Site iconSite icon Janayugom Online

കേരള ലോട്ടറിക്ക് വാട്സ്ആപ്പ് വില്‍പ്പന; നടപടിയുമായി സൈബര്‍ പൊലീസ്

കേരള സംസ്ഥാന ലോട്ടറികൾ അന്യസംസ്ഥാനത്ത് അനധികൃത ഓൺലൈൻ വിൽപ്പന നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു. സംസ്ഥാനത്തെ ലോട്ടറികൾ വാട്സ്ആപ്പ് മുഖേനയാണ് കേരളം കടക്കുന്നത്. നൂറ് രൂപ അധികം നൽകിയാൽ ലോട്ടറിയുടെ നമ്പർ അയച്ച് നൽകും. നറുക്കെടുപ്പിലൂടെ സമ്മാനം അടിക്കുകയാണെങ്കിൽ പണവും കൃത്യമായി അക്കൗണ്ടുകളിലേയ്ക്ക് എത്തും. ചെറിയ തുകയാണ് സമ്മാനമെങ്കിൽ ഗൂഗിൾപേ വഴിയും തുക കൈമാറുന്നുണ്ട്. 

ഫേസ്ബുക്കിൽ രൂപം നൽകിയിരിക്കുന്ന അക്കൗണ്ടുകൾ വഴിയാണ് ലോട്ടറി കച്ചവടം പൊടിപൊടിക്കുന്നത്. ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിലേക്ക് വിളിച്ച് വാട്സ്ആപ്പിൽ അഡ്രസ് അയച്ച് ഗൂഗിൽ പേ മുഖേന പണം അടച്ചാൽ മതി. ദിവസങ്ങൾക്കുള്ളിൽ ലോട്ടറി കയ്യിൽ എത്തും. നവംബർ 21ന് നറുക്കെടുക്കുന്ന പൂജ ബംബർ ഭാഗ്യക്കുറിയാണ് ഓൺലൈൻ മുഖേന ഇപ്പോൾ വിറ്റഴിക്കുന്നത്. കേരളത്തിന്റെ അതിർത്തി ജില്ലകളിലാണ് ഇത്തരം വില്പന തകൃതിയായി നടക്കുന്നത്. 

നിയമവിരുദ്ധമായി നടക്കുന്ന ഈ ഇടപാട് 2011ലെ സംസ്ഥാന ലോട്ടറി റഗുലേഷൻ അമെൻഡ്മെന്റ് റൂൾ പ്രകാരവും കേന്ദ്ര പേപ്പർ ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരവും എതിരാണ്. 200 രൂപയുടെ ബമ്പർ വാങ്ങുമ്പോൾ 100 അധികമായി നൽകണം. ലോട്ടറി എത്ര വാങ്ങിയാലും 100 രൂപയാണ് ഫീസ്. പണം നൽകി ലോട്ടറി നേരിട്ട് വാങ്ങാൻ മാത്രമാണ് നിയമം. ലോട്ടറിയുടെ വില കൂട്ടിയും കുറച്ചും വിറ്റാലും അത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് അനധികൃത വിൽപ്പന നടക്കുന്നത്. കേരള സർക്കാരിന്റെ മുദ്ര അനധികൃതമായി പതിപ്പിച്ച് സമ്മാനം ലഭിക്കുന്ന നമ്പറുകൾ എന്ന വ്യാജേന ലോട്ടറി വിൽക്കുന്ന സംഘവും കേരളത്തിൽ സജീവമാണ്. ലോട്ടറി ഏജൻസിയുടെ പേര് വച്ചിട്ടാണ് ഇത്തരക്കാർ കേരളത്തിൽ ഫേസ്ബുക്ക് വഴി ഇടപാട് നടത്തുന്നത്. ‘ഞങ്ങളെ വിശ്വസിക്കുക നിങ്ങൾ ഉറപ്പായും സമ്പന്നരാകും. സമ്മാനം ലഭിച്ചില്ലെങ്കിൽ നിങ്ങൾ അടയ്ക്കുന്ന പണം ഉറപ്പായും തിരികെ ലഭിക്കും’ എന്നാണ് ഇവർ നൽകുന്ന പരസ്യം. ആയിരം രൂപയ്ക്ക് മുകളിലാണ് ഇതിന് ഫീസായി വാങ്ങുന്നത്. ലോട്ടറി ഡയറക്ടറേറ്റിന്റെ പേരും ഇതിനൊപ്പം വയ്ക്കുന്നുണ്ട്.ഇതിനെതിരെ ശക്തമായ നടപടി ഉടൻ ഉണ്ടാകുമെന്നും ഇതിന്റെ വിവരങ്ങൾ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇത്തരം ഫേസ്ബുക്ക് ഗ്രൂപ്പുകൾ സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അംഗീകൃത ലൈസൻസുള്ള ഏജൻസികളാണ് തട്ടിപ്പിന് പിന്നിലെന്ന് തെളിഞ്ഞാൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
Eng­lish summary;WhatsApp sales to Ker­ala Lottery
you may also like this video;

Exit mobile version