Web Desk

November 07, 2020, 2:00 am

ബിഹാർ വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ

Janayugom Online

രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭയിലേയ്ക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. ആകെയുള്ള 243ൽ അവശേഷിക്കുന്ന 78 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പാണ് ഇന്ന് മൂന്നാംഘട്ടത്തിൽ നടക്കുന്നത്. നവംബർ പത്തിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎയും ഇടതുപാർട്ടികളുൾപ്പെടെയുള്ള മഹാസഖ്യവും തമ്മിലാണ് പ്രധാനമത്സരം നടക്കുന്നത്. എൻഡിഎയുടെ സഖ്യകക്ഷിയായിരുന്ന ലോക്ജനശക്തി പാർട്ടി 134 മണ്ഡലങ്ങളിൽ പ്രത്യേകമായും മത്സരിക്കുന്നുണ്ട്.

2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ വിധിയെഴുത്ത് അട്ടിമറിച്ചുകൊണ്ട് നിതീഷ്കുമാർ ബിജെപിയോട് ചേരുകയും അധികാരത്തിൽ തുടരുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഈ തെരഞ്ഞെടുപ്പ് എന്നതാണ് ബിഹാർ തെരഞ്ഞെടുപ്പിനെ പ്രാധാന്യമുള്ളതാക്കി മാറ്റുന്ന ഒരു ഘടകം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ആയിരുന്നു ബിഹാറിന്റെ വിധിയെഴുത്ത്. ലാലുപ്രസാദ് യാദവ് നേതൃത്വം നല്കുന്ന രാഷ്ട്രീയജനതാദൾ (ആർജെഡി), നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ (യുണൈറ്റഡ്), കോൺഗ്രസ് എന്നിവ മഹാസഖ്യമെന്ന പേരിലാണ് മത്സരിച്ചത്.

ഇടതുപാർട്ടികൾ പ്രത്യേകമായി സഖ്യമായും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയും മത്സരിച്ചു. 178 സീറ്റുകളുമായി (ആർജെഡി ‑80, ജെഡിയു — 71,കോൺഗ്രസ് — 41) വ്യക്തമായ ഭൂരിപക്ഷമാണ് മഹാസഖ്യത്തിന് ജനങ്ങൾ നല്കിയത്. സഖ്യരാഷ്ട്രീയത്തിന്റെ ധാരണയനുസരിച്ച് രണ്ടാം കക്ഷിയായിരുന്ന നിതീഷ്കുമാറിന്റെ ജെഡിയുവിനായിരുന്നു മുഖ്യമന്ത്രിപദം അനുവദിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറുകയും ചെയ്തു. അഞ്ചാമതു തവണയായിരുന്നു മുഖ്യമന്ത്രിയായി 2015 നവംബർ 20 ന് നിതീഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തത്. പക്ഷേ ജനങ്ങളെയാകെ വഞ്ചിച്ചുകൊണ്ട് നിതീഷ്കുമാർ ബിജെപി പാളയത്തിലേയ്ക്ക് ചേക്കേറുകയും 2017 ജൂലൈയിൽ ബിജെപി പിന്തുണയോടെ അധികാരത്തിലെത്തുകയും ഇപ്പോഴും തുടരുകയും ചെയ്യുകയാണ്. ബിജെപിക്ക് ആ തെരഞ്ഞെടുപ്പിൽ 53ഉം സഖ്യകക്ഷികൾക്ക് അഞ്ചും സീറ്റുകളിലാണ് ജയിക്കാനായത്. ജെഡിയുവിനെ മുഖ്യമന്ത്രിപദവും വൻതുകയും നല്കി വിലയ്ക്കെടുത്താണ് ബിജെപി രാഷ്ട്രീയ അട്ടിമറി നടത്തിയത്. ജനവിധി അട്ടിമറിച്ചുവെന്നതുകൊണ്ടുമാത്രമല്ല, ഭരണപരാജയങ്ങളും ജനരോഷം ശക്തമാക്കിയ സാഹചര്യവും ബിഹാറിൽ നിലവിലുണ്ടായിരുന്നു. ബിജെപി പിന്തുണയോടെയുള്ള നിതീഷിന്റെ ഭരണം ജനവിരുദ്ധമായതും തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയവ രൂക്ഷമാക്കിയതും സർക്കാർ വിരുദ്ധ വികാരം ശക്തമാക്കി.

