20 April 2024, Saturday

സ്വാതന്ത്ര്യം അർദ്ധരാത്രിയായ് തുടരുമ്പോൾ

പി കെ അനിൽ കുമാർ
August 14, 2022 7:30 am

1947 ഇന്ത്യയുടെ സ്വാതന്ത്ര്യ പുലരിയിലേക്കുള്ള നാളുകളിലൊന്നിൽ കൊൽക്കത്തയിലെ വാർധ ആശ്രമത്തിലായിരുന്ന ഗാന്ധിജിയെ കാണുവാൻ നെഹ്റുവിന്റെ ദൂതനായി സുധീർ േഘോഷ് എത്തി. ഇന്ത്യയുടെ പ്രഥമ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ ഗാന്ധിജി പങ്കെടുക്കണമെന്ന നെഹ്റുവിന്റെ അഭ്യർത്ഥന സുധീർ ഘോഷ് ഗാന്ധിജിയെ അറിയിച്ചു. എന്നാൽ ഗാന്ധിജി ആ ക്ഷണം നിരസിക്കുകയാണുണ്ടായത്. വിഭജനത്തിന്റെ മുറിവുകളിൽ നിന്നൊഴുകിയ രക്തപങ്കിലമായ സ്വാതന്ത്ര്യത്തെ യഥാർത്ഥ സ്വാതന്ത്ര്യമായി അംഗീകരിക്കാൻ ഇന്ത്യയുടെ ആത്മാവറിഞ്ഞ ബാപ്പുജിക്ക് കഴിഞ്ഞില്ല. വിഭജനത്തിന്റെ രക്തപ്പുഴയൊഴുക്കിയ അക്കാലത്തെക്കുറിച്ച് ഹിമാചൽ പ്രദേശ് കാരനായ എഴുത്തുകാരൻ യശ്പാൽ ‘നിറം പിടിപ്പിച്ച നുണകൾ’ എന്ന കൃതിയിൽ ഇങ്ങനെ പറയുന്നുണ്ട്: ‘തെരുവുകളിൽ ചിതറി കിടക്കുന്ന ഈ രക്ത തുള്ളികൾ നോക്കുക. ഇതിൽ നിന്നും നിങ്ങൾക്ക് എങ്ങനെയാണ് ഒരു ഹിന്ദുവിനേയും മുസ്ലീമിനേയും ക്രിസ്ത്യാനിയേയും സിഖുകാരനേയും പാഴ് സിയേയും വേർതിരിച്ചറിയാൻ കഴിയുന്നത്?’


