Saturday
19 Oct 2019

ലോക്‌സഭാ സമ്മേളനം ആരംഭിക്കുമ്പോള്‍

By: Web Desk | Monday 17 June 2019 10:12 PM IST


പതിനേഴാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. ഏപ്രില്‍ – മെയ് മാസങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെയാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. അതുകൊണ്ടുതന്നെ ലോക്‌സഭയെ തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള വേദിയായി അവര്‍ ഇത്തവണയും ഉപയോഗിക്കുമെന്നതില്‍ തര്‍ക്കമില്ല.
നരേന്ദ്രമോഡി അധികാരത്തിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം നീതി ആയോഗിന്റെ നിലപാട് പ്രഖ്യാപിക്കല്‍ ഉണ്ടായിരുന്നു. അതിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ചില നടപടികളും നേതാക്കളില്‍ നിന്നുണ്ടായിരിക്കുന്ന പ്രസ്താവനകളും എല്ലാം കൂടി ചേരുമ്പോള്‍ സര്‍ക്കാരിന്റെ ഗതി മനസിലാക്കുന്നതില്‍ പ്രയാസമുണ്ടാകുന്നില്ല. ജനപ്രിയ നടപടികളല്ല കോര്‍പ്പറേറ്റ് – സമ്പന്നാഭിമുഖ്യ നിലപാടുകളും വിഭാഗീയ – വിദ്വേഷ സമീപനങ്ങള്‍ നിറഞ്ഞ നയങ്ങളും തന്നെയാണ് പിന്തുടരാന്‍ പോകുന്നതെന്നാണ് അവയെല്ലാം നല്‍കുന്ന സൂചനകള്‍. ഒന്നാം മോഡി സര്‍ക്കാരിന് സാധിക്കാതെ പോയ എല്ലാ ജനവിരുദ്ധനടപടികളും പൂര്‍വാധികം ശക്തിയായി നടപ്പിലാക്കുമെന്നുതന്നെയാണ് അവരുടെ നിലപാടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
രാജ്യത്തെ 46 പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ സ്വകാര്യവല്‍ക്കരിക്കാനുള്ള നയങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും, നൂറ് ദിവസത്തിനുള്ളില്‍ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ നടപ്പാക്കും എന്നിങ്ങനെയായിരുന്നു നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന്റെ വാക്കുകള്‍. ഇതിനായി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കും, വന്‍കിട – കോര്‍പ്പറേറ്റ് സംരംഭങ്ങള്‍ക്ക് എളുപ്പത്തിലും തടസമില്ലാതെയും ഭൂമി ലഭ്യമാക്കുന്നതിന് ലാന്‍ഡ് ബാങ്കുകള്‍ രൂപീകരിക്കും, സ്വകാര്യവല്‍ക്കരണത്തിന്റെ ആക്കം കൂട്ടും തുടങ്ങിയവയായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച സര്‍ക്കാരിന്റെ മുഖ്യ പരിഗണനാ വിഷയങ്ങള്‍.
പാര്‍ലമെന്റ് സമ്മേളനത്തില്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങളില്‍ സമഗ്രമാറ്റം വരുത്തി പുതിയ ബില്‍ അവതരിപ്പിക്കും. നിലവിലുള്ള 44 തൊഴില്‍ നിയമങ്ങളെ നാല് കോഡുകളാക്കി മാറ്റുമെന്നും അദ്ദേഹം സൂചന നല്‍കിയിട്ടുണ്ട്. നേരത്തെ മോഡി സര്‍ക്കാര്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും തൊഴിലാളികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം മരവിപ്പിച്ചിരുന്നു.
