Janayugom Online
VS Naipaul - janayugam

മിസ്റ്റര്‍ ബിശ്വാസ് വീടൊഴിയുമ്പോള്‍

Web Desk
Posted on August 13, 2018, 10:41 pm
k dileep

ഏതാണ്ട് ഇരുപത് വര്‍ഷം മുമ്പ് ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു തീവണ്ടിയില്‍ അപ്പര്‍ ബെര്‍ത്തില്‍ എങ്ങനെ കയറും എന്ന് ആശങ്കപ്പെട്ട ഒരു വൃദ്ധനെ പരിചയപ്പെട്ടു. മിസ്റ്റര്‍ ആന്റണ്‍ ബാലസുബ്രഹ്മണ്യപിളള. ജന്മദേശം മൗറീഷ്യസ, വളരെക്കാലം വക്കീലായി ജോലി ചെയ്തത് ദക്ഷിണാഫ്രിക്കയില്‍. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് രാജ്യഭ്രഷ്ടനാക്കപ്പെട്ടു. പിന്നീട് ലണ്ടനില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഓഫീസില്‍. ഇപ്പോള്‍ വിശ്രമജീവിതം. അങ്ങനെയിരിക്കെയാണ് തെക്കേ ഇന്ത്യയില്‍ നിന്നും മൗറീഷ്യസിലേക്കും അവിടെനിന്ന് ദക്ഷിണാഫ്രിക്കയിലേക്കും കുടിയേറിയ സ്വന്തം പൂര്‍വികരുടെ നാട് കാണാനായുള്ള ആഗ്രഹം കൊണ്ട് ചെന്നൈയിലെത്തിയത്. അവിടെനിന്ന് തിരുവനന്തപുരത്തുള്ള മുമ്പ് ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്ന ഒരു സുഹൃത്തിനെ കൂടി കണ്ട് തിരിച്ചുപോവും. ലോവര്‍ ബര്‍ത്ത് എന്റേതാണ്, താങ്കള്‍ക്ക് ഉപയോഗിക്കാം. അദ്ദേഹത്തിന്റെ ടെന്‍ഷന്‍ മാറി. പിന്നീട് ദീര്‍ഘനേരം സംസാരിച്ചു. വിവിധ രാജ്യങ്ങളിലെ ജീവിതം, ഇംഗ്ലണ്ടുകാരിയായ ഭാര്യ. മൗറീഷ്യസില്‍ കൃഷിയിടങ്ങളില്‍ കുടിയേറിയ തമിഴ്‌നാട്ടില്‍ എവിടെയോ നിന്നുവന്ന പൂര്‍വികര്‍. സ്വന്തം പൂര്‍വികരുടെ രാജ്യം കാണാന്‍ വന്നു. ഭാഷയറിയില്ല. ആരെയും അറിയില്ല. പക്ഷെ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ കരിമ്പ് പാടങ്ങള്‍ കണ്ടു. അവിടെ പണിയെടുത്തുകൊണ്ടിരുന്നവരെ കണ്ടു. അപ്പോള്‍ മനസിലായി ഇവരാണ് എന്റെ പൂര്‍വികര്‍. ഇതാണ് എന്റെ പൂര്‍വികരുടെ ദേശം. മിസ്റ്റര്‍ ആന്റണ്‍ ബാലസുബ്രഹ്മണ്യം പിള്ള തിരുവനന്തപുരത്ത് നിന്ന് വിമാനം കയറിയത് സന്തുഷ്ടനായാണ്. സ്വന്തം പൂര്‍വികരുടെ ദേശം കണ്ട തൃപ്തിയോടെ. ഓരോ പ്രവാസിയും ഏത് നാട്ടുകാരനായാലും അയാളുടെ മനസിന്റെ ഏറ്റവും ഉള്ളിലെ അറയില്‍ സൂക്ഷിക്കുന്നത് സ്വന്തം വേരുകളെക്കുറിച്ചുള്ള ജിജ്ഞാസ തന്നെയാണ്.