ഇതുകൂടി വായിക്കൂ:  സ്വാതന്ത്ര്യം @ 75


താൻ ആഗ്രഹിച്ച സ്വാതന്ത്ര്യമല്ല ഇന്ത്യക്ക് കിട്ടിയതെന്ന് പറഞ്ഞു കൊണ്ട് സ്വാതന്ത്യദിനാഘോഷങ്ങളിൽ പങ്കെടുക്കണമെന്ന നെഹ്റുവിന്റെ ആവശ്യം ഗാന്ധിജി നിരസിച്ചു. സുധീർ ഘോഷിനെ യാത്ര അയക്കാൻ ഗാന്ധിജി ആശ്രമത്തിന്റെ തൊടിയിലേക്ക് ചെന്നു. അപ്പോൾ ആശ്രമ തൊടിയിലെ വൃക്ഷത്തിൽ നിന്നും ഒരു ഉണങ്ങിയ ഇല ഞെട്ടറ്റ് ഗാന്ധിജിക്കും സുധീർ ഘോഷിനും ഇടയിലായി വീണു. ഗാന്ധിജി ആ ഉണങ്ങിയ ഇല എടുത്ത് സുധീർ ഘോഷിന് കൊടുത്തിട്ട് പറഞ്ഞു: “ഇത് നെഹ്റുവിന് കൊടുക്കുക, ഈ വിഷമം പിടിച്ച സന്ദർഭത്തിൽ ഈ വൃദ്ധന് ഇത് മാത്രമേ നൽകുവാനുള്ളു…” ഗാന്ധിജി നീട്ടിയ ആ ഉണങ്ങിയ ഇല കരിഞ്ഞു പോയ, പൊലിഞ്ഞു പോയ സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷകളുടെ അടയാളമാണ്.
സ്വാതന്ത്ര്യത്തിന്റെ സ്വപ്നങ്ങളെ, പ്രതീക്ഷകളെ ഹരിതാഭമാക്കുക എന്നതാണ് 75ാം വാർഷികത്തിൽ കാലം ആവശ്യപ്പെടുന്നത്. സുകുമാർ അഴീക്കോട് ഒരിക്കൽ എഴുതി ” അർദ്ധരാത്രിയുടെ നിശഃബ്ദതയിൽ സ്വാതന്ത്ര്യം നേടിയപ്പോൾ ഒരു ജനത പ്രതീക്ഷയോടെ വിശ്വസിച്ചു, ഈ അർദ്ധരാത്രി അവസാനിക്കുമെന്ന്. പക്ഷേ, പിന്നിടുന്ന ഒരോ വാർഷിക രാത്രികളും അർദ്ധരാത്രികളിൽ നിന്നും അർദ്ധരാത്രികളിലേക്കുള്ള പ്രയാണമായിരുന്നു. അതേ… ചരിത്രം ഇന്ത്യക്കാരനെ തോൽപ്പിച്ചു. ഇന്ത്യക്കാരന്റെ മനസിൽ സ്വാതന്ത്ര്യം ഇന്നും അർദ്ധരാത്രിയാണ്…”

‘എന്റെ അഭിപ്രായത്തെ എതിർക്കുവാനുള്ള നിന്റെ സ്വാതന്ത്ര്യത്തെ ഞാനെന്റെ ജീവൻ നൽകി സംരക്ഷിക്കും’ എന്ന ജനാധിപത്യത്തെക്കുറിച്ചുള്ള വോൾട്ടയറുടെ വാക്കുകൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൽ ഒരു മരീചികയാണ്. ഇന്ത്യൻ ഭരണഘടന ഇന്ത്യയിലെ ജന കോടികൾക്ക് വിഭാവനം ചെയ്ത മതനിരപേക്ഷ ജനാധിപത്യ മാനവിക മൂല്യങ്ങൾ ഒന്നൊന്നായി അട്ടിമറിക്കപ്പെടുകയാണ്. 1949 നവംബർ 26 ന് ഭരണഘടന അസംബ്ലിയുടെ സമാപനത്തിൽ അംബേദ്കർ പങ്കു വച്ച സന്ദേഹം യാഥാർത്ഥ്യമായിരിക്കുകയാണ്. ചരിത്രം ആവർത്തിക്കപ്പെടുമോ? ഒരിക്കൽ കൂടി ഇന്ത്യക്ക് സ്വാതന്ത്ര്യം നഷ്ടപെടുമോ? ഇന്ത്യാക്കാർ മത വിശ്വാസത്തിന് മുകളിൽ രാഷ്ട്രത്തെ പ്രതിഷ്ഠിക്കുമോ? അതോ രാഷ്ട്രത്തിന് മുകളിൽ മതത്തെ പ്രതിഷ്ഠിക്കുമോ? അംബേദ്ക്കറുടെ വാക്കുകൾക്ക് വർത്തമാന കാലത്തിൽ ഒരു പ്രവചന സ്വഭാവം കൈവന്നിരിക്കുകയാണ്. വർഗീയ ഫാസിസ്റ്റ് ശക്തികളാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. മത ബഹുലമായ ഭാരതീയ സമൂഹത്തിൽ ഭൂരിപക്ഷ വർഗീയപ്രീണനം നടത്തിയാണ് നരേന്ദ്ര മോദി അധികാരത്തിലേറിയത്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയുള്ള സന്ധിയില്ലാ പോരാട്ടത്തിൽ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയിലേക്ക് ജനസഹസ്രങ്ങളെ ആകർഷിക്കുവാൻ വേണ്ടിയാണ് ഗാന്ധിജി രാമ രാജ്യം എന്ന ബിംബത്തെ ഉപയോഗിച്ചത്. ഗാന്ധിജിക്ക് രാമൻ റഹീമായിരുന്നു. ഗാന്ധിജി യംഗ് ഇന്ത്യയിൽ എഴുതി, “എന്റെ രാമൻ, പ്രാർത്ഥനാരൂപനായ എന്റെ രാമൻ ദശരഥാത്മജനോ അയോധ്യാപതിയോ അല്ല. അദ്ദേഹം ജനിച്ചിട്ടുമില്ല. മരിക്കുകയുമില്ല. നിങ്ങൾ അദ്ദേഹത്തെ അള്ളാ എന്നോ ഈശോ എന്നോ വിളിച്ചോളൂ… പക്ഷേ, ചൊല്ലുമ്പോഴുള്ള ഹൃദയ താളം തെറ്റാതിരുന്നാൽ മതി!


