മാവോയിസ്റ്റുകളെ നേരിടുമ്പോൾ

Web Desk
Posted on November 02, 2019, 10:04 pm
jalakam

”അധികാരം തോക്കിൻ കുഴലിലൂടെ” എന്ന മാ­വോവാക്യം ഒരു കാലഘട്ടത്തിൽ ധാരാളം കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരായ യുവാക്കളെയും വിദ്യാർത്ഥികളെയും ആകർഷിച്ചിരുന്നു. അതിസാഹസികത്വത്തിൽ ആകൃഷ്ടരായ ആ കമ്മ്യൂണിസ്റ്റു വിഭാഗങ്ങളിലെ ചിലർ 1967 ൽ പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ നക്സൽ ബാരിയിൽ സമ്മേളിച്ച് സായുധ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)ക്ക് രൂപം കൊടുത്തു. നക്സൽ ബാരിയിലുണ്ടായ സംഘടനയായതുകൊണ്ട് ‘നക്സൽ’ എന്ന പേരും ആ പ്രവർത്തകർക്ക് ലഭിച്ചു. 1967 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യിൽ നിന്നും ആശയപരമായ കാരണങ്ങളാൽ തെറ്റിപ്പിരിഞ്ഞവരാണ് ഇവരെല്ലാം. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും പ്രാദേശിക വികസനവും വനവാസികളുടെ അവകാശങ്ങളുൾപ്പെടെയുള്ളവ നേടിയെടുക്കണമെന്നതായിരുന്നു അവരുടെ വ്യക്തമാക്കപ്പെട്ട കാഴ്ചപ്പാട്.
നക്സലൈറ്റ് പ്രസ്ഥാനം രൂപീകരിച്ച കമ്മ്യൂണിസ്റ്റു തീവ്രവാദ ചിന്താഗതിക്കാരിൽ നിന്നും കുറച്ചുകൂടി വ്യത്യസ്തമായി ചൈനയുടെ ചെയർമാൻ മാവോ സെ തുങ്ങിന്റെ ആശയങ്ങൾക്ക് പ്രാധാന്യം നൽകി 1966 ൽ പശ്ചിമ ബംഗാളിൽ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ രൂപീകരിക്കപ്പെട്ടിരുന്നു. കാറൽ മാർക്സിനോടും എംഗൽസ്, ലെനിൻ എന്നിവരോടൊപ്പം ചെയർമാൻ മാവോയുടെ ആശയങ്ങൾകൂടി തുല്യ പരിഗണനയിൽ അവർ പ്രചരിപ്പിച്ചു. അതിന് ചില സാർവ്വദേശീയ ബന്ധങ്ങളും ഉണ്ടായിരുന്നു. ഏകദേശം 1980 വരെ ദുർബലമായ സംഘടന ബിഹാറിലെ ഔറംഗാബാദിൽ രജപുത്ര വിഭാഗത്തിലെ 54 പേരെ കൊലപ്പെടുത്തി അവരുടെ സജീവ സാന്നിദ്ധ്യം വിളിച്ചറിയിച്ചു.
തെലങ്കാനയിൽ രൂപംകൊണ്ട പീപ്പിൾസ് വാർ ഗ്രൂപ്പും സായുധ കലാപത്തിൽക്കൂടി ശ്രദ്ധ പിടിച്ചു പറ്റി. ഈ വിഭാഗവും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും കൂടി ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓ­ഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന പേ­രിൽ ഇന്ത്യയിൽ പുതിയ കമ്മ്യൂണിസ്റ്റ് തീവ്രവാദ പാർട്ടി രൂപീകരിക്കപ്പെട്ടു.

