11 November 2024, Monday
KSFE Galaxy Chits Banner 2

കാർഷിക നിയമങ്ങൾ പിൻവലിക്കുമ്പോൾ

Janayugom Webdesk
November 28, 2021 5:12 am

നാം ജനാധിപത്യം ആഘോഷിക്കുന്ന വേളയാണിത്. എന്നാൽ, രാജ്യത്ത് ജനാധിപത്യം, അതിന്റെ യഥാര്‍ത്ഥ അതിരുകൾക്ക് പുറത്താണെന്ന് തിരിച്ചറിയേണ്ടതുണ്ട്. കാർഷിക കരിനിയമങ്ങളിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പിന്മാറി. ജനാധിപത്യത്തിന്റെ മായാരൂപം നിലനിറുത്താൻ വന്യമായ ചുവടുകൾ മയപ്പെടുത്തേണ്ടതുണ്ടെന്ന് ഭരണകൂടം തിരിച്ചറിഞ്ഞു. കരിനിയമങ്ങൾക്കെതിരെ പോരാടുന്ന ജനങ്ങളോടുള്ള ഭരണകൂട നിസംഗത കഠിനമായിരുന്നു. കൊടിയ ശൈത്യത്തിൽ, തീപാറും വേനലിൽ, തുറന്ന ആകാശത്തിൻ കീഴിൽ, ശിശുക്കളെയും വയോധികരെയും ചേർത്ത് കഠിനാധ്വാനത്തിലൂടെ രാജ്യത്തെ ഊട്ടിയിരുന്നവർ പ്രക്ഷോഭത്തിലാണ്. അവരുടെ രാപ്പകലുകൾ വേദനാജനകമായിരുന്നു. തങ്ങളെ ഭരിക്കാൻ തെരഞ്ഞെടുത്തവരായിരുന്നു ദുരിതജീവിതം സമ്മാനിച്ചത്. സാന്ത്വന വചസ്സുകൾ രാജ്യത്തെ വർത്തമാന ഭരണകൂടത്തിന് പതിവുള്ളതായിരുന്നില്ല. ഭരണവർഗം ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്തു. ജർമ്മനിയിലും ഇറ്റലിയിലും നടമാടിയ കൊടും ഭീകരതകളുടെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു രാജ്യ ഭരണകൂടത്തിന്റെ ചെയ്തികൾ.

രാജ്യതലസ്ഥാനത്തിന്റെ അതിരുകളിൽ കർഷകർ അനുഭവിക്കുന്ന യാതനകൾക്ക് ആശ്വാസം പകരാതെ, അവർക്കെതിരെ നടന്ന അനീതികളെ പരവതാനിക്കു താഴെ ഒളിപ്പിച്ച് അവരുടെ ആത്മാവിൽ ഇടം നേടാനുള്ള ഒരു ചുവടുവയ്പായിരുന്നു ഈ പിൻവാങ്ങൽ. ഉത്തർപ്രദേശ്, പഞ്ചാബ്, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ കർഷക സഹസ്രങ്ങളടങ്ങുന്ന ജനതയെ തിരിച്ചുപിടിക്കാനാണ് കാവി ഭരണം പരിശ്രമിക്കുന്നത്. ജനങ്ങളെ, പ്രത്യേകിച്ച് കർഷകരെ ബലംപ്രയോഗിച്ച് തങ്ങൾക്കൊപ്പം നിലനിർത്താൻ കഴിയില്ലെന്ന് കേന്ദ്രത്തിന് വ്യക്തമായി. പ്രക്ഷോഭങ്ങൾക്കു നേരെ പുലർത്തിയ നിഷേധാത്മകത സർക്കാരിനെയും കൂട്ടാളികളെയും സമസ്ത ഇടങ്ങളിലും ദുർബലരാക്കി. അത് കർഷക പ്രക്ഷോഭത്തിന്റെ വിജയമായിരുന്നു. അവർ ഭരണവർഗ തന്ത്രങ്ങളെ പൊടിയിലാഴ്ത്തി. അത് അത്ര എളുപ്പവുമായിരുന്നില്ല. പക്ഷെ, സഹായകമായ ഘടകങ്ങൾ ഉണ്ടായിരുന്നു. അതിക്രൂര ചെയ്തികൾക്കു ശേഷം മാപ്പ് ചോദിക്കുന്നത് ആവേശകരമല്ലല്ലോ. ഇപ്പോൾ ഭരണകൂടം മൃദുതലങ്ങളിലേക്ക് സഞ്ചാരഗതി മാറ്റുന്നു. പ്രകൃതിദത്തമായ ഒരു ഘടകത്തിനും തങ്ങളെ വളച്ചൊടിക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രം പ്രതീക്ഷിച്ചിരുന്നത്. ബംഗാൾ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന വലിയ പ്രതീക്ഷകൾ വെള്ളത്തിലായതുപോലെ രാഷ്ട്രീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും കേന്ദ്രത്തിന് പാളിച്ചകൾ ഏറെയുണ്ടായി.

