ഇന്ത്യന്‍ ജനത പ്രാഥമികാവശ്യങ്ങള്‍ പോലും നേടാതെ പരാജയപ്പെടുമ്പോള്‍ 

Web Desk
Posted on July 02, 2019, 9:48 am

രു സമൂഹത്തിന്റെ അല്ലെങ്കില്‍ ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അളവുകോലാണ് ജനതയ്ക്ക് പ്രാഥമികാവശ്യങ്ങള്‍ ലഭ്യമാകുന്നുണ്ടോയെന്ന അടിസ്ഥാന വസ്തുത. നമ്മുടെ ഭരണാധികാരികള്‍ വികസനമെന്ന് കൊട്ടിഘോഷിക്കുന്നത് കേവലം രാജ്യത്തിന്റെ വളര്‍ച്ചാനിരക്കിലുള്ള വര്‍ധനവോ, അല്ലെങ്കില്‍ ആളോഹരി വരുമാന വര്‍ധനവിനെയോ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ ആധുനിക വികസന സാമ്പത്തിക ശാസ്ത്രജ്ഞര്‍ രാജ്യത്തിന്റെ വികസനത്തെ വിലയിരുത്തുന്നത് കേവലം വളര്‍ച്ചാനിരക്കിനേക്കാളുപരി മാനവിക വികസന രംഗത്തുള്ള വളര്‍ച്ചയിലൂടെ മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിലൂടെയാണ്. ഏതൊരു മനുഷ്യന്റെയും നിലനില്‍പ്പിന് ആധാരമായത് പ്രാഥമികാവശ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിലൂടെയാണ്. വായു, വെള്ളം, ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയാണ് പ്രധാനമായി പ്രാഥമികാവശ്യങ്ങളായി നാം പരിഗണിക്കുന്നത.് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടുകയും ഇന്ത്യയിലെ ജനതയ്ക്ക് പ്രാഥമികാവശ്യങ്ങള്‍ പോലും ഉറപ്പുവരുത്താന്‍ സാധിക്കാതെ വീണ്ടും ഭരണതുടര്‍ച്ച നേടി എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ വികസന പ്രശ്‌നങ്ങളായ ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം, പോഷകാഹാരക്കുറവ് തുടങ്ങിയ മുഴുവന്‍ ജനതയെയും ബാധിക്കുന്ന വിഷയങ്ങള്‍ എത്രത്തോളം ചര്‍ച്ച ചെയ്തുവെന്നതാണ് പ്രസക്തമായ ചോദ്യം. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ കൃത്രിമ വികസന പ്രതീതി സൃഷ്ടിക്കുകയും, കപട ദേശീയബോധവും, വര്‍ഗ്ഗീയ പ്രീണന നയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്ത്യയിലെ ജനത അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ചര്‍ച്ച കൊണ്ടുപോകാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്താണ് ഇന്ത്യയിലെ ജനത അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍? ഈ പ്രശ്‌നങ്ങളെ ഇന്ത്യയിലെ പൊതുസമൂഹത്തിനു മുന്‍പില്‍ ചര്‍ച്ച ചെയ്യാന്‍ ഭരണകൂടം മടിക്കുന്നതെന്തുകൊണ്ട്? ഇന്ത്യയുടെ വികസനത്തില്‍ കാതലായ ചോദ്യങ്ങള്‍ക്ക് ഇന്ത്യയിലെ ഭരണാധികാരികള്‍ മറുപടി പറയേണ്ടതായിട്ടുണ്ട്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 72 വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇന്ത്യയിലെ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന കാര്യത്തില്‍ ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. മറിച്ച് ചങ്ങാത്ത മുതലാളിത്തത്തിലൂടെ ഒരു ചെറിയ വിഭാഗം അതിസമ്പന്നര്‍ക്ക് അനര്‍ഹമായി ആനുകൂല്യങ്ങള്‍ നല്‍കി സമ്പത്ത് കേന്ദ്രീകരണത്തിന് വഴിയൊരുക്കുകയും അതിലൂടെ ഭൂരിഭാഗം ജനങ്ങളെയും സാമ്പത്തിക അസമത്വത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ ഉത്സവമായിട്ടാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ വിശേഷിപ്പിക്കുന്നത്. ചില സംഘടനകള്‍ പുറത്തുവിട്ട കണക്കു പ്രകാരം ഏകദേശം 60,000 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കുന്നത്. ഇന്ത്യയില്‍ ദാരിദ്ര്യം അതിന്റെ ഉയര്‍ന്ന തലത്തിലുള്ള സമൂഹത്തില്‍ ഒരു ദിവസം 100 രൂപപോലും വരുമാനമില്ലാത്ത 30 കോടിയോളം വരുന്ന പാവപ്പെട്ട ജനതയുള്ള രാജ്യത്താണ് ഇത്രയും വലിയ തുക തെരഞ്ഞെടുപ്പ് മാമാങ്കത്തിനായി ചെലവഴിച്ചത്.
