വർദ്ധിച്ചു വരുന്ന ഇ‑മാലിന്യങ്ങൾ പാരിസ്ഥിതിക ഭീഷണി ഉയർത്തുമ്പോൾ

Web Desk
Posted on November 18, 2019, 9:58 pm

ആഗോളതലത്തിലും പ്രത്യേകിച്ച് ഇന്ത്യയിലും വർദ്ധിച്ചുവരുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ (ഇ‑മാലിന്യങ്ങൾ) പാരിസ്ഥിതിക ഭീഷണിയായി മാറുകയും ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്കിടയിൽ മറ്റൊരു വികസന പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ ഡിജിറ്റൽ യുഗത്തിലേക്ക് കുതിക്കുമ്പോഴും അത് സൃഷ്ടിക്കുന്ന ഇ‑മാലിന്യങ്ങളെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നതിൽ ഇന്ത്യയിലെ ഭരണവ്യവസ്ഥ ശ്രദ്ധ പതിപ്പിക്കുന്നില്ല. കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോൺ, ബാറ്ററിസെല്ലുകൾ, പ്രിന്ററുകൾ, സ്കാനറുകൾ, എയർകണ്ടീഷനുകൾ, വാഷിംഗ്‍മെഷീൻ, റെഫ്രിജറേറ്ററുകൾ തുടങ്ങിയവ സാങ്കേതിക പുരോഗതിയിലുള്ള മാറ്റത്തിന്റെ ഫലമായി പുതിയ മോഡലുകളിലേക്ക് മാറുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇത്തരത്തിലുള്ള നവീകരണത്തിലൂടെ ഉപഭോക്താക്കൾ പഴയ ഇലക്ട്രോണിക് ഉല്പ്പന്നങ്ങൾ വളരെ വേഗത്തിൽ ഉപേക്ഷിച്ച് പുതിയ ഉപകരണങ്ങൾ മാറ്റി വാങ്ങുന്നു. ഇത് ഇ‑മാലിന്യങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു. മിക്ക ഇലക്ട്രോണിക് മാലിന്യങ്ങളിലും പ്ലാസ്റ്റിക്കുകൾ, ലോഹങ്ങൾ, കേബിളുകൾ, കാഥോഡ് റേ ട്യൂബുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ശാസ്ത്രീയമായി സംസ്കരിച്ചാൽ പ്ലാറ്റിനം, ചെമ്പ്, വെള്ളി സ്വർണ്ണം പോലുള്ള വിലയേറിയ ലോഹങ്ങൾ കണ്ടെത്തുകയും അതിനൊപ്പം ലിഥിയം, നിക്കൽ, മെർക്കുറി, ആർസെനിക്, കാഡ്മിയം, കോബാൾട്ട്, ഈയം എന്നീ വിഷപദാർഥങ്ങളുടെ സാന്നിദ്ധ്യമുണ്ട്. ഇ‑മാലിന്യങ്ങൾ മനുഷ്യർക്കും ജീവജാലങ്ങൾക്കും ഒരുപോലെ ഭീഷണി സൃഷ്ടിക്കുന്നു. ഐ ടി മേഖലയുടെ വളർച്ചയിലൂടെ ഇന്ത്യയിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചു.

2018- ൽ ആഗോളതലത്തിൽ 50 ദശലക്ഷം ടൺ ഇ‑മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നുവെന്നാണ് കണക്കാക്കുന്നത്. ആഗോള ഇ‑മാലിന്യത്തിന്റെ 20 ശതമാനം മാത്രമാണ് ഓരോ വർഷവും പുനരുപയോഗിക്കുന്നത്. അതായത് 40 ദശലക്ഷം ടൺ ഇ‑മാലിന്യങ്ങൾ വിഭവവീണ്ടെടുക്കലിനായി കത്തിക്കുകയോ, നിയമ വിരുദ്ധമായി വ്യാപാരം നടത്തുകയോ ചെയ്യുന്നു. കഴിഞ്ഞ കാലങ്ങളിൽ ചൈന ലോകത്തിലെ ഏറ്റവും വലിയ ഇ‑മാലിന്യ നിക്ഷേപകേന്ദ്രമായി കണക്കാക്കുന്നു. ആ­ഗോള തലത്തിൽ ചൈന, ഇന്ത്യ, പെറു, ഘാന, പാകിസ്ഥാൻ എന്നിവയാണ് വ്യവസായവത്ക്കരണ രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഇ‑മാലിന്യങ്ങൾ സ്വീകരിക്കുന്നത്. 2017‑ൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ഇ‑വേസ്റ്റ് മോണിറ്റൽ പ്രകാരം ഇന്ത്യ പ്രതിവർഷം ഏകദേശം രണ്ട് ദശലക്ഷം ടൺ ഇ‑മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനം യുഎസ്, ചൈന, ജപ്പാൻ, ജർമ്മനി എന്നിവയ്ക്കു ശേഷം ഇ‑മാലിന്യ ഉല്പാദന രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയിലെ 95 ശതമാനം ഇ‑മാലിന്യങ്ങളും കൃത്യമായ സംസ്കരണ രീതികൾ പാലിക്കാതെയാണ് പുനരുപയോഗം ചെയ്യുന്നത്. 2019- ൽ ഐക്യരാഷ്ട്ര സംഘടന ലോക സാമ്പത്തിക ഫോറത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഇ‑മാലിന്യം 48.5 മെട്രിക് ടണ്ണിലെത്തി എന്നാണ്. ഐക്യരാഷ്ട്ര സംഘടന തന്നെ നൽകുന്ന സൂചന ഇത് വളരെ ഗൗരവമായി പരിഗണിച്ചില്ലെങ്കിൽ ഇതിന്റെ അളവ് ഇരട്ടിയാകുമെന്നാണ്. 2020‑ലെ ടോക്കിയോ ഒളിമ്പിക്സ് മെഡലുകൾ 5000 ടൺ ഇ‑മാലിന്യങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നതെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

