27 March 2024, Wednesday

വാഹനക്കമ്പനികൾക്ക് താഴ് വീഴുമ്പോൾ

കെ ദിലീപ്
നമുക്ക്ചുറ്റും
September 15, 2021 5:34 am

ദാരവൽക്കരണ നയങ്ങൾ ആരംഭിച്ച 90 കളിലാണ് രണ്ട് പ്രമുഖ അമേരിക്കൻ കാർ നിർമ്മാതാക്കൾ ഇന്ത്യയിൽ അവരുടെ നിർമ്മാണ പ്ലാന്റുകൾ ആരംഭിച്ചത്. 1994 ൽ ഫോർഡ് മോട്ടോഴ്സും 1996 ൽ ജനറൽ മോട്ടോഴ്സും. ഉല്പാദന മേഖലയിൽ വാഹന നിർമ്മാതാക്കൾക്ക് സവിശേഷമായ ഒരു സ്ഥാനമുണ്ട്. അവ ആഗോളവൽക്കരണത്തോടൊപ്പം ഏത് രാജ്യത്തും എത്തിച്ചേരുന്ന ഇന്‍ഷുറൻസ്, ബാങ്കിങ് മേഖലകളിൽ കടന്നുവരുന്ന, ഒരു രാത്രി കൊണ്ട് പൂട്ടിപ്പോകുന്ന കമ്പനികളുമായി വാഹന നിർമാണ കമ്പനികളെ താരതമ്യം ചെയ്യാനാവില്ല. കാരണം വളരെയധികം മുതൽ മുടക്കോടെ സ്ഥിരമായി മാർക്കറ്റ് ഉറപ്പു വരുത്താൻ സാധിക്കും എന്ന ധാരണയോടെയാണ് ബഹുരാഷ്ട നിർമാണ കമ്പനികൾ ഒരു പുതിയ രാജ്യത്ത് പ്രവർത്തനമാരംഭിക്കുന്നത്. അവർ ഐടി കമ്പനികളോളം തന്നെ വലിയ തൊഴിൽദായകരുമാണ്. ഇന്ത്യയുടെ ജിഡിപിയിൽ 6.5 ശതമാനം ഉല്പാദന മേഖലയിൽ നിന്നും 35 ശതമാനം വാഹന നിർമ്മാണ കമ്പനികളിൽ നിന്നുമാണ്. ചെറുതും വലുതുമായ 14000 ത്തോളം കമ്പനികൾ വാഹന മേഖലയിൽ ഇന്ന് ഇന്ത്യയിലുണ്ട്. 15 ദശലക്ഷം ആളുകളാണ് ഇന്ത്യയിൽ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. നേരിട്ട് 8 മില്യൺ തൊഴിലവസരങ്ങളും പരോക്ഷമായി 30 മില്യൺ തൊഴിലവസരങ്ങളും ഈ വ്യവസായം നൽകുന്നു.

 


ഇതുകൂടി വായിക്കൂ: കോവിഡ് ദുരന്തവും സാമ്പത്തിക പ്രതിസന്ധിയും; പരിഹാരം കാണേണ്ടത് കേന്ദ്രസര്‍ക്കാര്‍ തന്നെ


 

