December 5, 2022 Monday

അഞ്ചു സംസ്ഥാനങ്ങള്‍ ജനവിധി തേടുമ്പോള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
February 3, 2022 4:44 am

അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2022 ഫെബ്രുവരി മാസം തെരഞ്ഞെടുപ്പ് നടക്കുകയാണ്. 2014ലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം കേന്ദ്രം ഭരിച്ച എന്‍ഡിഎ സര്‍ക്കാര്‍ നോട്ട് നിരോധനം, അശാസ്ത്രീയമായി ജിഎസ്‌ടി നടപ്പാക്കല്‍ തുടങ്ങിയ വികല പരിഷ്കരണങ്ങളിലൂടെ രാജ്യത്തെ സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതസാഹചര്യങ്ങള്‍ ദുഃസഹമാക്കി മാറ്റിയിട്ടും 2019ലെ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെയും പ്രതിപക്ഷനിരയിലെ അനെെക്യം മുതലാക്കിയും വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തി. ഈ വിജയം കൂടുതല്‍ ജനവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുവാന്‍ എന്‍ഡിഎ സര്‍ക്കാരിന് ധെെര്യം നല്കി. ഇന്ത്യയിലെ കാര്‍ഷികരംഗം ആകെത്തന്നെ കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കാനും കര്‍ഷകരെയാകെ, ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്നതുപോലെ കൃഷിഭൂമിയിലെ അവകാശം നഷ്ടപ്പെട്ട് കുടിയാന്മാരായി മാറ്റുവാനും നിര്‍ദിഷ്ട നിയമഭേദഗതികള്‍ വഴിമരുന്നിടുന്ന സാഹചര്യത്തില്‍ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഐതിഹാസികമായ കര്‍ഷകസമരത്തിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. 2020 സെപ്റ്റംബര്‍ 24ന് പഞ്ചാബില്‍ ആരംഭിച്ച കര്‍ഷകസമരം നവംബര്‍ 26ന് ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുത്തതോടെ ദേശീയ ശ്രദ്ധയില്‍ വന്നു. അതിര്‍ത്തിയില്‍ തടയപ്പെട്ട കര്‍ഷകര്‍ ഗാസിപ്പുര്‍, സിംഘു, തിക്രിത് അതിര്‍ത്തികളില്‍ തമ്പടിച്ച് ആരംഭിച്ച പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ മോഡി സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങള്‍, സമരക്കാര്‍ക്ക് വെള്ളവും വെെദ്യുതിയും നിഷേധിക്കുന്നതടക്കം രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.


ഇതുകൂടി വായിക്കാം:  റിപ്പബ്ലിക് ദിന പരേഡിലും തെരഞ്ഞെടുപ്പ് തന്ത്രം; ഉത്തരാഖണ്ഡ് തൊപ്പി ധരിച്ച് മോഡി


358 ദിവസത്തെ ത്യാഗപൂര്‍ണമായ സമരത്തിനൊടുവില്‍ 719 കര്‍ഷകരുടെ മരണത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ സമരത്തിനു മുന്നില്‍ കീഴടങ്ങി. കാര്‍ഷിക നിയമഭേദഗതികള്‍ പിന്‍വലിച്ചു. 500ലേറെ കര്‍ഷകസംഘടനകളായിരുന്നു സമരരംഗത്തുണ്ടായിരുന്നത്. മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ഇന്ത്യയിലെ കര്‍ഷകര്‍ ചെറുത്തു തോല്പിച്ചു എന്നു മാത്രമല്ല, ഗ്രാമ ഗ്രാമാന്തരങ്ങളിലെ ജനങ്ങള്‍ സര്‍ക്കാരിന്റെ കാപട്യം തിരിച്ചറിയുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കാലിടറി. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന 29 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി കേവലം ഏഴ് സീറ്റുകളിലൊതുങ്ങി. നിയമസഭ തെരഞ്ഞെടുപ്പു നടന്ന ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കേന്ദ്രഭരണത്തിന്റെ എല്ലാ സ്വാധീനവും ചെലുത്തിയിട്ടും നിര്‍ലോഭം പണമൊഴുക്കിയിട്ടും തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പ്രാദേശിക കക്ഷികള്‍ക്കു മുന്നില്‍ ബിജെപി തകര്‍ന്നു തരിപ്പണമായി. കേരളത്തിലാകട്ടെ ഹെലികോപ്റ്ററില്‍ പറന്ന് മത്സരിച്ചിട്ടും നിലവിലുണ്ടായിരുന്ന ഒരു സീറ്റുപോലും നിലനിര്‍ത്താനായില്ല. അസമില്‍ മാത്രമാണ് പ്രതിപക്ഷ സഖ്യമായ മഹാസഖ്യവുമായി വലിയ വോട്ടു വ്യത്യാസമില്ലെങ്കിലും അധികാരം ബിജെപിക്ക് നിലനിര്‍ത്താനായത്. ഈ സാഹചര്യത്തിലാണ് 2022 ഫെബ്രുവരി മാസത്തില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പുര്‍ എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.


