January 27, 2023 Friday

പുതിയ തദ്ദേശ ഭരണസമിതികൾ അധികാരം ഏൽക്കുമ്പോൾ

കെ പ്രകാശ് ബാബു
ജാലകം
December 20, 2020 5:30 am

കെ പ്രകാശ് ബാബു

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് എന്ന പ്രാദേശിക മാമാങ്കം കഴിഞ്ഞു. കോവിഡ് മഹാമാരി കാരണം അല്പം താമസിച്ചാണെങ്കിലും ഡിസംബർ അവസാനത്തോടുകൂടി ജനപ്രതിനിധിയായി ജയിച്ച ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. വികേന്ദ്രീകൃത ആസൂത്രണത്തിൽക്കൂടി ഏറെ ലോകശ്രദ്ധയാകർഷിച്ച സംസ്ഥാനമാണ് കേരളം. വാർഷിക ബജറ്റിന്റെ 40 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി മാറ്റി വയ്ക്കുന്ന മറ്റൊരു സംസ്ഥാനവും കേരളമല്ലാതെ രാജ്യത്തില്ല. എന്നുമാത്രമല്ല, ജനങ്ങളുടെയും നാടിന്റെയും ആവശ്യം മനസിലാക്കി ആസൂത്രണത്തെ ജനകീയമാക്കുകയും അത് താഴെനിന്ന് മുകളിലേക്ക് പോകണമെന്നും കേരളം മറ്റുള്ളവരെ പഠിപ്പിച്ചു. ജനകീയാസൂത്രണ പദ്ധതികൾക്ക് സാർവത്രികമായ അംഗീകാരം നേടിത്തന്നതും മറ്റൊന്നുകൊണ്ടുമല്ല. ഇന്ത്യൻ ഭരണഘടനയുടെ 73 ഉം 74 ഉം ഭേദഗതികളിൽക്കൂടി പാർലമെന്റ് നിർദ്ദേശിച്ച അധികാര വികേന്ദ്രീകരണം നമ്മൾ നടപ്പിലാക്കി. 1994 ൽ കേരള നിയമസഭ പാസാക്കിയ കേരള പഞ്ചായത്ത് രാജ് നിയമവും കേരള മുനിസിപ്പൽ നിയമവും അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ ബാലാരിഷ്ടതകൾ ധാരാളമുള്ള നിയമങ്ങളായിരുന്നു. അതിനാലാണ് പ്രശസ്തനായ സാമ്പത്തിക വിദഗ്ധനും മുൻപ് പശ്ചിമബംഗാൾ ഫിനാൻസ് കമ്മിഷൻ ചെയർമാനുമായിരുന്ന ഡോ. എസ് ബി സെൻ ചെയർമാനായി ഒരു കമ്മിറ്റിയെ രൂപീകരിച്ചുകൊണ്ട് അധികാര വികേന്ദ്രീകരണ ആശയങ്ങളെ സാക്ഷാത്ക്കരിക്കുന്നതിനുള്ള കാഴ്ചപ്പാടോടുകൂടിയ അഴിച്ചുപണികൾ നടത്തി പ്രസ്തുത നിയമങ്ങളെ സമ്പുഷ്ടമാക്കാൻ 1996 ലെ നായനാർ സർക്കാർ തീരുമാനിച്ചത്.

ആദ്യ നിയമത്തിന്റെ അലകും പിടിയും മാറ്റിയ നിയമ പരിഷ്കാരങ്ങൾ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ കേരളം നടപ്പിലാക്കി. ഡോ. എസ് ബി സെന്നിന്റെ നേതൃത്വത്തിലുള്ള അധികാര വികേന്ദ്രീകരണ കമ്മിറ്റി അതിന്റെ ആദ്യ (ഇടക്കാല) റിപ്പോർട്ട് ഗവൺമെന്റിനു സമർപ്പിച്ചതിനു ശേഷം ഒരു പത്രസമ്മേളനവും നടത്തി. അന്നൊരു പത്രപ്രവർത്തകൻ കമ്മിറ്റി ചെയർമാനോട് ഒരു അപ്രധാനമായ ചോദ്യം ചോദിച്ചു. ”ഗവൺമെന്റ് കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന അധികാരം വികേന്ദ്രീകരിച്ച് താഴെ തട്ടിലോട്ട് കൊടുക്കുമ്പോൾ അഴിമതിയും വികേന്ദ്രീകരിക്കപ്പെടുമോ? ” അപ്രധാനമെന്ന് ആദ്യം തോന്നിയ ചോദ്യം തികച്ചും പ്രസക്തമാണെന്ന് പിന്നീടു കൂടിയ കമ്മിറ്റി വിലയിരുത്തി. അങ്ങനെയാണ് ”ഓംബുഡ്സ്മാൻ” എന്ന സംവിധാനം നിയമ പ്രാബല്യത്തോടുകൂടി കേരളത്തിൽ ആരംഭിച്ചത്.

കൂടാതെ അഴിമതി തടയുന്നതിനായി തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കും സ്വയംഭരണം എന്ന കാഴ്ചപ്പാടിനെ ഏറെ തകർക്കുന്ന ഒന്നാണ് ഇന്ന് ഈ മേഖലയിൽ നിലനിൽക്കുന്ന അഴിമതി. ഒരു നിർമാണ പ്രവർത്തനം നടക്കുമ്പോൾ അതിന് ഉപയോഗിക്കുന്ന സിമന്റ് ആയാലും മണലായാലും കമ്പിയായാലും ക്യൂബിക് മീറ്റർ എന്ന അളവ് ഒഴിവാക്കി എത്ര ലോഡ് എന്നോ എത്ര കിലോ എന്നോ സാധാരണക്കാരന് മനസിലാക്കാൻ കഴിയുന്ന ഭാഷയിൽ എസ്റ്റിമേറ്റിൽ എഴുതണമെന്ന് അന്ന് നിർദ്ദേശിച്ചിരുന്നു. അതോടൊപ്പം ”സോഷ്യൽ ഓഡിറ്റ്” എന്ന കാഴ്ചപ്പാടും നിയമത്തിൽക്കൂടി കൊണ്ടുവന്നു. എന്നാൽ അഴിമതി ദീർഘായുസുള്ളതും സോഷ്യൽ ഓഡിറ്റും എസ്റ്റിമേറ്റിലെ നാടൻ ശൈലിയുമെല്ലാം അല്പായുസുകളാണെന്നും ചിലർ തെളിയിച്ചു. ത്രിതല ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ചില നല്ല പൊതുപ്രവർത്തകർ അപൂർവമായിട്ടെങ്കിലും ലൈസൻസുള്ള കോൺട്രാക്ടർമാരായി മാറുകയും പൊതുപ്രവർത്തനരംഗം ഉപേക്ഷിക്കുകയും ചെയ്തു.

പുതുതായി അധികാരമേൽക്കുന്ന ഭരണസമിതികൾ അഴിമതി മുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു വേണ്ടി പ്രയത്നിക്കുമെന്ന് നമുക്ക് ആശിക്കാം. ഒരു പദ്ധതിക്കുവേണ്ടി വകയിരുത്തുന്ന തുക മുഴുവൻ ആ പദ്ധതിക്കു വേണ്ടി തന്നെ ചെലവാക്കുന്നു എന്നുറപ്പു വരുത്താനും നമുക്കു കഴിഞ്ഞില്ലെങ്കിൽ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസമായിരിക്കും ഹനിക്കപ്പെടുക. 1995 ൽ കേരള സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കൈമാറിയ കൃഷിഭവൻ, മൃഗാശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രം, സർക്കാർ സ്ക്കൂളുകൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങളും അവയിലെ ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സമസ്ത ജീവനക്കാരും ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്. അതിൽ ചില ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും ”ഇരട്ട നിയന്ത്രണം” താൽക്കാലികമായി വേണ്ടിവരുമെന്നുള്ളതുകൊണ്ട് അതിനുള്ള വ്യവസ്ഥകൾ നിലനിർത്തിയിട്ടുണ്ട് എന്നുമാത്രം. കൈമാറിക്കിട്ടിയ ഉദ്യോഗസ്ഥരുമായി നല്ല സൗഹാർദ്ദപരമായ സമീപനം കൈക്കൊണ്ടെങ്കിൽ മാത്രമെ മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കാൻ ജനപ്രതിനിധികൾക്ക് കഴിയുകയുള്ളു. സ്നേഹവും ബഹുമാനവും വിലയ്ക്കു വാങ്ങാനോ അടിച്ചേൽപ്പിക്കാനോ കഴിയാത്തതായതുകൊണ്ടാണ് ജനപ്രതിനിധി-ഉദ്യോഗസ്ഥ ബന്ധത്തെക്കുറിച്ച് കേരളം പ്രത്യേക ചട്ടം ഉണ്ടാക്കിയത്.

ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്യാനും അവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് എഴുതാനും അധികാരമുള്ള കേരളത്തിലെ ജനപ്രതിനിധികളായ ചെയർമാൻ/പ്രസിഡന്റ്/മേയർമാർ വളരെയധികം ജാഗ്രതയോടെയും നിയമത്തിന്റെയും പ്രായോഗികതയുടെയും കണ്ണിൽക്കൂടിയും തന്നിൽ അർപ്പിതമായ കടമ നിർവഹിക്കണം. ജനപ്രതിനിധികൾ ഓർത്തിരിക്കേണ്ടുന്ന ഒരു പ്രധാനപ്പെട്ട സൂക്തം ആണ് ”അധികാരം ജനങ്ങളിലേക്ക്” എന്നത്. അത് തെറ്റിദ്ധരിച്ച് അധികാരം ജനപ്രതിനിധികളിൽ വരെ മാത്രം മതി എന്നു പലരും ചിന്തിക്കുന്നു. അതുകൊണ്ടാണ് ഗ്രാമസ്വരാജിന്റെ അടിസ്ഥാന കാഴ്ചപ്പാടിന്റെ പ്രധാന ഭാഗമായ ‘ഗ്രാമസഭ’ യെ ജനപ്രതിനിധികൾ അവഗണിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ജനങ്ങൾക്കാവശ്യമായ സാമൂഹ്യ അവബോധം വളർത്തിയെടുക്കാനും ഇക്കാര്യത്തിൽ നാം ശ്രദ്ധിക്കേണ്ടുന്നതാണ്. തനിക്കെന്തു കിട്ടും എന്നറിയാനല്ല മറിച്ച് തന്റെ നാടിനും സമൂഹത്തിനും എന്തെല്ലാമാണ് വേണ്ടത്, എന്താണ് ചെയ്യാൻ കഴിയുക, എത്രത്തോളം ചെയ്യാൻ കഴിയും എന്നതെല്ലാം തന്നെ തുറന്ന മനസോടെ കാലുഷ്യമില്ലാതെയും സഹിഷ്ണുതയോടെയും ചർച്ച ചെയ്യാൻ ഈ നിയമവേദിയിൽ നമുക്ക് കഴിയണം. തദ്ദേശ ജനപ്രതിനിധികൾക്കിടയിൽ വളരെ മുൻപുതന്നെ കടന്നുകൂടിയിട്ടുള്ള ഒരു തെറ്റിദ്ധാരണ കൂടി ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. നഗരസഭകളിലോ ത്രിതല പഞ്ചായത്തുകളിലോ നിയമം അനുവദിക്കാത്ത ഒന്നാണ് ”പ്രതിപക്ഷ നേതാവ്” എന്ന സ്ഥാനം.

കാരണം തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടക്കുന്നത് ഭരണസമിതികളിലേക്കാണ്. അതിന്റെ അർത്ഥം തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ജനപ്രതിനിധികളും ഭരണസമിതി അംഗങ്ങളാണ്. അല്ലാതെ കുറച്ചുപേർ മാത്രം ഭരണസമിതിയും മറ്റു കുറച്ചു ജനപ്രതിനിധികൾ പ്രതിപക്ഷ സമിതിയുമല്ല. പ്രതിപക്ഷം എന്ന സങ്കൽപ്പമേ തദ്ദേശഭരണത്തിലില്ല. പിന്നെയെങ്ങിനെയാണ് പ്രതിപക്ഷ നേതാവുണ്ടാകുന്നത്. അതുകൊണ്ടാണ് എല്ലാ ഭരണ സമിതിയംഗങ്ങളും ഏതെങ്കിലും ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗമായിരിക്കും എന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തിയത്. ഭരണസമിതി ഒരുമിച്ചിരുന്ന് നാടിന്റെ വികസനത്തിനും സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികൾ തയ്യാറാക്കുക, അത് നടപ്പിലാക്കുക എന്നതാണ് അതിന്റെ കടമ. ഭരണഘടന അനുശാസിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന സമിതിയാണ് ജില്ലാ പ്ലാനിംഗ് കമ്മിറ്റി. ഗ്രാമ‑നഗര പദ്ധതികളെ കൂട്ടിയിണക്കി ജില്ലയ്ക്ക് മൊത്തത്തിലുള്ള പ്ലാൻ തയ്യാറാക്കുന്നത് ഡിപി സി ആണ്. സ്പേഷ്യൽ പ്ലാനിംഗ് (സ്ഥലത്തെ സംബന്ധിച്ചുള്ള ആസൂത്രണം) ഡിപിസി യുടെ ഉത്തരവാദിത്തമാണ്. പരിസ്ഥിതി സംരക്ഷണം കൂടി ഉദ്ദേശിച്ചു കൊണ്ടുള്ള സ്പേഷ്യൽ പ്ലാനിംഗ് എല്ലാ ജില്ലകളിലും നടപ്പിലാക്കേണ്ടുന്നതാണ്.

പ്രത്യേകിച്ചും കേരള ഗ്രാമങ്ങൾ വളരെ വേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയ പരിഗണനകൾക്കതീതമായി യോജിച്ച് മുന്നോട്ടു നീങ്ങാൻ തദ്ദേശ സ്വയംഭരണ സമിതികൾക്ക് കഴിഞ്ഞാൽ അധികാര വികേന്ദ്രീകരണം കൂടുതൽ ഫലപ്രാപ്തിയിലെത്തും. അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ ജനപ്രതിനിധികളുടെ ഭരണസമിതിക്ക് അവരുടെ തദ്ദേശ ഭരണസ്ഥാപനത്തിൽ ഉല്പാദന മേഖലയിലും അടിസ്ഥാന സൗകര്യവികസനത്തിലും സേവന മേഖലയിലുമെല്ലാം എന്തു മാത്രം ഭൗതികനേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു എന്നു ജനങ്ങളോടു പറയാൻ കഴിയണം’ അതിന്റ പ്രോഗ്രസ് റിപ്പോർട്ടായിരിക്കണം അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യേണ്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.