2021 സെപ്റ്റംബർ 7 ന് ഇന്ത്യയിലെ ഉല്പാദനം അവസാനിപ്പിച്ച ഫോർഡ് മോട്ടോഴ്സ് യുഎസ്സിലെ പ്രമുഖ വാഹന നിർമ്മാണ കമ്പനിയാണ്. 1994 ൽ വലിയ മുതൽ മുടക്കോടെയാണ് ഫോർഡ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത്. 27 വർഷം കഴിഞ്ഞ് പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ചെന്നൈയിൽ 350 ഏക്കറിൽ വർഷം 2ലക്ഷം വാഹനങ്ങളും 3.7 ലക്ഷം എൻജിനുകളും ഉല്പാദിപ്പിക്കാനാവശ്യമായ പ്ലാന്റും ഗുജറാത്തിൽ 460 ഏക്കറിൽ 4,40,000 വാഹനങ്ങളും 6,10,000 എൻജിനുകളുടെയും ഉത്പാദനം സാധിക്കുന്ന പ്ലാന്റും ഫോർഡിനുണ്ടായിരുന്നു. നേരിട്ട് 4,000 ജീവനക്കാരും വിവിധ ഔട്ട്‌ലെറ്റുകളിൽ മറ്റൊരു 40,000 ജീവനക്കാരും നേരിട്ട് കമ്പനിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നുണ്ടായിരുന്നു. ഇവരുടെയെല്ലാം ഉപജീവനമാർഗം ഇല്ലാതെയാവുകയാണ്. കഴിഞ്ഞ 6 കൊല്ലത്തിനുള്ളിൽ 9 കോടി തൊഴിലവസരങ്ങൾ ഇന്ത്യയിൽ ഇല്ലാതെയായി എന്നാണ് വയർ എന്ന വെബ് മാഗസിൻ റിപ്പോർട്ട് ചെയ്തത് എന്നു കൂടി നമ്മൾ അറിയേണ്ടതുണ്ട്. 2020 ഏപ്രിൽ മാസത്തെ ലോക്ഡൗൺ കൊണ്ട് മാത്രം 12.2 കോടി ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നാണ് CMIE യുടെ കണക്ക്.


ഇതുകൂടി വായിക്കൂ: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സും ടാ‌ക്‌സും വേണ്ടേ? വസ്തുതകളുമായി മോട്ടോര്‍ വാഹന വകുപ്പ്


 

ഫോർഡ് ഇന്ത്യയിൽ പ്രവർത്തനമവസാനിപ്പിക്കുന്നതിന് തൊട്ടു മുമ്പ് 1950കൾ മുതൽ ഇന്ത്യയിൽ പ്രവർത്തിച്ചു വന്നിരുന്ന ഫിയറ്റ് എന്ന ഇറ്റാലിയൻ കാർനിർമ്മാണ കമ്പനി 2019 ജനവരിയിൽ ഉല്പാദനം നിർത്തി. 20 മാർച്ചിൽ പൂർണമായി താഴിട്ടു. 1996 ൽ ഫോർഡിനു തൊട്ടുപിറകെ ഇന്ത്യയിൽ ഉത്പാദനം തുടങ്ങിയ മറ്റൊരു അമേരിക്കൻ വാഹന ഭീമൻ ജനറൽ മോട്ടോഴ്സ് 2017 ൽ പ്രവർത്തനം അവസാനിപ്പിച്ചു. ഐഷർ കമ്പനിയുമായി സഹകരണത്തോടെ 350 കോടി മുതൽ മുടക്കിൽ ആരംഭിച്ച പൊളാരിസ് എന്ന കൊമേഴ്സ്യൽ വാഹനം 2018 ൽ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ദീർഘദൂര ബൈക്കുകൾ നിർമ്മിക്കാനിറങ്ങിയ യുഎം മോട്ടോഴ്സ്, ഹാർലി ഡേവിഡ്സൺ ബൈക്കുകൾ 2019 ലും 20 ലും ഉല്പാദനം നിർത്തി.ഇക്കാലത്ത് തന്നെ 1942 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ മോട്ടോഴ്സ് 2014 ലും പ്രീമിയർ ഓട്ടോമോബൈൽസ് 2019 ലും അടച്ചുപൂട്ടിയെങ്കിലും അവ രണ്ടും യാതൊരു നവീകരണവുമില്ലാതെ കാലഹരണപ്പെട്ട വാഹനങ്ങൾ നിർമ്മിച്ചു കൊണ്ടിരുന്നതിനാലാണ് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നത് എന്നതിനാൽ കൂടുതൽ പരാമർശം അർഹിക്കുന്നില്ല.