നക്സലൈറ്റുകൾ എന്നറിയപ്പെട്ട സിപിഐ (എംഎൽ) പതുക്കെ പതുക്കെ ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമർപ്പിച്ചും തെരഞ്ഞെടുപ്പ് കമ്മീഷനെ അംഗീകരിച്ചും പാ­ർലമെന്റ് — നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു തുടങ്ങി. മാവോയിസ്റ്റുകൾ തെരഞ്ഞെടുപ്പിൽ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ മത്സരിക്കുന്നുമില്ല. ‘അധികാരം തോക്കിൻ കുഴലിലൂടെ’ എന്ന മാവോസൂക്തത്തെ ഇപ്പോഴും കൊണ്ടു നടക്കുന്നവരാണ് മാവോയിസ്റ്റുകൾ.  ഇന്ന് മാവോയിസ്റ്റ് ഗ്രൂപ്പുകൾ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ശക്തി പ്രകടിപ്പിക്കുന്നുണ്ട്. അവർ അവരുടെ ശക്തി കൂടുതൽ വർധിപ്പിക്കാനും വ്യാപിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. അവർ വെറുതെയെങ്കിലും ”കാഠ്മണ്ഡു മുതൽ കന്യാകുമാരി” വരെയുള്ള ”റെഡ് കോറിഡോർ” നെക്കുറിച്ചു പോലും ചർച്ച ചെയ്യുന്നുണ്ട്. പ്രാദേശികമായ വികസന പ്രശ്നങ്ങളും അവഗണനയും പാവപ്പെട്ടവരുടെ ദാരിദ്ര്യവും പട്ടിണിയും രാഷ്ട്രീയമായി അവർ ഉപയോഗപ്പെടുത്തുകയും മാവോയിസ്റ്റുകൾ അത്തരം ജനവിഭാഗങ്ങളെ പ്രത്യേകിച്ചും ആദിവാസി ജനവിഭാഗങ്ങളെ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ”റെഡ് കോറിഡോർ” എന്ന പ്രചരണം വസ്തുതാപരമല്ല.
മാവോയിസ്റ്റുകൾ എന്ന ഇടതുപക്ഷ തീവ്രവാദികൾ വ്യക്തിഗത ആക്രമണങ്ങളെ ന്യായീകരിക്കുന്നവരാണ്. വ്യക്തികളോ ഏതാനും വ്യക്തികൾ അടങ്ങുന്ന ഗ്രൂപ്പോ വ്യക്തികൾക്ക് നേ­രെ നടത്തുന്ന അക്രമങ്ങളിൽ അവർ സായൂജ്യം കണ്ടെത്തുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് അംഗീകരിക്കാൻ കഴിയില്ല. മാർക്സിസം-ലെനിനിസം വ്യക്തിഗത ഭീകരവാദം അംഗീകരിക്കുന്നില്ല. മാർക്സും എംഗൽസും ലെനിനും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. രാഷ്ട്രീയ കൊലപാതകങ്ങളെയും ശക്തമായി എതിർത്തിരുന്ന മനുഷ്യസ്നേഹികളായിരുന്നു അവർ.
മാവോയിസ്റ്റുകളുടെ പ്രചരണത്തിൽ കുടങ്ങുന്ന നിരവധി പാവപ്പെട്ട ജനവിഭാഗങ്ങൾ ഇന്ന് ഇന്ത്യയിലുണ്ട്. അവർ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനു പകരം മാവോയിസ്റ്റു പ്രവർത്തനത്തെ ഒരു ക്രമസമാധാന വിഷയമായി കാണുന്നതിനാണ് ഇന്ന് പലരും ശ്രമിക്കുന്നത്. ഈ സമീപനം ശരിയല്ല. ഇടതുപക്ഷ തീവ്രവാദത്തിനെതിരെ ശക്തമായ ആശയ പ്രചാരണമാണ് ഇന്നാവശ്യം. മറിച്ച് വെടിയുണ്ടകൾ കൊണ്ട് അവരെ എതിരിടാൻ മാത്രം തീരുമാനിച്ചാൽ അത് മനുഷ്യന് ഈ മണ്ണിൽ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കലാവും.

ഇന്ത്യയിലെ മാവോയിസ്റ്റുകൾ ആയുധത്തിന്റെ പാത ഉപേക്ഷിക്കുകയും ഇന്ത്യയെ ഒരു സോഷ്യലിസ്റ്റ് ഇന്ത്യയായി മാറ്റുന്നതിനുള്ള ജനകീയ മുന്നേറ്റത്തിന് ശ്രമിക്കുകയുമാണ് വേണ്ടത്. ഇടതുപക്ഷ തീവ്രവാദികളുടെ ഒറ്റതിരിഞ്ഞ ആക്രമണങ്ങൾ കൊണ്ട് 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഒരു ജനകീയ മാറ്റവും കൊണ്ടുവരാൻ ആർക്കും കഴിയില്ല. വർധിച്ച തോതിലുള്ള ജനപിന്തുണയുള്ള ജനകീയ സമരങ്ങളാണ് ഇന്ത്യൻ ഫാസിസ്റ്റുകൾ നിയന്ത്രിക്കുന്ന ഭരണകൂടത്തിനെതിരെ സംഘടിപ്പിക്കേണ്ടത്.
മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരമാണുണ്ടാകേണ്ടത് എന്നാവർത്തിച്ചു പറയുമ്പോഴും ഇന്ന് കേരളത്തിൽ അടിക്കടിയുണ്ടാകുന്ന മാവോയിസ്റ്റുവേട്ട ആരുടെയും മനഃസാക്ഷിയെ തൊട്ടുണർത്തുന്നതാണ്. 2016 നവംബറിലാണ് നിലമ്പൂർ കരുളായി വനമേഖലയിൽ കുപ്പുസ്വാമി എന്ന ദേവരാജൻ, കാവേരി എന്ന അജിത എന്നിവരെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്. പൊലീസ് സൃഷ്ടിച്ച ഒരു വ്യാജ ഏറ്റുമുട്ടലിൽ കൂടിയാണ് അവർ കൊലചെയ്യപ്പെട്ടത്. 2019 മാർച്ചിലാണ് 26 വയസ്സുമാത്രം പ്രായമുള്ള മാവോവാദി നേതാവ് സി പി ജലീൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. വയനാട് ലക്കിടിയിലെ ഒരു റിസോർട്ടിൽ ഭക്ഷണം വാങ്ങാൻ പോ­യ ജലീലിനു തലയ്ക്കു പുറകിൽ കൊണ്ട വെടിയുണ്ടയാണ് മരണകാരണമെന്ന് പറയുന്നു.
ഒക്ടോബർ 27 ന് പാലക്കാട് അട്ടപ്പാടി മേഖലയിലെ മഞ്ചിക്കണ്ടി വനമേഖലയിൽ കാർത്തി, രമ, അരവിന്ദ് എന്നിങ്ങനെ മൂന്നുപേരെയും പിറ്റേദിവസം മണിവാസകം എന്നുപേരുള്ള മാവോയിസ്റ്റു പ്രവർത്തകനെയും പൊലീസിന്റെ തണ്ടർബോൾട്ട് വിഭാഗം വെടിവച്ചു കൊലപ്പെടുത്തി. അസുഖബാധിതനായ മണിവാസകം ഇടനിലക്കാർ മുഖേന മാവോയിസ്റ്റ് ബന്ധം ഉപേക്ഷിച്ച് കീഴടങ്ങാനുള്ള ചർച്ചയും നടപടികളും തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് പൊലീസ് വെടിവച്ച് കൊന്നതെന്നു പറയപ്പെടുന്നു.
ഇവരെ വെടിവച്ചു കൊലപ്പെടുത്തിയ തണ്ടർബോൾട്ട് പൊലീസ് വിഭാഗത്തിനും അവരുടെ മേധാവികൾക്കും ഇവർ എന്തു ക്രിമിനൽ കുറ്റമാണ് ചെയ്തത് എന്നു പറയാനുള്ള ബാദ്ധ്യതയില്ലേ. കേവലം ആശയ പ്രചരണത്തിന്റെ പേരിൽ മാവോയിസ്റ്റുകളെന്നു മുദ്രകുത്തപ്പെട്ട 10 മനുഷ്യജീവനുകൾ ഇവിടെ നഷ്ടപ്പെട്ടു. ഭരണഘടനയും മനുഷ്യാവകാശ ചട്ടങ്ങളും സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചു കൊണ്ട് ചില പൊലീസ് ഉന്നതർ കേരളത്തിൽ നടത്തിയ ഈ പ്രവൃത്തികൾ തികച്ചും പ്രതിഷേധാർഹവും അപലപനീയവുമാണ്. ആൾക്കൂട്ടകൊല, ലോക്കപ്പ് മർദ്ദനം, കസ്റ്റഡി മരണം, വ്യാജ ഏറ്റുമുട്ടൽ കൊലപാതകം ഇവയെല്ലാം പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് അപമാനകരമാണ്. ഇതിനെല്ലാം ഉത്തരവാദികളായവർ നിയമത്തിനും ജനങ്ങൾക്കും മുൻപിൽ സമാധാനം പറയേണ്ടിവരും.