 


ഇതുകൂടി വായിക്കൂ: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിന്റെ നാള്‍വഴികളിലൂടെ…


കാവിപ്പടയ്ക്ക് ഏറ്റ പ്രഹരം കനത്തതാണ്. അവരുടെ വഴി അവിടെ അവസാനിക്കുന്നു. ഇതുവരെയും ഇല്ലെങ്കിൽ ഇനിയുമില്ലെന്ന ഗതി. തങ്ങളുടെ സമരം രാജ്യത്തുടനീളം സ്വാധീനം ചെലുത്തുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു.
ഉത്തർപ്രദേശിൽ ലഖിംപുർ ഖേരിയിലെ ക്രൂരമായ കൊലപാതകങ്ങൾ അലസതയോടെ കൈകാര്യം ചെയ്തു ഭരണകൂടം. ജനങ്ങളുടെ തീക്ഷ്ണങ്ങളായ പ്രതികരണങ്ങളോട് ഭരിക്കുന്നവർ മുഖം തിരിഞ്ഞഘട്ടം. ജനഹിതത്തിന്റെ സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിൽ അനീതി മാത്രം കാണിച്ച കാവിശക്തികൾക്കെതിരെ ജനവികാരം തെളിഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും ജനപിന്തുണ കുറയുന്നത് വേഗത്തിലാക്കാൻ പരിശ്രമിച്ചു. മൂന്ന് ഇരുണ്ട നിയമങ്ങൾ അടിച്ചേല്പിക്കുന്നത് പോരാ എന്ന മട്ടിലായിരുന്നു അവർ. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട കുരുക്കഴിക്കാൻ ഒരു പിൻവാങ്ങൽ ഉചിതമെന്ന് കേന്ദ്രം കരുതി. എന്നാൽ ഇത് തീർച്ചയായും സമരം ചെയ്യുന്ന കർഷകരുടെ വിജയമായിരുന്നു.

പ്രതിഷേധത്തിന്റെ ശക്തി രാജ്യത്തെ ജനങ്ങൾ എത്രയോ തവണ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ ബില്ലിന് അനുമതി നേടാനുള്ള കാവി സർക്കാരിന്റെ ഉദ്യമം അവർ നിരസിച്ചിരുന്നു. ബില്ല് പരാജയപ്പെട്ടപ്പോൾ, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച സ്വന്തം നിയമങ്ങൾ രൂപീകരിക്കാൻ പ്രധാനമന്ത്രി അത് സംസ്ഥാനങ്ങൾക്ക് കൈമാറി.
മൂന്ന് ഭൂനിയമങ്ങൾ അസാധുവാക്കിയപ്പോൾ, നിയമങ്ങളിലെ പിഴവുകളൊന്നും അദ്ദേഹം വിശദീകരിച്ചില്ല, നിയമങ്ങൾ വിശദീകരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്ലായ്മ വീണ്ടും ബോധ്യപ്പെട്ടു. യഥാർത്ഥ ക്ഷേമനടപടികളൊന്നും പരാമർശിക്കാതെ, തേനിൽ മുക്കിയ ഭാഷയിൽ സംസാരിക്കുക മാത്രമാണ് നരേന്ദ്രമോഡി ചെയ്യുന്നതെന്ന് കിസാൻ സംയുക്ത മോർച്ചയിലെ ഒരു നേതാവ് ഒരിക്കൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് അങ്ങേയറ്റം പരുഷമായി പെരുമാറാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ജനാധിപത്യ ബോധ്യത്തിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും കിസാൻ നേതാവ് വിശദീകരിച്ചു. പട്ടിണിയിൽ കഴിയുന്ന തന്റെ ജനതയെ പരിപാലിക്കണം. അദ്ദേഹം നയിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നിനെയാണ്. അതിന്റെ ഭരണസംവിധാനത്തിന്റെ കേന്ദ്രസ്ഥാനത്തുള്ളവർക്ക് ആ ബോധ്യങ്ങളുണ്ടാകണം. ആവശ്യങ്ങൾ നിഷേധിക്കുമ്പോൾ ഇല്ലായ്മയെ അഭിമുഖീകരിക്കുമ്പോൾ, പ്രതിഷേധിക്കാനും ആവശ്യങ്ങൾക്കായി പ്രക്ഷോഭത്തിനിറങ്ങാനും ബഹുജനങ്ങൾക്ക് അവകാശവുമുണ്ട്. ഭരണത്തിൽ ജനങ്ങൾക്ക് പ്രാതിനിധ്യമുണ്ട്, നീതിയും സഹായവും ലഭിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ആവശ്യങ്ങൾ നിഷേധിക്കുമ്പോൾ, ആവശ്യമുള്ളത് ചോദിക്കാനും നേടുംവരെ പോരാടാനും അവർക്ക് അവകാശമുണ്ട്.

 


ഇതുകൂടി വായിക്കൂ: തൊഴിലില്ലായ്മയും കാര്‍ഷിക സാങ്കേതികവല്‍ക്കരണവും


കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് യഥാർത്ഥത്തിൽ സമയം നേടാൻ ഉദ്ദേശിച്ചുതന്നെയാണ്. പടിവാതിൽക്കൽ എത്തിയിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളെ മുന്നിൽക്കണ്ട് ജനങ്ങളെ പ്രീതിപ്പെടുത്തുക സർക്കാരിന്റെ പ്രധാന ആവശ്യമാണ്. തൊഴിൽ നിയമങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഭേദഗതി വരുത്തിയ തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നതും ഇതേ കാരണത്താൽ വൈകുകയാണ്. പിൻവാങ്ങൽ എങ്ങനെ വിജയത്തിന് വഴിയാകും എന്നതിന് ഉദാഹരണമായി ഇതു മാറിയേക്കാം. നിലവിലുള്ള വ്യവസ്ഥിതി ധാർമ്മികമായോ ഭരണഘടനാപരമായോ ശരിയാകണമെന്നില്ല. ആത്യന്തികമായി ഭരണം മാനവികതയെ അടിസ്ഥാനമാക്കണം. കാർഷിക മാരണ നിയമങ്ങൾ പിൻവലിച്ചത് തെരഞ്ഞെടുപ്പ് ആഘാതം കുറയ്ക്കുന്നതിനാണ്. പരാജയമായി പരിഗണിക്കപ്പെടേണ്ടതല്ല. അതിന് ഇനിയും സമയമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.