പുരാതന ഗ്രീസില്‍ നിന്നാണ് പിതൃരാജ്യം അഥവാ ഫാദര്‍ ലാന്‍ഡ് എന്ന സങ്കല്പം ഉദയം ചെയ്യുന്നത്. ഗ്രീക്ക് പദമായ പാട്രിസില്‍ നിന്നാണ് പാട്രിയോസ്യ എന്ന ലാറ്റിന്‍ പദവും ഫ്രഞ്ചു ഭാഷയിലെ പാട്രിയോട്ടിയും ഇംഗ്ലീഷിലെ പാട്രിയോട്ടിസം എന്ന വാക്കും ജനിക്കുന്നത്. പുരാതന ഗ്രീസിലെ പാട്രിയ അഥവാ പിതൃരാജ്യം എന്ന പ്രയോഗം റോമാ സാമ്രാജ്യത്തിന്റെ കാലമായപ്പോള്‍ റോമിനു കീഴിലുള്ള വിവിധ ദേശങ്ങളിലെ ജനങ്ങള്‍ ഇറ്റലിയെക്കുറിച്ചാണ് ഉപയോഗിച്ചിരുന്നത്. യൂറോപ്പില്‍ പൊതുവെ ജര്‍മ്മാനിക് ഗോത്രങ്ങളുടെ ഭാഷകളിലാണ് പിതൃരാജ്യം എന്ന സംബോധന സ്വന്തം ജന്മരാജ്യത്തെക്കുറിച്ച് കാണപ്പെടുന്നത്. ഡച്ചുഭാഷയില്‍ 1570ല്‍ പിതൃരാജ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ദേശീയഗാനം രചിക്കപ്പെട്ടു. 19-ാം നൂറ്റാണ്ടില്‍ ജര്‍മ്മന്‍ ദേശീയത പ്രബലമായപ്പോഴാണ് ദേശീയതയുടെ ഭാഗമായി പിതൃരാജ്യത്തെ മഹത്വവല്‍ക്കരിക്കുന്ന പ്രവണത വളര്‍ന്നത്. നാസികള്‍ അന്ധമായ ദേശീയതയുടെ ഭാഗമായി അവരുടെ പ്രചരണങ്ങള്‍ക്ക് ജര്‍മ്മനി ആര്യന്മാരുടെ പിതൃരാജ്യം എന്ന പ്രയോഗം വ്യാപകമായി ഉപയോഗിച്ചു. ജര്‍മാനിക് ഭാഷകള്‍ സംസാരിക്കുന്ന രാജ്യങ്ങളില്‍ നോര്‍വീജിയ, സ്വീഡന്‍, നോര്‍വെ, റഷ്യ, പോളണ്ട്, ഉക്രെയ്ന്‍, ക്രൊയേഷ്യ, ബള്‍ഗേറിയ, അല്‍ബേനിയ, അറേബ്യ, ജോര്‍ജിയ, എസ്തോണിയ തുടങ്ങിയ പ്രദേശങ്ങളില്‍ ജന്മരാജ്യത്തെ പിതൃരാജ്യം എന്ന് വിളിക്കുന്നു.
എന്നാല്‍ ബ്രിട്ടണിലും ബ്രിട്ടീഷ് അധീന പ്രദേശങ്ങളിലും ജന്മരാജ്യം എന്നത് മാതൃരാജ്യം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഫ്രഞ്ചുകാരും സ്പെയിന്‍കാരും ഇതേ സംജ്ഞതന്നെയാണ് ജന്മരാജ്യത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയിലും ഭാരതമാതാവ് എന്ന സംജ്ഞ ഇന്ത്യയെ വിശേഷിപ്പിക്കാന്‍ സ്വാതന്ത്ര്യസമരസേനാനികള്‍ ഉപയോഗിച്ച് തുടങ്ങിയത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ 1873ല്‍ കിരണ്‍ ചന്ദ്രബന്ദോപാദ്ധ്യായ സംവിധാനം ചെയ്ത “ഭാരത് മാതാ” എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. ഇതേകാലഘട്ടത്തില്‍ തന്നെയാണ് ബങ്കിംചന്ദ്ര ചാറ്റര്‍ജി “വന്ദേമാതരം” രചിക്കുന്നതും രബീന്ദ്രനാഥ ടാഗോറിന്റെ സഹോദരന്റെ മകന്‍, ഇന്ത്യന്‍ ചിത്രകലയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കിയ അബനീന്ദ്രനാഥ ടാഗോര്‍ “ഭാരതാംബ“യുടെ ചിത്രം വരയ്ക്കുന്നതും. രബീന്ദ്രനാഥ ടാഗോറിന്റെ കഥകള്‍ക്കും നാടകങ്ങള്‍ക്കും ചിത്രീകരണം നിര്‍വഹിച്ച അബനീന്ദ്രനാഥ് ഇന്ത്യന്‍ ചിത്രകലയെ പുനരുജ്ജീവിപ്പിച്ച ചിത്രകാരനാണ്. ഇന്ത്യയുടെ സാംസ്കാരിക, സാമൂഹ്യ ഐക്യത്തെ ഊട്ടിയുറപ്പിക്കാനായി 1905ല്‍ വരച്ച ചിത്രമാണ് ഭാരതമാതാവ്. ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വമാണ് അതിന്റെ പ്രമേയം. ഇന്ത്യയിലെ സ്വാതന്ത്ര്യസമരപോരാളികള്‍ ബ്രിട്ടീഷ് അധികാരികളുടെ കൊടിയ മര്‍ദനമേറ്റുവാങ്ങുമ്പോഴും ഉച്ചത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യമാണ് “ഭാരത് മാതാകീ ജയ്”.
