20 April 2024, Saturday

കാപിറ്റോള്‍ ആക്രമണം ബ്രസീല്‍ ആവര്‍ത്തിക്കുമ്പോള്‍

അശ്വിനി മാടവന
January 10, 2023 4:30 am

രിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. അധികാരവും സ്ഥാനമാനങ്ങളും നഷ്ടപ്പെട്ട ഫാസിസ്റ്റ് ഭരണാധികാരികള്‍ മുച്ചൂടും മുടിക്കാന്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് കാലാകാലങ്ങളായി നടക്കുന്നതാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരിക്കുകയാണ് കഴിഞ്ഞ ദിവസം ബ്രസീലിലുണ്ടായ സംഭവവികാസങ്ങള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ കാപിറ്റോളില്‍ സംഭവിച്ചതും ഇതുതന്നെയാണ്. മുന്‍ പ്രസിഡന്റും തീവ്രവലതുപക്ഷവാദിയും ഫാസിസ്റ്റ് അനുഭാവിയുമായ ജയ്ര്‍ ബൊള്‍സൊനാരൊയുടെ അനുയായികള്‍ ബ്രസീലിന്റെ പ്രധാന ഭരണകേന്ദ്രങ്ങളില്‍ കടന്നുകയറുകയും ആക്രമണം നടത്തുകയും ചെയ്തു.

പുതുവര്‍ഷത്തിലാണ് ഇടതുപക്ഷക്കാരനും വർക്കേഴ്‌സ്‌ പാർട്ടി നേതാവുമായ ലുല ഡ സിൽവ ബ്രസീല്‍ പ്രസി­ഡന്റായി മൂന്നാം തവണയും അധികാരമേറ്റത്. 2003 മുതൽ 2010 വരെയുള്ള കാലയളവിൽ രണ്ടുതവണയായി അധികാരത്തിൽ ഇരുന്ന ലുലയുടെ മൂന്നാം പ്രസിഡന്റ് പദമാണ് ഇത്തവണത്തേത്. ബൊള്‍സൊനാരൊയെ രണ്ടാംഘട്ട വോട്ടെടുപ്പിൽ 1.8 ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ തോൽപ്പിച്ചാണ്‌ ലുല അധികാരത്തില്‍ തിരിച്ചെത്തിയത്. അശാസ്ത്രീയ കോവിഡ് പ്രതിരോധം തീര്‍ത്ത സങ്കീര്‍ണതകളിലും സാമ്പത്തിക പ്രതിസന്ധിയിലും കോര്‍പറേറ്റ് അനുകൂലനയങ്ങളിലും ശ്വാസം മുട്ടിയിരുന്ന ബ്രസീല്‍ ജനാധിപത്യത്തിന്റെ മോചനം പ്രഖ്യാപിച്ചാണ് ലുല ജനങ്ങളുടെ ഹൃദയം കീഴടക്കിയത്. 2003ല്‍ അധികാരമേറ്റ ലുല രാജ്യത്ത് ഒട്ടനേകം ജനക്ഷേമ പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. 2010 വരെ ഭരണം തുടര്‍ന്നുവെങ്കിലും പിന്നീട് അഴിമതി ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ടു. പിൻഗാമിയായി അധികാരമേറ്റ ദിൽമ റൂസഫിനെ ഇംപീച്ച്‌ ചെയ്‌ത്‌ പുറത്താക്കിയതിനു ശേഷമുള്ള ആറുവർഷവും ബ്രസീലിൽ ജനാധിപത്യത്തിനു പകരം ജനങ്ങളുടെ മേലുള്ള ആധിപത്യമായിരുന്നു.


