ഉന്നത ന്യായാധിപര്‍ ആസ്ഥാന സ്തുതിപാഠകര്‍ ആവുമ്പോള്‍

Web Desk
Posted on February 24, 2020, 5:00 am

സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജ് അരുണ്‍ മിശ്ര ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വ്യക്തിപരമായി പ്രശംസിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ പരമോന്നത കോടതിയുടെ നിഷ്പക്ഷതയേയും ഭരണഘടനാ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയേയുമാണ് ചോദ്യം ചെയ്യുന്നത്. ഭരണത്തലവന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി തീര്‍ച്ചയായും ആദരവ് അര്‍ഹിക്കുന്നു. എന്നാല്‍ ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ പ്രതിനിധി മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന്റെ മേധാവിയെ ഒരു അന്താരാഷ്ട്ര വേദിയില്‍ പരസ്യമായി മുഖസ്തുതികൊണ്ട് അഭിഷേകം ചെയ്യുന്നത് ജനാധിപത്യത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത നടപടിയാണ്. അത് ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും അപമാനകരമാണ്. പരമോന്നത നീതിപീഠത്തില്‍ ചിലരെങ്കിലും പരമോന്നത പാദസേവകരായി അധപ്പതിച്ചിരിക്കുന്നുവെന്ന പ്രതീതിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര തന്റെ നടപടിയിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത കാലത്തായി സുപ്രീം കോടതിയെപ്പറ്റി പൊതുവിലും മിശ്രയടക്കം ഏതാനും ന്യായാധിപരെ സംബന്ധിച്ചും പൊതുജനങ്ങളിലും സമൂഹത്തിലും വളര്‍ന്നുവന്നിരിക്കുന്ന ആശാസ്യമല്ലാത്ത ധാരണകളെ ശരിവയ്ക്കുന്നതായി ആ നടപടി.

സുപ്രീം കോടതിയെപ്പറ്റിയും രാജ്യത്തെ നിയമനിര്‍മ്മാണ പ്രക്രിയയെപ്പറ്റിയും പൊതുസമൂഹത്തിനും ജനങ്ങള്‍ക്കുമുള്ള പൊതുധാരണയ്ക്ക് നിരക്കാത്ത അവകാശവാദങ്ങളാണ് ഇന്റര്‍നാഷണല്‍ ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് 2020 ല്‍ നരേന്ദ്രമോഡി നിരത്തിവച്ചത്. ആ സമ്മേളനം നടന്ന തലസ്ഥാന നഗരമടക്കം രാജ്യത്തുടനീളം വിവാദ നിയമനിര്‍മ്മാണത്തിന് എതിരെ വന്‍ജനകീയ പ്രതിഷേധങ്ങള്‍ തുടര്‍ന്നുവരവെയാണ് മോഡിയുടെ അവകാശവാദങ്ങള്‍ നിരത്തപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. അടിസ്ഥാനരഹിതമായ അത്തരം അവകാശവാദങ്ങള്‍ക്ക് നീതിപീഠ സാധുത നല്‍കാനുള്ള പാഴ്ശ്രമമായി വേണം ജസ്റ്റിസ് മിശ്രയുടെ വാക്കുകളെ കാണാന്‍. സുപ്രീം കോടതിയിലെ ന്യായാധിപശ്രേണിയില്‍ മൂന്നാം സ്ഥാനക്കാരനാണ് ജസ്റ്റിസ് മിശ്ര. വിവാദങ്ങളുടെയും പക്ഷപാതിത്വത്തിന്റെയും നീണ്ട ചരിത്രംതന്നെ ജസ്റ്റിസ് മിശ്രക്കുണ്ട്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ജസ്റ്റിസ് മിശ്രയ്ക്ക് ബിജെപിയിലെ ഉന്നത നേതാക്കളുമായുള്ള ഉറ്റ ബന്ധത്തെപ്പറ്റി പരസ്യ ആരോപണം തന്നെ ഉന്നയിക്കുകയുണ്ടായി എന്നതും ശ്രദ്ധേയമാണ്.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ലോയ അധ്യക്ഷനായുള്ള ബെഞ്ചിന്റെ 2014ലെ ഭൂരിപക്ഷ വിധിക്കെതിരെ 2018ല്‍ പരിഗണിച്ച പുനപ്പരിശോധന ഹര്‍ജിയില്‍ ആവശ്യമുയര്‍ന്നിട്ടും വിട്ടുനില്‍ക്കാന്‍ ജസ്റ്റിസ് മിശ്ര വിസമ്മതിച്ചു. 2014ലെ വിധിയില്‍ ഭൂരിപക്ഷ വിധിക്കെതിരായി നിലപാട് സ്വീകരിച്ച മിശ്ര പുനപ്പരിശോധനയില്‍ നിഷ്പക്ഷനായിരിക്കുമെന്ന് കരുതാന്‍ യാതൊരു ന്യായവുമില്ലാതിരിക്കെയായിരുന്നു ഇത്. ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ സ്പെഷല്‍ സബിഐ ജഡ്ജ് ജസ്റ്റിസ് ലോയയുടെ കേസ് കേള്‍ക്കുന്നതില്‍ നിന്നും വിട്ടുനിന്ന ജസ്റ്റിസ് മിശ്രയുടെ നടപടി നീതിന്യായ വൃത്തങ്ങളില്‍ വിവാദമായിരുന്നു. അഡാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വെക്കേഷന്‍ ബെഞ്ചില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ സാന്നിധ്യവും വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. സാധാരണ ഗതിയില്‍ മുതിര്‍ന്ന ജഡ്ജുമാര്‍ വെക്കേഷന്‍ ബെഞ്ചില്‍ പങ്കാളികളാവാറില്ലെന്നതാണ് കീഴ്‌വഴക്കം.

അന്തര്‍ നാടകങ്ങള്‍ എന്തുതന്നെയായാലും വെക്കേഷന്‍ ബെഞ്ച് പരിഗണിച്ച കേസുകളിലെ തീര്‍പ്പുകളും നിയമവ‍ൃത്തങ്ങളെ ഞെട്ടിപ്പിക്കുകയുണ്ടായി. സുപ്രീം കോടതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജസ്റ്റിസ് മിശ്ര ഒറ്റപ്പെട്ട കഥാപാത്രമല്ല. ജസ്റ്റിസ് മിശ്ര മാത്രമല്ല നീതിപീഠത്തിലെ മറ്റുപലരും നീതിനിഷ്ഠയെക്കാള്‍ ഉപരി മറ്റുപല താല്പര്യങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്ന വസ്തുത അരമനരഹസ്യം മാത്രമായി അവശേഷിക്കുന്നില്ല. ജസ്റ്റിസ് മിശ്രയുടെ നടപടികള്‍ ഒരിക്കല്‍കൂടി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത, സ്വാതന്ത്ര്യം എന്നിവയെപ്പറ്റി ആശങ്കാജനകമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ ഭരണഘടനയാണ്. പാര്‍ലമെന്റ്, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നിവയുടെ പരസ്പര ബഹുമാനത്തോടെയും തുല്യതയുടെ അടിസ്ഥാനത്തിലുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ആധാരം എന്ന് ഭരണഘടന വിഭാവനം ചെയ്യുന്നു. ആ ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതമാകുന്നത് ആ മൂല്യങ്ങളെ തകര്‍ക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഉള്ളില്‍ നിന്നുതന്നെ ഉയര്‍ന്നുവരുന്ന ശ്രമങ്ങളാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജസ്റ്റിസ് മിശ്രയുടെ ലജ്ജാകരമായ മോഡി സ്തുതികള്‍.