16 January 2025, Thursday
KSFE Galaxy Chits Banner 2

അഡാനിക്ക് കുരുക്ക് വീഴുമ്പോൾ

ടി ടി ജിസ് മോന്‍ 
എഐവെെഎഫ് സംസ്ഥാന സെക്രട്ടറി
December 7, 2024 4:30 am

2020ൽ ഫിനാൻഷ്യൽ ടൈംസിൽ സ്റ്റെഫാനി ഫിൻ‌ഡ്‌ലേയും, ഹട്സൻ ലോക്കെറ്റും ചേർന്നെഴുതിയ ‘മോഡീസ് റോക്ക്ഫെല്ലർ ഗൗതം അഡാനി ആന്റ് ദ കോൺസൻട്രേഷൻ ഓഫ് പവർ ഇന്ത്യ’ എന്ന ലേഖനം നരേന്ദ്ര മോഡി — ഗൗതം അഡാനി സൗഹൃദത്തെയും അതുവഴിയുള്ള ഫാസിസ്റ്റ് — കുത്തക മുതലാളിത്ത അനുരഞ്ജനത്തെയും കൃത്യമായിത്തന്നെ തുറന്നുകാട്ടുന്നുണ്ട്. 

2014ൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ നരേന്ദ്ര മോഡി അമിത് ഷായ്ക്കുൊപ്പം ഡല്‍ഹിയിലേക്ക് പറന്നതുതന്നെ, ഗൗതം അഡാനിയോ­ടാെപ്പം അദ്ദേഹത്തിന്റെ സ്വകാര്യ ജെറ്റിൽ ആയിരുന്നുവെന്നാണ് ലേഖകര്‍ പറയുന്നത്. എന്തായാലും ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്ന വർഗീയ — കോർപറേറ്റ് ചങ്ങാത്തത്തിന് അമേരിക്കയിൽ നിന്ന് നിലവിൽ നേരിട്ടിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്. 

സൗരോർജ പദ്ധതിയുടെ കരാറിനുവേണ്ടി 2,029 കോടി രൂപ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതിന്റെ പേരിലാണ് അഡാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അഡാനിക്കും മറ്റ് ഏഴ് പേർക്കുമെതിരെ യുഎസ് കോടതി കുറ്റപത്രം നൽകിയിരിക്കുന്നത്. 20 വർഷത്തിനുള്ളിൽ 200 കോടി ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സോളാർ പവർ പ്ലാന്റ് ഉൾപ്പെടെയുള്ള കരാറുകൾ ഉറപ്പാക്കുന്നതിന് വേണ്ടിയാണത്രേ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയത്. ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്’ ഗൗതം അഡാനിക്കും അദ്ദേഹത്തിന്റെ ബിസിനസ് സഹപ്രവർത്തകർക്കും എതിരെ അഴിമതി, വഞ്ചന, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട ക്രിമിനൽ സ്വഭാവത്തിലുള്ള കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നതെങ്കിൽ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) ആരോപണങ്ങളാകട്ടെ സിവിൽ സ്വഭാവമുള്ളതാണ്. 

ഗൗതം അഡാനിക്കും അനന്തരവൻ സാഗർ അഡാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഇസി നോട്ടീസയയ്ക്കുകയും ചെയ്തിട്ടുണ്ട്. തന്നെയുമല്ല അഡാനിക്കും കൂട്ടാളികൾക്കുമെതിരായ കുറ്റപത്രത്തിൽ, ഓഹരി വിപണയിലെ തട്ടിപ്പുകൾ, വിദേശ അഴിമതി സമ്പ്രദായ നിയമം (എഫ്‌സിപിഎ), ഫോറിൻ എക്സ്റ്റോർഷൻ പ്രിവൻഷൻ ആക്ട് (എഫ്ഇപിഎ) എന്നിവയുടെ ലംഘനങ്ങൾ എസ്ഇസി വിശദീകരിച്ചതായി കാണാം. അതീവ ഗുരുതര സ്വഭാവമുള്ള ഈ കുറ്റകൃത്യങ്ങളാകട്ടെ അഡാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാവിയെ തന്നെ പ്രതികൂലമായി ബാധിക്കാൻ ഇടയുള്ളതുമാണ്. അമേരിക്കയിൽ കുറ്റം ചുമത്തപ്പെട്ടതിന് പിന്നാലെ നെയ്റോബി വിമാനത്താവളം 30 വർഷത്തേക്ക് അഡാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം കെനിയ ഹൈക്കോടതി തടഞ്ഞതും മോഡിയുടെയും ബിജെപിയുടെയും വിശ്വസ്തനേറ്റ മറ്റൊരു കനത്ത തിരിച്ചടിയാണ്. ‘ജോമോ കെനിയാട്ട’ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പദ്ധതിയുമായി ബന്ധപ്പെട്ട കരാറാണ് ആരോപണങ്ങളെ തുടർന്ന് കെനിയ അവസാനിപ്പിക്കുന്നത്. 