സര്‍ വിദ്യാധര്‍ സൂരജ് പ്രസാദ് നെയ്‌പോള്‍ എന്ന വിശ്വവിഖ്യാതനായ എഴുത്തുകാരനും വ്യത്യസ്തനായിരുന്നില്ല. ജീവിതകാലം മുഴുവന്‍ വി എസ് നയ്‌പോള്‍ എന്ന വ്യക്തി സ്വന്തം പൂര്‍വപരമ്പരകളോട് മനസുകൊണ്ട് കലഹിച്ചുകൊണ്ടിരുന്നു. ജീവിതം കൊണ്ട് ഒരു യാഥാസ്ഥിതിക ബ്രിട്ടീഷുകാരനായി മാറാന്‍ നിരന്തരം യത്‌നിച്ചുകൊണ്ടിരുന്നു. ഉത്തരേന്ത്യയില്‍ നിന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ കരീബിയന്‍ ദ്വീപുകളിലെ കരിമ്പിന്‍ തോട്ടങ്ങളില്‍ കരാര്‍ ജോലിക്കുപോയ തൊഴിലാളികളുടെ പരമ്പരയില്‍ ട്രിനിഡാഡില്‍ ശ്രീപ്രസാദ് നെയ്‌പോള്‍ എന്ന ഒരു പ്രാദേശിക പത്രലേഖകന്റെ മകനായാണ് വി എസ് നെയ്‌പോളിന്റെ ജനനം. ആ അച്ഛന്റെ കഥയാണ് 1961 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവല്‍ ‘എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്’. കര്‍ഷകത്തൊഴിലാളിയായ പൂര്‍വികരുടെ പാതയില്‍ നിന്നുമാറി ഒരു എഴുത്തുകാരനായി ജീവിതം കണ്ടെത്താന്‍ ശ്രമിച്ച് ഒരു പ്രാദേശിക പത്രലേഖകനായി ജീവിച്ച അച്ഛന്റെ ജീവിതത്തില്‍ നിന്ന് കണ്ടെത്തിയ കഥാതന്തു. തൊഴിലാളികളായി കരീബിയന്‍ ദ്വീപുകളില്‍ കുടിയേറിയ ഇന്ത്യന്‍ സമൂഹത്തിന്റെ ജീവിതത്തിന്റെ ഒട്ടും മറയില്ലാത്ത നേര്‍ക്കാഴ്ചയായി മാറുന്നു. നിര്‍ഭയം ജീവിത സാഹചര്യങ്ങളെ പരിഹസിച്ചുകൊണ്ട് എഴുതുന്ന നെയ്‌പോളിന്റെ എഴുത്തിന് ഒരു മറുവശമുണ്ട്. സ്വന്തമായി ഒരു നാടില്ലാത്ത, സങ്കരസംസ്‌കാരത്തിന്റെ ഇഴപിരിച്ച് സ്വന്തം സ്വത്വം വേര്‍തിരിക്കാനാവാത്ത ഒരു പ്രവാസിയുടെ ആകുലത. നിരന്തരം യാത്ര ചെയ്തുകൊണ്ട് വേരില്ലാത്ത സ്വന്തം പ്രവാസി സമൂഹത്തിന്റെ കീഴാള അവസ്ഥയെ അതിജീവിക്കാന്‍ നെയ്‌പോള്‍ ശ്രമിച്ചു. പക്ഷെ സ്വന്തം പൂര്‍വികരുടെ നാട്ടിലെ, ഇന്ത്യയിലെ കീഴാള ജനതയുടെ ജീവിത സാഹചര്യങ്ങള്‍ അദ്ദേഹത്തെ തീര്‍ത്തും നിരാശനാക്കി. ആഫ്രിക്ക, ഏഷ്യ, കരീബിയന്‍ നാടുകള്‍ എല്ലായിടത്തും പോസ്റ്റ് കൊളോണിയല്‍ കാലഘട്ടത്തിലും നിലനില്‍ക്കുന്ന ദാരിദ്ര്യവും മനുഷ്യത്വരഹിതമായ ജീവിതാവസ്ഥയും കണ്ട നെയ്‌പോള്‍ അവയെല്ലാം മറയില്ലാതെ പകര്‍ത്തി. അതിനാല്‍ തന്നെ ‘ആന്‍ ഏരിയ ഓഫ് ഡാര്‍ക്ക്‌നെസ്റ്റ്’ അടക്കമുള്ള പോസ്റ്റ് കൊളോണിയല്‍ രാജ്യങ്ങളില്‍ വലിയ ഞെട്ടലുളവാക്കി. 1962 മുതല്‍ ഒരു വര്‍ഷക്കാലം സ്വന്തം പൂര്‍വപിതാക്കളുടെ രാജ്യമായ ഇന്ത്യയില്‍ കഴിഞ്ഞതിന്റെ ബാക്കി പത്രമാണ് ‘ആന്‍ ഏരിയ ഓഫ് ഡാര്‍ക്ക്‌നെസ്’. പക്ഷെ നെയ്‌പോളിന്റെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ ഒരു പ്രധാന ന്യൂനത അവ തികച്ചും പാശ്ചാത്യമായ ഒരു വീക്ഷണ കോണില്‍ നിന്നും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനസമൂഹങ്ങളെ വീക്ഷിക്കുന്നു എന്നതാണ്. അതിനാല്‍ തന്നെ ദാരിദ്ര്യത്തിനും സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ക്കും വിധിവിശ്വാസത്തിനും ഇടയില്‍ ജീവിക്കുന്ന ഈ രാജ്യങ്ങളിലെ കീഴാളരുടെ മനസ് കണ്ടെത്താനുളള ഒരു ശ്രമവും എഴുത്തുകാരനില്‍ നിന്നും ഉണ്ടാവുന്നില്ല. പകരം ”തെരുവിലെ ചളിയില്‍ വിസര്‍ജ്ജിക്കുന്ന ഗ്രഹണി ബാധിച്ച കുഞ്ഞിന്റെ വിസര്‍ജ്യം ഭക്ഷിക്കാനായി പിറകില്‍ നില്‍ക്കുന്ന രോമം കൊഴിഞ്ഞ് എല്ലുന്തിയ പട്ടിയെ” മാത്രമെ നെയ്‌പോളിന് കാണുവാന്‍ സാധിക്കുന്നുള്ളു. ഭാഷയുടെയും വര്‍ണനയുടെയും കൃത്യതയിലും എഴുത്തുകാരന് നഷ്ടമാവുന്നത് സഹാനുഭൂതിയാണ്. നിന്ദിതരോടും മര്‍ദ്ദിതരോടുമുള്ള സഹാനുഭൂതി.
‘മിഗ്വല്‍ സ്ട്രീറ്റ്’ (1959) എന്ന കഥാസമാഹാരമാണ് നെയ്‌പോളിന്റെ ആദ്യകൃതി. തുടര്‍ന്നുവന്ന ‘എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്’ (1961) ലോകത്തിലെ ഏറ്റവും മികച്ച നൂറ് ഇംഗ്ലീഷ് നോവലുകളിലൊന്നായി ഗണിക്കപ്പെടുന്നു. പിന്നീട് വന്ന ‘ആന്‍ ഏരിയ ഓഫ് ഡാര്‍ക്ക്‌നസ്’ (1964) ‘ഇന്‍ എ ഫ്രീസ്റ്റേറ്റ്’ (1971), ‘എ ബെന്റ് ഇന്‍ ദ റിവര്‍’ (1979) ‘ദ എനിഗ്മ ഓഫ് അറൈവല്‍’ (1987) ‘ഹാഫ് എ ലൈവ്’ 2001 എന്നിവയാണ് നെയ്‌പോളിന്റെ മികച്ച രചനകളായി അറിയപ്പെടുന്നത്. ഇതില്‍ ‘ദ എനിഗ്മ ഓഫ് അറൈവല്‍’ ഒരു നോവലിനേക്കാളുപരി ഒരു ആത്മകഥയാണ്- വി എസ് നെയ്‌പോള്‍ എന്ന എഴുത്തുകാരന്‍ തന്നെ നോവല്‍ രൂപത്തില്‍ എഴുതുന്ന കൃതി നെയ്‌പോളിന്റെ ജീവിതത്തിലെ ആന്തരിക വ്യത്യാസങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. 2001 ല്‍ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചു.