അബനീന്ദ്രനാഥ് ടാഗോര്‍ വരച്ച ഭാരതമാതാവിന്റെ ചിത്രം ഇന്ന് കാലപ്പഴക്കംകൊണ്ട് മാഞ്ഞുപോയിട്ടൊന്നുമില്ല. എന്താണ് ആ ചിത്രം? ബംഗാളി സ്ത്രീയുടെ അഭിമാനബോധവും സ്വാശ്രയത്വവും സ്വദേശിവല്‍ക്കരണവും പ്രതിനിധാനം ചെയ്യുന്ന ആ ചിത്രത്തില്‍ നാലു കൈകളുള്ള കാവിവസ്ത്രം ധരിച്ച ഒരു വനിതയുടെ രൂപമാണ് ഉള്ളത്. കൈകളില്‍ പുസ്തകവും ശുഭ്രവസ്ത്രവും നെല്‍ക്കതിരും രുദ്രാക്ഷമാലയും. വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും സമൃദ്ധിയുടെയും ആത്മീയതയുടെയും പ്രതീകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ചിത്രം. ഈ ചിത്രത്തെ ഭാരതാംബ എന്ന് വിളിച്ചത് അബനീന്ദ്രനാഥല്ല, സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിതയാണ്. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഭാരതമാതാവ് എന്ന പേരില്‍ പ്രദര്‍ശിപ്പിച്ച ചിത്രവും അബനീന്ദ്രനാഥ ടാഗോര്‍ വരച്ച ചിത്രവും തമ്മില്‍ എന്താണ് ബന്ധം? ഒറ്റനോട്ടത്തില്‍ തന്നെ യാതൊരു സാമ്യവുമില്ല. ആര്‍എസ്എസ് പതാകയേന്തി സര്‍വാഭരണ വിഭൂഷിതയായി പശ്ചാത്തലത്തില്‍ ഒരു സിംഹത്തോടൊപ്പം നില്ക്കുന്ന ഒരു വനിതയുടെ ചിത്രം. ഈ ചിത്രം അബനീന്ദ്രനാഥ ടാഗോര്‍ എന്ന ചിത്രകാരന്‍ രചിച്ച, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ലക്ഷക്കണക്കിന് സ്വാതന്ത്ര്യസമര പോരാളികള്‍ക്ക് പ്രചോദനമായ ഭാരതാംബയുടെ ചിത്രമല്ല. ഭാരതാംബയെ വികലമായി ചിത്രീകരിക്കുന്നത് ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തോടും സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര യോദ്ധാക്കളോടുമുള്ള കൊടിയ അനാദരവാണ്. ആ ചടങ്ങില്‍ പങ്കെടുക്കാതെ, ഭാരതാംബയെ വികലമായി ചിത്രീകരിച്ചത് ചൂണ്ടിക്കാട്ടി, അതിനെതിരെ ശബ്ദമുയര്‍ത്തിയ കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ നിലപാട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ ധാര്‍മ്മികതയുടെ പ്രതിഫലനമാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരുഘട്ടത്തിലും ഭാഗഭാക്കാകാത്ത സംഘടനകളാണ് ആര്‍എസ്എസും അവരുടെ രാഷ്ട്രീയ മുഖമായ ഹിന്ദു മഹാസഭയും. 1942ല്‍ ഇന്ത്യ ഒന്നാകെ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യസമരത്തിന്റെ അഗ്നികുണ്ഡത്തിലേക്ക് എടുത്തുചാടിയപ്പോള്‍ കോണ്‍ഗ്രസ് ബഹിഷ്കരിച്ച പ്രവിശ്യാ നിയമസഭകളില്‍ ബംഗാളില്‍, സിന്ധില്‍, നോര്‍ത്ത് വെസ്റ്റ് പ്രോവിന്‍സില്‍ അധികാരം പങ്കിടുകയായിരുന്നു ഹിന്ദുമഹാസഭ. 1941ല്‍ ബംഗാളില്‍ ഫസലുല്‍ ഹഖ് എന്ന മുസ്ലിംലീഗ് നേതാവ് മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി എന്ന ഹിന്ദുമഹാസഭ നേതാവ്, പിന്നീട് ജനസംഘത്തിന്റെ സ്ഥാപകരിലൊരാള്‍. 1943മാര്‍ച്ച് മൂന്നിന് സിന്ധ് നിയമസഭയിലാണ് ആദ്യമായി ഒരു പ്രവിശ്യാ നിയമസഭയില്‍ പാകിസ്ഥാന്‍ പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. മുസ്ലിംലീഗിലെ ജി എം സെയ്ദ് ആണ് പ്രമേയം അവതരിപ്പിച്ചത്. അപ്പോഴും ഹിന്ദു മഹാസഭയുടെ മന്ത്രിമാര്‍ ലീഗിനോടൊപ്പം മന്ത്രിസഭയിലുണ്ടായിരുന്നു. തുടര്‍ന്നും അവര്‍ മന്ത്രിസഭയില്‍ തന്നെ തുടര്‍ന്നു.
