പുത്തുമലയിലെ വന്‍ ദുരന്തം; പുറംലോകം അറിഞ്ഞത് ഈ സന്ദേശങ്ങളിലൂടെ

Web Desk
Posted on August 09, 2019, 11:05 am

വയനാട് മേപ്പാടി പുത്തുമലയില്‍ സംഭവിച്ചത് വന്‍ ദുരന്തം. ഓരോ മണിക്കൂറുകള്‍ പിന്നിടുമ്പോഴും പുറത്തുവരുന്നത് വേദനാജനകമായ വാര്‍ത്തകളാണ്. നൂറേക്കറോളം വരുന്ന മലമ്പ്രദേശമാകെ ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു. പുത്തുമലയിലെ ദുരന്തം ദൃക്സാക്ഷികള്‍ പുറത്തുവിട്ട വീഡിയോയിലൂടെയാണ് പുറംലോകം അറിയുന്നത്. എത്ര ആളുകള്‍ കുടുങ്ങിയെന്നുള്ളതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കനത്ത മഴയില്‍ വന്‍ ശബ്ദത്തോടെ ഇടിയുകയായിരുന്നു. ഒട്ടേറെ വാഹനങ്ങളും മണ്ണിനടിയില്‍പെട്ടിട്ടുണ്ട്. റോഡ് പണിക്കായി കൊണ്ടുവന്നിരുന്ന ഉപകരണങ്ങളും ഒലിച്ചുപോയി.

പ്രതികൂല കാലാവസ്ഥയും വൈദ്യുതിബന്ധം നിലച്ചതും മൊബൈല്‍ നെറ്റ്‌വര്‍ക്ക് സംവിധാനം തകരാറിലായതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കുന്നു. ഈ പ്രദേശത്ത് എത്തിപ്പെടാനും പ്രയാസമുണ്ട്. റോഡില്‍ പലയിടത്തും മണ്ണും മരങ്ങളും വീണു ഗതാഗതം തടസപ്പെട്ടുകിടക്കുകയാണ്. പാലങ്ങളും ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ സേനയും ഡിഫന്‍സ് സെക്യൂരിറ്റി കോറും രാത്രി വൈകി രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.

പുത്തുമലയിലെ വന്‍ ദുരന്തം പുറംലോകം അറിഞ്ഞ സന്ദേശങ്ങള്‍;

  1. എല്ലാം പടച്ചോന്‍ വിധിച്ചപോലെ

”ഞങ്ങള്‍ ഇങ്ങനെ കുറെ ആളുകള്‍ പാലം നോക്കി നില്‍ക്കുന്നുണ്ട്. കുറെ ആള്‍ക്കാര്‍ കടയുടെ മുന്നില്‍, കുറെ ചെക്കന്മാരും കടയുടെ മുന്നില്‍നിന്നു ചായ കുടിച്ചു പുറത്തുനില്‍ക്കുന്നുണ്ട്. അപ്പോഴാണ് ഈ ഒച്ച കേള്‍ക്കുന്നത്. അപ്പോ നോക്കുമ്പോ കണ്ടുനിന്ന ആളുകള്‍ ഓടി. ഇറങ്ങാന്‍ പറ്റുന്നവരും പുറത്തുള്ളോരും ഇറങ്ങിയോടി. ഓടുന്ന എല്ലാവരും മുകളിലേക്കാണ് കേറുന്നത്.

