Janayugom Online
history of maveli

ഐതിഹ്യകഥകള്‍ ഏറ്റുമുട്ടുമ്പോള്‍

Web Desk
Posted on August 26, 2018, 5:05 pm
jayakumar murukumpuzhua

മുരുക്കുംപുഴ ജയകുമാര്‍

വീണ്ടുമൊരു ഓണക്കാലം കൂടി വരവായി. വിദ്യാലയങ്ങളും ഓഫീസുകളും നാടും നഗരവുമെല്ലാം ഓണാഘോഷലഹരിയിലായി. തിരുവോണനാളില്‍ തന്റെ പ്രജകളെക്കാണാനെത്തുന്ന മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. ആരാണ് ഈ മഹാബലി? പണ്ട് പണ്ട് കേരളം ഭരിച്ചിരുന്ന നീതിമാനും ദാനശീലനും ധര്‍മ്മിഷ്ടനും പ്രജാക്ഷേമതല്‍പരനുമായ ചക്രവര്‍ത്തി. അദ്ദേഹത്തിന്റെ കാലത്ത് കേരളം സമത്വ സുന്ദരവും സമൃദ്ധവുമായിരുന്നു. കള്ളവും ചതിയുമില്ലാത്ത, അല്‍പംപോലും പൊളിവചനങ്ങളില്ലാത്ത കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത മനുഷ്യരെയെല്ലാം ഒരുപോലെ കണ്ട ഒരു ഭരണമാണ് മഹാബലി കേരളത്തില്‍ നടത്തിയത്. ജാതിയുടെ പേരിലോ മതത്തിന്റെ പേരിലോ സമ്പത്തിന്റെ പേരിലോ യാതൊരുവിധ ഉച്ചനീചത്വങ്ങളുമില്ലാത്ത നാടായിരുന്നു മാവേലിനാട്. അത്തരമൊരു സമത്വസുന്ദരനാട് കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുമെന്ന് ഓണാഘോഷക്കാലത്ത് നമുക്ക് പ്രതിജ്ഞയെടുക്കാം.
സല്‍ഭരണം കാഴ്ചവച്ച മഹാബലിയുടെ ദാനശീലം മുതലെടുത്തുകൊണ്ട് മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ മൂന്നടി മണ്ണുചോദിച്ചുവെന്നും മഹാബലി വാമനനോട് ഭൂമി അളന്നെടുക്കാന്‍ പറഞ്ഞുവെന്നും ഒന്നും രണ്ടും ചുവടുകള്‍ കൊണ്ട് വാമനന്‍ ഭൂമിയും ആകാശവും അളന്നെടുത്തുവെന്നും മൂന്നാമത്തെ ചുവടുവയ്ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ മഹാബലി തന്റെ ശിരസ് കാണിച്ചുകൊടുത്തുവെന്നും വാമനന്‍ ശിരസില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചുവെന്നുമാണ് ഐതിഹ്യം. പാതാളത്തിലേക്ക് പോകുന്നതിനു മുമ്പ് തന്റെ പ്രജകളെക്കാണാന്‍ ആണ്ടിലൊരിക്കല്‍ നാട്ടില്‍ വരാന്‍ അനുവാദം ചോദിക്കുകയും വാമനന്‍ അതംഗീകരിക്കുകയും ചെയ്തുവെന്നും അങ്ങനെ മഹാബലി എല്ലാ വര്‍ഷവും തിരുവോണനാളില്‍ തന്റെ പ്രജകളെ കാണാന്‍ എത്തുന്നുവെന്നതാണ് കഥ.
ഇത്തരത്തിലുള്ള ധാരാളം ഐതിഹ്യകഥകള്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്. ഈ ഐതിഹ്യങ്ങള്‍ യുക്തിസഹങ്ങളാണോ എന്ന് ചിന്തിക്കേണ്ടതാണ്. പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ നാടാണ് കേരളം എന്നതാണ് കേരളോല്‍പത്തിയെക്കുറിച്ചുള്ള മറ്റൊരുഐതിഹ്യം. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമന്‍ എന്ന് വിശ്വസിക്കുന്നു.
കേരളോല്‍പത്തിയെപ്പറ്റിയുള്ള ഐതിഹ്യമനുസരിച്ച് മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്‍ കേരളം സൃഷ്ടിച്ചു. ഓണത്തെപ്പറ്റിയുള്ള ഐതിഹ്യമനുസരിച്ച് മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ കേരളത്തില്‍ സല്‍ഭരണം നടത്തിയിരുന്ന മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. അപ്പോള്‍ പരശുരാമനുമുമ്പ് കേരളമുണ്ടായിരുന്നുവെന്ന് അനുമാനിക്കാം. ചുരുക്കത്തില്‍ ഒരു ഐതിഹ്യം മറ്റൊരു ഐതിഹ്യത്തെ ചോദ്യം ചെയ്യുന്നു. ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങള്‍ ഒട്ടുമിക്ക ഐതിഹ്യങ്ങള്‍ക്ക് തമ്മിലുമുണ്ട്.