“മാർക്സിസ്റ്റ് പോപ്പ്, പോപ്പ് ഫ്രാൻസിസിനെ ക്കാൾ മോശം, വത്തിക്കാനില്‍ മറ്റൊരു മാർക്സിസ്റ്റ് പാപ്പ” — അമേരിക്കയിൽ നിന്നുള്ള ആദ്യപാപ്പയെ തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റും ട്രംപിന്റെ സഹായിയുമായ ലോറ ലൂമർ സ്വാഗതം ചെയ്തത് ഇങ്ങനെയായിരുന്നു. മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയെപ്പോലെ കുടിയേറ്റം, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ ലിയോയും ട്രംപും തമ്മിൽ ഏറ്റുമുട്ടാൻ സാധ്യതയേറെയുമാണ്.
വംശീയ നീതിയെ പിന്തുണച്ചും ജീവന്റെ സുരക്ഷ തോക്കിന്റെ ബലത്തിൽ കേന്ദ്രീകരിക്കുന്നതിനെതിരെയും പാപ്പയാകും മുമ്പേ കർദിനാൾ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്ത് കൃത്യമായി പറഞ്ഞിരുന്നു. വധശിക്ഷയ്ക്കെതിരെയും കർശന നിലപാട് സ്വീകരിച്ചു. എങ്കിലും ‘സാമൂഹിക നീതിയുടെ യോദ്ധാവ്’ ആണ് ലിയോ എന്ന് തീർപ്പാക്കേണ്ടതില്ല. സ്വവർഗ വിവാഹത്തെയും ട്രാൻസ്ജെൻഡർ അവകാശങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ യാഥാസ്ഥിതിക കത്തോലിക്കാ പാഠങ്ങൾക്കൊപ്പമാണ്. വൈദികർക്കെതിരെയുള്ള ദുരുപയോഗ ആരോപണങ്ങൾ പോപ്പ് ലിയോ എങ്ങനെ കൈകാര്യം ചെയ്യും എന്നത് ആശങ്കപ്പെടുത്തുന്ന ഒരു പ്രശ്നമാണ്.
ദൃഢനിശ്ചയമുള്ള ആത്മീയ നേതാവായുള്ള പോയകാല പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ വരച്ചെടുക്കുമ്പോഴും ഫ്രാൻസിസിന്റെ വ്യക്തിപ്രഭാവം കൂടെച്ചേർക്കാനാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷെ, കുടിയേറ്റത്തോടുള്ള സമീപനത്തിന്റെ പശ്ചാത്തലത്തിൽ ട്രംപിനെ കർദിനാൾ പ്രവോസ്ത് നിരന്തരം വിമർശിച്ചിരുന്നു. ട്രംപിന്റെ നയങ്ങളെ അദ്ദേഹം “സംശയകരം, കുടിയേറ്റ വിരുദ്ധതയുടെ വാചാടോപം” എന്നിങ്ങനെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ വിശേഷിപ്പിച്ചത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ വിമര്‍ശിച്ചതും ട്രംപ് ഭരണകൂടത്തിന് അലോസരമായി. കുടിയേറ്റക്കാർക്കെതിരെ ട്രംപിന്റെ നേതൃത്വത്തിൽ തുടരുന്ന അടിച്ചമർത്തലിനെ ന്യായീകരിക്കാൻ കത്തോലിക്കാ വിശ്വാസം മറയാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു വാന്‍സിനെ വിമര്‍ശിച്ചത്. “മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹത്തെ വിലയിരുത്താൻ യേശു ആവശ്യപ്പെടുന്നില്ല” — അദ്ദേഹം കുറിച്ചു. കോൺക്ലേവിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് അവസാനമായി പോസ്റ്റ് ചെയ്തത് സാൽവഡോര്‍ പ്രസിഡന്റ് നയിബ് ബുക്കലുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയെ വിമർശിച്ചുള്ളതായിരുന്നു.
പൊതുവിൽ സെൻട്രിസ്റ്റ് നിലപാടുള്ള പോപ്പാണ് ലിയോ 14-ാമൻ എന്നാണ് വിലയിരുത്തൽ. നവീകരണവാദത്തിനും പാരമ്പര്യവാദത്തിനും ഇടയിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്ന് കരുതുന്നവരേറെയാണ്. നവീകരണത്തിന്റെ ഫ്രാൻസിസ് മാർപാപ്പയായും വേണമെങ്കില്‍ പാരമ്പര്യവാദത്തിന്റെ ബെനഡിക്ട് 16-ാമനായും രൂപാന്തരപ്പെട്ടേക്കാം. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഒമ്പത് സുപ്രീം കോടതി ജഡ്ജിമാരിൽ ആറ് പേരും കത്തോലിക്കാ വിശ്വാസികളാണ്. പോപ്പ് ലിയോ ലോകത്തിലെയും അമേരിക്കക്കാർക്കിടയിലും ഏറ്റവും ശക്തനായ കത്തോലിക്കനായി മാറിയിരിക്കുന്നു.
