Saturday
25 May 2019

ചരിത്രത്തിലേക്കൊരു ഹസ്തദാനം

By: Web Desk | Tuesday 12 June 2018 11:00 PM IST


trum kim

സിംഗപ്പൂര്‍ സിറ്റി: ഉച്ചകോടിക്ക് മുന്‍പ് സെന്റോസയിലെ ആഡംബര ഹോട്ടലില്‍ ആമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍ ഭരണാധികാരിയും തമ്മില്‍ ആദ്യ കൂടിക്കാഴ്ച. ആണവ ബട്ടണ്‍ കൈവശമുണ്ടെന്ന് വാദിച്ച് പരസ്പരം പോരടിച്ചവര്‍ ഇരു ദിശയില്‍ നിന്നും നേര്‍ക്കുനേര്‍ നടന്നടുത്തപ്പോള്‍ മുഖത്ത് വിദ്വേഷത്തിന്റെ ഇരുട്ട് കാണാനായില്ല. അമേരിക്കന്‍, ഉത്തര കൊറിയന്‍ പതാകകളുടെ പശ്ചാത്തലത്തില്‍ ഇരുവരും മുഖാമുഖം. നിറഞ്ഞ പുഞ്ചിരിയോടെ 12 നിമിഷം ദൈര്‍ഖ്യമുള്ളൊരു ഹസ്തദാനം. ശേഷം ഹോട്ടല്‍ ലൈബ്രറിയുടെ ഇടനാഴിയിലൂടെ പരസ്പരം കുശലം പറഞ്ഞ് നടന്നുനീങ്ങിത് ഒരുമിച്ച്.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആറു ദശാബ്ദത്തിലധികം നീണ്ട അവിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറത്ത് ആദ്യമായി കണ്ടുമുട്ടുന്ന നേതാക്കളിലേക്കായിരുന്നു ലോകരാഷ്ട്രീയത്തിന്റെ തുറിച്ചു നോട്ടങ്ങളത്രയും. ഇളയവര്‍ മുതിര്‍ന്നവര്‍ക്കായി കാത്തിരിക്കാന്‍ പഠിപ്പിക്കുന്ന രാജ്യത്തിന്റെ സംസ്‌കാരം മുറുകെ പിടിച്ച് ട്രംപിനേക്കാള്‍ ഏഴ് മിനിറ്റ് മുന്‍പ് കിം ഹോട്ടലിലെത്തി കാത്തിരുന്നു. ട്രംപെത്തിയത് കാത്തിരിക്കുന്നവനോടുള്ള ബഹുമാനമെന്നോണം രാജ്യത്തിനും ഭരണാധികാരിക്കും ഏറെ പ്രിയപ്പെട്ട ചുവന്ന നിറത്തിലുള്ള ടൈയും ധരിച്ച്. ചരിത്രപരമായ ഈ ഉച്ചകോടി ഒരു വലിയ വിജയമായിരിക്കുമെന്ന പ്രതീക്ഷ മാധ്യമങ്ങള്‍ക്കു നല്‍കിയാണ് ട്രംപ് ഹോട്ടലിലേക്ക് പ്രവേശിച്ചത്. നിരവധി വെല്ലുവിളികളെ താണ്ടി തങ്ങളിവിടെ ഒന്നിക്കുന്നുവെന്ന് മാധ്യമങ്ങളോട് കിം സൂചിപ്പിച്ചപ്പോള്‍ നിറഞ്ഞ നന്ദി എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
പരിഭാഷകരോടൊപ്പം 71കാരനായ ഡൊണാള്‍ഡ് ട്രംപും 34കാരനായ കിം ജോങ് ഉന്നും മാത്രമായി 45 മിനിറ്റ് നീണ്ടു ആദ്യ കൂടിക്കാഴ്ച. ശേഷം ഉന്നതെ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി വിപുലമായ ചര്‍ച്ച. മാസങ്ങള്‍ നീണ്ട നയതന്ത്ര കൂട്ടിക്കിഴിക്കലുകള്‍ക്ക് വിരാമമിട്ട് അവസാനം സെന്റോസ ദ്വീപിലെ കാപെല്ല സിംഗപ്പൂര്‍ ഹോട്ടലില്‍ ഉച്ചഭക്ഷണവും.
‘ഞങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച ഏറെ സന്തോഷപ്രദമായി പര്യവസാനിച്ചു, ഇവിടെ ഒപ്പുവയ്ക്കപ്പെടുന്നത് വളരെ തന്ത്രപ്രധാനമായൊരു രേഖയാണ്, ചര്‍ച്ചയുടെ ആകെത്തുകയെന്നോണം മികച്ച ഒരു ബന്ധത്തിന് തുടക്കവുമായി, കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ സാക്ഷിയാക്കി ഇരുവരും ചേര്‍ന്ന് സമഗ്ര ഉടമ്പടി ഒപ്പു വയ്ക്കുന്നതിനിടെ ട്രംപ് വ്യക്തമാക്കി.
ഉടമ്പടിയുടെ ഉള്ളടക്കമെന്തെന്ന് മറ്റാര്‍ക്കും വ്യക്തമല്ല. ആകെയുണ്ടായത് ഉടന്‍ അത് ലോകത്തിന് മുന്നിലേക്ക് തുറന്നുകാട്ടപ്പെടും എന്ന ട്രംപിന്റെ വാഗ്ദാനം മാത്രം.
ആണവ നിരായുധീകരണത്തെപ്പറ്റി ചോദിച്ച മാധ്യപ്രവര്‍ത്തകരോട് അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കി, ഭൂതകാലം ആവര്‍ത്തിക്കപ്പെടില്ലെന്ന് ഉന്നും. സുപ്രധാനമായ മാറ്റം എത്രയും വേഗം ലോകം നേരിട്ട് കാണുമെന്നും തന്റെ പരിഭാഷകനിലൂടെ അദ്ദേഹം അറിയിച്ചു.
കൂടിക്കാഴ്ചയില്‍ അഭിമാനിക്കുന്നുവെന്നും ലോകത്തിനു ഭീഷണിയായ പ്രശ്‌നത്തിന് തങ്ങള്‍ ഉടന്‍ പരിഹാരം കാണുമെന്നും ഇരുവരും ചേര്‍ന്ന് വ്യക്തമാക്കി. ചര്‍ച്ച പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ചതായിരുന്നെന്നും അത് തങ്ങള്‍ക്കിടയില്‍ ശക്തമായ ഒരു ബന്ധത്തിന് വഴിയൊരുക്കിയെന്നും ട്രംപ് ഇടക്കിടെ ആവര്‍ത്തിച്ചു. കൂട്ടത്തില്‍ ഉന്നിനെ വാനോളം പ്രശംസിക്കാനും അവസരം കണ്ടെത്തി. ഉന്‍ ഏറെ കഴിവുകളുള്ള ഒരു വ്യക്തിത്വത്തിനുടമയാണ്. സ്വന്തം രാജ്യത്തെ അദ്ദേഹം മറ്റെന്തിനെക്കാളും ഇഷ്ടപ്പെടുന്നു, ഇങ്ങനെ പോയി ട്രംപിന്റെ കിം സ്തുതി. ഉന്നിനെ വൈറ്റ് ഹൗസിലേക് ക്ഷണിച്ചതായും തന്റെ ക്ഷണം സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചെന്നും ട്രംപ് പറഞ്ഞു. പിരിഞ്ഞത് പുറത്ത് തട്ടി പരസ്പരം സ്‌നേഹം പങ്കുവച്ച ശേഷവും .

Related News