നമ്മള്‍ മനസിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം 1940കളില്‍ ഇന്ത്യന്‍ മുസ്ലിങ്ങളുടെ വെറും അഞ്ച് ശതമാനം പേരുടെ പിന്തുണ മാത്രമുണ്ടായിരുന്ന മുസ്ലിംലീഗിന്റെ പാകിസ്ഥാന്‍ വാദത്തിന് ഇന്ത്യയിലെ എല്ലാ പ്രമുഖ മുസ്ലിം സംഘടനകളും ഓള്‍ ഇന്ത്യ ആസാദ് മുസ്ലിം കോണ്‍ഫറന്‍സ്, ഓള്‍ ഇന്ത്യ ജമായത്തുല്‍ ഉലമ, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി, ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ – അഹാര്‍, എല്ലാ പ്രമുഖ ഇന്ത്യന്‍ മുസ്ലിം നേതാക്കളും ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, ഷേക്ക് അബ്ദുള്ള, മൗലാനാ അബ്ദുള്‍ കലാം ആസാദ്, മുഖ്താര്‍ അഹമ്മദ് അന്‍സാരി, ഷൗക്കത്തുള്ള അന്‍സാരി, ആലി സഹോദരന്മാര്‍ ഇങ്ങ് കേരളത്തില്‍ മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ് വരെ എതിരായിരുന്നു. ഇന്ത്യയിലെ എല്ലാ പ്രധാന രാഷ്ട്രീയ കക്ഷികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സിന്ധ് യുണൈറ്റഡ് പാര്‍ട്ടി, ശിരോമണി അകാലിദള്‍, യൂണിയനിസ്റ്റ് പാര്‍ട്ടി, എല്ലാവരും വിഭജനത്തിനെതിരായിരുന്നു. ഇന്ത്യയിലെ സുന്നി മുസ്ലിങ്ങള്‍ ഓള്‍ ഇന്ത്യ ആസാദ് മുസ്ലിം കോണ്‍ഫറന്‍സ് രൂപീകരിച്ച് വിഭജനത്തിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടത്തുകയും വിഭജനം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചതിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് 1940ഏപ്രില്‍ 19ന് ഹിന്ദുസ്ഥാന്‍ ദിവസം ആഘോഷിക്കുകയും ചെയ്തു.
രാജ്യം വിഭജിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന് കൂട്ടുനിന്നത് മുസ്ലിംലീഗും അവരോട് രാഷ്ട്രീയസഖ്യം പുലര്‍ത്തിയ ഹിന്ദു മഹാസഭയും മാത്രമായിരുന്നുവെന്നത് സ്വാതന്ത്ര്യസമരത്തിന്റെ അവസാന വര്‍ഷങ്ങളിലെ ചരിത്രം പരിശോധിച്ചാല്‍ മനസിലാവും. അതിനാല്‍തന്നെ സ്വാതന്ത്ര്യസമരവുമായും ഇന്ത്യന്‍ ജനതയുടെ സാംസ്കാരിക ചിഹ്നങ്ങളോടും പ്രതീകങ്ങളോടും അനാദരവ് കാണിക്കാന്‍ ഇന്ത്യാ വിഭജനത്തിനും ഗാന്ധിവധത്തിനും കരുക്കള്‍ നീക്കിയവരുടെ പിന്‍മുറക്കാര്‍ക്ക് മാത്രമേ സാധ്യമാവുകയുള്ളു. എന്നാല്‍ ഷഹീദ് ഭഗത്‌സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും രക്തസാക്ഷിത്വമുയര്‍ത്തിപ്പിടിച്ചുകൊണ്ട് ലാഹോര്‍ ബോംബ് കേസിലും സേലം ജയിലിലും കയ്യൂരും കരിവെള്ളൂരിലും പതറാതെ കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഒരു മനസോടെ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ നാനാത്വത്തിലെ ഏകത്വം ഉയര്‍ത്തിപ്പിടിക്കുന്ന, മതനിരപേക്ഷ മൂല്യങ്ങള്‍ക്കായി സന്ധിയില്ലാതെ പോരാടുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഛിദ്രശക്തികള്‍ക്കെതിരെ രാജ്യത്തിന്റെ ഐക്യത്തിനായി പൊരുതുകതന്നെ ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.