Web Desk

January 17, 2021, 5:36 am

നീതിന്യായ സംവിധാനം ഭരണാധികാരികളുടെ ഇച്ഛയ്ക്കനുസൃതമാകുമ്പോള്‍

Janayugom Online

ര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ സംഭവവികാസങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണ്. 2020 നവംബര്‍ 26 മുതല്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് രാജ്യ തലസ്ഥാനത്തേക്ക് ഒഴുകുന്നതും ഡല്‍ഹിയുടെ അതിരുകളില്‍ തമ്പടിച്ചിരിക്കുന്നതും. രാജ്യത്തെ കാര്‍ഷികവൃദ്ധിക്കു തന്നെ തിരിച്ചടിയാകുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് അവര്‍ കേന്ദ്രസര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെടുന്നു. പ്രക്ഷോഭത്തിൽ അണിചേരുന്ന കര്‍ഷകരുടെ സംഖ്യ അനുദിനം പെരുകുകയുമാണ്. കുത്തക മാധ്യമങ്ങളിലൂടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിഷലിപ്തമായ പ്രചാരണങ്ങളോ അതിശൈത്യമോ കര്‍ഷകരുടെ മനോവീര്യം കുറയ്ക്കുന്നില്ല. ആര്‍എസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരും പരിവാറും ഖലിസ്ഥാന്‍ വാദികളെന്നും നഗര നക്സലുകളെന്നും വിളിച്ച് കര്‍ഷകരെ അപമാനിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ആരും സര്‍ക്കാരിന്റെ പ്രചാരണങ്ങളെ പരിഗണിക്കുന്നില്ല. രാജ്യത്തിന്റെ ഹൃദയ ഐക്യം അനുനിമിഷം കര്‍ഷകര്‍ക്ക് ബോധ്യപ്പെടുന്നു.

കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന യഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറാകുന്നുമില്ല. ചര്‍ച്ചകളില്‍ സമവായത്തിനായി ഒരു സമിതി രൂപീകരിക്കാമെന്ന ആശയം അവര്‍ മുന്നോട്ടു വച്ചു. സമിതി രൂപീകരണത്തിന്റെ ഏകലക്ഷ്യം ഭരണകൂടത്തിന്റെ താല്‍പര്യ സംരക്ഷണം മാത്രമായിരുന്നു. സ്വാഭാവികമായി കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി അത് അംഗീകരിച്ചില്ല. ഈ ഘട്ടത്തിലാണ് പരമോന്നത കോടതി മുമ്പാകെ പ്രശ്നം എത്തുന്നത്. അറ്റോര്‍ണി ജനറലും സംഘവും ഖലിസ്ഥാന്‍ കഥയുള്‍പ്പെടെ എല്ലാവിധ ആരോപണങ്ങളുടെയും കെട്ടഴിച്ചു. വാദം കേട്ട ആദ്യനാള്‍ ചീഫ് ജസ്റ്റീസ് അടങ്ങുന്ന സംഘം കര്‍ഷക പ്രക്ഷോഭം കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ രീതിയെ രൂക്ഷമായി വിമര്‍ശിച്ചു. സുപ്രീം കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന് കനത്ത പ്രഹരം നല്‍കാന്‍ പോകുന്നുവെന്ന് മാധ്യമങ്ങളും ജനങ്ങളും കരുതി. എന്നാല്‍ കോടതിവിധിയുടെ പൊള്ളത്തരം ബോധ്യപ്പെട്ടു. എല്ലാ പൂച്ചും പുറത്തായി. കോടതിയുടെ വരവ് സര്‍ക്കാരിനെ സംരക്ഷിക്കാനായിരുന്നു. നിയമം സ്റ്റേ ചെയ്ത കോടതി ചര്‍ച്ചകള്‍ക്കും പ്രശ്നപരിഹാര നിര്‍ദ്ദേശങ്ങള്‍ക്കുമായി നാലംഗ സമിതിയെ നിയോഗിച്ചു.

