Janayugom Online
rename

സ്ഥലങ്ങളുടെ പേരുമാറ്റം തുടര്‍ക്കഥയാകുമ്പോള്‍

Web Desk
Posted on November 14, 2018, 10:48 pm

പ്രത്യേക ലേഖകന്‍

മോഡി ഭരണത്തിന്‍കീഴില്‍ സ്ഥലങ്ങളുടെ പേരു മാറ്റം തുടര്‍ക്കഥയാകുന്നു. സ്ഥലങ്ങളുടെയും വിവിധ പദ്ധതികളുടെയും റോഡുകളുടെയും പേരുകള്‍ മാറ്റി ഒരു രാഷ്ട്രീയ നേതാവിനെയോ ചരിത്രസംഭവങ്ങളെയോ ആദരിക്കാമെന്നാണ് മോഡി ഭരണകൂടം കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുകൊണ്ടാണ് സ്ഥലങ്ങളുടെ പേരുമാറ്റത്തിന് മോഡി ഭരണകൂടവും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളും മുന്നോട്ടുവന്നിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചശേഷം കിംഗ്‌സ് വേരാങ്പഥായി മാറി.
തിരുവനന്തപുരം സ്റ്റാച്യു ജങ്ഷന്റെ പേര് ‘പ്രതിമാസന്ധി’ എന്ന് പരിഭാഷപ്പെടുത്തിയത് ഹാസ്യസാഹിത്യ കുലപതിയായ വികെഎന്‍ ആണ്. യഥാര്‍ത്ഥത്തില്‍ സ്ഥലങ്ങളുടെ പേരുമാറ്റം ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. ഡല്‍ഹിയിലെ കഴ്‌സന്‍ റോഡ് കസ്തൂര്‍ബാ ഗാന്ധിമാര്‍ക്കാക്കി മാറ്റി. കസ്തൂര്‍ബായി മഹാത്മാഗാന്ധിയുടെ ഭാര്യ മാത്രമായിരുന്നു. അവരെ ആദരിക്കപ്പെടേണ്ട സംഭാവനകളൊന്നും അവര്‍ സ്വാതന്ത്ര്യസമരത്തിനായി ചെയ്തിട്ടില്ല.
1996‑ല്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ കോണാള്‍ഡ് പ്ലെയിസിനെ രാജീവ് ചൗകാക്കി മാറ്റി. രാജീവ്ഗാന്ധിയെ ആദരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. കൊണാള്‍ഡ് പ്ലെയ്‌സിലെ കച്ചവട സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കിളിനെ ഇന്ദിരാ സര്‍ക്കിളാക്കി മാറ്റി. ഇന്ദിരാഗാന്ധിയെ ആദരിക്കാനായിരുന്നു ഇത്.
ബ്രിട്ടീഷ് ഭരണകാലത്ത് വടക്കേ ഇന്ത്യയില്‍ ഇട്ട സ്ഥലനാമങ്ങള്‍ പലതും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അധികാരത്തിലെത്തിയവര്‍ പലരും മാറ്റിയെഴുതി. വടക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും പല സിറ്റികളുടെയും പേരുകള്‍ മാറ്റി. 1995ല്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയ ശിവസേന ഗവണ്‍മെന്റ് ബോംബയുടെ പേര് മുംബൈ എന്നാക്കി മാറ്റി. ഈ ഗണത്തില്‍ തമിഴ്‌നാടും ഉള്‍പ്പെടും. 1996ല്‍ മദ്രാസിന്റെ പേര് ചെന്നൈ എന്നാക്കി മാറ്റി. 2006ല്‍ പോണ്ടിച്ചേരി പുതുച്ചേരിയായി മാറി.

