23 April 2024, Tuesday

Related news

April 23, 2024
April 21, 2024
April 20, 2024
April 17, 2024
April 16, 2024
April 15, 2024
March 31, 2024
March 23, 2024
March 3, 2024
February 8, 2024

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിത്തറ തകർക്കപ്പെടുമ്പോൾ

ഡി രാജ
January 26, 2022 4:57 am

ഇന്ത്യയെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന നമ്മുടെ ഭരണഘടന നിലവിൽ വന്നതിന്റെ 72ാം വാർഷികമാണിത്. ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വർഷവും. കേന്ദ്ര സർക്കാർ അതിനെ ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആചരിക്കുന്നു. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ട് വർഗീയ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന ഭരണകക്ഷി നീക്കങ്ങൾ ആഘോഷങ്ങളെ ഇതിനകം തന്നെ വിവാദങ്ങളിൽ മുക്കിയിരിക്കുന്നു.
സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും ഇല്ലാതിരുന്ന ആർഎസ്എസും അതിന്റെ സഹസംഘടനകളും ഇപ്പോൾ ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന തിരക്കിലാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ അവരുടെ ഏകശിലാത്മക ഹിന്ദുത്വ ചട്ടക്കൂടിൽ ഒതുക്കാനുള്ള ശ്രമത്തിലാണ് ഹിന്ദുത്വഭരണകൂടവും സംഘടനകളും. ഇത് മഹത്തായ സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകത്തെയും മതേതരത്വത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുത്ത ഭരണഘടനയെയും അവഹേളിക്കലാണ്.
1950 ജനുവരി 26 ന് നമ്മുടെ റിപ്പബ്ലിക്ക് പിറവിയെടുത്തു. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആശയങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ വലിയ ചുവടുവയ്പായിരുന്നു അത്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടം നിരവധി ഉയർച്ച താഴ്ചകളും തിരിച്ചടികളും ഒപ്പം ഉജ്വല വിജയങ്ങളും ചേർന്ന നീണ്ട സമരമായിരുന്നു. കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ ജനത ദൃഢനിശ്ചയത്തോടെ ഒരുമിച്ചു. മതം, വംശം, ജാതി, ലിംഗഭേദം, ജനനസ്ഥലം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാരുടെയും മൗലികാവകാശം സംരക്ഷിക്കുന്ന ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കിനായുള്ള ജനങ്ങളുടെ അഭിലാഷങ്ങൾക്ക് വ്യക്തമായ രൂപം നല്കാൻ നമ്മുടെ ഭരണഘടന ശ്രമിച്ചു. ഇന്ത്യയെപ്പോലെ കാലാവസ്ഥ, ഭാഷ, സംസ്കാരം, ഭൂപ്രദേശങ്ങൾ, രാഷ്ട്രീയ പാരമ്പര്യങ്ങൾ എന്നിവയുടെ അസാധാരണമായ വൈവിധ്യം നിറഞ്ഞ രാജ്യത്ത് ഒരു ഫെഡറൽ ക്രമീകരണത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞാണ് ഭരണഘടനയുടെ ആമുഖം പോലും രൂപപ്പെടുത്തിയിട്ടുള്ളത്.
ഏത് തരത്തിലുള്ള ഫെഡറലിസവും ഒരു ലിഖിത ഭരണഘടനയിലും അതിന്റെ ചട്ടക്കൂടിലും നിലകൊള്ളുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ വ്യത്യസ്തമായ ആവശ്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരുന്ന ഭരണഘടനാ ശില്പികൾ വിവിധ തലത്തിലുള്ള സർക്കാരുകൾക്ക് അധികാരങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും തുല്യമായ വിഹിതത്തിന് വ്യവസ്ഥകളുണ്ടാക്കി. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റുകൾ‑യൂണിയൻ, സ്റ്റേറ്റ്, കൺകറന്റ്- ഈ വിഭജനത്തിന്റെ മികച്ച ഉദാഹരണമാണ്. പിന്നീട് 73,74 ഭരണഘടനാ ഭേദഗതികളിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. ഓരോ തലത്തിലുള്ള സർക്കാരിനും അതിന്റേതായ അധികാര മേഖലകളുണ്ട്. അനുച്ഛേദം 280 കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക ബന്ധവും നിബന്ധനകളും വ്യക്തമായി നിർവചിക്കുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാന കൗൺസിൽ സ്ഥാപിക്കുന്നതിന് ആർട്ടിക്കിൾ 263 അധികാരം നൽകിയിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ: ഡാലസില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ആഘോഷം വര്‍ണാഭമായി


 