ആ വരവിലാണ് മുകളില് ഇമ്മടെ പള്ളി പോയ്ക്കണ് എന്നതു നൂറു ശതമാനം ഉറപ്പ്. കറക്ട് ആയി കാണാന്‍ പറ്റിയില്ല. പിന്നെ കാറും പള്ളിയുമൊന്നും ആരും മൈന്‍ഡ് ചെയ്യുന്നില്ലല്ലോ. അവിടെയൊരു ക്വാര്‍ട്ടേഴ്‌സ് ഉണ്ടായിരുന്നു. അത് മൊത്തത്തില്‍ പോയി. കന്റീന്‍ പോയി. രണ്ടുമൂന്നാല് കാറുകള്‍ പോയി. കുറെ ആളു!കള്‍ കാണാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവരൊക്കെ ഓടിരക്ഷപ്പെട്ടോ മണ്ണിനടിയില്‍പെട്ടോ എന്നൊന്നും അറിയില്ല. എന്തായാലും ആ ക്വാര്‍ട്ടേഴ്‌സിലുള്ളവര്‍ മണ്ണിന്റടിയില്‍പ്പെട്ടര്‍ക്ക്ണ്. അതുറപ്പാണ്. കന്റീനിലുള്ളവരും മണ്ണിനടിയിലാണ്. കന്റീന്‍ നടത്തിയിരുന്നവരുടെ ഒന്നരവയസ്സുള്ള കുട്ടിയെ കാണാനില്ല. മേപ്പാടി തട്ടുകടയില്‍ നിന്നിരുന്ന ചെക്കനാണ്. ചെക്കനെ അപ്പത്തന്നെ ചെളിയില്‍നിന്നു പൊക്കി. കുട്ടി മിസ്സിങ്ങാണ്.

”ചെളിയുടെ മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന കൈ. മരവിച്ചു പോയ അവസ്ഥ”

ഞാനിപ്പോ ഉള്ളത് നെടുമ്പാലയാണ്. അവിടുന്നു നടന്നാണു വന്നത്. എന്റെ ലൈഫില്‍ ഞാന്‍ ഇതുപോലെ സംഭവം കണ്ടിട്ടില്ല. ചെളിയുടെ മുകളില്‍ ഒരു കൈ ഇങ്ങനെ ആട്ടുകയാണ്. കരയുകയാണോ രക്ഷിക്കാനാണോ എന്നൊന്നും അറിയില്ല. ഒന്നും ചെയ്യാനാകില്ല. ഒരു രക്ഷയുമില്ല. മരവിച്ചുപോയ അവസ്ഥ. എല്ലാവരും ഫോറസ്റ്റ് ഓഫിസിലാണ്. ഒരു ഐ!ഡിയയുമില്ല. ഇനിയൊക്കെ പടച്ചോന്‍ വിധിച്ചപോലെ നടക്കും”!

2. ”പുത്തുമലയില്‍ പള്ളിയില്‍ ജോലി ചെയ്യുന്ന ആളാണു പറഞ്ഞത്. പള്ളിയും ക്ഷേത്രവും പാടിയും ഒലിച്ചുപോയി. പാടിയിലുണ്ടായിരുന്നവര്‍ നേരത്തേ മാറിത്താമസിച്ചോ എന്നതില്‍ വ്യക്തതയില്ല. അങ്ങനെയാണെങ്കില്‍ അവര്‍ രക്ഷപ്പെട്ടുകാണും. മണ്ണുമാന്തി യന്ത്രം എത്തി മണ്ണുനീക്കുന്നുണ്ട്. എങ്കിലും രക്ഷാപ്രവര്‍ത്തനം സജീവമായിട്ടില്ല”.

3. ”നാലാളുകള്‍ കാറിനുള്ളില്‍ പെട്ടിട്ടുണ്ടെന്നാണു സംശയം. ഹെലികോപ്റ്റര്‍ സംവിധാനമില്ലാതെ ഇവിടെ രക്ഷാപ്രവര്‍ത്തനം നടക്കില്ല. അവസാന സന്ദേശമാണ്. ഇനി എന്താണു സംഭവിക്കുകയെന്നറിയില്ല. മണ്ണിനടിയില്‍നിന്നു കിട്ടിയവരെ വിംസ് ആശുപത്രിയിലേക്കു കൊണ്ടുപോയിട്ടുണ്ട്”.

4. ”ഞാന്‍ ഹുസൈന്‍ ചൂരമല. കരാട്ടെ ഇന്‍സ്ട്രക്ടര്‍ ആണ്. ദയനീയ അവസ്ഥയാണ് ഇവിടെ. ഏറ്റവും താഴെയുള്ള വീടും പള്ളിയും അമ്പലവും താഴെയുള്ള വീടുകളും നശിച്ചുവെന്നാണു പറയപ്പെടുന്നത്. ഭീകരാവസ്ഥയാണ് ഇവിടെ”.