കേരളത്തിലും ചില ജില്ലകളുടെ പേരില്‍ മാറ്റങ്ങളുണ്ടായി. കേരളത്തിന്റെ തലസ്ഥാനമായ ട്രിവാന്‍ഡ്രം തിരുവനന്തപുരമായി മാറി. കൊച്ചിന്‍ കൊച്ചിയായി മാറി. ബംഗാളിന്റെ തലസ്ഥാനമായ കല്‍ക്കട്ട കൊല്‍ക്കത്തയായി. 2011ല്‍ നവീന്‍ പട്‌നായ്കിന്റെ ഭരണകാലത്ത് ഒറീസ ഒഡീഷയായി. സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് കര്‍ണാടകയിലെ ബാംഗ്ലൂരിനെ ബംഗളൂരുവാക്കി മാറ്റി.
മോഡി ഭരണത്തിന്‍കീഴില്‍ സ്ഥലങ്ങളുടെ പേരുമാറ്റത്തിന് തുടക്കം കുറിക്കുന്നത് 2015 സെപ്റ്റംബറിലാണ്. ന്യൂഡല്‍ഹിയിലെ ഔറംഗസേബ് റോഡിനെ എപിജെ അബ്ദുല്‍ കലാം റോഡാക്കി മാറ്റി. മുഗള്‍ ഭരണകാലത്തെ തള്ളിപ്പറയുകയായിരുന്നു ഉദ്ദേശം. മുസ്‌ലിം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടാണ് ഇത്തരമൊരു പേരുമാറ്റത്തിന് മോഡി ഭരണകൂടം മുതിര്‍ന്നത്. ഒരു മുസ്‌ലിമിന്റെ പേരുതന്നെയാണ് നല്‍കിയെന്നാണ് കണ്ടെത്തുന്ന ന്യായം.

ഈയടുത്ത കാലത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗുജറാത്ത് മുഖ്യമന്ത്രി തലസ്ഥാനത്തിന്റെ പേര് അഹമ്മദാബദ് എന്നത് കര്‍ണാവതി എന്നാക്കി മാറ്റി. അഹമ്മദ്ഷായുടെ ഓര്‍മകള്‍ മായ്ക്കുകയായിരുന്നു ലക്ഷ്യം. ഉത്തര്‍പ്രദേശിന്റെയും ബിഹാറിന്റെയും അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന മുഗള്‍സരായി റയില്‍വേ സ്റ്റേഷന്റെ പേര് ജനസംഘത്തിന്റെ സ്ഥാപകനും ആര്‍എസ്എസിന്റെ സൈദ്ധാന്തികനുമായ ദീന്‍ദയാല്‍ ഉപാധ്യായ എന്ന പേരിലാക്കി. ഉത്തര്‍പ്രദേശിലെ അലഹബാദ് പ്രയാഗ്‌രാജായി. ഇന്ത്യന്‍ റയില്‍വേ പ്രയാഗ്‌രാജ് എക്‌സ്പ്രസെന്ന പേരില്‍ ട്രെയിനും തുടങ്ങി. തര്‍ക്കസ്ഥലമായ രാമജന്മഭൂമി സ്ഥിതിചെയ്യുന്ന ഫൈസാബാദ് അയോധ്യയായി മാറി. ആര്‍എസ്എസ്-ബിജെപി നേതൃത്വം തങ്ങള്‍ തെലങ്കാനയില്‍ അധികാരത്തില്‍ എത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗറാക്കുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ്.

ചരിത്രം തിരിത്തിയെഴുതാനും ചരിത്രത്തെ തന്നെ വികലമാക്കാനുമാണ് ബിജെപി ഭരണം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് പട്ടണങ്ങളുടെയും റോഡുകളുടെയും പേരുകള്‍ തങ്ങളുടെ ഇഷ്ടക്കാരുടേതാക്കി മാറ്റുന്ന രീതിയാണ് മോഡി ഭരണകൂടം നടപ്പിലാക്കുന്നത്. ഇന്ദിരാഗാന്ധിയുടെ സ്മാരകം സ്ഥിതിചെയ്യുന്ന സഫ്ദര്‍ജങ് റോഡ് ഇപ്പോഴും പേരുമാറ്റമില്ലാതെ നിലനില്‍ക്കുന്നുവെന്ന കാര്യം മറന്നുകൂടാ.

റോഡുകളുടെ പേരുകള്‍ മാറ്റിയതുകൊണ്ട് ആ വ്യക്തിയെ ജനം എന്നുമോര്‍ക്കണമെന്നില്ല. ഗാന്ധിജിയെയും നെഹ്‌റുവിനെയും സുഭാഷ്ചന്ദ്രബോസിനെയും മറ്റും എന്നും നാം ഓര്‍ക്കുന്നത് ഒരു റോഡിനോ പദ്ധതിക്കോ മഹാന്മാരുടെ പേരിടുന്നതിന്റെ പിന്‍ബലത്തിലല്ല. മഹദ് വ്യക്തികളെ ഇക്കാലത്ത് സ്മരിക്കുന്നത് അവര്‍ ചെയ്ത സല്‍പ്രവൃത്തികളിലൂടെയാണ്. മാതൃകാപരമായ ജീവിതവും പ്രവര്‍ത്തനങ്ങളും ആശയാദര്‍ശങ്ങളും നിലപാടുകളുമാണ് അവരെ എന്നെന്നും മഹാന്മാരായി സ്മരിക്കുന്നതിന് അടിസ്ഥാനം. ഹിറ്റ്‌ലറെയും ഗോഡ്‌സെയും അവരുടെ പേരുകളാല്‍ റോഡുകളുണ്ടാക്കിയാല്‍ ജനം അവമതിക്കുകയേയുള്ളൂ. ഒരു റോഡിന്റെയും പേരുമാറ്റം രാജ്യത്തിനൊരു ഗുണവും ചെയ്യുന്നില്ല, ദോഷങ്ങളല്ലാതെ. വാശിയോടെ ഓരോ മതക്കാരും ഓരോ വര്‍ഗക്കാരും ഓരോ പ്രാദേശിക പ്രസ്ഥാനങ്ങളും ഇങ്ങനെ റോഡുകളുടെ പേരുകള്‍ മാറ്റുന്നത് കാണുമ്പോള്‍ എത്ര പണമാണ് ദുര്‍വ്യയം ചെയ്യപ്പെടുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇത്തരം പേരുമാറ്റങ്ങള്‍ മഹത്വത്തിന്റെ പ്രതീകങ്ങളല്ല. ഇനി മഹാന്മാരുടേതാണെങ്കില്‍പോലും ഭരണകര്‍ത്താക്കള്‍ മാറുമ്പോള്‍ അവ അവഗണിക്കപ്പെട്ടതിന് എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. തമിഴ് സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ തിരുവള്ളുവരിന്റെ കന്യാകുമാരിയിലെ പ്രതിമപോലും അവഗണിക്കപ്പെട്ട് അറ്റകുറ്റപ്പണികള്‍ക്കുപോലും പണമില്ലാത്ത സ്ഥിതിയുണ്ടായിട്ടുണ്ട്. പ്രതിമ സ്ഥാപിച്ച മുഖ്യമന്ത്രിയോട് പിന്നീടുവന്ന മുഖ്യമന്ത്രിക്കുള്ള വൈരാഗ്യമാണ് തിരുവള്ളൂവരെ വെട്ടിലാക്കിയത്. ലോക പൈതൃകങ്ങളില്‍ മഹനീയ സ്ഥാനമുള്ള അഫ്ഗാനിസ്ഥാനിലെ ബാമിയന്‍ ബുദ്ധപ്രതിമയ്ക്ക് ഭരണം മാറിയപ്പോള്‍ തീവ്രവാദികളുടെ എത്ര പീരങ്കി ഉണ്ടകളാണ് ഏറ്റുവാങ്ങേണ്ടിവന്നത്.