ഇതുകൂടി വായിക്കൂ:  ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യം സംരക്ഷിക്കാം


എന്നാൽ രാമനെ ആയുധമാക്കി സംഘ പരിവാർ തകർത്തത് ഇന്ത്യയുടെ ബഹുസ്വരതയെ ആയിരുന്നു. ബാബറി മസ്ജിദ് തകർത്തതോടെ സംഘ പരിവാർ ഇന്ത്യയിൽ പടർത്തിയത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 14 മതം, ജാതി, ലിംഗം, തൊഴിൽ, വർണ്ണം, ഭാഷ ഭേദമില്ലാതെ എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പ് നൽകുന്നു. പൗരത്വ ഭേദഗതി ബില്ലിലൂടെ നഗ്നമായ ഭരണഘടനാ ലംഘനമാണ് അരങ്ങേറിയത്. ടാഗോർ എഴുതിയിട്ടുണ്ട്. “രാജ്യ സ്നേഹം എന്റെ ആത്മീയ അഭയമല്ല. എന്റെ അഭയം മനുഷ്യ വംശമാണ്. ജീവിച്ചിരിക്കുന്നിടത്തോളം കാലം മനുഷ്യവംശത്തിന് മുകളിൽ വിജയ കിരീടം ചൂടി നിൽക്കാൻ രാജ്യ സ്നേഹത്തേയും ദേശീയതയേയും ഞാൻ അനുവദിക്കുകയില്ല… ദേശീയത വിനാശകരമായ ഒരു ആശയവുമാണ്. രത്നങ്ങളുടെ സ്ഥാനത്ത് വില കൊടുത്ത് കുപ്പിച്ചില്ലുകൾ വാങ്ങുന്നത് പോലെയാണ് മനുഷ്യവംശത്തിന് പകരം ദേശീയത എന്ന ആശയം ഉയർത്തി പിടിക്കുന്നത്.” ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളിലേയും നിന്ദിതർക്കും പീഡിതർക്കും അഭയാർത്ഥികൾക്കും അഭയം നൽകിയ രാജ്യമാണ് എന്റേതെന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് സ്മരണീയമാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ചരിത്രമാണ് സംഘ പരിവാറിനുള്ളത്. ഗാന്ധിവധത്തിലെ ആറാം പ്രതിയായിരുന്ന സവർക്കറെ ഗാന്ധിജിക്കൊപ്പം പാർലമെന്റിൽ പ്രതിഷ്ഠിച്ച കെട്ട കാലത്തിലാണ് നാം ജീവിക്കുന്നത്. സെല്ലുലാർ ജയിലിൽ വച്ച് മൂന്ന് വട്ടം മാപ്പെഴുതി കൊടുത്തതിന് ശേഷമാണ് സവർക്കർ ജയിൽ വിമോചിതനാവുന്നത്. വിചാരധാരയിൽ ഗോൾവാൾക്കർ സ്വാതന്ത്ര്യ സമരത്തെ വിശേഷിപ്പിച്ചത് അതിർത്തി ദേശീയത എന്നാണ്. ഗോൾവാൾക്കർ വിചാരധാരയിൽ കുറിച്ചിട്ടത് ഇങ്ങിനെയാണ്, “നമ്മുടെ യഥാർത്ഥ ഹിന്ദു ദേശീയതയുടെ പോസിറ്റീവും പ്രചോദനാത്മകവുമായ ഉള്ളടക്കത്തെ നമുക്ക് നഷ്ടപ്പെടുത്തുകയും സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭങ്ങളെയും ഫലത്തിൽ ബ്രിട്ടീഷ് വിരുദ്ധമാക്കുകയും ചെയ്തിട്ടുണ്ട്.” ഹെഗ്ഡേവാറിന്റെ ജീവചരിത്രത്തിൽ 1930‑ലെ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ഉപ്പ് സത്യഗ്രഹത്തിൽ സംഘപ്രവർത്തകർ പങ്കെടുക്കരുതെന്ന അറിയിപ്പ് നൽകിയതിനെ പരാമർശിക്കുന്നുണ്ട്. ഇന്ത്യയുടെ ദേശീയ പതാകയെ അംഗീകരിക്കാൻ അക്കാലത്ത് ആര്‍എസ്എസ് തയ്യാറായിരുന്നില്ല. ത്രിവർണ പതാകയിലെ മുന്ന് നിറങ്ങൾ അശുഭമാണെന്നും കാവി ധ്വജമാണ് ദേശീയ പതാകയാക്കേണ്ടതെന്നുമാണ് 1947 ജൂലൈ മാസത്തിൽ ആര്‍എസ്എസ് മുഖപത്രമായ ഓർഗനൈസർ എഡിറ്റോറിയലിൽ എഴുതിയത്.
എന്നാൽ സ്വാതന്ത്ര്യ സമരത്തിൽ ധീരോജ്വലമായ പൈതൃകം കമ്മ്യൂണിസ്റ്റുകൾക്കുണ്ട്. 1921‑ൽ അഹമ്മദാബാദ് എഐസിസി സമ്മേളനത്തിൽ പൂർണ സ്വരാജ് എന്ന പ്രമേയം അവതരിപ്പിച്ചത് ഹസ്രത്ത് മൊഹാനി എന്ന കമ്മ്യൂണിസ്റ്റ്കാരനായ ഉറുദു കവിയായിരുന്നു. പെഷവാർ ഗൂഢാലോചന കേസ് (1922) കാൺപൂർ ഗൂഢാലോചന കേസ് (1924) മീററ്റ് ഗൂഢാലോചന കേസ് (1920) തുടങ്ങിയവ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചരിത്രസാക്ഷ്യങ്ങളാണ്. 1931 — കറാച്ചി കോൺഗ്രസിൽ ഭരണഘടനയിലെ മൗലികാവകാശങ്ങളെക്കുറിച്ചുള്ള കരട് രേഖ അവതരിപ്പിച്ചത് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് അംഗമായ എം എൻ റോയ് ആയിരുന്നു. ബംഗാളിലെ തേജഭാഗ സമരം, മഹാരാഷ്ട്രയിലെ വർളി ഗോത്രവിഭാഗം നടത്തിയ സമരം, ആസാമിലെ സുർമ വിഭാഗത്തിന്റെ പ്രക്ഷോഭം, തെലങ്കാന സമരം, പുന്നപ്ര വയലാർ സമരം എന്നിവയൊക്കെ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരേയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന സമരമുഖങ്ങളാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത പ്രതിനിധികളിൽ എഴുപത് ശതമാനത്തിലേറെ പേർ സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട് തടവുശിക്ഷ അനുഭവിച്ചവരാണ്.