രാജ്യത്തെ നിയമവ്യവസ്ഥ മാറ്റത്തിന്റെ വഴിയിലാണ്. ജനാധിപത്യ വ്യവസ്ഥയിലെ മൂന്നു സ്തംഭങ്ങളുടെയും ലക്ഷ്യം ഭരണഘടനാ ശില്‍പികള്‍ കൃത്യമായി നിര്‍വചിച്ചിട്ടുമുണ്ട്. നിയമനിര്‍മ്മാണ സംവിധാനങ്ങളും ഭരണനിര്‍വഹണ സമിതികളും നിയമവ്യവസ്ഥയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഫാസിസ്റ്റ് ആശയങ്ങള്‍ നയിക്കുന്ന രാജ്യത്തെ ഭരണകൂടമാകട്ടെ നിയമനിര്‍മ്മാണ സംവിധാനങ്ങളിലും നിയമവ്യവസ്ഥയിലും കടന്നുകയറി അധികാരം പ്രയോഗിക്കാന്‍ മടിക്കുന്നുമില്ല.

കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയെടുത്ത രീതി നിയമനിര്‍മ്മാണ ശക്തികളുടെ നിയമവ്യവസ്ഥിതിയിലേക്കുള്ള കടന്നുകയറ്റം വ്യക്തമാക്കുകയും ചെയ്യുന്നു. വര്‍ത്തമാന നിയമവ്യവസ്ഥയാകട്ടെ ഭരണകൂട അധികാരത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറുമാണ്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളിലാകട്ടെ അയോധ്യാ വിഷയത്തിലാകട്ടെ ഇത് വ്യക്തമാണ്. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള വിധി ഇക്കാര്യം വിളിച്ചറിയിച്ചിരിക്കുന്നു.

രൂക്ഷ വിമര്‍ശനത്തേയും കടുത്ത ഭാഷയേയും കാര്‍ഷിക നിയമം സ്റ്റേ ചെയ്തുകൊണ്ടുള്ള വിധിയെയും തുടര്‍ന്ന് സമിതി രൂപീകരിച്ചപ്പോള്‍ അംഗങ്ങളുടെ കാര്യത്തില്‍ കോടതിക്ക് നിര്‍ബന്ധമുണ്ടായിരുന്നതുപോലെ കാര്‍ഷിക കരിനിയമത്തിന്റെ കടുത്ത വക്താക്കള്‍ മാത്രം അംഗങ്ങളായി.

അവര്‍ ഓരോരുത്തരും അവരുടേതായ രീതിയില്‍ കുത്തകവല്ക്കരണത്തിനും കരാര്‍കൃഷിക്കുമായി നിലകൊള്ളുന്നവരായിരുന്നു. അവരുടെ പഠനങ്ങളില്‍ അരികുവല്ക്കരിക്കപ്പെട്ട കര്‍ഷകരും പാവങ്ങളുമുണ്ടായിരുന്നില്ല. രാജ്യത്തെ കര്‍ഷകരില്‍ 86 ശതമാനവും അഞ്ചേക്കറില്‍ താഴെ ഭൂമി കൈയ്യാളുന്നവരാണെന്ന് അവര്‍ മറന്നിരുന്നു. ഇത്തരക്കാരെ കൊണ്ടുള്ള സമിതിക്കു പിന്നിലെ വിജ്ഞാനം സുപ്രീം കോടതിക്കു മാത്രമേ വിശദീകരിക്കാനാകൂ. ഇത്തരം സമിതി നടത്തുന്ന ചര്‍ച്ചയുടെ തുടര്‍ഫലം ആര്‍ക്കും ഊഹിക്കാനുമാകുമല്ലോ.

യാഥാര്‍ത്ഥ്യബോധത്തിലും തികഞ്ഞ പാകതയിലും കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി നിയമം സ്റ്റേ ചെയ്ത നടപടി സ്വാഗതം ചെയ്തു. അതേ സമയം രൂപീകരിക്കപ്പെട്ട ഏകപക്ഷീയ സമിതിയോട് സഹകരിക്കില്ലെന്നും വ്യക്തമാക്കി. സമിതി രൂപീകരണം കര്‍ഷകസംഘടനകളുമായി നടത്തിയ ചര്‍ച്ചകളില്‍ കര്‍ഷകര്‍ ആവര്‍ത്തിച്ച് നിരാകരിച്ചതുമാണ്. ഇതേ ആശയം തന്നെ അസ്വീകാര്യമായ ഘടനയില്‍ കോടതി അവതരിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് എങ്ങനെ അംഗീകരിക്കാനാകും. നിയമവ്യവസ്ഥ ഭരണകൂട താല്‍പര്യസംരക്ഷകരുടെ ഇച്ഛക്കനുസ‍ൃ‍തം കൂനിനടക്കേണ്ടവരല്ല.