ഇന്ത്യയിലെ ജനത അഭിമുഖീകരിക്കുന്ന പ്രാഥമികാവശ്യങ്ങളുടെ ലഭ്യത എത്രത്തോളമെന്ന് വിലയിരുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയായി മാറുന്നു. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 15 എണ്ണവും ഇന്ത്യയിലാണ്. കേന്ദ്ര തലസ്ഥാനമായ ഡല്‍ഹിയില്‍ പോലും പരിസ്ഥിതി മലിനീകരണം മൂലം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍പോലും സാധിക്കാതെ വരുന്നു. അനിയന്ത്രിതമായ തോതിലുള്ള വായു മലിനീകരണം മൂലം ഇന്ത്യയില്‍ പ്രതിവര്‍ഷം 12 ലക്ഷം പേര്‍ മരിക്കുന്നു. ഉത്തരേന്ത്യയിലെ വ്യാവസായിക മേഖലയിലും വായു ശ്വസിക്കാന്‍ സാധ്യമല്ലാത്ത രീതിയിലാണ്. കാലാവസ്ഥാവ്യതിയാനം മൂലം ഇന്ത്യയില്‍ വരള്‍ച്ച അനുഭവപ്പെടുകയും കൃഷി നാശത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇന്ത്യയുടെ 40 ശതമാനത്തോളം പ്രദേശങ്ങള്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. നിതി ആയോഗ് ഈയടുത്ത് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഭൂഗര്‍ഭജലം സുസ്ഥിരമായ നിരക്കില്‍ കുറഞ്ഞുവരുന്നതായി സൂചിപ്പിക്കുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ദില്ലി, ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിലെ ഭൂഗര്‍ഭ ജലം ഈ നിലയില്‍ പോയാല്‍ 2020 ഓടുകൂടി പൂര്‍ണമായും ഇല്ലാതാകും. നിതി ആയോഗിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഇന്ത്യയിലെ അപകടകരമായ രീതിയിലുള്ള കുടിവെള്ള സ്രോതസ്സിന്റെ ലഭ്യത കുറവിനെയാണ്. 2030 ഓടോകൂടി ഇന്ത്യയിലെ 40 ശതമാനത്തോളം ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകില്ലയെന്ന ഒരു അപായസൂചന ഇന്ത്യയിലെ ജനതയുടെ മുന്നിലുണ്ട്. ഇപ്പോള്‍ ലഭ്യമാകുന്ന കുടിവെള്ളത്തിനു തന്നെ ഗുണനിലവാരവും വളരെ കുറവാണ്.

രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2019 ജൂണ്‍ 21 ന് ലോക്‌സഭയില്‍ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് ലോക്‌സഭാംഗം ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആരോഗ്യ‑കുടുംബ ക്ഷേമ മന്ത്രി മറുപടി പറഞ്ഞിരുന്നു. ഇന്ത്യയിലെ കുട്ടികളുടെ പോഷകാഹാര സ്ഥിതിയെ കുറിച്ചായിരുന്നു ചോദ്യം. മന്ത്രിയുടെ മറുപടി ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ അടിസ്ഥാനത്തിലായിരുന്നു. 2015–16 വര്‍ഷം പ്രസിദ്ധീകരിച്ച ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 35.7 ശതമാനം, 21 ശതമാനം, 38.4 ശതമാനം യഥാക്രമം ഭാരക്കുറവ്, ക്ഷയിക്കല്‍, വളര്‍ച്ചാമുരടിപ്പ് എന്നിവ പ്രകടമാണ്. മറ്റു സാധാരണ കുട്ടികളേക്കാള്‍ പ്രതിരോധശേഷി കുറവുള്ളവരായതിനാല്‍ അതിജീവന സാധ്യതയും വെല്ലുവിളിയായി മാറുന്നു. ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്ത മസ്തിഷ്‌കജ്വരത്തിന് കാരണമായി മാറുന്നത് വിശപ്പും ദാരിദ്ര്യവുമാണ്. ബിഹാറിലെ മരണത്തിന് കാരണം ലിച്ചിയല്ല, മറിച്ച് ഭരണകൂട വീഴ്ചമൂലമുണ്ടായ കുട്ടികളിലെ കടുത്ത പോഷകാഹാര കുറവാണ് യഥാര്‍ഥ വില്ലനെന്ന് 1995 മുതല്‍ ഈ വിഷയത്തില്‍ പഠനം നടത്തുന്ന പൊതുജനാരോഗ്യ പ്രവര്‍ത്തകനും ഡോക്ടറുമായ ഡോ. അരൂണ്‍ ഷാ അഭിപ്രായപ്പെട്ടത്. മുസാഫിര്‍പ്പൂര്‍ ജില്ലയില്‍ മാത്രം 103 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 93 കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുപോലുമില്ല. മുസാഫിര്‍പൂര്‍ സംഭവം ഉത്തരേന്ത്യയിലെ ദുരിതപൂര്‍ണമായ ജീവിത സാഹചര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. ദേശീയ കുടുംബാരോഗ്യ സര്‍വേ 4 പ്രകാരം ബിഹാര്‍ (43.9 ശതമാനം), ഛത്തീസ്ഗഡ് (37.7 ശതമാനം), ജാര്‍ഖണ്ഡ് (47.8 ശതമാനം), മധ്യപ്രദേശ് (42.8 ശതമാനം), ഒഡിഷ (34.4 ശതമാനം), രാജസ്ഥാന്‍ (36.7 ശതമാനം), ഉത്തര്‍പ്രദേശ് (39.5 ശതമാനം), ഉത്തരാഖണ്ഡ് (26.6 ശതമാനം), ഗുജറാത്ത് (39.7 ശതമാനം), മഹാരാഷ്ട്ര (36.0 ശതമാനം) എന്നിങ്ങനെയാണ് ഉത്തരേന്ത്യയിലെ കുട്ടികള്‍ക്കിടയിലുള്ള ഭാരക്കുറവ് സൂചിപ്പിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പോഷകാഹാര വിതരണ സൗകര്യത്തിനും, മാനവിക വികസന പുരോഗതിയ്ക്കായും മുന്‍ഗണനാ സംസ്ഥാനങ്ങളെന്നും, മുന്‍ഗണന ആവശ്യമില്ലാത്ത സംസ്ഥാനങ്ങളെന്നും തരംതിരിച്ചിട്ടുണ്ട്. ബിഹാര്‍, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു-കാശ്മീര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ 10 സംസ്ഥാനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ പട്ടികയിലെ മുന്‍ഗണനാ സംസ്ഥാനങ്ങള്‍. ആന്ധ്രപ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ 11 സംസ്ഥാനങ്ങളെ മുന്‍ഗണന ആവശ്യമില്ലാത്ത സംസ്ഥാനങ്ങളായി പരിഗണിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടി പ്രകാരം കുട്ടികളുടെ പോഷകാഹാര ക്ഷേമത്തിനായി മുന്‍ഗണന സംസ്ഥാനങ്ങള്‍ക്ക് 2009-10 വര്‍ഷം 2272.76 ലക്ഷം രൂപയും മുന്‍ഗണന ആവശ്യമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് 638.56 ലക്ഷം രൂപയും ചെലവാക്കി. 2018–19 വര്‍ഷത്തിലെത്തുമ്പോള്‍ 6825.50 ലക്ഷം രൂപ 3609.87 ലക്ഷം രൂപ എന്നിവ യഥാക്രമം മുന്‍ഗണന സംസ്ഥാനത്തിനും, മുന്‍ഗണന ആവശ്യമില്ലാത്ത സംസ്ഥാനങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണനാ സംസ്ഥാനങ്ങളില്‍ ഇരട്ടി തുക ചെലവഴിച്ചിട്ടും എന്തുകൊണ്ട് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സംഭവവും, ബിഹാറിലെ മുസാഫിര്‍ഫൂര്‍ സംഭവവും ആവര്‍ത്തിക്കുന്നത്.