ഇതുകൂടി വായിക്കാം:  ക്രിസ്ത്യാനികളെ തെറ്റിദ്ധരിപ്പിച്ച്‌ ഒപ്പം നിർത്താനുള്ള ബിജെപിയുടെ നീക്കങ്ങൾ തകരുന്നു #Election2021


ഇവയില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ ബിജെപിയാണ് ഭരണകക്ഷി. ഗോവ, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ പണമൊഴുക്കിയും, ഗോവയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചവരില്‍ ഭൂരിപക്ഷത്തെയും കൂറുമാറ്റിയുമാണ് ബിജെപി അധികാരം പിടിച്ചത്. പഞ്ചാബില്‍ നിലവില്‍ കോണ്‍ഗ്രസാണ് ഭരണകക്ഷി. രാജ്യമൊട്ടാകെ തന്നെ ജനതയുടെ ഭൂരിഭാഗം വരുന്ന കര്‍ഷകര്‍ ബിജെപിയുടെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഈ നിലപാടിന്റെ പ്രതിഫലനം പഞ്ചാബ്, പടിഞ്ഞാറന്‍ യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വലിയ ചലനം സൃഷ്ടിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഗോവയിലും മണിപ്പുരിലുമാകട്ടെ തെരഞ്ഞെടുപ്പിനുശേഷം നടത്തിയ കാലുമാറ്റങ്ങളിലൂടെ വന്ന ‘ആയാറാം‘മാരുടെ ബലത്തിലാണ് ഭരണം ബിജെപി കയ്യടക്കിയത്. നിലവില്‍ ഒന്‍പത് സംസ്ഥാനങ്ങളിലാണ് ബിജെപി സഖ്യം അധികാരത്തിലുള്ളത്. അതായത് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും മറ്റു കക്ഷികളാണ് അധികാരത്തില്‍. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ കൂടി വലിയ തിരിച്ചടി നേരിടുന്നതോടെ കേവലം നാല് സംസ്ഥാനങ്ങള്‍ മാത്രമായി ബിജെപി ഭരണം ഒതുങ്ങും എന്ന കാര്യമാണ് മോഡി-ഷാ ദ്വയങ്ങളുടെ ഉറക്കം കെടുത്തുന്നത്.


ഇതുകൂടി വായിക്കാം: ക്രിസ്ത്യാനികളെ തെറ്റിദ്ധരിപ്പിച്ച്‌ ഒപ്പം നിർത്താനുള്ള ബിജെപിയുടെ നീക്കങ്ങൾ തകരുന്നു #Election2021


ഈ വരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ജൂലെെ മാസം നടക്കേണ്ട രാഷ്ട്രപതി തെരഞ്ഞെടുപ്പിലും നിര്‍ണായകമാണ്. അഞ്ച് സംസ്ഥാനങ്ങളിലും കൂടി ആകെ 690 നിയമസഭാ മണ്ഡലങ്ങളാണ്. ഉത്തര്‍പ്രദേശില്‍ മാത്രം 403 സീറ്റുകളുണ്ട്. ഇതില്‍ 325ഉം 2017ല്‍ നേടിയത് ബിജെപി ആയിരുന്നു. നിലവിലെ സാഹചര്യത്തില്‍ വിജയസാധ്യതപോലും മങ്ങിയ ബിജെപിക്ക് ആ സീറ്റുകളുടെ പകുതിപോലും ലഭിക്കുമോ എന്ന് സംശയമാണ്. ഏപ്രില്‍, ജൂണ്‍, ജൂലെെ മാസങ്ങളില്‍ 73 രാജ്യസഭാ സീറ്റുകള്‍ ഒഴിവുവരും. ഇവയില്‍ 19 എണ്ണം ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നാണ്. മറ്റ് 54 സീറ്റുകള്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുമാണ്. അതിനാല്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പരാജയം രാജ്യസഭയിലെ ബിജെപി പ്രാതിനിധ്യത്തില്‍ വലിയ കുറവുണ്ടാക്കും. അത് ജൂലെെയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി മാറുകയും ചെയ്യും.

ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെടുന്ന സാഹചര്യം 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അധികാരമോഹത്തിന് കൂച്ചുവിലങ്ങാവും. പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ ഇസ്രയേലുമായുള്ള ആയുധക്കരാറിന്റെ ഭാഗമായി ഇന്ത്യ വാങ്ങി എന്ന് ന്യൂയോര്‍ക്ക് ടെെംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഈ ആരോപണം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനകാലം പ്രക്ഷുബ്ധമാക്കും എന്നു മാത്രമല്ല ആരോപണം ശരിയെന്ന് തെളിയിക്കപ്പെട്ടാല്‍ അത് മോഡി സര്‍ക്കാരിനെതിരെ നിയമനടപടികള്‍ക്ക് കാരണമാകുകയും ചെയ്യും. ഉടനെ നടക്കുവാന്‍ പോകുന്ന അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജനവിധി കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായ വിധിയെഴുത്തായി മാറും എന്നതാണ് എന്‍ഡിഎയില്‍ നിന്നും പുറത്തേക്കുള്ള ഘടകകക്ഷികളുടെയും നേതാക്കളുടെയും കുത്തൊഴുക്കിന് കാരണമായിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.