പതിവില്‍ നിന്ന് വിപരീതമായി അധികാര കേന്ദ്രീകരണശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അമിത്ഷായ്ക്ക് ഭരണത്തില്‍ അമിത പ്രാധാന്യം നല്‍കിയത് സ്വേച്ഛാധിപത്യത്തിന്റെ സൂചനയായി വേണം വിലയിരുത്താന്‍. ഇതിന് പുറമേ പതിവില്‍ നിന്ന് വ്യത്യസ്തമായി വിരമിച്ചവരും പ്രധാനമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉയര്‍ന്ന പദവിയിലിരിക്കുന്നവരുമായ രണ്ട് പേര്‍ക്ക് ക്യാബിനറ്റ് പദവി നല്‍കാനുള്ള തീരുമാനവും അധികാരകേന്ദ്രീകരണത്തിന്റെ ഉദാഹരണമാണ്.
ചില സംസ്ഥാനങ്ങളെ പ്രത്യേകമായി ലക്ഷ്യം വച്ചുള്ള നീക്കങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അങ്ങനെ എല്ലാംകൊണ്ടും ആശങ്ക സൃഷ്ടിക്കുന്ന സൂചനകള്‍ കേന്ദ്രത്തില്‍ നിന്നുണ്ടായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ലോക്‌സഭാ സമ്മേളനം ആരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതും ഈ സമ്മേളനത്തില്‍ തന്നെയാണ്. ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെട്ട ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച പല കാര്യങ്ങളും തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ളത് മാത്രമായിരുന്നുവോ എന്ന് ഈ ബജറ്റിലൂടെ അറിയാനിരിക്കുകയാണ്. അതിന് മുന്നോടിയായി മന്ത്രി നിര്‍മലാ സീതാരാമന്‍ വിളിച്ചുചേര്‍ത്ത യോഗം പ്രഹസനമായിരുന്നുവെന്ന് കേന്ദ്ര തൊഴിലാളി സംഘടനകള്‍ പറയുകയുണ്ടായി.
ഇതെല്ലാംകൊണ്ടുതന്നെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ലോക്‌സഭാ സമ്മേളനത്തെ നോക്കിക്കാണുന്നത്. ഒരു സര്‍ക്കാരിന്റെ നയങ്ങള്‍ ഇഴകീറി പരിശോധിക്കുകയും തെറ്റായവയെ തിരുത്തിക്കുകയും ചെയ്യുന്നതിനുള്ള സംവാദവേദിയായി ഇത്തവണയെങ്കിലും ലോക്‌സഭ ഉപയോഗിക്കപ്പെടുമോയെന്ന് കണ്ടറിയണം. പതിനാറാമത് ലോക്‌സഭയുടെ അവസാന സമ്മേളനങ്ങള്‍ സംവാദവേദികളാക്കുന്നതിന് ഭരണകക്ഷിക്ക് തീരെ താല്‍പര്യമില്ലായിരുന്നുവെന്നത് നാം കണ്ടതാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കായിരുന്നില്ല ലോക്‌സഭ ഉപയോഗിക്കപ്പെട്ടത്. അതിസമ്പന്നര്‍ക്കായുള്ള ഇളവുകളും ആനുകൂല്യങ്ങളും പോലും ലോക്‌സഭയെ നോക്കുകുത്തിയാക്കി പൊതുവേദികളിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ജീവല്‍പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സുപ്രധാനമായ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യുന്നതിന് അവസരമൊരുക്കാതെ സഭാ പ്രവര്‍ത്തനം അവതാളത്തിലാക്കുന്ന നിലപാടായിരുന്നു ബിജെപിയും സഖ്യകക്ഷികളും കഴിഞ്ഞ ലോക്‌സഭയില്‍ സ്വീകരിച്ചത്. ലോക്‌സഭയില്‍ മാത്രമല്ല പൊതുസമൂഹത്തിലും യഥാര്‍ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കേന്ദ്ര ഭരണക്കാര്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് വേളയിലും നാം മനസിലാക്കിയതാണ്.
ലഭ്യമായ സൂചനകളനുസരിച്ച് ഇത്തവണത്തെ ലോക്‌സഭയും നോക്കുകുത്തിയാകാന്‍ തന്നെയാണ് സാധ്യത. നമുക്ക് സംഭവിച്ച കൈത്തെറ്റിന് നമ്മുടെ ജനാധിപത്യവേദി നോക്കുകുത്തിയാകാതിരിക്കണമെങ്കില്‍ പ്രതിപക്ഷ അംഗങ്ങള്‍ മാത്രമല്ല ജനാധിപത്യ വിശ്വാസികളാകെ ജാഗ്രതയോടെയിരിക്കേണ്ടതുണ്ട്.