ഇന്ത്യയിലെ ഭാവിതലമുറക്കാരായ കുട്ടികളെ സംരക്ഷിക്കാതെ പോകുമ്പോള്‍

Web Desk
Posted on November 12, 2018, 10:45 pm
manaveeyam

നവംബര്‍ 14-ാം തീയതി മറ്റൊരു ശിശുദിനം കൂടി ആഘോഷിക്കുമ്പോള്‍ ഇന്ത്യയിലെ ഭാവി തലമുറക്കാരായ കുട്ടികളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് വളരെ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്. ഐക്യരാഷ്ട്ര സംഘടന അന്തര്‍ദേശീയ തലത്തില്‍ നവംബര്‍ 20-ാം തീയതി ആഗോള ശിശുദിനമായി ആചരിക്കുന്നു. യുഎന്‍ ആഹ്വാനപ്രകാരം ആദ്യത്തെ സാര്‍വ്വദേശീയ ശിശുദിനമായി ആചരിക്കപ്പെട്ടത് 1954 നവംബര്‍ 20 നാണ്. ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി വി കെ കൃഷ്ണമേനോന്റെ ഇടപെടലുകളാണ് ഈ പ്രഖ്യാപനത്തിന് പിന്നില്‍. തുടര്‍ന്ന് 1959 നവംബര്‍ 20-ാം തീയതി യു എന്‍ ജനറല്‍ അസംബ്ലിയില്‍ സാര്‍വദേശീയ ബാലാവകാശ പ്രഖ്യാപനരേഖ അംഗീകരിച്ചു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം നവംബര്‍ 14-ാം തീയതി ശിശുദിനമായി കൊണ്ടാടുന്നു. നെഹ്‌റു കുട്ടികളുടെ നിഷ്‌കളങ്കതയെകുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ‘കുഞ്ഞുങ്ങളുടെ മനസില്‍ മാത്രമേ പൂവിന്റെ പരിശുദ്ധിയുള്ളുവെന്നും കുഞ്ഞുങ്ങളുടെ ചിരിയില്‍ മാത്രമേ സൗമ്യതയുടെ സുഗന്ധമുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിര്‍ന്നവരുടെ മനസിലെ അടിയുറച്ച പകയുടെ വാള്‍മുന പൊളിച്ചുകളയണമെങ്കില്‍ ഒരു കുഞ്ഞുമായി നിഷ്‌കളങ്കതയോടെ ഇടപെട്ടാല്‍ മതിയെന്നും‘നെഹ്‌റു കൂട്ടിച്ചേര്‍ക്കുന്നു. ഒരു രാജ്യത്തിന്റെ അഭിവൃദ്ധി നിലനില്‍ക്കുന്നത് അവിടത്തെ കുട്ടികളുടെ ക്ഷേമത്തിലും സംരക്ഷണത്തിലുമാണ്. സന്തോഷത്തോടും സംതൃപ്തിയോടും വളരുന്ന കുട്ടികള്‍ രാഷ്ട്രത്തിന്റെ ശക്തിയും സമ്പത്തുമായിരിക്കും. അതുകൊണ്ട് വളരുന്ന കുഞ്ഞിലൂടെയാണ് നാം ഇന്ത്യയെ കാണേണ്ടതെന്ന് ഗാന്ധിജി ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. ബാലാവകാശങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെ വ്യാപകമായി അതിക്രമങ്ങളും പലതരത്തിലുള്ള അവഗണനയും നേരിടുന്നു.