ഇന്ത്യയിലെ 20 കോടിയോളം ജനത ഒരു നേരംപോലും മെച്ചപ്പെട്ട ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്നു. ഇന്ത്യയുടെ ഈ അവസ്ഥ സബ്-സഹാറന്‍ ആഫ്രിക്കയിലേക്കാള്‍ പിന്നാക്ക നിലവാരത്തിലാണ്. സാമ്പത്തിക വളര്‍ച്ച നേടിയെന്നു മേനിനടിക്കുന്ന രാജ്യത്തിലാണ് ഈ ദുര്‍ഗതി. ഇന്ത്യയിലെ 18 ലക്ഷത്തോളം ജനങ്ങള്‍ വഴിയോരങ്ങളിലും തെരുവുകളിലുമാണ് അന്തിയുറങ്ങുന്നത്. ഇതുകൂടാതെ 20 ലക്ഷം ജനങ്ങള്‍ തകര്‍ന്ന വീടുകളിലും, 6.4 കോടി ജനങ്ങള്‍ ചേരികളിലുമായി അധിവസിക്കുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടമെന്ന ലക്ഷ്യം ഇന്ത്യയില്‍ ഇന്നും വിദൂരമായ ഒരു സ്വപ്‌നംപോലെ അവശേഷിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 26 ശതമാനത്തോളം നിരക്ഷരരും, 60 ലക്ഷത്തോളം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോലും പോകാന്‍ സാധിക്കുന്നില്ല. നിതി ആയോഗ് പുറത്തിറക്കിയ പുതിയ ആരോഗ്യനിലവാര സൂചിക പ്രകാരം കേരളം ഒന്നാംസ്ഥാനം നിലനിര്‍ത്തുമ്പോള്‍ ഈ പട്ടികയില്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നിലുള്ളത്. ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് ഉത്തര്‍പ്രദേശും ബിഹാറും ആരോഗ്യ രക്ഷാരംഗത്ത് ഏറ്റവും മോശം പ്രകടനം നടത്തിയിരിക്കുന്നതെന്നാണ്. സൂചികയിലെ പോയിന്റ് നിലയില്‍ ഉത്തര്‍പ്രദേശും കേരളവും തമ്മില്‍ വലിയ അന്തരം നിലവിലുണ്ട്. കേരളത്തിന് 76.55 പോയിന്റ് ലഭിച്ചപ്പോള്‍ യുപിയുടേത് 33.69 പോയിന്റാണ്.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെയും, ബിഹാറിലെ മുസാഫര്‍പൂരിലെയും കുട്ടികളുടെ മരണങ്ങള്‍ ഒറ്റപ്പെട്ട സംഭവമായി പരിഗണിക്കാന്‍ സാധിക്കുന്നതല്ല. ഉത്തരേന്ത്യയുടെ വികസന പിന്നാക്കാവസ്ഥയുടെ ബാക്കിപത്രമാണിത്. ഉത്തരേന്ത്യയില്‍ ഭരിച്ച ഭരണാധികാരികള്‍ കഴിഞ്ഞ കാലങ്ങളില്‍ വികസനത്തിന് വേണ്ടി അനുവദിച്ച പണം അഴിമതി, സ്വജനപക്ഷപാതം നടത്തി തങ്ങളുടെ ജനതയെ ദുരിതപൂര്‍ണമായ ജീവിതത്തിലേക്ക് തള്ളിയിടുകയാണ് ചെയ്തത്. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വികസനത്തിന് വേണ്ടി ലഭിച്ച പണം വളരെ യുക്തിപൂര്‍വം ഉപയോഗിക്കുകയും മാനവിക വികസന രംഗത്ത് ഒരു ദക്ഷിണേന്ത്യന്‍ മാതൃക ഉണ്ടാക്കിയെടുക്കുവാനും സാധിച്ചു. ഇതിന് നേതൃത്വം നല്‍കുന്നതും മാതൃകയാകുന്നതും കേരളമാണ്. മാനവിക വികസന സൂചികയില്‍ ഒന്നാംസ്ഥാനം അലങ്കരിക്കുന്ന കേരളത്തിന്റെ ഈ വികസന മാതൃക മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും പകര്‍ത്താന്‍ ശ്രമിച്ചതിലൂടെയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാനവിക വികസനത്തിന് ഒരു ബദല്‍ സൃഷ്ടിക്കാന്‍ സാധിച്ചത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യ 72 വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും പ്രാഥമികാവശ്യങ്ങള്‍ പോലും നേടിയെടുക്കാന്‍ ഈ രാജ്യം പരാജയപ്പെടുന്നു. ഭരണകൂടം കപട വികസന നിര്‍മ്മിതിയുടെ ചീട്ടുകൊട്ടാരങ്ങള്‍ കെട്ടി ഉയര്‍ത്തുന്നുവെങ്കിലും കപട വികസനത്തിന്റെ പൊള്ളയായ യാഥാര്‍ഥ്യം ഇന്ത്യയിലെ ജനതയ്ക്ക് മുന്നില്‍ തുറന്നു കാണിക്കുകയും ഉത്തരേന്ത്യയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശ്രദ്ധ പതിപ്പിക്കുകയുമായിരിക്കണം ഭാവി തലമുറയുടെ കടമ.

( ലേഖകന്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ: വനിതാ കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്.)