റോമിൽ “ലാറ്റിൻ യാങ്കി” എന്നറിയുന്ന ലിയോ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അനുഭാവമുള്ള ഒരു പോപ്പിനെ നിയമിക്കാൻ അതിസമ്പന്നരായ അമേരിക്കക്കാർ നടത്തിയ തീവ്രമായ ലോബിയെ നിരാകരിച്ചതിന്റെ ചിഹ്നവുമാണ്. ലിയോയും ട്രംപും തമ്മിലെ പിരിമുറുക്കം വരുംവർഷങ്ങളിൽ ആഗോള കാര്യങ്ങളെയും ആഭ്യന്തര രാഷ്ട്രീയത്തെയും സ്വാധീനിക്കും. ഏകദേശം അഞ്ച് അമേരിക്കക്കാരിൽ ഒരാൾ കത്തോലിക്കാ വിശ്വാസിയാണ്. ഇത് ഒരു രാഷ്ട്രീയ പ്രവർത്തകനും അവഗണിക്കാൻ കഴിയാത്ത വലിയ വോട്ട് ബാങ്കാണ്. കത്തോലിക്കർ വോട്ടർമാരുടെ ഏകദേശം നാലിലൊന്ന് വരും.
വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ ഒത്തുചേർന്ന 133 കർദിനാൾമാർ പ്രവോസ്തിനെ പുതിയ പാപ്പയായി തെരഞ്ഞെടുത്തത് രണ്ടുദിവസത്തിനുള്ളിലായിരുന്നു. വളരെ പെട്ടെന്ന് അവസാനിച്ച കോൺക്ലേവ് കത്തോലിക്കാസഭയിലെ യോജിപ്പിനെ സൂചിപ്പിക്കുന്നു. എങ്കിലും 2023ൽ മാത്രം കർദിനാളായ റോബർട്ട് പ്രവോസ്ത് ആയി എന്നത് ലോകത്തെ അത്ഭുതപ്പെടുത്തി. ഫിലിപ്പീൻസിൽ നിന്നുള്ള ലൂയിസ് അന്റോണിയോ ടാഗ്ലെ, ഇറ്റലിക്കാരനായ പിയത്രോ പരോളിൻ എന്നിവർക്കായിരുന്നു വലിയ സാധ്യത കല്പിച്ചിരുന്നത്.
അമേരിക്കയിലെ ചിക്കാഗോ സ്വദേശിയാണെങ്കിലും ലാറ്റിനമേരിക്കയിലാണ് പ്രവോസ്ത് കൂടുതൽ കാലവും പ്രവർത്തിച്ചത്. പെറൂവിയൻ പൗരത്വവും അദ്ദേഹത്തിനുണ്ട്. വത്തിക്കാനിലെ പൗരോഹിത്യ സമൂഹത്തിന് ഏറെക്കാലമായി അമേരിക്കയിൽ നിന്ന് ഒരു പോപ്പ് വരുന്നതിനോട് വിയോജിപ്പുണ്ടായിരുന്നു. എന്നാൽ, പ്രവോസ്തിന്റെ ലാളിത്യമുള്ള ജീവിതരീതിയും മിതത്വവും പുരോഗമന നിലപാടുകളും അദ്ദേഹത്തെ സ്വീകാര്യനാക്കി. ഡൊണൾഡ് ട്രംപിനോട് ചേർന്നുനിൽക്കുന്ന അമേരിക്കയിൽ നിന്നുള്ള പാരമ്പര്യവാദികളായ മറ്റ് കർദിനാൾമാർ മറുപക്ഷത്തായിരുന്നു.