കുട്ടികളുടെ സംരക്ഷണം ഒരു ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമായി ചുരുക്കാന്‍ സാധ്യമല്ല. മറിച്ച് ഒരു സമൂഹത്തിന്റെ മുഴുവന്‍ അംഗങ്ങളുടെയും കൂട്ടുത്തരവാദിത്തത്തോടെയാണ് നിറവേറ്റേണ്ടത്. 1992ലെ ഐക്യരാഷ്ട്രസംഘടനയുടെ യുഎന്‍ കണ്‍വന്‍ഷന്‍ ഓഫ് ദി റൈറ്റ് ഓഫ് ദി ചില്‍ഡ്രന്‍സ് പ്രകാരം എല്ലാ കുട്ടികളും പ്രത്യേക മൗലീകാവകാശങ്ങളുമായിട്ടാണ് ജനിക്കുന്നത്. യു.എന്‍ ആഗോള തലത്തില്‍ ശിശുക്കളുടെ അവകാശങ്ങളെ നിര്‍വചിക്കുന്നുണ്ട്. വര്‍ഗം, ലിംഗം, ഭാഷ, മതം, സമ്പത്ത് അല്ലെങ്കില്‍ കഴിവുകള്‍ എന്നിവ പരിഗണിക്കാതെ 18 വയസിന് താഴെയുള്ള കുട്ടികളുടെ അവകാശ സംരക്ഷണത്തിനാണ് ഐക്യരാഷ്ട്രസംഘടന നിലകൊള്ളുന്നത്. ഈ അവകാശങ്ങള്‍ക്ക് നാല് വിശാലമായ വിഭാഗങ്ങളിലായി എല്ലാ കുട്ടികളുടെയും രാഷ്ട്രീയ, സാമൂഹ്യ, നിയമ, സാസ്‌കാരിക അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കുന്നു. പ്രധാനമായി നാല് വിഭാഗങ്ങളിലാണ് ഈ അവകാശങ്ങള്‍ നിലകൊള്ളുന്നത്. അതിജീവനത്തിനുള്ള അവകാശം, ജനനത്തിനുള്ള അവകാശം, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നിവ ഉള്‍പ്പെടുന്ന അതിജീവനത്തിനുള്ള അവകാശമാണ് ഇതില്‍ ഒന്നാമത്. രണ്ടാമതായി, വീട്ടില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും അവഗണന, ചൂഷണം എന്നിവയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുള്ള അവകാശമാണ് പരിഗണിക്കുന്നത്. മൂന്നാമതായി ഒരു കുട്ടിക്ക് നേരിട്ടോ അല്ലാതെയൊ തീരുമാനമെടുക്കുന്നതില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ട്. കുട്ടിയുടെ പ്രായത്തിന്റെയും പക്വതയുടെയും അടിസ്ഥാനത്തില്‍ പങ്കാളിത്തം വ്യത്യസ്തമാണ്. അവസാനമായി കുട്ടികള്‍ക്ക് എല്ലാതരത്തിലുമുള്ള ശാരീരികവും മാനസികവുമായ വികസനത്തിന് അവകാശമുണ്ട്. ഇന്ത്യയിലും ഈ നാല് അവകാശങ്ങളും എല്ലാകുട്ടികള്‍ക്കും ലഭ്യമാക്കാത്തിടത്തോളം കാലം ഇന്ത്യയിലെ ഭാവി തലമുറക്കാരായ കുട്ടികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുന്നു.
ഒരു രാജ്യത്തിന്റെ വികസനത്തില്‍ ശിശു ആരോഗ്യം ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്. ജീവിതത്തിലെ ആദ്യ ആറുവര്‍ഷങ്ങള്‍ ഏറ്റവും നിര്‍ണായകമായ ഘട്ടമാണ്. ഈ ഘട്ടത്തില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് നിദാനമായി മാറുന്നത് ശാരീരിക, മാനസിക, സാമൂഹിക വികസനത്തിലൂടെയാണ്. ആരോഗ്യമുള്ള മനുഷ്യവിഭവങ്ങളുടെ ലഭ്യതയെ ആശ്രയിച്ചാണ് ഏതൊരു രാജ്യത്തിന്റെയും വളര്‍ച്ച. പോഷകാഹാരവും ആരോഗ്യ സംരക്ഷണവും ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ വളരെ നിര്‍ണായകമാണ്. മാനവിക വികസന രംഗത്ത് പിന്നാക്കം നില്‍ക്കുന്ന ഇന്ത്യയെപോലുള്ള രാജ്യങ്ങളില്‍ കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെടാതെ മൊത്തം ആരോഗ്യ നിലവാരം വളര്‍ത്താന്‍ സാധിക്കുകയില്ല. 2015–16ല്‍ പ്രസിദ്ധീകരിച്ച ദേശീയ കുടുംബാരോഗ്യസര്‍വേ പ്രകാരം 35.7 ശതമാനത്തോളം അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ പലതരത്തിലുള്ള പോഷകാഹാരക്കുറവുമൂലമുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ അനുഭവിക്കുന്നുണ്ട്. അതുപോലെതന്നെ ഇന്ത്യയിലെ ശിശുമരണ നിരക്ക് ആയിരത്തില്‍ 41 എന്ന നിലയിലാണ്. ഉയര്‍ന്ന നിരക്കിലുള്ള പോഷകാഹാരക്കുറവും ശിശുമരണനിരക്കും ഇന്ത്യയിലെ വികസനത്തിന് വിലങ്ങുതടിയായി മാറുന്നു. അതുകൊണ്ട് ഇന്ത്യയിലെ ഭരണാധികാരികള്‍ കുട്ടികളുടെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാനുള്ള നയപരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ കുട്ടികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് വിദ്യാഭ്യാസ രംഗത്തുള്ള പ്രശ്‌നങ്ങള്‍. ഇന്ത്യയില്‍ ആറിനും പതിനാറിനും ഇടയില്‍ പ്രായമുള്ള ഏകദേശം 45 ശതമാനത്തോളം കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നില്ല. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ നല്ലൊരു പങ്കും കൃഷി പണിയും സാധാരണ തൊഴില്‍ വൈദഗ്ധ്യം ആവശ്യമില്ലാത്ത മേഖലകളിലും ജോലി നോക്കുന്നു. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടും, കുറഞ്ഞ വരുമാനമെന്ന കാരണത്താലും അവരുടെ കുടുംബങ്ങളിലെ കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെടുന്നു. 2017ല്‍ പ്രസിദ്ധീകരിച്ച ഗ്രാമീണ ഇന്ത്യയിലെ വാര്‍ഷിക വിദ്യാഭ്യാസ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് 24 സംസ്ഥാനങ്ങളിലെ 28 ജില്ലകളില്‍ നടത്തിയ സര്‍വേ പ്രകാരം ഗ്രാമീണ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ അതിദയനീയമായ ചിത്രമാണ് വെളിപ്പെടുത്തുന്നത്. ഇതിനൊപ്പം വിദ്യാഭ്യാസ രംഗത്തുള്ള വാണിജ്യവല്‍ക്കരണം കടുത്ത പ്രതിസന്ധിയിലേക്ക് ഇന്ത്യയെ തള്ളിനീക്കുന്നു.
