August 11, 2022 Thursday

ദാരിദ്ര്യത്തെ മതിൽകെട്ടി വേർതിരിക്കുമ്പോൾ

ഡോ കെ പി വിപിൻ ചന്ദ്രൻ
മാനവീയം
February 25, 2020 5:30 am

ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാഴ്ച മറയ്ക്കാന്‍ അഹമ്മദാബാദിലെ ഒരു ചേരിപ്രദേശത്തെ കൊട്ടിയടച്ച് അരകിലോമീറ്ററോളം നീളത്തിൽ മതിൽ പണിതിരിക്കുന്നു. ഈ ചേരി പ്രദേശത്ത് അഞ്ഞൂറോളം കുടുംബങ്ങൾ വളരെ മോശം അവസ്ഥയിലുള്ള വീടുകളിലാണ് ജീവിക്കുന്നത്. ഏകദേശം 2500 ഓളം ജനങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി മാത്രം പരിഗണിക്കാൻ സാധിക്കുന്നതല്ല, മറിച്ച് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 73 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യയിലെ വികസന പിന്നോക്കാവസ്ഥ പൂർണമായി പരിഹരിക്കാനും ഇന്ത്യയിലെ ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും ഭരണകൂടം പൂർണമായും പരാജയപ്പെടുന്ന സ്ഥിതിയാണ് ഇന്നുള്ളത്. രാജ്യത്തിന്റെ വികസന പിന്നാക്കാവസ്ഥയ്ക്ക് കാരണങ്ങളിലൊന്നായ ദാരിദ്ര്യത്തെ പൂർണമായും ഇല്ലാതാക്കാനുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കാനാവാതെ നമ്മുടെ ദരിദ്രരുടെ ചേരിപ്രദേശങ്ങൾ മതിലുകെട്ടി വേർതിരിക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യുന്നത്. 2024 ൽ ഇന്ത്യ അഞ്ച് ട്രില്ല്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ എത്തിച്ചേരുമെന്ന് പ്രഖ്യാപനങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് ഒരു ജനതയുടെ ദാരിദ്ര്യത്തെ മതിൽകെട്ടി മറയ്ക്കാൻ ശ്രമിക്കുന്നത്.

അമർത്യാ സെന്നിന്റെ അഭിപ്രായത്തിൽ ജീവിതത്തിന്റെ ദാരിദ്ര്യം സ്ഥിതിചെയ്യുന്നത് വ്യക്തി യഥാർത്ഥത്തിൽ ജീവിക്കുന്ന ദാരിദ്ര്യ അവസ്ഥയിൽ മാത്രമല്ല, സാമൂഹ്യ വിലക്കുകളും വ്യക്തിപരമായ സാഹചര്യങ്ങളും മൂലം മറ്റു ജീവിതമാതൃകകൾ തെരഞ്ഞെടുക്കുന്നതിനുള്ള യഥാർത്ഥ അവസരങ്ങൾ ഇല്ലാതാക്കുന്നതിലും കൂടിയാണ്. അപ്പോൾ ദാരിദ്ര്യം എന്നത് ആത്യന്തികമായി കഴിവുകൾ അപഹരിക്കുന്നതിന്റെ പ്രശ്നമാണ്. ആശയപരമായ തലത്തിൽ മാത്രമല്ല, സാമ്പത്തിക അന്വേഷണങ്ങളിൽ സാമൂഹികമോ രാഷ്ട്രീയമോ ആയ അപഗ്രഥനങ്ങളിലും കൂടി ആ മൗലിക ബന്ധം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വികസനത്തിന് മൗലിക ലക്ഷ്യം മനുഷ്യന്റെ കഴിവുകളുടെ വിപുലീകരണമാണ് എന്നതാണ് ആധുനിക വികസന സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. എന്നാൽ മൊത്തം ദേശീയ ഉല്പാദനത്തെ പോലുള്ള സൂചകങ്ങളിലൂടെയാണ് സാമ്പത്തികവളർച്ച ഉണ്ടാവുന്നതെന്നാണ് മുഖ്യമായും ചിലർ അവകാശപ്പെടുന്നത്. സാമ്പത്തിക വികസനം അപഗ്രഥിക്കുമ്പോൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്, കാര്യ‑കാരണ ബന്ധങ്ങൾ, രണ്ട്, മനുഷ്യരുടെ കഴിവുകൾ ഉണർത്തുന്നതിനും സ­ഹായകമാവുന്ന മറ്റു നയങ്ങളും സ്ഥാപനപരമായ മാറ്റങ്ങളും. വികസന പരിപാടികളുടെ വിജയം കേവലം വരുമാനങ്ങളിലും ഉല്പാദനത്തിലും അവ ചെലുത്തുന്ന സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താനാവില്ല.