ഈയൊരു പശ്ചാത്തലത്തോടൊപ്പം ബിജെപിയുടെ ഫാസിസ്റ്റ്, ദളിത് വിരുദ്ധ, വർഗീയ, വിദ്വേഷ, രാഷ്ട്രീയത്തിനെതിരായി ഉയർന്നുവരേണ്ട വിശാലമായ പ്രതിരോധ നിരയുടെ അനിവാര്യതയും ബിഹാർ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നുണ്ട്. മുൻ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നതിൽ നിന്ന് നിതീഷ്കുമാർ വിട്ടുപോയെങ്കിലും കൂടുതൽ കക്ഷികളെ ഉൾപ്പെടുത്തി വിശാലമായ മഹാസഖ്യമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഗോദയിലെ ഏറ്റവും വലിയ പ്രത്യേകത. പൂർണാർത്ഥത്തിലായി എന്ന് പറയാറായിട്ടില്ലെങ്കിലും ഇടതു ‑മതേതര — ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വിശാലവേദിയെന്ന കാഴ്ചപ്പാടിന്റെ പരീക്ഷണശാലയാകുവാൻ ബിഹാറിന് സാധിച്ചിട്ടുണ്ട്. ബിജെപിക്കെതിരെ ആർജെഡി, കോൺഗ്രസ്, സിപിഐ ഉൾപ്പെടെയുള്ള ഇടതുപക്ഷപാർട്ടികൾ എന്നിവയെല്ലാം ചേർന്നുള്ള മഹാസഖ്യം വലിയ പ്രതിഫലനമാണ് ബിഹാറിലുണ്ടാക്കിയതെന്നാണ് അവിടെ നടന്ന പ്രചരണങ്ങളിലെ പങ്കാളിത്തവും രാഷ്ട്രീയ വിശകലനങ്ങളും വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ ഇടതുപാർട്ടികളാണ് മറ്റാരേക്കാളും വിശാലമനസ് കാട്ടിയതും വിട്ടുവീഴ്ചകൾ ചെയ്തതെന്നതും നിസ്തതർക്കമാണ്.

ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ പിന്നിലെങ്കിലും ജനകീയ അടിത്തറയുടെ കാര്യത്തിൽ നിഷേധിക്കാനാവാത്ത സ്വാധീനം ഇപ്പോഴും അവിടെ ഇടതുപാർട്ടികൾക്കുണ്ട്. മധുബനി, ബെഗുസരായി പോലുള്ള ജില്ലകളിലും പൂർണിയ, ചമ്പാരൻ മേഖലകളിലും ഇപ്പോഴും ജനകീയാടിത്തറയുള്ള പാർട്ടിയാണ് സിപിഐ. കഴിഞ്ഞ ഫെബ്രുവരിയിൽ സിപിഐയുടെ നേതൃത്വത്തിൽ നടന്ന റാലികളിൽ ആ ജനസ്വാധീനം പ്രകടമായിരുന്നതുമാണ്. ചില മേഖലകളിൽ മറ്റ് ഇടതുപാർട്ടികൾക്ക് ഇപ്പോഴും സ്വാധീനമുണ്ട്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ പൂർത്തീകരണത്തിനുവേണ്ടിയുള്ള വലിയവിട്ടുവീഴ്ചകളുടെ ഫലമായി 29 മണ്ഡലങ്ങളിലാണ് ഇടതുപാർട്ടികൾ മത്സരിക്കുന്നത്. പക്ഷേ ഇടതുപാർട്ടികൾ കൂടി ചേർന്നതിനാൽ ജനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നല്കുന്നതിന് സാധിച്ചിട്ടുണ്ട്. ബിഹാറിന്റെ വിധിയെഴുത്ത് എന്തായാലും അവിടെയുണ്ടായ മഹാസഖ്യം വരുംകാല തെരഞ്ഞെടുപ്പുകൾക്കുള്ള പ്രചോദനമാകുമെന്നതുറപ്പാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അത്തരമൊരു സഖ്യം രൂപംകൊണ്ടതിന്റെ ഫലം തമിഴ്‌നാട്ടിൽ നിന്ന് നാം കണ്ടതാണ്. രാജ്യത്തെല്ലായിടത്തും ഉരുത്തിരിയേണ്ടുന്ന വിശാലമായ ഇടതു മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയുടെ തുടക്കമാകുവാൻ സാധിച്ചുവെന്നത് ബിഹാറിന്റെ തെരഞ്ഞെടുപ്പിനെ വേറിട്ടതാക്കുന്നു.