ഇതുകൂടി വായിക്കൂ: ബ്രസീല്‍ വീണ്ടും പട്ടാളത്തിന്റെ കാല്‍ച്ചുവട്ടില്‍


ആമസോൺ മഴക്കാടുകൾ വൻതോതിൽ വെട്ടിനശിപ്പിക്കുകയും ആദിവാസി മേഖലകള്‍ കുടിയൊഴിപ്പിച്ച് കോര്‍പറേറ്റുകള്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തു. ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബ്രസീലില്‍ വനനശീകരണം 150 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. കോവിഡ് മഹാമാരിക്കിടെ ബൊള്‍സൊനാരൊയുമായുള്ള സ്വരചേര്‍ച്ച ഇല്ലായ്മയെ തുടര്‍ന്ന് ആരോഗ്യമന്ത്രിമാരെ ഒന്നിനു പുറകെ ഒന്നായി പുറത്താക്കി. കോവിഡ് ബാധിച്ച് ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കോവിഡിന്റെ ആദ്യ തരംഗവേള നേരിടുന്നതില്‍ ഏറ്റവും വലിയ വീഴ്ച സംഭവിച്ച രാജ്യങ്ങളിൽ ഒന്നായിരുന്നു ബ്രസീൽ. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിൽ യുഎസ് ആയിരുന്നു മറ്റൊരു രാജ്യം. ഇന്ത്യയായിരുന്നു മറ്റൊന്ന്. മതിയായ രോഗനിർണയ സംവിധാനവും ചികിത്സാ സൗകര്യങ്ങളും ലഭ്യമല്ലാതെ ലക്ഷക്കണക്കിന് ആളുകളാണ് ഈ മൂന്നു രാജ്യങ്ങളിലും മരിച്ചു വീണത്. സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമാവുകയും ജീവിതം ദുരിത പൂർണമാവുകയും ചെയ്ത ഭരണകാലയളവായിരുന്നു ബൊള്‍സനാരൊയുടെത്. പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായി.

യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുഹൃത്തും സന്തതസഹചാരിയുമായ ബൊള്‍സൊനാരൊ ഇനിയും ലുലയുടെ വിജയം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അവസാന ഘട്ടത്തിലും അട്ടിമറി ആരോപണമാണ് ബൊള്‍സൊനാരൊ ഉയര്‍ത്തിയത്. യുഎസില്‍ ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ്‌ ട്രംപ്‌ ബഹിഷ്‌കരിച്ചതുപോലെ ലുലയുടെ സത്യപ്രതിജ്ഞ ചടങ്ങ്‌ ബൊൾസനാരൊയും ബഹിഷ്‌കരിച്ചു. ക്രിമിനല്‍ കേസുകള്‍ നേരിടേണ്ടിവരുമെന്ന ഭയത്താല്‍ രാജ്യം വിടുകയും യുഎസ്എയിലെ ഫ്ലോറിഡയില്‍ താമസമാക്കുകയും ചെയ്തിരിക്കുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബൊള്‍സൊനാരൊ അനുഭാവികള്‍ കലാപത്തിന് ശ്രമിക്കുകയും ചെയ്തു. വിമാനത്താവളത്തിനടുത്തുള്ള ഇന്ധന ടാങ്കിൽനിന്ന്‌ ബോംബ്‌ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ബോംബ്‌ സ്‌ഫോടനം നടത്തി രാജ്യത്തെ ആഭ്യന്തര അടിയന്തരാവസ്ഥയിലേക്ക്‌ നയിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പിന്നീട് പുറത്തുവന്ന വിവരങ്ങള്‍.


