പ്രൊ.കെ അരവിന്ദാക്ഷൻ

October 21, 2020, 4:30 am

ഭക്ഷ്യസുരക്ഷിതത്വത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമ്പോൾ

Janayugom Online

ഈ വർഷത്തെ സമാധാനത്തിനായുള്ള നൊബേൽ സമ്മാനത്തിന് അർഹത നേടിയത് ലോക ഭക്ഷ്യ പദ്ധതി (ഡബ്ല്യുഎഫ്പി) യാണ്. വളരെ കാലിക പ്രാധാന്യമുള്ളൊരു വിഷയമെന്ന നിലയിൽ വിശപ്പ് എന്ന പ്രതിഭാസത്തിനു തന്നെ ഊന്നൽ നല്കി സമ്മാനാർഹനെ കണ്ടെത്തുന്നതിൽ തെരഞ്ഞെടുക്കപ്പെട്ടതിൽ ആർക്കും എതിരഭിപ്രായമുണ്ടാകുമെന്നു തോന്നുന്നില്ല. തീർത്തും മനുഷ്യസ്നേഹപരമായൊരു ദൗത്യം 1961 ൽ അക്കാലത്ത് അമേരിക്കയിൽ ഭരണം കയ്യാളിയിരുന്ന കെന്നഡി ഐക്യരാഷ്ട്രസഭയിൽ മുൻകയ്യെടുത്താണ് “വേൾഡ് ഫുഡ് പ്രോഗ്രാം” രൂപപ്പെടുത്തിയെടുത്തതെന്ന യാഥാർത്ഥ്യം ഇന്നത്തെ ട്രംപ് ഭരണകൂടത്തിന് അറിയണമെന്നില്ല. യുഎൻഒയുടെ കീഴിൽ പൂർണമായ തോതിൽ, എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഈ പദ്ധതി നിരവധി പ്രതിസന്ധിഘട്ടങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ 1965 മുതൽ നടത്തിവരുകയുമാണ്. ഇറ്റലിയുടെ തലസ്ഥാനമായ റോം ആണ് ഈ പദ്ധതിയുടെ പ്രവർത്തന കേന്ദ്രം. പട്ടിണി എന്ന ഭീഷണി ലോകത്തിന്റെ ഏത് കോണിലും ശ്രദ്ധയിൽപ്പെട്ടപ്പോഴും ശക്തമായ ഇടപെടലുകളിലൂടെ അതിനെ പ്രതിരോധിക്കാൻ പര്യാപ്തമായ വിധം സഹായിക്കുന്നതിന് 6,000 ൽപരം ട്രക്കുകളും 30 കപ്പലുകളും 100 വിമാനങ്ങളും ഭക്ഷ്യവസ്തുക്കളും ഔഷധങ്ങൾ അടക്കമുള്ള മറ്റ് അവശ്യവസ്തുക്കളും ബന്ധപ്പെട്ട ഇടങ്ങളിലെത്തിക്കാൻ സംഘടനയ്ക്ക് കഴിയുന്നുണ്ട്.

നിലവിൽ വന്നതിനുശേഷം ആറ് പതിറ്റാണ്ടുകൾ പിന്നിട്ട ഡബ്ല്യുഎഫ്പി ഇപ്പോൾ ആഗോളതലത്തിൽ ഏറ്റവും വലിയ ഹ്യുമാനിറ്റേറിയൻ ഏജൻസിയായി വളർന്നിരിക്കുകയാണ്. എൺപതിലേറെ രാജ്യങ്ങളിൽ അധിവസിക്കുന്ന 100 മില്യൻ ജനങ്ങൾക്കാണ് ഈ ഏജൻസി സഹായം നല്കിവരുന്നത്. നൊബേൽ സമ്മാന നിർണയ സമിതി അന്തിമ തീരുമാനത്തിലെത്തുന്നതിനു മുമ്പ് കോവിഡ് 19 എന്ന മാരകരോഗം അതിവേഗം പടർന്നുവരുകയാണെന്ന സാഹചര്യം കൂടി കണക്കിലെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. ഗുരുതരമായ സാമ്പത്തിക പിന്നാക്കാവസ്ഥയും കൊടിയ പട്ടിണിയും അഭിമുഖീകരിക്കുന്ന യെമൻ, കോംഗൊ, നൈജീരിയ, ദക്ഷിണ സുഡാൻ, ബുർക്കിന ഫാസോ തുടങ്ങിയ രാജ്യങ്ങളിലെ പട്ടിണിപ്പാവങ്ങളുടെ നിസ്സഹായാവസ്ഥയും ജേതാവിനെ തെരഞ്ഞെടുത്തതിന് പ്രത്യേകം പരിഗണിച്ചിരിക്കാം.

