Monday
27 May 2019

സമ്പന്നമായ പൈതൃകത്തെ ഓര്‍ക്കുമ്പോള്‍

By: Web Desk | Monday 18 February 2019 10:54 PM IST


Shabana_Azmi_birth_anniversary_kaifi_azmi

ഡോ. അജയകുമാര്‍ കോടോത്ത്

പ്രശസ്തനായ അച്ഛനെ കുറിച്ച് അതിപ്രശസ്തയായ മകള്‍ പറയുന്നു, ”അച്ഛന്‍ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതായി സൂക്ഷിച്ച രണ്ട് കാര്യങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാര്‍ഡ്. മറ്റേത്, മോണ്ട് ബ്ലാങ്ക് ഫൗണ്ടേന്‍ പേനകളുടെ ശേഖരം.”
മേല്‍വാചകം ശബാനാ ആസ്മി, പിതാവും 1940കളിലും 50 കളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്‌കാരിക സംഘടനയായ ഇപ്റ്റയുടെ പ്രമുഖ നേതാവുമായിരുന്ന കയ്ഫി ആസ്മിയെ കുറിച്ച് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ലോകത്തെ അറിയിച്ച് കൊണ്ട് പറഞ്ഞതാണ്. മോണ്ട് ബ്ലാങ്ക് പേനയോടുള്ള ഭ്രമം മൂത്ത് കയ്ഫി ആസ്മി ഒരിക്കല്‍ ശബാനാ ആസ്മിക്ക് സുഹൃത്ത് സമ്മാനിച്ച പേന കൈക്കലാക്കി അതേ പേനകൊണ്ട് എന്തുകൊണ്ടാണ് പേന താന്‍ കൂടുതല്‍ അര്‍ഹിക്കുന്നുവെന്ന് വിവരിച്ചുകൊണ്ട് സുഹൃത്തിന് കത്തയച്ചുവത്രെ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും മോണ്ട് ബ്ലാങ്ക് പേനകളെയും ഉപാസിച്ച കയ്ഫി ആസ്മിയുടെ ശതാബ്ധി വര്‍ഷം 2019 ഫെബ്രുവരി മാസം ആരംഭിക്കുന്നു. വര്‍ഷാവസാനം വരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ അര്‍ത്ഥവത്തായ രീതിയിലാണ് ശബാനയുടെ നേതൃത്വത്തില്‍ മുംബൈയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല. അമേരിക്കയിലും ഇംഗ്ലണ്ടിലും പാകിസ്ഥാനിലും കയ്ഫി അനുസ്മരിക്കുന്ന സാംസ്‌കാരിക സദസുകള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് ശബാനാ ആസ്മിയും ഭര്‍ത്താവ് ജാവേദ് അക്ത്തറും. പ്രശസ്തനായ ഉറുദുകവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ്, എല്ലാത്തിനുമുപരി ഉത്തമനായ കമ്മ്യൂണിസ്റ്റ്, കയ്ഫി ആസ്മി ഇതെല്ലാമായിരുന്നുവെന്ന് പഴയ തലമുറയില്‍പ്പെട്ടവര്‍ക്കറിയാം ശബാനാ ആസ്മി കയ്ഫിയുടെ പ്രിയ പുത്രിയെന്നും.
ശബാന ആസ്മി അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വായിച്ചപ്പോള്‍ നഷ്ടബോധത്തോടെയല്ലാതെ മുംബൈയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു കാലത്ത് ഉണ്ടായിരുന്ന സ്വാധീനത്തെയും പ്രതാപത്തെയും കുറിച്ച് ഓര്‍ക്കാന്‍ കഴിയില്ല. ഉത്തര്‍പ്രദേശിലെ അസംഗാര്‍ഹിലെ മിജ്‌വാനില്‍ ജന്മികുടുംബത്തില്‍ പിറന്ന കയ്ഫി ആസ്മി, പക്ഷെ വെറും കര്‍ഷകനായാണ് സ്വയം വിശേഷിപ്പിച്ചിരുന്നതെന്ന് ശബാന ഓര്‍ക്കുന്നു. നിധിപോലെ സൂക്ഷിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാര്‍ഡ് ഇടയ്ക്കിടെ കൈയ്യിലെടുത്ത് തുടച്ച് വൃത്തിയാക്കി തിരികെ വെക്കുന്നത് ജീവിതാവസാനം വരെ കയ്ഫി ആസ്മിയുടെ പതിവായിരുന്നെന്നും ശബാനാ ആസ്മി പറയുന്നു. എഴുപതുകള്‍ വരെ കേരളത്തിലും കാണാമായിരുന്നു സഖാക്കള്‍ വെളുത്ത പോളിസ്റ്റര്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ പ്രദര്‍ശിപ്പിച്ച് നടന്ന പാര്‍ട്ടി കാര്‍ഡ്!