ഇതുകൂടി വായിക്കൂ: കേന്ദ്രത്തിന്റെ വാഹനം പൊളിക്കല്‍ നയം വന്‍കിട കമ്പനികളെ സഹായിക്കാന്‍: മന്ത്രി ആന്റണി രാജു


 

ഇന്ത്യയിലേക്ക് വലിയ പ്രതീക്ഷയോടെ വരികയും വലിയ മുതൽ മുടക്കില്‍ പ്ലാന്റുകളും വലിയ വിതരണ ശൃംഖലകളുമൊരുക്കിയ, 2000-ാം ആണ്ടിന്റെ ആദ്യ പാദം വരെ മാർക്കറ്റിൽ പിടിച്ചു നിന്ന ഫോർഡ്, ജനറൽ മോട്ടോഴ്സ് എന്നീ കമ്പനികളുടെ പതനം വ്യവസായ രംഗത്ത് നിക്ഷേപകരെ പിന്തിരിപ്പിക്കാൻ സാധ്യത കൂടുതലാണ്. ഈ കമ്പനികൾ കച്ചവടമില്ലാതെ പ്ലാന്റ് അടച്ചു പൂട്ടേണ്ടിവന്ന സാഹചര്യം അവരുടെ ഉത്പന്നങ്ങളുടെ ഗുണനിലവാര കുറവ് കൊണ്ട് സംഭവിച്ചതല്ല. വാഹന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നയങ്ങളുടെ ഭാഗമായി സംഭവിച്ചതാണ്. മലിനീകരണ നിലവാരം Bs4ൽ നിന്നും നേരെ BS6 ലേക്കു മാറ്റിയത് വാഹന നിർമ്മാതാക്കൾക്ക് എന്‍ജിൻ നവീകരണത്തിനായി വലിയ ചിലവ് വരുത്തി. ലോകത്തെ മിക്കവാറും രാജ്യങ്ങൾ BS4 നിലവാരത്തിൽ ഇന്ധനം ഉപയോഗിക്കുമ്പോഴാണ് BS6 നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ തീരുമാനിച്ചത്. പെട്രോൾ, ഡീസൽ വില അന്താരാഷ്ട്ര മാർക്കറ്റിൽ കുറയുമ്പോഴും ആഭ്യന്തര വിപണിയിൽ കുത്തനെ ഉയർത്തിക്കൊണ്ടിരുന്ന സർക്കാർ നയം രൂക്ഷമായ വിലക്കയറ്റം സൃഷ്ടിച്ചു എന്നു മാത്രമല്ല വാഹനങ്ങളുടെ വില്പന കുത്തനെ കുറയുകയും ചെയ്തു. കോവിഡ് മൂലം പ്രതിസന്ധിയിലായ ജനങ്ങളെയോ, കമ്പനികളെയോ സഹായിക്കുവാൻ ഒരു നടപടിയും കേന്ദ്ര സർക്കാർ കൈക്കൊണ്ടില്ലെന്നു മാത്രമല്ല, പരമാവധി ജനങ്ങളെ ചൂഷണം ചെയ്യുന്ന നടപടികൾ ഉണ്ടാവുകയും ചെയ്തു. ഉല്പാദന രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്കു ചെലവില്ലാതെ അടച്ചുപൂട്ടുന്ന സാഹചര്യം രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുക മാത്രമല്ല രാഷ്ട്രത്തിന്റെ നികുതി വരുമാനത്തിൽ ഗണ്യമായ കുറവ് വരുത്തുകയും ചെയ്യും. വർഷത്തിൽ രണ്ടു കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്ന വാഗ്ദാനം നൽകി 2014 ൽ അധികാരത്തിൽ വന്ന്, തുടർ ഭരണം ലഭിച്ച മോഡി സർക്കാർ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചില്ല എന്ന് മാത്രമല്ല ഉള്ള അവസരങ്ങൾ ഇല്ലാതെയാക്കുന്നതാണ് ഇപ്പോൾ കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.