ഇതുകൂടി വായിക്കൂ: ലുലയുടെ തിരിച്ചുവരവ് കാലത്തിന്റെ കാവ്യനീതി


വിലക്കയറ്റം ഏഴ് ശതമാനത്തിനെത്തി നില്‍ക്കെ കുറഞ്ഞ കൂലിയുടെ പരിധി ഉയര്‍ത്തുക, വ്യാവസായിക ഉല്പാദനം വര്‍ധിപ്പിക്കുക, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, വിദ്യാഭ്യാസ ഫണ്ടിന്റെ വിനിയോഗം, ഉന്നത നികുതി തുടങ്ങി നിരവധി മേഖലകളില്‍ ലുലയ്ക്ക് ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ബൊള്‍സൊനാരൊ അനുയായികള്‍ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകള്‍ ഉന്നതസ്ഥാനങ്ങളില്‍ തുടരുന്നുവെന്ന രാഷ്ട്രീയപരമായ വെല്ലുവിളിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ബൊള്‍സൊനാരൊ മന്ത്രിസഭയിലെ അഞ്ച് പേരാണ് സെനറ്റില്‍ തുടരുന്നത്. അധോസഭയിലും മൂന്ന് മുന്‍ മന്ത്രിസഭാംഗങ്ങളുണ്ട്. ഇരുസഭകളിലും ബൊള്‍സൊനാരൊയുടെ ലിബറല്‍ പാര്‍ട്ടി (പിഎല്‍)യുടെ ഭൂരിപക്ഷം തുടരുകയാണ്. കോണ്‍ഗ്രസിനുള്ളില്‍ ഇവരെ ഉപയോഗിച്ച് സമ്മര്‍ദ്ദ തന്ത്രം തുടരുകയും പുറത്ത് അനുയായികളെ ഉപയോഗപ്പെടുത്തി അട്ടിമറി ശ്രമം നടത്തുകയുമാണ് ബൊള്‍സൊനാരൊ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഇടതുപക്ഷ ഭരണകൂടത്തെ പുറത്താക്കാന്‍ ഭൂവുടമകളും ബിസിനസ് ഗ്രൂപ്പുകളും ബ്രസീലിയയിലേക്ക് വ്യാപകമായി പണമൊഴുക്കുകയാണ്. ലാറ്റിന്‍ അമേരിക്കയില്‍ ഇടതുപക്ഷ ഭരണകൂടങ്ങള്‍ക്കെതിരെ നടക്കുന്ന അട്ടിമറി ശ്രമങ്ങള്‍ ബ്രസീലിലുമുണ്ടായേക്കാമെന്ന ഭീഷണയ്ക്കിടെയാണ് കോണ്‍ഗ്രസ് കെട്ടിടവും സുപ്രീം കോടതി ആസ്ഥാനവും പ്രസിഡന്റ് കൊട്ടാരവുമെല്ലാം ബൊള്‍സൊനാരൊ അനുയായികള്‍ ആക്രമിക്കുന്നത്. നൂറിലധികം കലാപകാരികള്‍ പാര്‍ലമെന്റിനകത്ത് കടന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

പട്ടിണിക്ക്‌ അന്ത്യം കുറിക്കുമെന്നും ആമസോൺകാടുകളും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കുമെന്നും വാഗ്‌ദാനം ചെയ്‌താണ്‌ ലുല അധികാരമേറ്റത്‌. ബ്രസീല്‍ മന്ത്രിസഭ ഇത് പ്രതിഫലിപ്പിക്കുന്നതുമാണ്. പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകയും ആമസോൺ മഴക്കാടുകൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന മറീന സിൽവയെയാണ്‌ ലുല പരിസ്ഥിതി മന്ത്രിയാക്കിയത്. തദ്ദേശീയ ജനതയുടെ ക്ഷേമത്തിനായി അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തുന്ന സോണിയ ഗ്വാജ്ജാരയെയും നിയമിച്ചു. സോണിയ ഗ്വാജ്ജാര ഉള്‍പ്പെടെ രണ്ട് തദ്ദേശവാസികളാണ് മന്ത്രിസഭയിലുള്ളത്. ബ്രസീല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റും പെര്‍നാവുബുകോ ഡെപ്യൂട്ടി ഗവര്‍ണറുമായ ലൂസിയാന സാന്റോസിനാണ് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചുമതല. പ്രഖ്യാപിക്കപ്പെട്ട 37 അംഗ മന്ത്രിസഭയില്‍ പതിനൊന്ന് സ്ത്രീകളെയും അഞ്ച് ആഫ്രിക്കന്‍ വംശജരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തോക്ക് നിയന്ത്രണത്തിന് ബൊള്‍സൊനാരൊ നിയന്ത്രണങ്ങള്‍ പരിശോധിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതൊക്കെ കണ്ടിരിക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് കഴിയില്ലെന്നതാണ് ബ്രസീല്‍, കാപിറ്റോള്‍ തുടങ്ങിയ ഭരണകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.