ശബാനാ ആസ്മി വെള്ളിത്തിരയില്‍ അവതരിപ്പിച്ച അനേകം കഥാപാത്രങ്ങള്‍ മനസിലുണ്ട്. ദീപാ മേത്തയുടെ ‘ഫയര്‍’ തീ തന്നെയായിരുന്നല്ലോ. 1940 കളില്‍, സ്വാതന്ത്ര്യമെന്തെന്ന് സ്വപ്‌നം കാണാന്‍ പോലും സ്ത്രീകള്‍ക്ക് അവകാശമില്ലാതിരുന്ന കാലത്ത് തന്റെ സങ്കല്‍പ്പ കാമുകിയോടെന്നോണം, ”ഉണരൂ പ്രിയേ, എന്‍ തോളോട് തോള്‍ ചേര്‍ന്ന് മുന്നേറാന്‍” എന്ന് പാടിയ വിപ്ലവകവി കയ്ഫി ആസ്മിയുടെ മകള്‍ക്കല്ലാതെ ‘ഫയറി’ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയില്ല. 1947ല്‍ ഹൈദരാബാദില്‍ വച്ച് നടന്ന കവി സമ്മേളനത്തില്‍ കയ്ഫി ആസ്മി പാടിയതാണ് മേല്‍ വരികള്‍. കവി സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ കയ്ഫിയെ പെണ്‍കുട്ടികള്‍ പൊതിഞ്ഞത് മഴക്കാലത്ത് റാന്തലിന് ചുറ്റും പ്രാണികളെന്നപോലെയാണത്രെ. അക്കൂട്ടത്തിലുണ്ടായിരുന്നു ഷൗക്കത്ത്, ഒരു പ്രണയകഥയ്ക്ക് തുടക്കമിടാന്‍. അച്ഛന്റെയും അമ്മയുടെയും പ്രണയത്തെക്കുറിച്ച് ശബാനാ ആസ്മി ഓര്‍ക്കുന്നു.
കലാരംഗത്ത് മാത്രം ഒതുങ്ങുന്നതായിരുന്നില്ല കയ്ഫി ആസ്മിയുടെ പ്രവര്‍ത്തനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേദികളിലെ നിറസാന്നിദ്ധ്യം മാത്രവുമായിരുന്നില്ല കയ്ഫി. ജനിച്ച നാടായ മിജ്‌വാനില്‍ പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായും കര്‍ഷകരുടെ ഉന്നമനത്തിനായും അവരെ സംഘടിപ്പിച്ചു. കയ്ഫി ആസ്മിയടക്കമുള്‍പ്പെട്ട മുഖ്യമായും മുസ്‌ലിം പുരോഗമനാശയക്കാരായിരുന്ന ചെറുപ്പക്കാരുടെ സംഘം ഹിന്ദി-ഉറുദു ഭാഷാ സംഗമത്തിലൂടെ ഹിന്ദി സിനിമ-സാഹിത്യ രംഗങ്ങളില്‍ ഉണ്ടാക്കിയ മതേതര-വിപ്ലവ മുന്നേറ്റം വര്‍ത്തമാന കാല ഭാരതത്തില്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഏറെ പ്രസക്തിയുണ്ട്.
1940കളും 50കളും മുംബൈയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിശക്തമായി വേരോടിയ കാലഘട്ടങ്ങളായിരുന്നു. എസ് എ ഡാങ്കെയും എസ് എസ് മിറാജ്കറും ഉള്‍പ്പെട്ട നേതൃനിര. ‘ഡാങ്കെ വിരല്‍ചൂണ്ടിയാല്‍’ ബോംബെ സ്തംഭിക്കുന്ന കാലം. തൊഴിലാളി യൂണിയനുകളായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരുത്ത്. തൊഴിലാളികളുടെ തോളോടുതോള്‍ ചേര്‍ന്ന് ബൗദ്ധികമായി സമ്പന്നമായ ബുദ്ധിജീവി വിഭാഗങ്ങളും. ബോംബെ സിനിമാരംഗം അക്ഷരാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ കൈപിടിയിലായിരുന്ന കാലഘട്ടം കൂടിയായിരുന്നു അത്. കെ എ അബ്ബാസിന് പുറമെ കയ്ഫി ആസ്മി, ജാന്‍ നിസ്സാര്‍ അക്ത്തര്‍, സഹീര്‍ ലുധിയാന്‍വി, മജ്‌റൂഹ് സുല്‍ത്താന്‍പുരി, അലി സര്‍ദാര്‍ ജഫ്രി തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു. സിനിമാ താരങ്ങളെപ്പോലെ ജനങ്ങള്‍ ഇവരെയും ആരാധിച്ചിരുന്നു.