ഇന്ത്യയിലെ ശിശുക്കള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണ് ബാലവേലയും ബാലപീഡനവും. കേന്ദ്രഗവണ്‍മെന്റിന്റെ തൊഴില്‍ മന്ത്രാലയ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 5–14 വയസിനിടയിലുള്ള 1.26 കോടി കുട്ടികള്‍ ഇന്ത്യയില്‍ ഇന്നും ബാലവേലയില്‍ ഏര്‍പ്പെടുന്നുണ്ട്. അപകട സാധ്യതയുള്ള മേഖലകളില്‍ പോലും പിഞ്ചുകുട്ടികള്‍ ബാലവേല ചെയ്യുന്നു. ദാരിദ്ര്യവും സാമൂഹിക സുരക്ഷിതത്വമില്ലായ്മയുമാണ് ബാലവേലയുടെ പ്രധാന കാരണങ്ങളായി പരിഗണിക്കുന്നത്. ബാലാവകാശ സംരക്ഷണത്തിനായി ബാലവേല നിരോധന നിയമം (1986), ബാലനീതി നിയമം (2000) എന്നീ നിയമങ്ങളും, സര്‍വശിക്ഷാ അഭിയാന്‍, സംയോജിത ശിശുവികസന പദ്ധതി, നിര്‍ഭയ, ചൈല്‍ഡ് ലൈന്‍ തുടങ്ങിയ പദ്ധതികളും ബാലാവകാശ സംരക്ഷണത്തിനായി രൂപീകരിച്ചവയാണ്.
2012ലെ കുട്ടികളുടെ മേലുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള നിയമം ഒരു നാഴിക കല്ലാണ്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കുട്ടികള്‍ക്കു നേരെയുള്ള പീഡനങ്ങള്‍ തടയുന്നതിനു വേണ്ടിയാണ് ഈ നിയമം പാസാക്കിയത്. 18 വയസുവരെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുക, അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള വ്യവസ്ഥയോടെയാണ് ഈ നിയമം കൊണ്ടുവന്നത്. എങ്കിലും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. 2016ല്‍ ഇന്ത്യയില്‍ നടന്ന കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ 106, 958 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ 36,022 കേസുകള്‍ പോസ്‌കോ നിയമ പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ‘ബ്രേക്കിങ് ദി സൈലന്‍സ് — ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് ഇന്‍ ഇന്ത്യ’എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ നിലവില്‍ തന്നെ നിയമങ്ങളും ചട്ടങ്ങളും ഉണ്ടെങ്കിലും ഫലപ്രദമായ നിരീക്ഷണ സംവിധാനം ഉണ്ടാക്കുന്നതില്‍ ഭരണകൂടങ്ങള്‍ വിജയിച്ചിട്ടില്ല.
ഇന്ത്യയിലെ കുട്ടികളുടെ സര്‍ഗാത്മകതയും, സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ശിശുക്കളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്താന്‍ മുതിര്‍ന്നവര്‍ പ്രതിജ്ഞാബദ്ധരാകേണ്ടതാണ്. എത്രത്തോളം നയങ്ങളും നിയമങ്ങളും കൊണ്ടുവന്നാലും ഭരണകൂടത്തിന്റെ രാഷ്ട്രീയപരമായ ഇച്ഛാഗതിയുണ്ടെങ്കില്‍ മാത്രമേ ശിശുസംരക്ഷണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയുള്ളൂ. കുട്ടികളുടെ അന്തസ്സും, മാനസികവും ശാരീരികവുമായ വ്യക്തിത്വവും തിരിച്ചറിഞ്ഞ് ഭാവി തലമുറയെ കരുത്തരാക്കി മാറ്റുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കാന്‍ ഈ ശിശുദിനം ഇന്ത്യയിലെ ഭരണകൂടത്തോടും പൊതുസമൂഹത്തോടും ചില ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുന്നു.