ജനങ്ങൾക്ക് നയിക്കാൻ കഴിയുന്ന ജീവിതത്തിലാണ് അടിസ്ഥാന തലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഐക്യരാഷ്ട്ര സംഘടന ഫെബ്രുവരി 20 ന് ലോക സാമൂഹിക നീതിദിനമായി ആചരിച്ചു. ഈ വർഷത്തെ സാമൂഹിക നീതി ദിനത്തിന്റെ മുഖ്യ ആശയം “സാമൂഹികനീതി കൈവരിക്കുന്നതിനുള്ള അസമത്വ വിടവുകൾ അവസാനിപ്പിക്കുക” എന്നതായിരുന്നു. ഐക്യരാഷ്ട്രസഭയെ സം­ബന്ധിച്ചിടത്തോളം ആഗോളതലത്തിൽ എ­ല്ലാവർക്കും സാമൂഹികനീതി ഉറപ്പുവരുത്താൻ വികസനവും അതിനൊപ്പം ജനങ്ങളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്. ആഗോളവൽക്കരണ കാലത്ത് സാമൂഹ്യനീതി എന്ന ആശയത്തിന് കാലികപ്രസക്തി ഏറെയാണ്. ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ് തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം ഒരു അടിസ്ഥാന മനുഷ്യാവകാശമാണ്. ഈ സ്വാതന്ത്ര്യങ്ങൾ ഇന്ത്യക്ക് നൽകാൻ കഴിയുന്നതുവരെ ഇന്ത്യ നേടിയെന്ന് അവകാശപ്പെടുന്ന സാമ്പത്തിക വളർച്ച അവകാശവാദങ്ങൾ സംശയാസ്പദമാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ വിശപ്പ്, ദാരിദ്ര്യം, അസമത്വം എന്നിവയെക്കുറിച്ചുള്ള നിതി ആയോഗ് തയ്യാറാക്കിയ റിപ്പോർട്ട് വലിയ ആശങ്കകൾ സൃഷ്ടിക്കുന്നു. അഞ്ചിൽ ഒരു ഇന്ത്യക്കാരൻ ദാരിദ്ര്യരേഖക്ക് താഴെയാണെന്ന് ഇന്ത്യയുടെ 2019ലെ സുസ്ഥിര വികസന ലക്ഷ്യസൂചിക റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 640 ജില്ലകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദാരിദ്ര്യം, പട്ടിണി, അസമത്വം എന്നിവ നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നു.