ആഗോള സാമ്പത്തിക ഫോറം 2018‑ൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യ പരിസ്ഥിതി പ്രകടന സൂചികയിൽ 180 രാജ്യങ്ങൾക്കിടയിൽ 177-ാം സ്ഥാനത്താണ്. പരിസ്ഥിതി- ആരോഗ്യ നയങ്ങളിലെ മോശം പ്രകടനവും വായുമലിനീകരണം മൂലമുണ്ടാകുന്ന മരണവും ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമാകുന്നു. ലോകത്തിൽ വച്ചേറ്റവും വായുമലിനീകരണം അനുഭവിക്കുന്ന പ്രദേശമായി ഡൽഹി മാറിയിരിക്കുന്നു. 2018 മുതൽ ഇന്ത്യ പ്രതിവർഷം രണ്ട് ദശലക്ഷം ടണ്ണലധികം ഇ‑മാലിന്യങ്ങൾ ഉല്പാദിപ്പിക്കുന്നു അതിനൊപ്പം ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് വൻതോതിൽ ഇ‑മാലിന്യങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യന്നു. ഇത്തരത്തിലുള്ള പ്രവൃത്തിയിലൂടെ ഇന്ത്യയിലെ പരിസ്ഥിതിയെ പ്രത്യേകിച്ച്-ഭൂഗർഭമലിനീകരണത്തിലൂടെ വ്യക്തികളുടെ ആരോഗ്യം, ജീവജാലങ്ങളുടെ അതിജീവനം, ആവാസ വ്യവസ്ഥയുടെ നിലനിൽപ്പ് എന്നിവയെയും അപകടത്തിലാക്കുന്നു.

ഇ‑മാലിന്യ സംസ്കരണത്തിൽ ഗുണനിലവാരമുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാത്തതിനാൽ ഇ‑മാലിന്യത്തിലെ വിഷവസ്തുക്കൾ പരിസ്ഥിതിയിലേക്ക് ചേരുന്നു, തൊഴിലാളികളുടെ തൊഴിൽസുരക്ഷയും ആരോഗ്യവും പരിഗണിക്കാതെ പോകുന്നു.

ഇ‑മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങൾ 2011 മുതൽ ഇന്ത്യയിൽ നിലവിലുണ്ട്. ഇ‑വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങൾ 2016 ഒക്ടോബർ 1 മുതൽ നിലവിൽ വന്നു. ഈ നിയമത്തിന്റെ പരിധിയിൽ 21 ഉൽപ്പന്നങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനൊപ്പം എക്സറ്റെന്റഡ് പ്രൊ‍ഡ്യൂസർ റെസ്പോൺസിബിലിറ്റി (ഇപിആർ) നിയമം നടപ്പിലാക്കി ഓരോ ഇലക്ട്രിക്- ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആജീവനാന്ത കാലത്തേക്ക് ഉൽപ്പന്നങ്ങളുടെ ക്രമീകരണം മുന്നോട്ടു വെക്കുന്നു. കൂടാതെ പ്രൊഡ്യൂസർ റെ­സ്പോൺസിബിലിറ്റി ഓർഗനൈസേഷൻ (പിആർഒ) എന്ന പുതിയ ക്രമീകരണത്തിലൂടെ നിർമ്മാതാക്കളുടെ ഉത്തരവാദിത്വം മാലിന്യ ശേഖരണത്തിൽ മാത്രം ഒതുക്കി നിർത്താതെ മാലിന്യ സംസ്കരണം, പുനരുപയോഗം എന്നിവയും ഉറപ്പു വരുത്തണമെന്ന് ഈ നിയമം അനുശാസിക്കുന്നു.

