ഒരു രാജ്യം മുഴുവനും ഒരുതരം അപ്രഖ്യാപിത ആഭ്യന്തര യുദ്ധത്തിലാണ്. ജനാധിപത്യമുറയില്‍ നിലവില്‍ വന്ന ഒരു ദേശീയ സര്‍ക്കാര്‍, ജനങ്ങളെയും, സ്റ്റേറ്റുകളെയും തമ്മില്‍ ചിക്കിമാറ്റി, വലിയൊരു ജനാധിപത്യത്തെയും, സംസ്കാരത്തെയും ശിഥിലീകരിക്കുന്ന കാഴ്ചയാണിന്ന്. പൊതുമനസിനെ നശിപ്പിച്ച്, നിത്യ ജീവിതത്തില്‍ ഭീതിയും, അനിശ്ചിതത്വവും നിറയ്ക്കുന്ന അവസ്ഥ. ഒരു പുറം യുദ്ധത്തെക്കാള്‍ ഭീകരമാണ് ഈ അവസ്ഥ. ജനാധിപത്യം, ഏകാധിപത്യത്തിലെത്താന് (അതോ ദ്വയാധിപത്യമോ) ഇത്രനേരം മതിയെന്നറിയുന്ന ജനം, രാഷ്ട്രമീമാംസയുടെ പുതിയ പാഠങ്ങള്‍ തേടേണ്ട സ്ഥിതിയിലാണ്. സമാന്തരങ്ങളില്ലാത്ത ഒരു ദേശീയ പ്രതിസന്ധിയിലാണ് നാം. ഒരു രാജ്യത്തെ മുഴുവനും അരാജകത്വത്തിലെത്തിച്ച കേന്ദ്ര നടപടിയുടെ അടിസ്ഥാനമായി ചില കാരണങ്ങളും, തുടര്‍ന്ന് ചില രാഷ്ട്രീയ സാമൂഹിക സംഭവങ്ങളുമുണ്ടായി. ഇതില്‍ പൗരത്വ നിയമഭേദഗതിയെക്കുറിച്ച് നിറഞ്ഞ ചര്‍ച്ചകള്‍ വന്നതും, തുടര്‍ന്ന് ഇന്ത്യ മുഴുവനും കലാപമുണ്ടായതും, മുമ്പില്ലാത്ത ഒരവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. സിഎഎയും ജനസംഖ്യ സര്‍വ്വെയും വ്യക്തമായി ഒരു സമുദായത്തെ ലക്ഷ്യമാക്കിയുള്ളതായതിനാല്‍ അവര്‍ക്കു മാത്രമല്ല, സകല ജനാധിപത്യ മതേതര വാദികള്‍ക്കും അതില്‍ പ്രതിഷേധമുണ്ട്.
ആ രോഷമാണ് കുറേ നാളുകളായി ഇന്ത്യ മുഴുവനും, ജാതിമതഭേദമെന്യേ പടരുന്നത്. എത്രയോ കാലമായി ഇന്ത്യയില്‍ കഴിയുന്ന മുസ്ലിങ്ങളുണ്ട് അവര്‍ക്കിനി പൗരത്വം തെളിയിക്കേണ്ട അവസ്ഥ ഭരണഘടനയുടെ അടിസ്ഥാന അവകാശ ലംഘനമാണ്. മറ്റു രാജ്യങ്ങളില്‍ നിന്നു പീഡിതരായി വരുന്ന ഹിന്ദു, ക്രിസ്ത്യാനി, ജൈവര്, സിങ്കള്ക്ക്, അഭയം നല്കുമ്പോള് അതില്‍ മുസ്ലിങ്ങളെ ഒഴിവാക്കാന്‍ എന്താണ് ന്യായമെന്നറിയില്ല. ഒരു ന്യായവുമില്ല. ഒരു രാഷ്ട്രത്തെ, ഒരു മതത്തിന്റെ മാത്രം ചൊല്പ്പടിയില് കൊണ്ടുവരാനുള്ള, രാഷ്ട്രീയ അജണ്ടയാണിത്. ഏറെ പറഞ്ഞ വിഷയമായതിനാല്‍, നമുക്ക് ചെറുതായി ഒന്ന് മാറി ചിന്തിയ്ക്കാം. രണ്ടുമൂന്നു കാര്യങ്ങള്‍ പ്രസക്തമാണ്. ആദ്യത്തെത്, ഇന്ത്യയെ ഭരണഘടനയ്ക്ക് എതിരായി ഒരു യൂനിറ്ററി സ്റ്റേറ്റുണ്ടാക്കുന്നു എന്നതാണ്. അതിലും പ്രധാനം ഈ നീക്കങ്ങളൊക്കെ, വെറും രണ്ടുപേരുടെ പരിമിതമായ വിവേചനത്തിന്റെ ഫലമാണെന്നതാണ്. മറ്റൊന്ന് ഇന്ത്യ മുഴുവനും പടരുന്ന വിദ്യാര്‍ത്ഥി സമരമാണ്. അവര്‍ രണ്ടു കാര്യങ്ങളിലൂന്നിയാണ് ക്ലാസുമുറികള്‍ വിട്ടിറങ്ങി പ്രതിഷേധിച്ച്, മര്ദ്ദനമേറ്റുവാങ്ങുന്നത്. പൊതുഫണ്ടില്‍ നടക്കുന്ന ജെഎന്‍യു വിലെ ഫീസ് കുത്തനെ കൂട്ടി, സ്വകാര്യ സ്ഥാപനങ്ങളിലേതിനേക്കാള്‍ അധികമാര്ക്കി. രണ്ട് പ്രബുദ്ധരായ യുവാക്കള്‍ പഠിക്കുന്ന ജെഎന്‍യു വിലെ കുട്ടികള്‍ക്ക് രാജ്യത്തെ സ്വേച്ഛാപത്യത്തിനു കീഴിലാക്കുന്നതില്‍ പ്രതിഷേധമുണ്ട്.
മറ്റൊന്ന് വി സി യെ രാഷ്ട്രീയമായി നിയമിക്കുന്നതിലും. ഇതില്‍ ഓരോന്നും വേറെ വേറെ വിചിന്തനമാകാവുന്നതാണ്. ഇന്ത്യയുടെ ഫെഡറലിസത്തിന്റെ അവസാനമാവുന്നു എന്നതാണ് ഈ പ്രക്ഷോഭം തരുന്ന മറ്റൊരു ഭീകരമായ സൂചന. അതായത് തീര്‍ത്തും ഭരണഘടനാലംഘനം. ഈ ആഴ്ച വന്ന സുപ്രീം കോടതി വിധി വളരെ പ്രധാനപ്പെട്ട സംഭവമാണ്. പ്രത്യേക പദവി നീക്കിയ കശ്മീരിലെ ജനങ്ങളുടെ സാധാരണ ജീവിതത്തെ ദുരിതമാക്കിയ സര്‍ക്കാര്‍ നടപടി, കോടതി തള്ളി. ജീവനോപാധിക്കുള്ള സൗകര്യം ഇന്റര്‍നെറ്റ് അടക്കം തടയുന്നതിന് കേന്ദ്രത്തിനധികാരമില്ലെന്നും വിധി വ്യക്തമാക്കുന്നു. സ്റ്റേറ്റിന് ഒരു പ്രത്യേക സംസ്ഥാനത്തെ ജനങ്ങള്‍ക്ക്, ഉപജീവനവും സ്വാതന്ത്ര്യവും നിഷേധിക്കാനവകാശമില്ലെന്നും കോടതി വ്യക്തമാക്കി. പല സ്റ്റേറ്റുകളും സിഎഎ യ്ക്കെതിരായി പ്രതിഷേധിച്ചു, കേരള നിയമസഭ പ്രമേയം പാസ്സാക്കി. ഫെഡറലിസത്തിന്റെ നിഷേധമായതുകൊണ്ടാണത് ചെയ്തത്. എന്നാല്‍ ഇതിനെ ശരിയായ അര്‍ത്ഥത്തിലെടുക്കാതെ സ്റ്റേറ്റിനു ന്യായമായി കിട്ടേണ്ട ഫണ്ടുകളും, വായ്പയും നിഷേധിക്കുന്ന സ്ഥിതിയാണിന്ന്.