2019–20 ലെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഇന്ത്യയുടെ സ്കോർ 57ല്‍ നിന്ന് 60 ആയി. എന്നിരുന്നാലും സംസ്ഥാനങ്ങളുടെ സ്കോറുകൾ ആശങ്കാജനകമായ ഒരു പ്രവണത വെളിപ്പെടുത്തുന്നു. സൂചികയിലെ വിവിധ സംസ്ഥാനങ്ങളുടെ പ്രകടനം 50 മുതൽ 70 വരെയാണ്. കേരളം ഒന്നാം സ്ഥാനം നേടിയെങ്കിലും ബീഹാർ ആണ് ഏറ്റവും പുറകിൽ. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങൾ വിപരീത പ്രവണത കാണിക്കുന്നു. മേഘാലയ, ഹിമാചൽ പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ യാതൊരു പുരോഗതിയും കാണിച്ചില്ലെങ്കിലും ആന്ധ്രയും, സിക്കിമും വളർച്ച രേഖപ്പെടുത്തി. ബീഹാർ, ഒഡീഷ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാൾ എന്നിവയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. 2030 ൽ ഇന്ത്യ നേടിയെടുക്കേണ്ട സുസ്ഥിരവികസന ലക്ഷ്യത്തിൽ ഒന്നാം ലക്ഷ്യമായ “ദാരിദ്ര്യം പൂർണമായി ഇല്ലാതാക്കുക” എന്നതുപോലും നേടിയെടുക്കാൻ സാധിക്കുന്നില്ല എന്നുമാത്രമല്ല ദാരിദ്ര്യം ഇന്ത്യയിൽ വർധിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ കുട്ടികളുടെ പോഷകാഹാരക്കുറവ് അസാധാരണമാംവിധം ഉയർന്നതാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ‑മൂന്നു വയസ്സിനു താഴെയുള്ള കുട്ടികളിൽ പകുതിയും ഭാരക്കുറവ്, വളർച്ച മുരടിപ്പ് എന്നിവ അനുഭവിക്കുന്നവരാണ്.

സബ്ബ്-സഹാറൻ ആഫ്രിക്കയിലെ രാജ്യങ്ങളെക്കാൾ വളരെ മോശപ്പെട്ട അവസ്ഥയിലാണ് ഇന്ത്യയിലെ കുട്ടികൾ. ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ മേഖലയിൽ ഇന്ന് പട്ടിണി, ദാരിദ്ര്യം, പോഷകാഹാരക്കുറവ് തുടങ്ങിയ വികസന പ്രശ്നങ്ങളെ ‘ഏഷ്യൻ പ്രഹേളിക’ എന്നാണ് വികസന സാമ്പത്തിക ശാസ്ത്രജ്ഞന്മാർ വിളിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ടൈപ്പ്-2 പ്രമേഹമുള്ള മുതിർന്നവരാണ് ഇന്ത്യയിലുള്ളത്. ഈ എണ്ണം അതിവേഗം വളരുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത് ഇരട്ടിയായി. സാമ്പത്തിക അഭിവൃദ്ധി നേടിയ പല പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ പ്രമേഹനിരക്ക് കൂടുതലാണ്. ഗുജറാത്തിന്റെ കപട വികസനമാതൃകയുടെ നേർചിത്രമാണ് അഹമ്മദാബാദിലെ ചേരിപ്രദേശത്തെ മതിൽ കെട്ടി തിരിക്കുന്നതിലൂടെ കാണിച്ചുതരുന്നത്. ഇന്ത്യയുടെ മാനവ വികസന സൂചികയിൽ ഗുജറാത്ത് 22-ാം സ്ഥാനത്താണ്. ഇവിടെയാണ് ഗുജറാത്തിനെയും കേരളത്തിനെയും താരതമ്യപ്പെടുത്തിയുള്ള വിശകലനം ശ്രദ്ധേയമാകുന്നത്. സാമ്പത്തിക വളർച്ച സാമൂഹ്യ വികസനത്തിന് പര്യാപ്തമല്ലായെന്ന് ഗുജറാത്ത് മാതൃക വെളിപ്പെടുത്തുന്നു. ഗുജറാത്ത് മാതൃക വളർച്ചയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും പ്രത്യേക പരിഗണന നൽകുന്നു. സാമ്പത്തികവളർച്ചയും വ്യാവസായിക വികസനവും ദാരിദ്ര്യം കുറയ്ക്കുന്നതിൽ വലിയ പങ്കു വഹിക്കുമെന്നായിരുന്നു അന്തർലീനമായ യുക്തി. സാമ്പത്തിക വളർച്ച നേടിയെന്ന് അവകാശപ്പെടുന്ന ഗുജറാത്തിൽ സാമൂഹിക വികസന രംഗത്ത് പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ചേരി വികസനം തുടങ്ങിയ മേഖലകളിൽ യാതൊരു ചലനവും സൃഷ്ടിച്ചില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് അലഹബാദിലെ ചേരിപ്രദേശത്തിന്റെ അവസ്ഥ കാണിക്കുന്നത്.

