Friday
23 Aug 2019

ഇന്ത്യന്‍ റയില്‍വെയും എയര്‍ഇന്ത്യയും സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍

By: Web Desk | Saturday 13 July 2019 10:23 PM IST


jalakam

ന്ത്യന്‍ റയില്‍വെയും സ്വകാര്യവല്‍ക്കരിക്കാന്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര ഗവണ്‍മെന്റ് അവസാനം തീരുമാനിച്ചു. സ്വദേശിപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി മുറവിളി കൂട്ടിയവര്‍ അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ രാജ്യത്തിന്റെ സമ്പത്തെല്ലാം വിറ്റു തുലയ്ക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഒരു ഘട്ടം വരെ ഇന്ത്യയുടെ ആകാശവാഹിനികള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍ മാത്രമായിരുന്നു. അകത്തും പുറത്തും സര്‍വീസ് നടത്തിയിരുന്നത് എയര്‍ ഇന്ത്യ. അകത്തു മാത്രം സര്‍വീസ് നടത്തുവാന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ്. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി സ്വകാര്യവല്‍ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തിയപ്പോള്‍ ഇന്ത്യയുടെ ആകാശ സര്‍വീസും സ്വകാര്യമേഖലയ്ക്കു കൂടി വിട്ടുകൊടുത്തു. സ്വകാര്യ മേഖലയെ ഇത്രമാത്രം പ്രണയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യമേഖലയുടെ ഇന്നത്തെ അവസ്ഥ എന്തുകൊണ്ട് പഠന വിഷയമാക്കുന്നില്ല എന്നറിയില്ല.
യുണൈറ്റഡ് ബ്രൂവറീസിന്റെ ഉടമ വിജയ് മല്ല്യ എന്ന മദ്യരാജാവ് 2003 ല്‍ സ്ഥാപിച്ച കിംഗ്ഫിഷര്‍ എയര്‍ ലൈന്‍സ് 2005 മുതല്‍ 2012 വരെ ഇന്ത്യന്‍ ആകാശത്ത് ഗണ്യമായ തോതില്‍ സര്‍വീസ് നടത്തിയിരുന്നു. 2005 ല്‍ ഇന്ത്യന്‍ ആകാശത്തും 2008 മുതല്‍ ഇന്ത്യയ്ക്കു പുറത്തേക്കും സര്‍വീസ് ആരംഭിച്ചു. ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ ഏറ്റവും മുന്നില്‍ നിന്ന കിംഗ്ഫിഷര്‍ കമ്പനി നഷ്ടത്തിലേക്കു കൂപ്പുകുത്തി തുടങ്ങിയ കാര്യം പുറത്തറിഞ്ഞത് 2011 ല്‍ മാത്രമാണ്. ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ച് 9,000 കോടി രൂപയുടെ വായ്പ തട്ടിയെടുത്ത വിജയ് മല്ല്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ 2011 ഡിസംബറില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മരവിപ്പിച്ചു. 2012 ഒക്‌ടോബറില്‍ കിംഗ് ഫിഷറിന്റെ ലൈസന്‍സ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയോട് പാര്‍ലമെന്റ് ഹാളില്‍ വച്ച് യാത്രാമൊഴി പറഞ്ഞ്, അന്ന് രാജ്യസഭാ എംപി കൂടിയായ വിജയ് മല്ല്യ ഇപ്പോള്‍ യുകെയില്‍ കഴിയുന്നു. കിംഗ്ഫിഷര്‍ എന്നന്നേക്കുമായി പൂട്ടി. ജീവനക്കാര്‍ക്കു കൊടുത്തുതീര്‍ക്കാനുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മാത്രം 300 കോടി രൂപയിലധികം വരും. ബാങ്കുകളുടെ ബാധ്യത വേറെയും.