കേരളത്തിന്റെ ഇന്നത്തെ സാമ്പത്തിക ഞെരുക്കം, കേന്ദ്രത്തിന്റെ അന്യായ നയങ്ങളാണ്. ഒരു ഫെഡറല്‍ ഭരണഘടനയ്ക്കു വിരുദ്ധമായ നടപടിയാണിത്. ബംഗാള്‍ സര്‍ക്കാര്‍ സിഎഎ യ്ക്കെതിരായി, പരസ്യം നല്കിയപ്പോഴും, പൊതുഫണ്ട്കൊണ്ട് പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ എതിര്‍ക്കുന്നതിനെയാണ് കേന്ദ്രം ചോദ്യം ചെയ്തത്. കേന്ദ്രത്തിലെ രാഷ്ട്രീയ ഭൂരിപക്ഷമുപയോഗിച്ച്, മറ്റു മതങ്ങളെയും, ഇന്ത്യന്‍ പൗരന്മാരില് ഒരു വിഭാഗത്തെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യമല്ല. പാര്ലമെന്ററിലെ കക്ഷിഭൂരിപക്ഷം ഈ അന്യായത്തെ ന്യായീകരിക്കാനായി ഉപയോഗിക്കുന്നത്, കാപട്യമാണ്. അതേ ജനാധിപത്യ ഭൂരിപക്ഷമെന്ന വ്യാജേന തന്നെയാണ് ഇന്ത്യയിലെ ഒന്നാംതരം സ്വാരസ്വതകേന്ദ്രമായ ജെഎന്‍യു വിലെ ഫീസ് എത്രയോ ഇരട്ടിയാക്കിയത്. ആ കേന്ദ്രത്തെ നശിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അവിടത്തെ ചിന്തിക്കുന്ന കുട്ടികള്‍, പരിമിത മതപരിഗണനകള്ക്കപ്പുറത്താണെന്നതാണ് കാരണം. ആദ്യം പറഞ്ഞതുപോലെ സമഗ്രമായൊരജണ്ടയിലൂടെ പല കാര്യങ്ങളും സാധിച്ചെടുക്കാനാണ് സര്‍ക്കാര്‍ തിരക്കിട്ട് ചില കാര്യങ്ങള്‍ ചെയ്യുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, അവിടെ ഹിന്ദു അജണ്ട നടപ്പിലാക്കുകയും അവിടുത്തുകാരായ മുസ്ലിങ്ങള്‍ക്ക്, അടിസ്ഥാന സൗകര്യങ്ങളും ജീവിതവും നിഷേധിക്കുക, അറിവിന്റെയും ചിന്തയുടെയും പ്രഭവ കേന്ദ്രങ്ങളായ, സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഞെരുക്കി അവിടത്തെ സര്‍ഗ്ഗാത്മകത ഇല്ലാതാക്കി, അവരെ വരുതിയിലാക്കുക, ഫെഡറല്‍ ഇന്ത്യയുടെ ഘടന തകര്‍ത്ത് ഒര തരം യൂനിറ്ററി ഘടന നിലവില്‍ വരുത്തുക. ഒരുപക്ഷെ ഭാവിയില്‍ തെരഞ്ഞെടുപ്പും ജനാധിപത്യ വ്യവസ്ഥയും റദ്ദാക്കി, മതഭരണം നടപ്പിലാക്കുക.