ഫ്രാൻസ് ഊർജമേഖലയിലെ ഭീമനായ ടോട്ടൽ എനർജീസ്, അഡാനി ഗ്രൂപ്പുമായി കൂടുതൽ സഹകരണത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അഡാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അവയുടെ സത്യാവസ്ഥയിലും വ്യക്തത വരുംവരെ അവരുമായി പങ്കാളിത്ത വ്യവസ്ഥയിൽ നടപ്പാക്കുന്ന പദ്ധതികളിൽ കൂടുതൽ പണം മുടക്കില്ലെന്നാണ് ഏറ്റവും ഒടുവിൽ അവർ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗ്ലാദേശിലും അഡാനിയുടെ സ്ഥിതി പരുങ്ങലിലാണ്. ഷെയ്ഖ് ഹസീന സർക്കാർ 2009 – 24 കാലയളവിൽ അഡാനി ഗ്രൂപ്പുമായി ഒപ്പിട്ട ഊർജ പദ്ധതികൾ അന്വേഷിക്കാൻ പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഇടക്കാല സർക്കാർ. ജസ്റ്റിസ് മൊയ്തീനുൽ ഇസ്ലാം ചൗധരിയുടെ നേതൃത്വത്തിലുള്ള എജൻസി നിലവിൽ വിവിധ കരാറുകളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഡാനി (ഗോഡ്ഡ) ബിഐഎഫ്‌പിസിഎൽ 1234.4 മെഗാവാട്ട് കൽക്കരി പവർ പ്ലാന്റ് ഉൾപ്പെടെ, പൈറ (1320 മെഗാവാട്ട് കൽക്കരി), മേഘ്നഘട്ട് (335 മെഗാവാട്ട് ഇരട്ട ഇന്ധനം), അഷുഗഞ്ച് (195 മെഗാവാട്ട് ഗ്യാസ്), ബഷ്ഖാലി (612) എന്നീ പവർ പ്ലാന്റുകളെക്കുറിച്ചെല്ലാം എജൻസി വിശദമായി അന്വേഷിക്കുമെന്നാണറിയുന്നത്. 

യുഎസ് കോടതി കടുത്ത അഴിമതിക്കുറ്റം ചുമത്തുകയും മറ്റു രാജ്യങ്ങളിൽ സമാനമായ അഴിമതി ആരോപണം നേരിടുകയും ചെയ്തിട്ടും ഗൗതം അഡാനിയെ സംരക്ഷിക്കുന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതിൽ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല. 

ഭരണ കാലയളവിൽ രാജ്യത്തെ അടിസ്ഥാന വികസന പദ്ധതികളുടെ നിർമ്മാണച്ചുമതലകളടക്കം അഡാനിക്ക് കൈമാറിക്കൊണ്ടുള്ള വിനീത ദാസ്യം പരസ്യമാണല്ലോ! 2018ൽ രാജ്യത്തെ ചില വിമാനത്താവളങ്ങൾ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള അനുമതി നൽകിയപ്പോൾ അഡാനിക്ക് കൊള്ള നടത്തുന്നതിനുവേണ്ടി ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത് ഓർക്കണം. 