ഇവിടെയാണ് കേരള വികസന മാതൃക ശ്രദ്ധേയമാകുന്നത്. സാമൂഹികവും മാനുഷികവുമായ വികസനത്തിന് ശക്തമായ അടിത്തറ നൽകിയിട്ടുള്ള വികസന സമീപനമാണ് കേരളം സ്വീകരിച്ചുവരുന്നത്. മാനവിക വികസന സൂചികയിൽ കേരളം ഒന്നാംസ്ഥാനം പിന്തുടരുന്നതോടൊപ്പം 2019ലെ സുസ്ഥിര വികസന റിപ്പോർട്ടിലും കേരളം ഒന്നാം സ്ഥാനം നിലനിർത്തുന്നു. ജഗദീഷ് ഭഗവതിയെപ്പോലുള്ള സാമ്പത്തികശാസ്ത്രജ്ഞർ ഗുജറാത്ത് വികസനത്തെ വാനോളം പുകഴ്ത്തുമ്പോൾ അമർത്യാ സെന്നിനെപ്പോലുള്ള വികസന ശാസ്ത്രസാമ്പത്തിക ശാസ്ത്രജ്ഞന്മാർ കേരള മാതൃകയാണ് ഒരു സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടതെന്നും ചൂണ്ടിക്കാട്ടുന്നു. വികസനത്തിന്റെ വിവിധ സാമൂഹിക‑സാമ്പത്തിക സൂചകങ്ങളിൽ കേരളം ഗുജറാത്തിനേക്കാൾ വളരെ മുന്നിലാണ്. അമർത്യാസെൻ, അഭിജിത്ത് ബാനർജി എന്നിവരെപ്പോലുള്ള വികസന സാമ്പത്തിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ ലക്ഷ്യം ദാരിദ്യനിർമ്മാർജ്ജനവും പട്ടിണി വിമുക്തമാക്കലും നടപ്പിലാക്കണമെങ്കിൽ ശക്തമായ ഭരണ സംവിധാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. മാനവിക വികസനത്തിന് മുൻഗണന നൽകി സംഘടിത ജനവിഭാഗങ്ങളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തി മുന്നോട്ടു പോകുന്ന ജനക്ഷേമ നയപരിപാടികൾ വിഭാവനം ചെയ്താൽ ഇന്ത്യയ്ക്ക് മാനവിക വികസന രംഗത്തും സാമ്പത്തിക വികസന രംഗത്തും തനതായ ബദൽ ആഗോള മാതൃക വികസിപ്പിച്ചെടുക്കാനും അത്തരത്തിലുള്ള ശ്രമങ്ങളിലൂടെ ഇന്ത്യൻ ജനവിഭാഗങ്ങളുടെ ഇടയിലുള്ള ദാരിദ്ര്യവും സാമ്പത്തിക അസമത്വവും കുറയ്ക്കുവാൻ സാധിക്കും. അതിലൂടെ മാത്രമേ ഇന്ത്യയിലെ ജനതയെ ദാരിദ്ര്യത്തിന്റെ മതിൽകെട്ടി വേർതിരിക്കുന്ന അവസ്ഥയിൽനിന്നും അവരെ മോചിപ്പിച്ചു മുഖ്യധാരയിലേക്ക് എത്തിക്കാൻ സാധിക്കുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.