ദേശീയതയുടെ ബിംബങ്ങളെ മാറ്റിപ്രതിഷ്ഠിക്കുന്ന കാലമാണിപ്പോള്‍. ഭരണകര്‍ത്താക്കള്‍ക്ക് അനുകൂലമായി ചരിത്രത്തെ മാറ്റിയെഴുതുന്നു. യഥാര്‍ഥ നേതാക്കള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. വിഭാഗീയതയുടെ വക്താക്കളെ ദേശീയതയുടെ വക്താക്കളാക്കി പുതുചരിത്രം ചമയ്ക്കുന്നു. നമ്മുടെ ദേശീയ രാഷ്ട്രീയ ചരിത്രത്തില്‍ ഇപ്പോള്‍ നടക്കുന്ന അപഥസഞ്ചാര ചരിത്രത്തിന്റെ നേര്‍ചിത്രമാണിത്. ഒരു ജാതിയുടെയും മതത്തിന്റെയും വക്താവല്ലായിരുന്ന, ഭാരതത്തിന്റെ വളര്‍ച്ചയ്ക്ക് ആധാരമായ ബൃഹത് വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അണക്കെട്ടുകളും സ്ഥാപിച്ച ദീര്‍ഘദര്‍ശിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒതുക്കി മൂലക്കിരുത്താനാണ് ശ്രമം. ഇന്ത്യന്‍ ദേശീയതയും ദേശസ്‌നേഹവും നാഴികയ്ക്ക് നാല്‍പതുവട്ടം ഉരുവിടുന്നവര്‍ തരിമ്പുപോലും ദേശസ്‌നേഹമില്ലാതെ വിഭാഗീയ പേരുമാറ്റ രാഷ്ട്രീയത്തിന് മുന്നില്‍ നില്‍ക്കുകയാണ്. ഇന്ത്യന്‍ ദേശീയതയുടെ ലോകോത്തര ബിംബമായ ഗാന്ധിജിയെ പാര്‍ശ്വവല്‍ക്കരിക്കുകയാണ്.
ഇന്ന് നമ്മുടെ രാജ്യത്ത് മുഴുവന്‍ വിഭാഗീയതയുടെ പേരുകളിലാണ് സ്ഥലനാമങ്ങള്‍ മാറ്റുന്നത്. സര്‍ദാര്‍ വല്ലഭ്ഭായിപട്ടേല്‍ ദേശത്തിന്റെ മുഴുവന്‍ സ്വത്താണ്. പക്ഷേ, കേവലം ഗുജറാത്തികളുടെയും സംഘപരിവാറിന്റെയും സ്വകാര്യ സ്വത്താക്കി അദ്ദേഹത്തെ ഒതുക്കിയിരിക്കുന്നു. വ്യാജ ചരിത്രനിര്‍മിതിയുടെ ഇല്ലാത്ത അസഹിഷ്ണുത ആരോപിച്ചുകൊണ്ട് ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും കൂട്ടുനിന്നെന്ന ആളെന്ന നിലയിലേക്ക് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനെ ചവിട്ടിത്താഴ്ത്തിക്കൊണ്ടുവന്നിരിക്കുന്നു.
സ്ഥലനാമങ്ങളും റോഡുകളുടെ പേരുകളും മാറ്റിയും ദൈവങ്ങള്‍ക്കുവേണ്ടി തെരുവില്‍ പോരാടുകയും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും തര്‍ക്കിക്കുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടം ഒരിക്കലും പുരോഗതി പ്രാപിക്കില്ല. തങ്ങളുടെ അധികാരങ്ങള്‍ സ്ഥാപിക്കാന്‍വേണ്ടി വിഭാഗീയത വില്‍ക്കുകയും വര്‍ഗീയത കുത്തിവയ്ക്കുകയും അന്ധമായ മതപ്രകോപനങ്ങള്‍ നാലു നേരം വെള്ളം തൊടാതെ വിഴുങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍ ഒരു രാജ്യത്തിനും വളര്‍ച്ചയുണ്ടാക്കില്ല. ദേശീയതയുടെ പ്രതീകങ്ങളെ തച്ചുടച്ച് വിഭാഗീയതയുടെ പ്രതീകങ്ങളെ പ്രതിഷ്ഠിക്കുന്നത് ദുഷ്ടലാക്കോടെയാണ്. ഇതു തിരിച്ചറിയാന്‍ നാം വൈകിക്കൂടാ. രാജ്യത്തെ നൂറുകണക്കിന് വര്‍ഷം പിന്നോട്ടടിക്കന്ന ഇന്നത്തെ വ്യവസ്ഥിതിയില്‍ നിന്ന് മോചനം നേടാന്‍ ഇനിയുമൊരു സ്വാതന്ത്ര്യസമരവും ഉരുക്കുമനസുള്ള ജനതയും ത്യാഗസന്നദ്ധതയുള്ള നേതൃത്വവും ഉണ്ടാവേണ്ടിയിരിക്കുന്നു.