അമേരിക്കക്കാരനാണ് എന്നത് മാത്രമാണ് പുരോഗമനപക്ഷത്തുണ്ടായിരുന്ന കർദിനാൾമാർ പ്രവോസ്തില്‍ കണ്ട ഏകന്യൂനത. ലോകത്തെ സൂപ്പർപവറായ അമേരിക്കയിൽ നിന്ന് ഒരു മാർപാപ്പ വരുന്നതിനോട് ചരിത്രപരമായി തന്നെ കോൺക്ലേവുകളിൽ എതിർപ്പ് പതിവായിരുന്നു. എന്നാൽ, ജനകീയനായ ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയിൽ ഉണ്ടാക്കിയ നവീകരണം തുടരുന്നതിന് ഏറ്റവും യോജ്യൻ പ്രവോസ്ത് ആണെന്ന് കോണ്‍ക്ലേവില്‍ വിലയിരുത്തി. 2023ലാണ് ഫ്രാൻസിസ് മാർപാപ്പ, പ്രവോസ്തിനെ വത്തിക്കാനിലേക്ക് വിളിച്ച് ബിഷപ്പ് നിയമനങ്ങളുടെ ചുമതല വഹിക്കുന്ന ഓഫിസിന്റെ തലവനാക്കിയത്. എല്ലാവരെയും ഉൾക്കൊള്ളുക, ലാളിത്യത്തിന് പ്രാധാന്യം നൽകുക, സ്ത്രീകൾക്ക് പ്രാമുഖ്യം നൽകുക തുടങ്ങിയ വിഷയങ്ങളിൽ ഫ്രാൻസിസിന്റെ അതേപാതയിലായിരുന്നു കര്‍ദിനാള്‍ പ്രവോസ്തും. “കൊട്ടാരത്തിലിരിക്കുന്ന ഒരു രാജകുമാരനല്ല ബിഷപ്പ്, അദ്ദേഹം ലാളിത്യമുള്ളവനായിരിക്കണം, ജനങ്ങളോട് അടുപ്പമുള്ളവനായിരിക്കണം, അവർക്കൊപ്പം നടക്കുകയും അവരുടെ ദുരിതങ്ങൾ സഹിക്കുകയും വേണം,” മെത്രാന്മാരോടുള്ള പ്രവോസ്തിന്റെ സന്ദേശം ഇതാണ്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽക്കണിയിൽ ലിയോ 14-ാമൻ മാർപാപ്പയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ജനങ്ങളെ ആദ്യം അഭിസംബോധന ചെയ്തത് ഉത്ഥിതനായ ക്രിസ്തുവിന്റെ വാക്കുകളാലാണ്. “എല്ലാവർക്കും സമാധാനം ഉണ്ടാവട്ടെ”. ഗാസയിൽ ഇസ്രയേലിന്റെ അധിനിവേശം രൂക്ഷമായി തുടരുന്നു. റഷ്യ — ഉക്രെയ്ൻ സംഘർഷം അവസാനിക്കുന്നില്ല. ഇന്ത്യ — പാകിസ്ഥാൻ ഏറ്റുമുട്ടൽ മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നു. സംഘര്‍ഷത്തിന്റെ വര്‍ത്തമാനത്തില്‍ ഈ വാക്കുകൾക്ക് വലിയ പ്രസക്തിയുണ്ട്. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്ത് എന്ന തന്റെ പേരിലെ ഫ്രാന്‍സിസിനെ പുതിയ നാമകരണവേളയില്‍ വിട്ടുകളഞ്ഞെങ്കിലും മുന്‍ഗാമി ഫ്രാന്‍സിസിന്റെ വഴികളിലൂടെ തന്നെയാണ് താനും എന്ന ആദ്യസൂചനകള്‍ പ്രഥമ സന്ദേശത്തില്‍ നല്‍കിയതും ശ്രദ്ധിക്കാം. ”ഈസ്റ്റര്‍ പ്രഭാതത്തില്‍ റോമായ്ക്കും ലോകത്തിനും ആശീര്‍വാദം നല്‍കിയ ഫ്രാന്‍സിസ് പാപ്പയുടെ ദുര്‍ബലവും എന്നാല്‍ സുധീരവുമായ ആ ശബ്ദം ഇപ്പോഴും നമ്മുടെ ചെവികളില്‍ മുഴങ്ങുന്നുണ്ട്! അതേ അനുഗ്രഹം തുടരാന്‍ എന്നെയും അനുവദിക്കുക.”
കത്തോലിക്കാസഭയുടെ 267-ാമത് പോപ്പാണ് ലിയോ 14-ാമൻ. 1878 മുതൽ 1903 വരെ മാർപാപ്പയായിരുന്ന സീൻ പാട്രിക് ഒ മല്ലേയ് (ലിയോ 13-ാമൻ) സാമൂഹ്യനീതിക്ക് വേണ്ടി, തൊഴിലാളികള്‍ക്കുവേണ്ടി നിലകൊണ്ടിരുന്നതായി സഭാചരിത്രം വാദിക്കുന്നുണ്ട്. അദ്ദേഹം ലോകത്തെ നിരവധി വിഷയങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തിയിരുന്നു. ലിയോ 13-ാമന്‍ മാര്‍പാപ്പ ഒപ്പുവച്ച റേരും നൊവാരും എന്ന ചാക്രികലേഖനം തൊഴിലാളികളുടെ അവകാശപത്രിക എന്നാണ് സഭ അടയാളപ്പെടുത്തിയിരിക്കുന്നത്. ലിയോ 14-ാമന്‍ എന്ന പേര് കര്‍ദിനാള്‍ റോബർട്ട് ഫ്രാൻസീസ് പ്രവോസ്ത് സ്വീകരിക്കുമ്പോള്‍ ഇത്തരം ബോധ്യങ്ങളെ സ്വത്വത്തില്‍ ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.