indian railway

1992 ല്‍ സ്ഥാപിച്ച മറ്റൊരു സ്വകാര്യ വിമാന കമ്പനിയാണ് ജെറ്റ് എയര്‍വേയ്‌സ്. നരേഷ് ഗോയല്‍ എന്ന ബിസിനസ് ഐക്കോണിന്റെ ഉടമസ്ഥതയിലുള്ള ജെറ്റ് എയര്‍വേയ്‌സ് 1993 മുതല്‍ ഇന്ത്യന്‍ ആകാശത്ത് സ്ഥാനമുറപ്പിച്ചു തുടങ്ങി. 2017 ലെ കണക്കനുസരിച്ച് ഇന്‍ഡിഗോ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയായിരുന്നു ജെറ്റ് എയര്‍വേയ്‌സ്. 2013 ല്‍ എത്തിഹാഡ് വിമാന കമ്പനിയുമായി പുതിയ കരാറുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജി വച്ചു പിരിഞ്ഞു. 2019 ഏപ്രില്‍ മദ്ധ്യത്തോടെ മുഴുവന്‍ എയര്‍ സര്‍വീസുകളും സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു. എല്ലാ സര്‍വീസുകളും സസ്‌പെന്‍ഡു ചെയ്യപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് കമ്പനി നാഷണല്‍ കമ്പനി ലാ ട്രൈബ്യൂണലില്‍, ഇന്‍സോള്‍വന്‍സ് ആന്റ് ബാങ്ക്‌റപ്‌സി കോഡിന്റെ അടിസ്ഥാനത്തിലുള്ള നടപടിയില്‍ കുടുങ്ങി കിടക്കുന്നു.
ഇന്ത്യന്‍ ആകാശത്ത് ഏറ്റവും കൂടുതല്‍ ആധിപത്യം സ്ഥാപിച്ച വിമാനക്കമ്പനിയാണ് ഇപ്പോഴും ഇന്‍ഡിഗോ. രാഹുല്‍ ഭാട്ടിയ സ്ഥാപിച്ച ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലാണ് ഇന്‍ഡിഗോ. രാകേഷ് ഗാംഗ്‌വാള്‍ എന്ന അമേരിക്കയിലുള്ള ഇന്ത്യന്‍ പ്രവാസിക്ക് ഇതില്‍ 47.88 ശതമാനം ഓഹരിയാണുള്ളത്. 2005 ല്‍ സ്ഥാപിതമായ കമ്പനി 2006 മുതല്‍ സര്‍വീസ് തുടങ്ങി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസും ഏറ്റവും ഉയര്‍ന്ന മാര്‍ക്കറ്റ് ഷെയറുമുള്ള കമ്പനിയാണ് ഇന്‍ഡിഗോ. എന്നാല്‍ കഴിഞ്ഞ മൂന്നു ദിവസമായി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് കടുത്ത പ്രതിസന്ധിയില്‍ക്കൂടി പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥത്തില്‍ എന്തെല്ലാമാണ് പ്രതിസന്ധിക്കു കാരണമെന്നന്വേഷിക്കാന്‍ ഗവണ്‍മെന്റ് ‘സെബി’യോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തായാലും കാര്യങ്ങള്‍ ശുഭോദാര്‍ക്കമല്ല എന്നു വ്യക്തം.
ഇന്ത്യയിലെ നിരവധി വന്‍കിട സ്വകാര്യ കമ്പനികളുടെ ദുര്‍ഗതിയുടെ വഴിയേ എയര്‍ ഇന്ത്യയേയും കൊണ്ടുപോകാനാണ് കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 1932 ല്‍ ടാറ്റ എയര്‍ലൈന്‍സ് ആയി ആരംഭിച്ച എയര്‍ ഇന്ത്യ 1946 ജൂലൈയിലാണ് പബ്ലിക് ലിമിറ്റഡ് കമ്പനിയായി സര്‍വീസ് ആരംഭിച്ചത്. ഇന്ന് 94 ഡസ്റ്റിനേഷനുകളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. 5765 കോടിരൂപയുടെ വാര്‍ഷിക അറ്റാദായമുള്ള എയര്‍ ഇന്ത്യയില്‍ 20,956 ജീവനക്കാരാണുള്ളത്. 2000-01 മുതല്‍ എയര്‍ ഇന്ത്യയെ വീണ്ടും സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം തുടങ്ങിയതാണ്. 2007 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിനെ എയര്‍ ഇന്ത്യയില്‍ ലയിപ്പിച്ചു. അന്നുമുതല്‍ നഷ്ടം ഏറിയും വന്നു. മാനേജ്‌മെന്റിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും കെടുകാര്യസ്ഥതമൂലം കോടികളുടെ നഷ്ടത്തിലാണ് നിലവില്‍ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഈ പൊതുമേഖലാ വിമാന കമ്പനി. 2018ല്‍ വീണ്ടും സ്വകാര്യവല്‍ക്കരണത്തിന് കൊണ്ടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോള്‍ കമ്പനി മൊത്തത്തില്‍ തന്നെ സ്വകാര്യവല്‍ക്കരിക്കാനാണ് മോഡി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