സ്വതന്ത്ര ഇന്ത്യയിലെ ജനകീയ മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ കര്‍ഷക പ്രക്ഷോഭം പുതുചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. സകല പ്രതിസന്ധികളെയും പ്രകോപനങ്ങളെയും മറികടന്ന് രാജ്യ തലസ്ഥാനത്തിന്റെ അരികുകളില്‍ സമാധാനത്തിലും അച്ചടക്കപൂര്‍ണ്ണതയിലും അവര്‍ പോരാട്ടം തുടരുന്നു. കോണ്‍ക്രീറ്റ് ബാരിക്കേഡുകളും മുള്ളുകള്‍ ചേര്‍ത്ത ഇരുമ്പു വേലികളും കരുത്തേറിയ ജലപീരങ്കികളും ഇരുമ്പുദണ്ഡുകളും ലാത്തികളും തുടങ്ങി സമരക്കാരെ തുരത്താന്‍ ഭരണകൂടം പ്രയോഗിച്ചു. സമരോത്സുകവും അച്ചടക്കമേറിയതുമായ ജനകീയ പ്രതിഷേധത്തിന്റെ പുതു സംസ്കാരമാണ് കര്‍ഷകര്‍ വെളിപ്പെടുത്തുന്നത്. അവര്‍ പ്രകടമാക്കിയ പോരാട്ട വഴികള്‍ ട്രാക്ടര്‍ റാലികള്‍ ഉള്‍പ്പെടെ നാടിന് പുതുമയേറിയതായിരുന്നു. ജനുവരി 26ന് കര്‍ഷകര്‍ അവരുടെ പരേഡിന് ആഹ്വാനം ചെയ്തിരിക്കുന്നു. പട്ടാള ടാങ്കുകളിലല്ല ട്രാക്ടറിലാണ് കര്‍ഷകരുടെ പരേഡ് .സമാധാന പൂര്‍ണ്ണവും അച്ചടക്കം നിറഞ്ഞതുമാണീ പരേഡ്. കിഴക്കു മുതല്‍ പടിഞ്ഞാറു വരെയും തെക്കുമുതല്‍ വടക്കുവരെയും സകലര്‍ക്കും രാജ്യത്തിന് ഒട്ടാകെയും ഇത് പുതിയ അനുഭവമാണ്. യുവതീ യുവാക്കളും വനിതകളും ഈ പോരാട്ടത്തിനൊപ്പം അണിചേരാന്‍ ഡല്‍ഹിയിലേക്ക് ഒഴുകുകയാണ്. ചംപാരനില്‍ നിന്ന് ഡല്‍ഹിയിലേക്ക് എഐവൈഎഫും എഐഎസ്എഫും ഐക്യദാര്‍ഢ്യ മാര്‍ച്ചിന് തയ്യാറായിരിക്കുന്നു. അതെ രാജ്യത്തിന്റെ ഹൃദയം ഡല്‍ഹിയുടെ അതിരുകളില്‍ തുടിക്കുകയാണ്.

കര്‍ഷക പോരാട്ടം നാടിന്റെ പോരാട്ടമായിരിക്കുന്നു. സമരം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വ്യഗ്രത ഭരണകൂടം മനസിലാക്കണം. രാജ്യത്തിനെതിരായ കര്‍ഷക വിരുദ്ധമായ നിയമം പിന്‍വലിക്കണം. ജനുവരി 29ന് ബജറ്റ് സമ്മേളനം ആരംഭിക്കുകയാണ്. ജനാധിപത്യ ക്രമത്തില്‍ പാര്‍ലമെന്റ് ജനങ്ങളുടെ താല്പര്യം സംരക്ഷിക്കേണ്ടവരാണ്. അന്നദാതാക്കള്‍, രാജ്യത്തെ ഊട്ടുന്നവര്‍, അവര്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കേണ്ടതുണ്ട്. അവര്‍ മാസങ്ങളായി തെരുവില്‍ കഴിയുമ്പോള്‍ ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ കടന്നുപോകാനാവില്ല. രാജ്യത്ത് സംജാതമായ മുമ്പില്ലാത്തതും സവിശേഷവുമായ സാഹചര്യത്തെ മറികടക്കാന്‍ സാഹചര്യത്തിനൊത്ത് ഭരണകൂടം ഉയരുകയും ബില്ലുകള്‍ പിന്‍വലിക്കാനുള്ള ഭരണഘടനാപരവും പാര്‍ലമെന്റ് തലത്തിലുമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയും വേണം.