രാഷ്ട്രത്തിന്റെ ഫെഡറൽ സ്വഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചയ്ക്കുള്ള ഇടമായിരുന്നു ആസൂത്രണ കമ്മിഷൻ. സംസ്ഥാനങ്ങളുടെ വിവിധ വികസന ആവശ്യകതകളോട് സംവേദനക്ഷമത പുലർത്തുകയും ചെയ്തു. മോഡി സർക്കാരിന്റെ പ്രാരംഭകാലത്തു തന്നെ ആസൂത്രണ കമ്മിഷനെ ഒഴിവാക്കി. മോഡിയുടെ കീഴിൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒരു തവണ മാത്രമാണ് അന്തർ സംസ്ഥാന കൗൺസിൽ യോഗം ചേർന്നത്. ഇക്കാലയളവിൽ ദേശീയ വികസന കൗൺസിൽ യോഗം ചേർന്നിട്ടില്ല. 15-ാം ധനകാര്യ ക­മ്മിഷന്റെ കാലാവധി വിവാദങ്ങളിൽ മുങ്ങി. പല സംസ്ഥാനങ്ങളും അധികാരവിഭജനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. തെറ്റായി വിഭാവനം ചെയ്യപ്പെട്ട ജിഎസ്‌ടി സംസ്ഥാനങ്ങൾക്ക് ലഭ്യമായ സ്വയംഭരണാധികാരം എടുത്തുകളയുകയും രാജ്യത്തിന്റെ പരോക്ഷ നികുതി വ്യവസ്ഥയെ ഏകീകൃതമാക്കുകയും ചെയ്തു. സുപ്രധാനമായ പല തീരുമാനങ്ങളും ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി യാതൊരു കൂടിയാലോചനയും കൂടാതെയാണ് എടുത്തത്. സംസ്ഥാന നിയമസഭയുമായി കൂടിയാലോചിക്കാതെയാണ് കശ്മീരിനെ സം­­ബന്ധിക്കുന്ന ആർട്ടിക്കിൾ 370 നീക്കം ചെയ്തത്.
കേശവാനന്ദ ഭാരതി കേസിലെ വിധിക്ക് ശേഷം സുപ്രീം കോടതി ഫെഡറലിസത്തെ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായി അംഗീകരിച്ചു. ജസ്റ്റിസ് സർക്കാരിയ, ജസ്റ്റിസ് പുഞ്ചി കമ്മിഷനുകൾ കേന്ദ്ര‑സംസ്ഥാന ബന്ധം മെച്ചപ്പെടുത്തുന്നതിനും ഫെഡറലിസത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ശുപാർശ ചെയ്തിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളും സമ്പ്രദായങ്ങളും വിവിധ ഘടകങ്ങളിലെ സർക്കാരുകൾ തമ്മിലുള്ള അധികാരവിതരണത്തിൽ ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ട്. സർക്കാരുകൾ പരസ്പരം അധികാരപരിധികളെ മാനിക്കുക, സമവായത്തിലൂടെ ഭരണം നടത്തുക, വൈവിധ്യത്തോടും പരസ്പര ബഹുമാനത്തോടും സംവേദനക്ഷമതയുള്ളവരായിരിക്കുക എന്നതായിരുന്നു മാനദണ്ഡം. അടിയന്തരാവസ്ഥ, രാഷ്ട്രപതി ഭരണം, ഗവർണറുടെ ഓഫീസ്, അഖിലേന്ത്യാ സേവനങ്ങൾ മുതലായവ ഇന്ത്യൻ ഭരണഘടനയിലെ ഏകപക്ഷീയ പക്ഷപാതിത്വത്തിന്റെ പഴുതുകളായി ചില പണ്ഡിതന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നതും സത്യമാണ്.

 


ഇതുകൂടി വായിക്കൂ: ചരിത്രത്തെ വികൃതമാക്കരുത്‌


 

