സ്ത്രീയെ അറസ്റ്റ് ചെയ്യുമ്പോള്‍

Web Desk
Posted on September 06, 2018, 9:42 pm

സീതാ വിക്രമന്‍

ഓഗസ്റ്റ് 28ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഞ്ചുപേരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് നാലുപേരുടെ വീടുകളില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തുകയും ചെയ്ത സംഭവങ്ങള്‍ അരങ്ങേറി. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സ്ത്രീകളുമുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും പൊലീസ് റിമാന്‍ഡില്‍ വയ്ക്കുന്നതും ചോദ്യം ചെയ്ത് റൊമീദു ഫാസ്റ്റര്‍, പ്രഭാത് പട്‌നായിക്ക് തുടങ്ങി രാജ്യത്തെ അറിയപ്പെടുന്ന ബുദ്ധിജീവികളും ചരിത്രകാരന്മാരും പരമോന്നത നീതിപീഠമായ സുപ്രിം കോടതിയെ തന്നെ സമീപിച്ചു. ഇതേ തുടര്‍ന്ന് സുപ്രിം കോടതി ഇവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
അറസറ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുവെന്നു വരുമ്പോള്‍ സ്ത്രീകളുടെ അറസ്റ്റിനെക്കുറിച്ചുള്ള നിയമങ്ങള്‍ എന്തൊക്കെ എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു. ചിന്തിക്കുന്ന മനുഷ്യന്‍, ചിന്തിപ്പിക്കുന്ന വിദ്യാഭ്യാസം, ബോധത്തെ സ്വയം മാറ്റിയെടുക്കുന്ന പ്രവര്‍ത്തനം ഇതാവണം നമുക്കുവേണ്ടുന്ന ജനാധിപത്യ വിദ്യാഭ്യാസം. നിയമസാക്ഷരതയും നിയമവിജ്ഞാനവും ദേശീയ തലത്തില്‍ തന്നെ വമ്പിച്ച പ്രചാരണത്തിലൂടെ ജനങ്ങളില്‍ എത്തിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നിയമത്തെപ്പറ്റി ബഹുജനങ്ങള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് പൊതുവായ അറിവുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
സ്ത്രീകളെ അറസ്റ്റുചെയ്യുമ്പോള്‍ പൊലീസ് ഓഫീസര്‍ ആ സ്ത്രീയോട് അങ്ങേയറ്റം മാന്യത പുലര്‍ത്തുകതന്നെ വേണം. ഒന്നാമത്തേത്. പക്ഷേ ഇന്നത് നടക്കുന്നുണ്ടോ?
വാറണ്ടു കൂടാതെയോ, ജാമ്യം ലഭിക്കാവുന്ന വാറണ്ടോടുകൂടിയോ അല്ലെങ്കില്‍ ജാമ്യം ലഭിക്കാത്ത വാറണ്ടോടുകൂടിയോ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യേണ്ടിവരുമ്പോള്‍ ആ അറസ്റ്റ് നടത്തേണ്ടത് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പദവിയില്‍ താഴെയല്ലാത്ത ഒരു പൊലീസ് ഓഫീസര്‍ ആയിരിക്കണം. അഥവാ പൊലീസ് ഓഫീസറുടെ അഭാവത്തില്‍ ഒരു ഹെഡ് കോണ്‍സ്റ്റബിളിന് അറസ്റ്റ് ചെയ്യാവുന്നതാണ്. ഇങ്ങനെ അറസ്റ്റ് നടത്തുമ്പോള്‍ ആ സ്ത്രീയുടെ ഉത്തരവാദിത്തമുള്ള ഏതെങ്കിലും ബന്ധുക്കളായ പുരുഷന്മാരുടേയോ സ്ഥലത്തെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരുടേയോ അല്ലെങ്കില്‍ ബഹുമാന്യവ്യക്തികളുടേയോ സാന്നിധ്യം അനിവാര്യമാണ്.

ജാമ്യം ലഭിക്കാവുന്ന കേസുകളില്‍ ജാമ്യം ഹാജരാക്കിയാലുടന്‍ ആ സ്ത്രീയെ മോചിപ്പിക്കേണ്ടതാണ്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലൊഴികെ സ്ത്രീകളെ ഒരു ദിവസം പോലും രാത്രികാലത്ത് പൊലീസ് കസ്റ്റഡിയില്‍ പാര്‍പ്പിക്കാന്‍ പാടുള്ളതല്ല.
ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യേണ്ടി വരുമ്പോഴും ചോദ്യം ചെയ്യുമ്പോഴും കോടതിയില്‍ ഹാജരാക്കേണ്ടിവരുമ്പോഴും അത് കഴിയുന്നത്ര വനിതാ പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കണം. വനിതാ പൊലീസിന്റെ അഭാവത്തില്‍ ഏതെങ്കിലും സാമൂഹ്യസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സാന്നിധ്യം ഉറപ്പാക്കേണ്ടതാണ്.
ഒരു സ്ത്രീയെ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടിവരുമ്പോള്‍ അവരുടെ സ്വകാര്യതയും മാന്യതയും ഭംഗം വരാത്തവിധത്തിലുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടതാണ്.
അറസ്റ്റ് ചെയ്യപ്പെട്ടതോ കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുള്ളതോ അല്ലാതെ അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ നല്‍കുന്നതിനായി സ്റ്റേഷനില്‍ ഹാജരുള്ള സ്ത്രീകളെ യാതൊരു കാരണവശാലും വിവരം നല്‍കുന്നതിലേക്ക് ആവശ്യമുള്ളതിലധികം സമയം സ്റ്റേഷനില്‍ നിറുത്താന്‍ പാടില്ല.