1952ലെ പ്രഥമ പൊതുതെരഞ്ഞെടുപ്പില്‍ ബോംബെ സെന്‍ട്രല്‍ പാര്‍ലമെന്റ് സീറ്റില്‍ കമ്മ്യൂണിസ്റ്റ് ടിക്കറ്റില്‍ മത്സരിച്ച എസ് എ ഡാങ്കെ ഫുല്‍പൂര്‍ സീറ്റില്‍ വിജയിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാള്‍ ഭൂരിപക്ഷം നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് പറഞ്ഞാല്‍ ഇന്ന് വിശ്വസിക്കാനാകുമോ? കയ്ഫി ആസ്മിയെപ്പോലുള്ള ഒന്നാംകിട ബുദ്ധിജീവികള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചേറ്റിയിരുന്ന കാലം കൂടിയായിരുന്നു അത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകരില്‍ മുന്‍പന്തിയിലായിരുന്ന ടി വി കൃഷ്ണന്‍ എന്ന ടിവികെ ഒരിക്കല്‍ പറഞ്ഞ അനുഭവം ഇവിടെ പ്രസക്തിയുള്ളതാണ്! 1950കളുടെ തുടക്കത്തില്‍ അന്നത്തെ ബോംബെയില്‍ റമേഷ് ഥാപ്പര്‍ (റോമിലാ ഥാപ്പറുടെ മൂത്ത സഹോദരന്‍) നടത്തിയിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പത്രം ‘ക്രോസ്‌റോഡ്‌സി’ല്‍ ടിവികെ പ്രവര്‍ത്തിച്ചിരുന്ന കാലം. അക്കാലത്ത് നന്നായി കവിതകളെഴുതിയിരുന്ന ടിവികെയ്ക്ക് ഒരു കവി സമ്മേളനത്തിലേക്ക് ക്ഷണം ലഭിക്കുന്നു. വിളിച്ചത് സുഹൃത്തായിരുന്ന കയ്ഫി ആസ്മി. സ്ഥലം മുള്‍ക്‌രാജ് ആനന്തിന്റെ ബോംബെയിലെ ഫഌറ്റ്. കയ്ഫി ആസ്മിക്ക് പുറമെ കെ എ അബ്ബാസുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ അവിടെ ഒത്തുകൂടുമെന്ന് ടിവികെയ്ക്ക് അറിയാം. പ്രതീക്ഷിച്ചത് പോലെ കയ്ഫിയും അബ്ബാസും അലി സര്‍ദാര്‍ ജഫ്രിയുമെല്ലാമുണ്ട്. അപ്രതീക്ഷിതമായാണ് കെ എ അബ്ബാസ് ടിവികെയെ മുല്‍ക് രാജ് ആനന്ദിന്റെ സമീപത്തിരുന്ന് സംഭാഷണത്തിലേര്‍പ്പെട്ടിരുന്ന വ്യക്തിയുടെ സമീപത്തേക്ക് കൊണ്ട് പോയി പരിചയപ്പെടുത്തുന്നത്. മുള്‍ക്‌രാജ് ആനന്ദിന്റെ അതിഥിയായെത്തിയത് ആരായിരുന്നുവെന്നല്ലെ? സാക്ഷാല്‍ പാബ്ലോ നെരൂദ! ടിവികെ നിന്ന് വിറയ്ക്കുകയാണ്. ടിവികെ കവിയാണെന്ന് കൂടി കെ എ അബ്ബാസ് പറഞ്ഞപ്പോള്‍ നെരൂദ ആവശ്യപ്പെട്ടത് മാതൃഭാഷയില്‍ എഴുതിയ ഒരു കവിത ചൊല്ലാന്‍. വിയര്‍ത്തൊലിച്ച് നിന്ന നില്‍പ്പില്‍ ടിവികെ ചൊല്ലിയത് സേലം രക്തസാക്ഷികളെ കുറിച്ച് താനെഴുതിയ അന്നത്തെ പ്രശസ്തമായ വരികള്‍! ഇത്രയും ടിവികെ പറഞ്ഞത്.
കയ്ഫി ആസ്മിയെ കുറിച്ചെഴുതുമ്പോള്‍ ഇതെല്ലാം ഓര്‍ക്കുക സ്വാഭാവികം. കയ്ഫി ആസ്മിയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍.