16 April 2024, Tuesday

Related news

April 16, 2024
April 9, 2024
April 7, 2024
April 6, 2024
April 2, 2024
March 31, 2024
March 28, 2024
March 27, 2024
March 23, 2024
March 20, 2024

കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക് തിരിയുമ്പോള്‍

Janayugom Webdesk
August 2, 2022 5:00 am

രാജ്യത്തെ കർഷകർ വീണ്ടും പ്രക്ഷോഭത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്നു. കർഷക താല്പര്യങ്ങൾക്ക് എതിരായ മോഡി സര്‍ക്കാരിന്റെ നിയമങ്ങൾക്കെതിരെ നടത്തിയ ഐതിഹാസിക സമരത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കാൻ പ്രധാനമന്ത്രി നേരിട്ടിടപെട്ട് നൽകിയ ഉറപ്പുകൾ ലംഘിച്ച വഞ്ചനക്കെതിരെയാണ് സംയുക്ത കിസാൻ മോർച്ച വീണ്ടും പ്രക്ഷോഭത്തിന് നിർബന്ധിതമായിരിക്കുന്നത്. ജൂലൈ മൂന്നിലെ മോർച്ചയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ ജൂലൈ മുപ്പത്തിയൊന്നിന് റയിൽപ്പാതകളും റോഡുകളും ഉപരോധിച്ചു. പ്രഖ്യാപിത ദേശീയ മാധ്യമങ്ങൾ അതുസംബന്ധിച്ച വാർത്തകൾ പതിവുപോലെ അവഗണിച്ചു എങ്കിലും പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഒഡിഷ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഗുജറാത്ത്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് കർഷകർ റോഡ്, റയിൽ ഗതാഗതം തടസപ്പെടുത്തിയതായാണ് വാർത്ത.

 


ഇതുകൂടി വായിക്കു; വാക്കുകളെയും പ്രതിഷേധങ്ങളെയും ഭയക്കുന്നവര്‍ | Janayugom Editorial


തുടർന്ന്, ഓഗസ്റ്റ് ഏഴു മുതൽ 14 വരെയുള്ള ദിവസങ്ങളിൽ രാജ്യവ്യാപകമായി “ജയ് ജവാൻ, ജയ് കിസാൻ” കൺവെൻഷനുകൾ സംഘടിപ്പിക്കാനും മോർച്ച തീരുമാനിച്ചിട്ടുണ്ട്. തങ്ങൾ ഉന്നയിച്ചുപോന്ന ആവശ്യങ്ങൾക്കു പുറമെ മോഡിസർക്കാരിന്റെ ‘അഗ്നിപഥ്’ പദ്ധതിയിൽ കർഷക ജനതയ്ക്കുള്ള അമർഷം രേഖപ്പെടുത്തുക കൂടിയാണ് മോർച്ചയുടെ ലക്ഷ്യം. ജനസംഖ്യയിൽ പകുതിയിലേറെ വരുന്ന കർഷക, ഗ്രാമീണ കുടുംബങ്ങൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന തൊഴിൽ മേഖലയാണ് സൈനികസേവനം. അതിന്റെ വാതിലുകൾ അവർക്കുനേരെ എന്നെന്നേക്കുമായി കൊട്ടിയടക്കുന്ന പരിഷ്ക്കാരാഭാസമാണ് അഗ്നിപഥ്. അത് കർഷക കുടുംബങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയിൽനിന്നും സാമ്പത്തികമായും വൈകാരികമായും വെട്ടിമാറ്റുമെന്ന് കർഷകർ ഭയപ്പെടുന്നു. കർഷക പ്രക്ഷോഭത്തിൽ അത് പ്രതിഫലിക്കുക തികച്ചും സ്വാഭാവികം മാത്രം.

കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ 2021 ഡിസംബർ ഒൻപതിന് കേന്ദ്ര സർക്കാർ നൽകിയ കത്തിലെ വാഗ്ദാനങ്ങൾ ഒന്നുപോലും നടപ്പാക്കാൻ അവർ സന്നദ്ധമായിട്ടില്ല. മറിച്ച്, ആ വാഗ്ദാനങ്ങൾക്കു വിരുദ്ധമായ നടപടികളും പ്രഖ്യാപനങ്ങളുമാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാര്‍ഷികോല്പന്നങ്ങൾക്കു കുറഞ്ഞ താങ്ങുവില സംബന്ധിച്ച നിയമപരമായ ഉറപ്പു നടപ്പാക്കുന്നതിൽ നടപടികൾ വൈകുന്നു. അതിനുവേണ്ടി നിയോഗിക്കപ്പെട്ട കമ്മിറ്റികളിൽ യഥാർത്ഥ കർഷക പ്രതിനിധികൾ ഉൾപ്പെട്ടിട്ടില്ലെന്നുമാത്രമല്ല കർഷകദ്രോഹ നിയമങ്ങളെ പിന്തുണയ്ക്കുന്നവർക്കാണ് മേൽകൈ എന്നതും അവരെ പ്രകോപിപ്പിക്കുന്നു. സ്വാമിനാഥൻ കമ്മിഷൻ ശുപാർ ശയുടെ അടിസ്ഥാനത്തിൽ കാർഷികച്ചെലവുകൾക്കു പുറമെ അമ്പതു ശതമാനം അധിക തുകയും ചേർത്തുള്ള വിലയാണ് കർഷകർ ആവശ്യപ്പെടുന്നത്. കർഷകവിരുദ്ധ വൈദ്യുതി ബില്ല് യാതൊരു കൂടിയാലോചനകൾക്കും തയാറാവാതെ മന്ത്രിസഭയുടെ അംഗീകാരത്തോടെ പാർലമെന്റിൽ എത്തുന്നു. കർഷക പ്രക്ഷോഭകർക്ക് എതിരായ കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. കര്‍ഷകവിരുദ്ധ നിലപാടുകൾക്ക് കുപ്രസിദ്ധനായ അജയ് മിശ്ര ടേനി ഇപ്പോഴും കേന്ദ്ര മന്ത്രിസഭയിൽ തുടരുന്നു. പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങളുടെ പുനരധിവാസം, അവർക്കു സ്മാരകത്തിനായി സിംഘു അതിർത്തിയിൽ അനുയോജ്യമായ സ്ഥലം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രക്ഷോഭത്തിൽനിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചാണ് കർഷകർ. മുൻ പ്രക്ഷോഭത്തിൽനിന്നും വ്യത്യസ്തമായ എന്ത് നിലപാടാണ് മോർച്ച അവലംബിക്കുകയെന്നും രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും വർഗ ബഹുജന പ്രസ്ഥാനങ്ങളുമായുള്ള ഏകോപനത്തിന്റെ സാധ്യത എന്ത്, എങ്ങനെ എന്നതുമാണ് രാജ്യം ഉറ്റുനോക്കുന്നത്.


ഇതുകൂടി വായിക്കു; കര്‍ഷകപ്രക്ഷോഭം രാജ്യത്തിന് നല്‍കുന്ന ആഹ്വാനം


 

രണ്ട് വർഷങ്ങൾക്കുള്ളിൽ നടക്കാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളുമാണ് ബിജെപിയുടെയും മോഡി ഭരണത്തിന്റെയും മുഖ്യ അജണ്ട. പണക്കൊഴുപ്പും പേശീബലവും അധികാരത്തിന്റെ അനന്ത സാധ്യതകളുമാണ് അവരുടെ മൂലധനം. ജനങ്ങളും അവരുടെ ജീവിത സമരവും അതിന്റെ രാഷ്ട്രീയവുമായിരിക്കും പ്രതിപക്ഷ പ്രതിരോധത്തിന്റെ അടിത്തറ. മോഡി സർക്കാരിന്റെ ഭരണനയങ്ങൾകൊണ്ട് പൊറുതിമുട്ടിയ കർഷകർ, തൊഴിലാളികൾ, തൊഴിൽ രഹിതർ തുടങ്ങി മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളുടെ രാഷ്ട്രീയ ഭാവനയ്ക്ക് നിറവും ശബ്ദവും രൂപവും നൽകാൻ രാജ്യത്തെ പ്രക്ഷുബ്ധാന്തരീക്ഷത്തെ പ്രയോജനപ്പെടുത്തുക എന്നതാണ് വെല്ലുവിളി. മോഡി സർക്കാരിനെ അധികാരത്തിൽനിന്നും പുറത്താക്കാതെ കർഷകരും തൊഴിലാളിയുമടക്കം ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക അസാധ്യമായിരിക്കും. വെള്ളം ചോരാത്ത അറകളായി നിന്നുകൊണ്ട് യാതൊന്നും നേടാനാവില്ലെന്ന് കർഷക, തൊഴിലാളി പ്രസ്ഥാനങ്ങൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാവണം. അവരുടെ രോഷവും സമരോത്സുകതയും രാഷ്ട്രീയ പോരാട്ടത്തിന്റെ തലത്തിലേക്ക് ഉയർത്തികൊണ്ടുവരികയാണ് ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ പുരോഗമന രാഷ്ട്രീയത്തിന്റെ അടിയന്തര ഉത്തരവാദിത്തം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.