പാർലമെന്റ് അതിന്റെ അധികാരപരിധി മറികടന്ന് സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കാർഷികമേഖലയിൽ മൂന്ന് നിയമങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു. അവ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേല്പിക്കാൻ ശ്രമിച്ചു. നീറ്റ് പരീക്ഷയിലെ വിവേചനത്തിന്റെ പേരിൽ തമിഴ്‌നാട്ടിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. പുതിയ വിദ്യാഭ്യാസ നയം രാഷ്ട്രത്തിന്റെ ഫെഡറൽ സ്വഭാവത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് നേരത്തെ പരാതിയുയർന്നതാണ്. അസം, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ നീട്ടി.
സംസ്ഥാന എക്സിക്യൂട്ടീവുകളുടെയും നിയമനിർമ്മാണ സഭകളുടെയും അധികാരങ്ങളിൽ കടന്നുകയറിയതിന് ഗവർണർമാരുടെയും ലഫ്റ്റനന്റ് ഗവർണർമാരുടെയും ഓഫീസുകൾ സമീപകാലത്ത് നിരവധി തവണ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ചില സംസ്ഥാനഗവർണർമാർ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവന്മാരായി പ്രവർത്തിക്കുന്നതിനുപകരം കേന്ദ്ര സർക്കാരിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നതായി ആരോപിക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ഗവർണർമാർ നിയമസഭാംഗങ്ങളെ സ്വാധീനിക്കുകയും കേന്ദ്രസർക്കാരും ആർഎസ്എസും ആവശ്യപ്പെടുന്ന സർക്കാരുകൾ അവരോധിക്കുകയും ചെയ്തുവെന്ന ആരോപണങ്ങളും ഉയർന്നു. അടുത്തിടെ, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ റിപ്പബ്ലിക് ദിന നിശ്ചലദൃശ്യങ്ങള്‍ കേന്ദ്രം നിരസിച്ചത് സംസ്ഥാനങ്ങളുടെയും ഫെഡറലിസത്തിൽ വിശ്വസിക്കുന്നവരുടെയും പ്രതിഷേധത്തിന് കാരണമായി. രാജ്യത്തിന്റെ വൈവിധ്യത്തെ തീർത്തും അവഗണിക്കുകയും ഭരണഘടനാ മൂല്യങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രത്തിൽ നിന്നാണ് ഇത്തരം സംഭവവികാസങ്ങൾ ഉടലെടുക്കുന്നത്.

 


ഇതുകൂടി വായിക്കൂ: ഭരണകൂടവും മതവും ഇന്ത്യയിൽ


 

ആർഎസ്എസ്-ബിജെപി ലക്ഷ്യമായ ഏകശിലാരാജ്യത്തിന്റെ ലക്ഷ്യത്തിലേക്കാണ് അവരുടെ നീക്കം. ‘ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാൻ’ എന്ന ആശയം നമ്മുടെ രാജ്യത്തെ വൈവിധ്യത്തിനെതിരെ അവരിൽ അസഹിഷ്ണുതയുണ്ടാക്കുന്നു. അതുകൊണ്ട് മതം, ഭാഷ, ജാതി, ലിംഗഭേദം തുടങ്ങിയ വിഷയങ്ങൾ അടിച്ചേല്പിക്കാൻ അവർ ശ്രമിക്കുന്നു. ആർഎസ്എസിന്റെ ഏകീകൃത തത്ത്വചിന്ത, സംസ്കാരങ്ങളുടെ വൈവിധ്യത്തിനും നമ്മുടെ റിപ്പബ്ലിക്കിനും സമൂഹത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ‘ഒരു രാഷ്ട്രം, ഒരു നികുതി’ എന്നതിൽ തുടങ്ങിയതാണ് ആർഎസ്എസ്-ബിജെപി വെ­ല്ലുവിളി. ഇപ്പോൾ ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ ആണ് ലക്ഷ്യം. പിന്നെയത് ഒരു രാജ്യം ഒരു മതം എന്നാകും. മതനിരപേക്ഷത, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നീ പുരോഗമന ആശയങ്ങൾ തകർത്ത് നമ്മുടെ മണ്ണിനെ വീണ്ടും ജനാധിപത്യവിരുദ്ധമാക്കും.
നമ്മുടെ ഭരണഘടന ‘ഭാരതമെന്ന ഇന്ത്യ, സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്’ എന്ന് പ്രഖ്യാപിക്കുന്നു. രാഷ്ട്രത്തിന്റെ ഫെഡറൽ സ്വഭാവത്തെ തിരിച്ചറിയുകയും അധികാരത്തിന്റെ കേന്ദ്രീകരണത്തിനെതിരെ പോരാടുകയും ചെയ്യേണ്ടത്, നമ്മുടെ ദേശീയതയെ അതിന്റെ വൈവിധ്യമാർന്ന ഘടകങ്ങളോടും ഭരണഘടനാ ഉറപ്പുകളോടും കൂടി സംരക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്. വർഗീയ‑ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് ശക്തമായ പോരാട്ടം നടത്തണം. ജനങ്ങളുടെയും ജനങ്ങൾക്ക് വേണ്ടിയുള്ളതുമായ സർക്കാർ ഉണ്ടാക്കാൻ നാം ശ്രമിക്കണം. നമ്മുടെ റിപ്പബ്ലിക് വീണ്ടെടുക്കാനുള്ള പോരാട്ടം ശക്തമാക്കാനാണ് സമകാലിക ചരിത്രം ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.