1845 മേയ് മാസം ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണാധികാരികള്‍ ആരംഭിച്ച ഇന്ത്യന്‍ റയില്‍വെ ഇന്ന് ഇന്ത്യയിലെ സാധാരണക്കാരന്റെ യാത്രയ്ക്കുള്ള ഏറ്റവും വലിയ ആശ്രയമാണ്. 70,937 പാസഞ്ചര്‍ കോച്ചുകളും 2,77,987 ചരക്കു വാഗണുകളും ഇന്ത്യന്‍ റയില്‍വേയ്ക്കുണ്ട്. 7349 റയില്‍വെ സ്റ്റേഷനുകളില്‍ നിന്നായി ഇരുപതിനായിരത്തിലധികം യാത്രക്കാരാണ് പ്രതിദിനം റയില്‍വെയെ ആശ്രയിക്കുന്നത്. 1308 ദശലക്ഷം ജീവനക്കാര്‍ നേരിട്ടും നിരവധി ലക്ഷങ്ങള്‍ പരോക്ഷമായും സേവനം നല്‍കുന്ന ഇന്ത്യന്‍ റയില്‍വെ 67,368 കിലോമീറ്റര്‍ ഇന്ന് സര്‍വീസ് നടത്തുന്നു. ഇന്ത്യന്‍ റയില്‍വെയുടെ ജീവനക്കാരില്‍ 92.6 ശതമാനവും നോണ്‍ ഗസറ്റഡ് തസ്തികയിലുള്ളവരാണ് എന്നൊരു പ്രത്യേകതയും ഉണ്ട്. അവര്‍ക്കു മാത്രമായി ഇന്ത്യയുടെ പലഭാഗങ്ങളിലായി 295 ട്രെയിനിംഗ് സെന്ററുകളും റയില്‍വെയ്ക്കുണ്ട്. അവരുടെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി താമസ സൗകര്യം, ആശുപത്രി, സ്‌കൂളുകള്‍, സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ എല്ലാം ഇന്ന് റയില്‍വെ ഒരുക്കിയിട്ടുണ്ട്. പടിപടിയായി സ്വകാര്യവല്‍ക്കരണ നടപടികള്‍ പൂര്‍ത്തിയാകുന്നതോടുകൂടി ഇതില്‍ എന്തെല്ലാം നിലനില്‍ക്കും എന്നത് ഇപ്പോള്‍ ചിന്തിക്കാന്‍ പോലും കഴിയില്ല. ലാഭമില്ലാത്തതെല്ലാം വേണ്ടെന്നു വയ്ക്കുന്ന സ്വകാര്യമൂലധനം സാധാരണക്കാരായ ഇന്ത്യന്‍ ജനതയെ തിരിഞ്ഞുപോലും നോക്കുകയില്ല. റെയില്‍വെയുടെ സ്വകാര്യവല്‍ക്കരണത്തോടുകൂടി യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഏറ്റവും വലിയ യാത്രാ സൗകര്യവും ചരക്കു ഗതാഗതവും പാവപ്പെട്ടവന് അന്യമാക്കുന്ന ഒരു സാഹചര്യം ബിജെപി ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ വരാന്‍ പോവുകയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച റയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ പറഞ്ഞത് റയില്‍വെ സ്വകാര്യവല്‍ക്കരിക്കുകയല്ല മറിച്ച് പിപിപി മോഡലിലേക്ക് കൊണ്ടുവരികയാണ് എന്നും റയില്‍വെയുടെ വികസനത്തിനുവേണ്ടി സ്വകാര്യ നിക്ഷേപം സ്വീകരിക്കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത് എന്നുമാണ്. പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ എന്നു പറഞ്ഞാല്‍ ഇന്ത്യയില്‍ സ്വകാര്യ മേഖലയ്ക്ക് മുന്‍തൂക്കം നല്‍കുക എന്നതാണെന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും അറിയാം. അതിന്റെ കൂടെ വികസനത്തിനു വേണ്ടിയുള്ള സ്വകാര്യ നിക്ഷേപം കൂടിയാകുമ്പോള്‍ സ്വകാര്യവല്‍ക്കരണ നടപടിയല്ലാതെ മറ്റൊന്നുമല്ല. പാര്‍ലമെന്റില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ റയില്‍വെ മന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത്.