ഇത്ര വിശാലമായ അജണ്ട ഇതിനു പിന്നിലുണ്ട്. ഇന്ത്യ മുഴുവനും നിലയ്ക്കാത്ത ചര്‍ച്ചകളും പ്രതിഷേധങ്ങളും സദാ ഉയരുന്നത് ഇതുകൊണ്ടാണ്. ഇന്നു നടക്കുന്ന ദേശീയ പ്രക്ഷോഭം ബിജെപി ഭരണത്തിലിരിക്കുന്നതുകൊണ്ടല്ല. അത് ന്യൂനീകരണമായ വ്യഖ്യാനമാണ്. മുന്‍പ് കാണിച്ച ഒരോ അതിക്രമവും പ്രത്യേകം വിശദീകരണമര്ഹിക്കുന്നതാണ്. അത്രയൊന്നും നമുക്കിവിടെ സാധ്യമല്ല. ഒരു ചെറിയ കാര്യംകൂടി. ജെഎന്‍യു കുട്ടികള്‍ വെറുതെ രാഷ്ട്രീയ പ്രേരിതമായി കലാപം കൂട്ടുകയാണോ. ഒരു പഠന പ്രകാരം, ഈ ഫീസ് വര്‍ധനവോടെ ജെഎന്‍യു ഏറ്റവും ചെലവുകൂടിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയാവും പി ജി ഗവേഷണ കേന്ദ്രമായ ഈ സ്ഥാപനം പ്രധാനമായും മികവുറ്റ, പിന്നാക്ക, പാര്ശ്വീകൃത വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കുള്ളതാണ്. അത് പ്രധാനമായും റസിഡന്‍ഷ്യല്‍ കേന്ദ്രമാണ്. മൊത്തം 8000 പേരില്‍ 5500 പേരും ഹോസ്റ്റലിലാണ്. അവിടത്തെ 40 ശതമാനം കൂട്ടികളും മാസം 12000 രൂപയില്‍ കുറവ് വരുമാനമുള്ള കുടംബങ്ങളില്‍ നിന്നു വരുന്നവരുമാണ്. അവിടത്തെ 60 ശതമാനം കുട്ടികളോളം എസ്സി, എസ്ടി, മറ്റു സാമൂഹിക പിന്നാക്ക വിഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്നവരുമാണ്. പകുതിയോളം വിദ്യാര്‍ത്ഥികള്‍ സ്ത്രീകളും. അതായത് അവഗണിതര്ക്ക്, മേല്‍ത്തരം പഠനം നല്‍കാനുള്ള ഈ സ്ഥാപനത്തിലെ ഫീസ് കുത്തനെ കൂട്ടിയാല്‍ അവര്‍ പിന്തള്ളപ്പെടും.
കൂടുതല്‍ പേര് ഭാവിയില്‍ വരാന്‍ മടിയ്ക്കും. ഗവേഷണവും ഉന്നതപഠനവും നല്ല അക്കദമിക് അന്തരീക്ഷവും പാര്ശ്വവല്കൃതര്ക്കെത്തിക്കാനുള്ള ഒരു മഹാസ്ഥാപനത്തെയാണ്, മറ്റു ചില ദുഷ്ടലാക്കോടെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിലെ പൊതുഫണ്ടിങ് താഴ്ത്തല വിദ്യാര്‍ത്ഥികള്‍ക്ക് ‘ക്രിട്ടിക്കല്‍ എഡ്ജ്’ വിദ്യാഭ്യാസം നല്‍കാനാണ് അത് തകര്‍ക്കുന്ന ശ്രമത്തിനെതിരെയാണ് ജെഎന്‍യു പ്രക്ഷോഭം നയിക്കുന്നത്. യൂറോപ്പ്, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് അതുകൊണ്ടാണ്. അതിനെ പൊലീസ് ശക്തികൊണ്ടു നേരിടാന്‍ മാത്രം ഭാവനയില്ലാത്തൊരു കുട്ടുകെട്ടാണ് ഇന്ത്യ ഭരിക്കുന്നത്. വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളെ അര്‍ത്ഥപൂര്‍ണമായ പഠന-ഗവേഷണ പദ്ധതിക്കു പുറത്താക്കുന്നതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നികുതിദായകരുടെ പണം കൊണ്ടാണ് ആ യൂണിവേഴ്സിറ്റി പ്രവര്‍ത്തിക്കുന്നത്. മോഡി ഷാ ഫണ്ടുകൊണ്ടല്ല. അതിന്റെ പേരില്‍ സമരം ചെയ്യുന്നവരെ ദേശദ്രോഹികളാക്കി, അടിച്ചമര്‍ത്തലല്ല വേണ്ടത്. മഹാകവി ഗുരദാസിന്റെ ഭാഷയില്‍ ‘എങ്ങുമാനസമൊക്കെയും നിര്‍ഭയം’ എങ്ങു ശീര്ഷങ്ങള് മാനസമുന്നതം എന്നതാണ് സ്വതന്ത്ര പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ജനാധിപത്യത്തിന്റെ ലക്ഷ്യമതാണ്. തുറന്ന ചിന്തയുടെ ലക്ഷ്യമതാണ്. അതിനായുള്ള കലാപമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.