15 March 2025, Saturday
KSFE Galaxy Chits Banner 2

വികസനത്തിൽ നിന്ന് ന്യൂനപക്ഷം പുറത്താവുമ്പോൾ

എ എ സഹിൽ
February 17, 2025 4:45 am

സബ്കാ സാഥ്, സബ്കാ വികാസ് എന്നതാണ് നരേന്ദ്ര മോഡി സർക്കാർ ആവർത്തിക്കുന്ന മുദ്രാവാക്യം. എല്ലാവരെയും ഉൾക്കൊള്ളുന്നത്, എല്ലാവരുടെയും വികസനം എന്ന് അതിനെ പരിഭാഷപ്പെടുത്തുന്നു. അതിനർത്ഥം രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും മതപരിഗണനകളോ ഭാഷാ വ്യത്യാസങ്ങളോ സംസ്ഥാനാന്തരങ്ങളോ ഇല്ലാതെ ഒന്നാണെന്നും എല്ലാവരുടെയും വികസനമാണ് തങ്ങളുടെ ലക്ഷ്യം എന്നുമാണ്. എന്നാൽ ബിജെപിയുടെ എല്ലാ നയങ്ങളും നടപടികളും ചില പ്രത്യേക വിഭാഗങ്ങൾക്ക് അമിത പരിഗണന നൽകുന്നുവെന്നും ഹിന്ദുമതത്തെക്കുറിച്ച് പറയുമ്പോഴും അതിനകത്തെ വരേണ്യ വിഭാഗത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും 10 വർഷത്തെ അവരുടെ ഭരണകാലയളവിൽ അനുഭവഭേദ്യമാകുന്നതാണ്.

ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ, പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങൾക്കെതിരെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുക മാത്രമല്ല ഭരണാനുകൂല്യങ്ങളിൽ നിന്ന് അവരെ അകറ്റിനിർത്തുന്നതിനും ബിജെപി സർക്കാരുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. അത് ഒന്നുകൂടി ബോധ്യപ്പെടുത്തുന്നതാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റ്. 

എല്ലാ ജനവിഭാഗങ്ങളെയും സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് സംവരണവും സാമ്പത്തിക ആനുകൂല്യങ്ങളും നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടത്. ദളിത് വിഭാഗങ്ങൾക്കും പാർശ്വവൽക്കൃത സമൂഹങ്ങൾക്കും ന്യൂനപക്ഷ സമുദായങ്ങൾക്കും വേണ്ടിയുള്ള നിരവധി പദ്ധതികളാണ് രാജ്യത്ത് ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. തങ്ങൾക്കിഷ്ടമില്ലാത്ത ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ചും മുസ്ലിം സമുദായത്തിന് അനുവദിച്ചു നൽകുന്ന ആനുകൂല്യങ്ങളും അവർക്കായി നടപ്പിലാക്കിയ പദ്ധതികളും ഇല്ലാതാക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാകുകയാണ് ബജറ്റ്. 

എല്ലാംകൊണ്ടും അവഗണിക്കപ്പെടുന്ന 20 കോടിയിലധികം മുസ്ലിം വിഭാഗങ്ങളുടെ വിദ്യാഭ്യാസവും വികസനവും ഉറപ്പാക്കുന്നതിൽ ബിജെപിക്ക് താല്പര്യമില്ലെന്ന് ബജറ്റ് പരിശോധിക്കുമ്പോൾ ബോധ്യമാകും. 2025 — 26 ബജറ്റിൽ വെട്ടിക്കുറയ്ക്കൽ നേരിടുന്ന ആദ്യത്തെ വിദ്യാഭ്യാസ പദ്ധതി ന്യൂനപക്ഷങ്ങൾക്കായുള്ള പ്രീ മെട്രിക് സ്കോളർഷിപ്പാണ്. ഈ വിഭാഗത്തിലുള്ള കുട്ടികൾക്ക് സ്കൂളിൽ പോകുന്നതിനു പ്രേരണയാകുന്ന പദ്ധതിയാണിത്. 2023 — 24ൽ 433 കോടി വിഹിതം നിശ്ചയിച്ചിരുന്ന ഈ പദ്ധതിക്ക് നടപ്പുവർഷം 326.16 കോടിയായി കുറച്ചപ്പോൾ അടുത്ത സാമ്പത്തിക വർഷത്തെ വിഹിതം കേവലം 195.7 കോടി മാത്രമാണ്. അതേസമയം യഥാർത്ഥ ചെലവിന്റെ കണക്കുകൾ പരിശോധിച്ചാൽ 2023 — 24 സാമ്പത്തിക വർഷം 95.83 കോടി രൂപയാണ് വിനിയോഗിച്ചത്. 2024 — 25ൽ 326.16 കോടി നീക്കിവച്ചു എങ്കിലും 90 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ കാര്യത്തിലും ഇതേ രീതിയാണ് അവലംബിച്ചിരിക്കുന്നത്. 413.9 കോടിയാണ് ഈ ഇനത്തിൽ വകയിരുത്തിയത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 65 ശതമാനം കുറവാണ്. പ്രൊഫഷണൽ, സാങ്കേതിക കോഴ്സുകൾക്കുള്ള മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന്റെ കാര്യത്തിലും ഇതുതന്നെയാണ് കാണുന്നത്. നടപ്പ് വർഷം 33.8 കോടി രൂപ അനുവദിച്ചിരുന്ന സ്ഥാനത്ത് ഈ വർഷം 7.34 കോടി രൂപയായി കുറച്ചു. 

ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാന സർക്കാരുകൾ അതാതിടങ്ങളിലെ മദ്രസകളോട് കാണിക്കുന്ന ശത്രുതാ സമീപനം പലവിധത്തിലും നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതേ സമീപനം ദേശീയതലത്തിലും വ്യക്തമായി പ്രതിഫലിപ്പിക്കുന്നതാണ് മദ്രസകൾക്കും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള ധനസഹായത്തിന്റെ വെട്ടിക്കുറവ്. 2023 ‑24ൽ മുൻവർഷത്തെ അപേക്ഷിച്ച് 93 ശതമാനം വെട്ടിക്കുറവ് വരുത്തി 10 കോടി രൂപയാക്കിയിരുന്നു. നടപ്പുവർഷം അത് രണ്ടുകോടിയായി വീണ്ടും കുറച്ചു. അടുത്ത വർഷത്തേക്കുള്ള ബജറ്റ് വിഹിതമായി നിശ്ചയിച്ചിരിക്കുന്നത് കേവലം 10 ലക്ഷം രൂപ മാത്രമാണ്.
2024 — 25 ന്യൂനപക്ഷ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആറ് പദ്ധതികൾക്കായി സർക്കാർ 1575.72 കോടിയാണ് നീക്കിവച്ചത്. എന്നാൽ ഇതുവരെയായി ഈ ഇനത്തിൽ അനുവദിച്ചിട്ടുള്ളത് 517.2 കോടി മാത്രമാണെന്നാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 2023 — 24ൽ 2,689 കോടി രൂപയുടെ ബജറ്റ് വിഹിതം പ്രഖ്യാപിച്ചുവെങ്കിലും 1,500 കോടി രൂപ അനുവദിക്കുകയും 428.74 കോടി മാത്രം വിനിയോഗിക്കുകയും ചെയ്തതിന്റെ കണക്കുകളും ഉണ്ട്. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ഈ പദ്ധതികൾക്കായി ആകെ നീക്കിവച്ചിരിക്കുന്നത് 678.03 കോടി രൂപ മാത്രമാണ്. മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമാണ് ഇത്. 

നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുസ്ലിം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തിരുന്നു എന്ന കാര്യം ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്. പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്ന വഖഫ് ബിൽ വലിയ വിവാദങ്ങളും ആശങ്കകളും സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ വേണം വഖഫ് ബോർഡ് പോലുള്ള സംവിധാനങ്ങൾക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതത്തെ പരിശോധിക്കാൻ. വഖഫ് ഘടനയും അതിന്റെ സംവിധാനങ്ങളും മെച്ചപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് അവകാശപ്പെട്ടാണ് വഖഫ് ഭേദഗതി ബിൽ മോഡി സർക്കാർ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ബജറ്റിൽ വഖഫുമായി ബന്ധപ്പെട്ട പദ്ധതികൾക്കുള്ള വിഹിതം കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. വഖഫ് സ്വത്തുക്കളുടെ രേഖകൾ കമ്പ്യൂട്ടർവൽക്കരിക്കുന്നതിനും ഡിജിറ്റൽ ആക്കുന്നതിനും വേണ്ടിയുള്ള പദ്ധതി, വഖഫ് സ്വത്തുക്കളുടെ വാണിജ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി എന്നിവയ്ക്കുള്ള വിഹിത വെട്ടിക്കുറവ് ഇതാണ് വ്യക്തമാക്കുന്നത്. രണ്ടു പദ്ധതികൾക്കുമായി 2023 — 24ൽ 17 കോടി രൂപയാണ് നീക്കിവച്ചത്. എന്നാൽ എട്ടു കോടി രൂപ മാത്രമാണ് അനുവദിച്ചത്. വിനിയോഗിച്ചതാകട്ടെ 10 ലക്ഷം രൂപ മാത്രം. നടപ്പുസാമ്പത്തിക വർഷം അത് 16 കോടി രൂപയായി കുറയ്ക്കുകയും ഇതുവരെയായി മൂന്ന് കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ അടുത്ത ബജറ്റിൽ ഇരു പദ്ധതികൾക്കുമായി നീക്കിവച്ചിരിക്കുന്നത് 13 കോടി രൂപ മാത്രമാണ്. 

ന്യൂനപക്ഷങ്ങളിലെ വിദ്യാസമ്പന്നരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള നൈപുണ്യ വികസന പരിപാടികൾ, സംയോജിത വിദ്യാഭ്യാസ ഉപജീവന സംരംഭങ്ങൾ, ന്യൂനപക്ഷ സ്ത്രീകളുടെ നേതൃത്വ വികസന പദ്ധതി തുടങ്ങിയവയെല്ലാം നിർത്തിവയ്ക്കുകയും ചെയ്തു. മൗലാനാ ആസാദ് വിദ്യാഭ്യാസ ഫൗണ്ടേഷൻ, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലേക്കുള്ള ഇക്വിറ്റി വിഹിതം എന്നിവയ്ക്കായി മുൻവർഷത്തെപ്പോലെ ഈ വർഷവും തുകയൊന്നും നീക്കിവച്ചില്ല. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ പദ്ധതികളിലും ഇതുപോലെ തുടർച്ചയായി വെട്ടിക്കുറവുകൾ വരുത്തുന്നുണ്ട്. ഇത് യഥാർത്ഥത്തിൽ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ തന്നെ അകാലചരമത്തിന് കാരണമായേക്കുമെന്ന ആശങ്ക ബന്ധപ്പെട്ടവരിൽ ഉയർത്തുന്നുണ്ട്. 

ഇന്ത്യയിലെ ഏതൊരു ജനവിഭാഗത്തെക്കാളും മുസ്ലിങ്ങൾ വിദ്യാഭ്യാസത്തിലും സാമ്പത്തിക നിലവാരത്തിലും താഴ്ന്ന നിലയിലാണെന്നു കണ്ടെത്തിയ സർക്കാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2006ൽ ന്യൂനപക്ഷകാര്യ മന്ത്രാലയം ആരംഭിക്കുന്നത്. ഈ വിഭാഗങ്ങളെ സാമ്പത്തികവും സാമൂഹ്യവുമായി ഉയർത്തിക്കൊണ്ടുവരികയും അസമത്വങ്ങൾ പരിഹരിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം വച്ചത്. എന്നാൽ ഈ വിഭാഗത്തിന് പിന്തുണയേകുന്ന പദ്ധതികളും പരിപാടികളും തകർക്കുന്ന വിധത്തിൽ ബജറ്റ് വിഹിതത്തിൽ ഗണ്യമായ വെട്ടിക്കുറവുകൾ വരുത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര ബിജെപി സർക്കാർ. ഈ നില തുടർന്നാൽ ചരിത്രപരമായി അവഗണിക്കപ്പെട്ട വിഭാഗങ്ങൾ ഉയർന്നുവരികയല്ല ദുർബലമാവുകയാണ് ചെയ്യുക. അതാണ് സംഭവിക്കേണ്ടത് എന്ന ബോധ്യമുള്ളതു കൊണ്ടാണ് ബിജെപി, ബജറ്റ് വിഹിതത്തിൽ വർഷാവർഷം വെട്ടിക്കുറവുകൾ വരുത്തിക്കൊണ്ടിരിക്കുന്നത് എന്നതിൽ സംശയമില്ല. 

(ദ വയർ)

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.