ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തെ തകർക്കാൻ വിചിത്ര രീതിയിൽ പരീക്ഷ സംഘടിപ്പിച്ച് ജവഹർലാൽ നെഹ്റു സർവകലാശാല. വാട്സ്ആപ്പ്, ഇ-മെയിൽ എന്നിവ വഴി പരീക്ഷ നടത്താനാണു ജെഎൻയു ഭരണകൂടത്തിൻറെ നീക്കം.
ഇൻറർനാഷനൽ സ്റ്റഡീസ് എംഫിൽ, പിജി പരീക്ഷകളാണു ഈ രീതിയിൽ നടത്തുന്നത്. അധ്യാപകർ വാട്സ്ആപ്പിലും ഇ-മെയിലിലുമായി ചോദ്യപേപ്പർ നൽകും. വിദ്യാർഥികൾക്കു സ്വന്തം കൈപ്പടയിൽ എഴുതിയ ഉത്തരക്കടലാസ് സ്കാൻ ചെയ്തോ ചിത്രമെടുത്തോ വാട്സ്ആപ്, ഇ-മെയിൽ എന്നിവ വഴി അധ്യാപകരെ ഏൽപിക്കാം. നേരിട്ടും ഉത്തരപേപ്പർ സമർപ്പിക്കാവുന്നതാണ്.
സെമസ്റ്റർ പരീക്ഷ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും അയച്ചുതരുന്ന ചോദ്യങ്ങൾക്ക് ഇ-മെയിലിലോ വാട്സ്ആപ്പിലോ ഉത്തരം നൽകിയാൽ മതിയെന്നും ഡീൻ പ്രഫ. അശ്വിനി കെ. മൊഹാപത്ര അറിയിച്ചു. വിദ്യാർഥിസമരത്തെത്തുടർന്നു പരീക്ഷകൾ മുടങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് ഈ ബദൽ രീതി. അതേസമയം, പരീക്ഷയുടെ സുതാര്യത ഉറപ്പാക്കുന്നതു സംബന്ധിച്ച ചോദ്യത്തിനു ഭരണകൂടത്തിനു കൃത്യമായ മറുപടിയില്ല.
പുതിയ പരീക്ഷാരീതിക്കെതിരേ ജെഎൻയു ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തി. നിലവിലെ പരീക്ഷാ സന്പ്രദായത്തിൽ മാറ്റംവരുത്താൻ ഡീനുകൾക്ക് അധികാരമില്ലെന്നു ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഡി. കെ. ലോബിയാൽ, സെക്രട്ടറി സുരജിത് മജുംദാർ എന്നിവർ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.