സ്‌കോളര്‍ഷിപ്പോടെയുള്ള ഓക്‌സ്‌ഫെഡിലെ പഠനകാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഭാര്യ പാട്രിക് നേല്‍ ആണ് നെയ്‌പോളിലെ എഴുത്തുകാരനെ വളര്‍ത്തിയത് എന്നു പറയാം. നെയ്പാളിന്റെ സാഹിത്യ ജീവിതത്തില്‍ എന്നും പ്രചോദനമായത് അവരായിരുന്നു. യൂജിന്‍ ഒനീല്‍ എന്ന പ്രശസ്ത അമേരിക്കന്‍ നാടകകൃത്തിന്റെ ഏറ്റവും പ്രശസ്തമായ നാടകം ”എമ്പറര്‍ ജോണ്‍സി”ലെ പ്രധാന കഥാപാത്രം ”യാങ്ക്” എന്ന കപ്പല്‍ തൊഴിലാളിയാണ്. കാരിരുമ്പിന്റെ കരുത്തുള്ള ”യാങ്ക്” അലറിയടുക്കുന്ന തിരമാലകളെയും കരകാണാത്ത സമുദ്രങ്ങളെയും തെല്ലും ഭയപ്പെടുന്നില്ല. യാങ്കിനെ എപ്പോഴും അസ്വസ്ഥനാക്കുന്നത് ഭാവിയോ ഭൂതമോ ഇല്ലാത്ത സ്വന്തം ജീവിതം തന്നെയാണ് ”ഐ എയിന്റ് ബിലോങ്” എനിക്ക് സമരസപ്പെടാനാവുന്നില്ല എന്നതാണ് സ്വകാര്യ നിമിഷങ്ങളിലെ യാങ്കിന്റെ വ്യഥ. ഞാന്‍ ഈ സമൂഹത്തിന്റെ ഭാഗമല്ല, എന്നാല്‍ എവിടെയാണ് എന്റെ വേരുകള്‍ ഈ ചോദ്യത്തിനുള്ള മറുപടിക്കായുള്ള അന്വേഷണം തന്നെയായിരുന്നു. യാങ്കിനെപ്പോലെ, നെയ്‌പോളിന്റെ ജീവിതവും. ലണ്ടനില്‍ സ്വന്തം പ്രശസ്തിയുടെ കൊടുമുടികളില്‍ ജീവിക്കുമ്പോഴും ഒരു യാഥാസ്ഥിതിക ബ്രിട്ടീഷ് പ്രഭുവായി സ്വയം സങ്കല്‍പിക്കുമ്പോഴും പോര്‍ട്ട് സെയ്ന്റ് ലൂയിസ് എന്ന കരീബിയന്‍ തുറമുഖ നഗരത്തിലെ ബാല്യവും നാടില്ലാത്ത ഒരു പ്രവാസിയുടെ വേദനയും മറക്കാനും മറച്ചുവയ്ക്കാനാവാതെ നിരന്തരം സ്വന്തം ജീവിതത്തോടും ലോകമെമ്പാടുമുള്ള കീഴാളരായ പ്രവാസികളുടെ ജീവിതാവസ്ഥയോടും കലഹിച്ചുകൊണ്ടിരുന്ന വിദ്യാധര്‍ സൂരജ് പ്രസാദ് നെയ്‌പോള്‍ ഓര്‍മയാവുമ്പോഴും പുതിയ രാജ്യങ്ങളില്‍ പുതിയ കലാപങ്ങളില്‍ നാടും വീടും നഷ്ടപ്പെട്ട ഉറ്റവരില്ലാത്ത പ്രവാസികള്‍ ജനിച്ചുകൊണ്ടേയിരിക്കുന്നു.