ഇന്ത്യയുടെ ബഹുസ്വരതയെ, മതനിരപേക്ഷതയെ, നാനാത്വത്തിൽ ഏകത്വത്തെ സർവോപരി ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കാനുള്ള ദൗത്യമാണ് 75ാം വാർഷികം നൽകുന്ന സന്ദേശം. ‘അയോധ്യ ബാബറി ഒരു തുടക്കം മാത്രം… അടുത്തത് കാശിയും മഥുരയും’ എന്ന മുദ്രാവാക്യമാണ് വർത്തമാന ജീവിത ഭൂപടത്തിൽ സംഘ പരിവാർ ഉയർത്തുന്നത്. അശോകസ്തംഭത്തിൽ ആക്രമണോത്സുകമായ ഭാവത്തോടെ പ്രതിഷ്ഠിച്ച ആക്രമണോത്സുക ദേശീയതയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘ പരിവാർ വിളംബരം ചെയ്യുന്നു. അശോക ചക്രവർത്തിയുടെ 14 ശിലാ ശാസനങ്ങളിൽ നാലാമത്തേതാണ് ദേശീയ ചിഹ്നമായ സാരനാഥിലെ അശോകസ്തംഭം. ധർമ്മ ഘോഷ നഃ ദേരി ബോഷ എന്നാണ് ഇതിൽ മുദ്രിതമായിരിക്കുന്നത്. ധർമ്മത്തിന്റെയും അഹിംസയുടേയും സംയമനത്തിന്റേയും സ്ഥാനത്ത് വിദ്വേഷത്തിന്റെയും പകയുടേയും ഭാവങ്ങൾ പ്രതിഷ്ഠിക്കുന്ന വർഗീയ ഫാസിസത്തിനെതിരെയുള്ള ചെറുത്ത് നിൽപ്പിന്റെ സമരനിലങ്ങൾ രൂപപ്പെടണം.
രാഷ്ട്രം സ്വാതന്ത്ര്യത്തോട് അടുക്കുന്ന വേളയിൽ ഗാന്ധിജിയെ കാണാൻ മൗണ്ട്ബാറ്റൺ പ്രഭു വാർധ ആശ്രമത്തിലെത്തി. ആ സമയം ഗാന്ധിജി ആശ്രമത്തിന് ചുറ്റുമുള്ള ദലിത് കോളനികളിൽ അവരുടെ ആകുലതകൾ കേട്ട് കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് വളരെ വൈകി ക്ഷീണിതനായാണ് ഗാന്ധിജി ആശ്രമത്തിലെത്തിയത്. ഗാന്ധിജിയെ കാത്ത് അക്ഷമനായിരുന്ന മൗണ്ട്ബാറ്റൺ പ്രഭു പറഞ്ഞു. അല്ലയോ ബാപ്പുജി, ഞാൻ എത്ര നേരമായി അങ്ങയെ കാത്തിരിക്കുന്നു. ഞാൻ ഇന്ത്യയുടെ വൈസ്രോയിയാണ്. ഒന്ന് മന്ദഹസിച്ച് കൊണ്ട് ഗാന്ധിജി പറഞ്ഞു :നിങ്ങൾ ഇന്ത്യയുടെ വൈസ്രോയി ആയിരിക്കാം പക്ഷേ, ഇന്ത്യ അവരുടേതാണ്. ആ അവസാനത്തെ മനുഷ്യന്റെ… ഗാന്ധിജി ഉപയോഗിച്ച പദം അന്ത്യജൻ എന്നാണ്. അന്ത്യജൻ എന്നാൽ അവസാനത്തെ മനുഷ്യൻ. ദാരിദ്യത്തിന്റെ… നിരാലംബതയുടെ… നിസഹായതയുടെ അങ്ങേയറ്റത്ത് നിൽക്കുന്ന അവസാനത്തെ മനുഷ്യനേയും ചേർത്ത് പിടിക്കുമ്പോഴേ നമ്മുടെ സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാവുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.