മോഡി അധികാരത്തിലേറിയ 2014 മുതൽ അഡാനി ഗ്രൂപ്പിന്റെ ആസ്തിയിലുണ്ടായ അഭൂതപൂർവമായ വളർച്ച ഞെട്ടിക്കുന്നതാണ്. മോഡിയുടെ ആരംഭത്തിൽ താഴെത്തട്ടിൽ കിടന്നിരുന്ന ഗൗതം അഡാനി ‘ഫോബ്സ്’ മാഗസിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ മുകളിലേക്ക് നടത്തിയ കുതിച്ചുചാട്ടം അത്ഭുതാവഹമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിൽമാത്രം അഡാനി കുടുംബത്തിന്റെ ആസ്തിയിൽ 95 ശതമാനം വർധനയാണുണ്ടായത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024ലെ ‘ഹുറൂൺ ഇന്ത്യ’ റിപ്പോർട്ടിലും ഇത് സൂചിപ്പിക്കുന്നുണ്ട്. 

അഡാനി മാത്രമല്ല, ഗുജറാത്തിൽനിന്നുള്ള നിരവധി വ്യവസായികളും മോഡിത്തണലിൽ ആസ്തി വർധിപ്പിച്ചിട്ടുണ്ട്. ഇത്തരക്കാർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൈപ്പറ്റിയ ശതകോടികളുടെ വായ്പ തിരിച്ചടയ്ക്കാത്തതുമൂലം പൊതുമേഖലാ ബാങ്കുകൾ കിട്ടാക്കടം വർധിച്ച് പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഓക്സ്ഫാം റിപ്പോർട്ട് പ്രകാരം രാജ്യത്തിന്റെ സമ്പത്തിന്റെ 57 ശതമാനം ഇന്ത്യയിലെ അതിസമ്പന്നരായ 10 പേരുടെ കൈവശമാണുള്ളത്. അതേസമയം ജനങ്ങളിൽ താഴെ തട്ടിലുള്ള പകുതിപ്പേരുടെ കയ്യിൽ ആകെ 13 ശതമാനം മാത്രമേയുള്ളൂ. 

ഓഹരി വിപണിയെ കൃത്യമായി നിരീക്ഷിച്ച് ഇടപാടുകാരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നതിനാണ് ‘സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ’ (സെബി )സ്ഥാപിതമായത്. 1992 ജനുവരി 30ന് നിയമപ്രകാരം അധികാരമുള്ള സ്ഥാപനമായി സെബി പ്രവർത്തനമാരംഭിച്ചു. 2015ൽ ‘ഫോർവേഡ് മാർക്കറ്റ്സ് കമ്മിഷൻ’ ലയിപ്പിച്ചതോടെ ഉല്പന്ന അവധിവ്യാപാരമേഖലയുടെ നിയന്ത്രണംകൂടി സെബിക്ക് കൈവന്നു. ചെയർമാനും എട്ട് അംഗങ്ങളും അടങ്ങുന്നതാണ് ഡയറക്ടർ ബോർഡ്. ചെയർമാനെയും അഞ്ച് അംഗങ്ങളെയും കേന്ദ്ര സർക്കാരാണ് നാമനിർദേശം ചെയ്യുന്നത്. രണ്ട് ബോർഡംഗങ്ങളെ ധനമന്ത്രാലയവും ഒരു ബോർഡംഗത്തെ റിസർവ് ബാങ്കും തീരുമാനിക്കും.
ഓഹരിക്കമ്പോളത്തിലെ സാധാരണ നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനമെന്നതിനാൽ സെബിയുടെ ഡയറക്ടർ ബോർഡംഗങ്ങളാരും സ്വകാര്യ 

കമ്പനികളുടെ ഓഹരി ഉടമസ്ഥരാകരുത് എന്ന നിബന്ധന നിലവിലുണ്ട്.
2017 ഏപ്രിലിലാണ് മാധബി പുരി ബുച്ചിനെ സെബിയുടെ ഡയറക്ടർ ബോർഡിലേക്ക് ആദ്യമായി നാമനിർദേശം ചെയ്യുന്നത്. സിംഗപ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐപിഇ പ്ലസ് ഫണ്ട് കമ്പനിയിൽ മാധബി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും ഒരു കോടി യുഎസ് ഡോളറിന്റെ (84 കോടി രൂപ) നിക്ഷേപമുണ്ടായിരുന്നു. സെബിയിലേക്ക് നാമനിർദേശം ചെയ്യുന്നതിന് തൊട്ടുമുമ്പ് 2017 മാർച്ചിൽ മാധബി തന്റെ പേരിലുള്ള ഓഹരികൾ ഭർത്താവ് ധവാൽ ബുച്ചിന് കൈമാറുകയുണ്ടായി. 