ഇന്ത്യയിൽ ഇ‑മാലിന്യ സംസ്കരണത്തിന് സംസ്ഥാന സർക്കാരുകളുടെ അംഗീകരമുള്ള 178 ഇ‑വേസ്റ്റ് റീസൈക്ലറുകൾ ഉണ്ട്. എന്നാൽ ഇവ ഉപയോഗിച്ച് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നില്ല. ചിലത് അപകടകരമായ അവസ്ഥയിൽ സൂക്ഷിക്കുമ്പോൾ മറ്റു ചിലത് അത്തരം മാലിന്യങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷി പോലുമില്ലെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അസംഘടിത മേഖലകളിലെ ഇ‑മാലിന്യ പുനരുപയോഗത്തിന്റെ അപകടങ്ങളെകുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് 2015 മുതൽ ഡിജിറ്റൽ ഇന്ത്യയ്ക്ക് കീഴിൽ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഒരു ഇ‑മാലിന്യ ബോധവത്കരണ പരിപാടി ആരംഭിച്ചു.

പരിസ്ഥിതി സൗഹൃദമായ ഇ‑മാലിന്യ പുനരുപയോഗ രീതികൾ സ്വീകരിക്കേണ്ട ആവശ്യകതയെക്കുറിച്ചാണ് ഈ മന്ത്രാലയം ഊന്നൽ നൽകുന്നത്.

ഇ‑വേസ്റ്റ് മാനേജ്മെന്റ് നിർമ്മാതാക്കളുടെ ഉത്തരവാദിത്വമാണെങ്കിലും ഉപഭോക്താക്കൾ, ചില്ലറ വ്യാപാരികൾ, കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ, മുൻസിപ്പാലിറ്റികൾ, സന്നദ്ധ സംഘടനകൾ, സ്വയം സഹായസംഘങ്ങൾ എന്നിവർക്കും ഇ‑വേസ്റ്റ് സംസ്കരണത്തിൽ ശക്തമായി ഇടപെടാൻ സാധിക്കും. കരയിലും വെള്ളത്തിലും വായുവിലും ഇ‑മാലിന്യങ്ങൾ സൃ­ഷ്ടിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടതായിട്ടുണ്ട്. സർക്കാരുകൾ ആവശ്യമായ സാമ്പത്തിക സഹായവും സാങ്കേതിക മാർഗ്ഗ നിർദ്ദേശവും നൽകി പുതിയ സംരംഭകരെ പ്രോൽസാഹിപ്പിക്കുകയും പ്രത്യേക ഇളവുകൾ നൽകി ഇ‑മാലിന്യ പുനരുപയോഗവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുന്നതിന് പ്രോൽസാഹിപ്പിക്കുകയും വേണം. അസംഘടിത മേഖലയെ സംഘടിത മേഖലയുമായി സംയോജിപ്പിച്ചുള്ള കൂട്ടായ മാർഗ്ഗങ്ങൾ സർക്കാർ തലത്തിൽ ഇ‑മാലിന്യസംസ്കരണത്തിൽ പരിഗണിക്കണം.

ഇ‑മാലിന്യങ്ങൾ മികച്ചരീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന മാർഗം ഉപഭോക്താക്കളാണ്. വലിച്ചെറിയുന്ന മാലിന്യങ്ങൾക്കൊപ്പം ഇ‑മാലിന്യങ്ങൾ വലിച്ചെറിയാതെ അത് പ്രത്യേകമായി സൂക്ഷിച്ച് ഇ‑മാലിന്യ ശേഖരണ എജൻസികൾക്ക് കൈമാറ്റം ചെയ്യണം. പരിസ്ഥിതി സൗഹൃദ ഇ‑വേസ്റ്റ് മാനേജ്മെന്റ് പരിപാടികൾ പ്രോൽസാഹിപ്പിക്കുന്നതിന് ഉപഭോക്താക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. അതിനൊപ്പം സു­സ്ഥിര ഉപഭോക്തൃ ശീലങ്ങളും ഉപഭോക്താക്കൾ വളർത്തിയെടുക്കണം. സാങ്കേതികമായി പ്രാവീണ്യമുള്ള മാനവ വിഭവശേഷി ഉപയോഗിച്ച് സുസ്ഥിര ഉപഭോക്തൃ ശീലങ്ങൾ വളർത്തുന്നതിനായി ഗവൺമെന്റ് തലത്തിലും പ്രാദേശികതലത്തിലും വ്യക്തിതലത്തിലും ശക്തമായ ഇടപെടലുകൾ നടത്തിയാൽ മാത്രമേ ഇ‑മാലിന്യ സംസ്കരണം വിജയകരമാവുകയുള്ളു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി ഇ‑മാലിന്യങ്ങൾ സുരക്ഷിതമായി പുനരുപയോഗം ചെയ്യുന്നതിനും പുറന്തള്ളുന്നതിനും സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുകൾക്കായി ഇനി ഒരു നിമിഷം പോലും പാഴാക്കരുത്.