കൈക്കുഞ്ഞു കൂടെയുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടിവന്നാല്‍ കുഞ്ഞിനെക്കൂടി ആ സ്ത്രീയോടൊത്തു കഴിയാന്‍ അനുവദിക്കേണ്ടതാണ്.
അറസ്റ്റ് ചെയ്ത സ്ത്രീയെ വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണെങ്കില്‍ ആ സ്ത്രീയെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി അനുമതിയും സമ്മതവും വാങ്ങിയിരിക്കണം. ഒരു സ്ത്രീയെ മജിസ്‌ട്രേറ്റിന്റെ അനുമതി കൂടാതെയും അവളുടെ സമ്മതമില്ലാതെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത് ആ സ്ത്രീയുടെ മേലുള്ള ബലപ്രയോഗമായി കണക്കാക്കാവുന്നതാണ്. വൈദ്യപരിശോധന നടത്തുന്നത് വനിതാ ഡോക്ടര്‍ ആയിരിക്കണം. അത് മതിയായ ശ്രദ്ധയോടും സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗംവരാത്ത വിധത്തിലും ആയിരിക്കണം. ഒരു സ്ത്രീയെ ദേഹപരിശോധന നടത്തുമ്പോള്‍ പുരുഷ ഓഫീസറുടെ സാന്നിധ്യം പാടുള്ളതല്ല.

ക്രിമിനല്‍ നടപടി നിയമത്തിലെ വകുപ്പ് 160 പ്രകാരം 15 വയസിനു താഴെയുള്ള ആണ്‍കുട്ടിയോ അല്ലെങ്കില്‍ സ്ത്രീയേയോ സാക്ഷിയായി ചോദ്യം ചെയ്യുന്നതിലേക്കോ മൊഴി രേഖപ്പെടുത്തുന്നതിലേക്കോ വേണ്ടി അവരുടെ താമസസ്ഥലം ഒഴികെയുള്ള യാതൊരു സ്ഥലത്തും ഹാജരാക്കുന്നതിന് ആവശ്യപ്പെടാന്‍ പാടില്ല. പൊലീസ് ഓഫീസര്‍ അവരുടെ താമസസ്ഥലത്ത് സന്ദര്‍ശനം നടത്തി അവരുടെ കുടുംബാംഗങ്ങളുടേയോ അല്ലെങ്കില്‍ സ്ഥലത്തെ ബഹുമാന്യ വ്യക്തികളുടേയോ സാന്നിധ്യത്തില്‍ ആയിരിക്കണം വിവരങ്ങള്‍ ശേഖരിക്കേണ്ടത്.
സ്ത്രീകളെ അറസ്റ്റുചെയ്യുമ്പോള്‍ സാധാരണഗതിയില്‍ വനിതാ പൊലീസ് ഉണ്ടായിരിക്കണമെന്ന് പൊലീസിന് നിര്‍ദ്ദേശമുണ്ട്. എങ്കിലും കുറ്റവാളി രക്ഷപ്പെടാനുള്ള സാധ്യത തുടങ്ങി പ്രത്യേക സാഹചര്യങ്ങളില്‍ പുരുഷനായ പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീയെ അറസ്റ്റ് ചെയ്യാം. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രത്യേക സാഹചര്യങ്ങള്‍ എന്തായിരുന്നുവെന്ന് ആ പൊലീസ് ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിരിക്കണം.

ക്രിമിനല്‍ നടപടിക്രമത്തിലെ 51-ാം വകുപ്പ് ഒരു സ്ത്രീയെ ശരീരപരിശോധന നടത്തുന്നത് സഭ്യതയെ മാനിച്ചുകൊണ്ട് മറ്റൊരു സ്ത്രീയായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഇപ്രകാരമല്ലാത്ത സ്ത്രീകളുടെ ശരീരപരിശോധന നടത്തുന്നത് കുറ്റകരമാണ്.
സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ അവരെ പറഞ്ഞുമനസിലാക്കുന്നതിന് രാഷട്രീയ സംഘടനകളുടെ വനിതാ വിഭാഗങ്ങള്‍ തയാറാവുകയാണ് ഇന്നത്തെ ആവശ്യം.