ഐപിഇ പ്ലസ് ഫണ്ട് കമ്പനിയുടെ ഉടമസ്ഥൻ ഗൗതം അഡാനിയുടെ സഹോദരൻ വിനോദ് അഡാനിയാണ്. ഇയാള്‍ക്ക് കരീബിയൻ ദ്വീപുകളിലും യുഎഇ, സൈപ്രസ്, സിംഗപ്പൂർ, ബർമുഡ തുടങ്ങിയ രാജ്യങ്ങളിലും 38ഓളം കടലാസ് കമ്പനികളുണ്ടെന്നും അവരാണ് ഗൗതം അഡാനിയുടെ കമ്പനികളുടെ ഓഹരി വാങ്ങി കൃത്രിമമായി ഓഹരി വില ഉയർത്തിയതെന്നുമുള്ള ഞെട്ടിക്കുന്ന വാർത്ത 2023ൽ ‘ഹിന്‍ഡൻബർഗാ‘ണ് പുറത്തുവിട്ടത്. സുപ്രീം കോടതി നിർദേശപ്രകാരം ഈ ആരോപണം അന്വേഷിച്ച മാധബി പുരി ബുച്ച് നേതൃത്വം നൽകുന്ന സെബി, അഡാനിക്ക് അനുകൂലമായി റിപ്പോർട്ട് നൽകിക്കൊണ്ടാണ് കോർപറേറ്റ് — ഭരണകൂട അജണ്ട മറയില്ലാതെ വെളിപ്പെടുത്തിയത്. അഡാനിയുടെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് 2023 ജനുവരി 24ന് പുറത്തിറക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിനെ ദേശദ്രോഹമായി ചിത്രീകരിക്കാനായിരുന്നു ഭരണകൂടം ശ്രമിച്ചത്. 

ജനാധിപത്യ വ്യവസ്ഥയിൽ നവലിബറൽ നയങ്ങളെ കൂട്ട് പിടിച്ചുകൊണ്ട് കോർപറ്റേറ്റുകൾ സര്‍ക്കാരിന്റെ പിന്തുണയോടെ സമ്പദ്‌വ്യവസ്ഥയിലടക്കം കടുത്ത അസമത്വങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷം വരുന്ന സമ്പന്ന വർഗത്തെ സൃഷ്ടിക്കാനുതകുന്ന കോർപറേറ്റ് മുതലാളിത്ത വികസനം തൊഴിലാളിയുടെ അധ്വാനം വഴി സൃഷ്ടിക്കുന്ന മൂല്യത്തിന്റെ വലിയൊരു ഭാഗം കവർന്നെടുക്കുകയാണ്. ഉറ്റ ചങ്ങാതിയായ അഡാനിക്കെതിരെ നടപടിയെടുക്കാൻ ഭയക്കുകയാണ് മോഡി. ബംഗ്ലാദേശിലേക്കുള്ള വൈദ്യുതിയുടെ കയറ്റുമതി വെട്ടിക്കുറച്ചുകൊണ്ട് അഡാനിയോടുള്ള വിധേയത്വം പ്രധാനമന്ത്രി ഇതിനോടകം തന്നെ അരക്കിട്ടുറപ്പിച്ചു കഴിഞ്ഞു. മോഡി സർക്കാരിൽ നിന്ന് ലഭിച്ച പരിരക്ഷയും ആനുകൂല്യങ്ങളുമാണ് ഗൗതം അഡാനി എന്ന ശതകോടീശ്വരനെ വളർത്തിയത്. ഭരണാരംഭം മുതൽ കുത്തകാനുകൂല്യ നയങ്ങൾ മുഖമുദ്രയാക്കി മുന്നോട്ട് പോകുന്ന മോഡിയിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാൻ!

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.