി പരീക്ഷിക്കുന്നത്. ഇതിന് പുറമെ കൂട്ടമായി സന്ദേശങ്ങള്‍ അയക്കുന്നതിനും നിയന്ത്രണം ഉണ്ടായേക്കും. അടുത്തിടയ്ക്കാണ് വാട്‌സആപ്പില്‍ 30 സന്ദേശങ്ങള്‍ കൂട്ടമായി സെലക്‌ട് ചെയ്ത് അയക്കാന്‍ സംവിധാനം ഒരുക്കിയത്.

വ്യാജസന്ദേശങ്ങള്‍ കലാപങ്ങള്‍ക്ക് വരെ കാരണമാകുന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് ഇത്തരം നടപടികള്‍. മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്‌ആപ്പിന്റെ വലിയ വിപണിയാണ് ഇന്ത്യ. ഇവിടെ മാത്രം 200 ദശലക്ഷത്തിലധികം ആളുകള്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നുണ്ട്. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന ഇറക്കിയിരുന്നു. വ്യാജ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫെയ്‌സ്ബുക്ക് വ്യാഴാഴ്ച അറിയിച്ചിരുന്നു.