താമസ സ്ഥലത്തുനിന്ന് പുറത്തിറങ്ങി നടക്കാൻ ബുദ്ധിമുട്ടുണ്ടെന്ന്, പാവക്കുളം അമ്പലത്തിൽ ജനജാഗരണ സമിതിയുടെ മാതൃസംഗമം പരിപാടിക്കെതിരെ പ്രതികരിച്ച ആതിര. തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ജീവന് ഭീഷണിയില്ലെങ്കിലും സ്വൈര്യ ജീവിതത്തെ ഇത് തടസ്സപ്പെടുത്തുന്നുണ്ടെന്നും ആതിര കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ അക്കൗണ്ടുകളിൽ നിന്നാണ് സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത്. വൈറലാകുമെന്നോ പ്രശസ്തി വേണമെന്നോ കരുതിയല്ല പ്രതികരിച്ചത്. അമ്പലത്തിന്റെ സമീപത്തായിരുന്നു താമസിച്ച ഹോസ്റ്റൽ. കേട്ടത് ശരിയല്ലാത്ത കാര്യമായതിനാലാണ് പ്രതികരിച്ചത്. പ്രതികരണം ഒരിക്കലും ആസൂത്രിതമായിരുന്നില്ല.
സംഭവത്തിന് ശേഷം സ്വന്തം കാര്യം നോക്കി പോകുകയായിരുന്നു. ബിജെപിക്കാരാണ് പരാതിയുമായി പോയതും ദൃശ്യം സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തതും. പൊലീസ് തന്നോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് ഇത് വലിയ കാര്യമാണെന്ന് മനസ്സിലായത്. അന്ന് പ്രതികരിച്ച നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നതായും ആതിര മാധ്യമങ്ങളോട് പറഞ്ഞു. വനിതാ കമീഷൻ ചെയർപേഴ്സൺ കാണാൻ വന്നിരുന്നു. സൈബർ ആക്രമണങ്ങളോ മറ്റ് ഭീഷണികളോ ഉണ്ടായാൽ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് വനിതാ കമീഷൻ പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ വനിതാ കമീഷനിൽ പരാതി നൽകുമെന്നും ആതിര പറഞ്ഞു. പേയാട് സ്വദേശിയായ ആതിര മേക്കപ്പ് ആർട്ടിസ്റ്റാണ്. മുമ്പും എറണാകുളത്ത് താമസിച്ചിട്ടുണ്ടെങ്കിലും ജോലിയുടെ ഭാഗമായി ഇടയ്ക്ക് വിട്ടുനിന്നിരുന്നു. ഇപ്പോൾ മൂന്നുമാസമായി ഇവിടെ എത്തിയിട്ട്. ഭീഷണി ഭയന്ന് ഹോസ്റ്റലിൽനിന്ന് ഇപ്പോൾ മാറി താമസിക്കുകയാണ്.
English Summary: when heard bad statements just protest says athira
You may also like this video