1949 ൽ നൊബേൽ സമ്മാനത്തിനും യുഎൻഒക്ക് കീഴിലുള്ള ഫുഡ് ആന്റ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷന്റെ (എഫ്എഒ) ആദ്യത്തെ അധ്യക്ഷനുമായ ലോർഡ് ജോൺ ബോയ്ഡ് ഓറ‍യുടെ വാക്കുകളും നൊബേൽ സമ്മാന നിർണയ സമിതിയുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടാകാമെന്നാണ് ന്യായമായും കരുതാവുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ എന്തായിരുന്നു എന്നോ? “ഒഴിഞ്ഞ വയറുകളുടെമേൽ സമാധാനം നിർമ്മിക്കാൻ സാധ്യമല്ല” എന്ന്. ഈ വാക്കുകൾക്ക് ഇപ്പോൾ പ്രസക്തി കുറച്ചൊന്നുമല്ല. ഇപ്പോൾ തന്നെ ഡബ്ല്യുഎഫ്പിയുടെ ഫണ്ടിൽ 4.1 ബില്യൻ ഡോളർ കമ്മിയുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത്തരമൊരു പ്രതിസന്ധി നിലവിലിരിക്കുന്നതോ? ആഭ്യന്തര കലഹവും ഏറ്റുമുട്ടലുകളും തുടർക്കഥയായിരിക്കുന്ന സിറിയ അടക്കമുള്ള രാജ്യങ്ങളിലെ 4.6 മില്യൻ ജനങ്ങൾ പട്ടിണിയിൽ അകപ്പെട്ട് ഉഴലുന്ന അവസരത്തിലും പോഷകാഹാരക്കുറവു മൂലം ദുരന്തത്തിലകപ്പെട്ടിരിക്കുന്ന ജനങ്ങൾ ഇതിലേറെയുമാണ്. ഇതിനു പുറമെയാണ് റൊഹിങ്ക്യൻ അഭയാർത്ഥികളുടെയും കോവിഡ് അനന്തര കാലഘട്ടത്തിൽ ഇന്ത്യയിൽ ഇന്നും തുടർന്നുവരുന്ന കുടിയേറ്റ തൊഴിലാളികളുടെ ദയനീയമാവസ്ഥയും.

“സമാധാനത്തിനായി ഭക്ഷണം” എന്ന അർത്ഥപൂർണമായ വിശേഷമാണ് സമ്മാനനിർണയസമിതി നമുക്കു മുന്നിൽ അവതരിപ്പിക്കുന്ന മുദ്രാവാക്യം. ബഹുമുഖ സ്വഭാവമുള്ള പരിശ്രമങ്ങളോടെ മാത്രമേ നമുക്ക് ഈ മുദ്രാവാക്യം ഉയർത്തുന്ന ആശയം പ്രാവർത്തികമാക്കാനും കഴിയു. ഇതിന്റെ ഭാഗമായി നാം കാണേണ്ടത് ലാൻഡ് മൈനുകളുടെ സമ്പൂർണമായ നിരോധനത്തിനു പുറമെ ആണവായുധങ്ങളുടെയും രാസായുധങ്ങളുടേയും നിർമ്മാണത്തിന് വിരാമമിടുന്നതിനും മാത്രമല്ല, കാലാവസ്ഥാവ്യതിയാനം എന്ന വിപത്ത് ഏത് വിധേനയും ഒഴിവാക്കാനും നമ്മുടെ ഭരണാധികാരി വർഗം സന്നദ്ധരാവുക എന്നതിന്റെ അനിവാര്യതയാണ്. ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വിനാശകരമായ ഏറ്റുമുട്ടലിൽ ആൾനാശവും രണ്ടാം ലോകയുദ്ധത്തിന്റേതായ കാലഘട്ടത്തിലാണല്ലോ സംഭവിച്ചത്. അതേതുടർന്ന് ജീവഹാനിക്കും സ്വത്തുവകകളുടെ വ്യാപകമായ നാശനഷ്ടങ്ങൾക്കും പുറമെ കൊടിയ പട്ടിണിമരണങ്ങൾക്കും മാറാരോഗങ്ങൾക്കും ലോകജനത വിധേയമാക്കപ്പെട്ട അനുഭവങ്ങളും നാം കണ്ടതാണ്.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡി മുൻകയ്യെടുത്ത് ലോക ഭക്ഷ്യ പദ്ധതി (ഡബ്ല്യുഎഫ്പി)ക്ക് രൂപം നല്കിയത്. ഇന്നാണെങ്കിലോ കോവിഡ് 19 എന്ന മഹാമാരിയാണ് ലോകരാഷ്ട്രങ്ങൾ ആകെതന്നെ അഭിമുഖീകരിച്ചുവരുന്ന ഗുരുതരമായ വെല്ലുവിളിയും. ഈ മഹാമാരി തുടരുന്നിടത്തോളം കാലം വികസ്വര രാജ്യങ്ങളുടെ മാത്രമല്ല, വികസിത രാജ്യങ്ങളുടെ സാമ്പത്തിക വികസന പരിപ്രേക്ഷ്യങ്ങളും ലക്ഷ്യങ്ങളും താളം തെറ്റാതിരിക്കില്ല. ഇന്ത്യയിൽ ഭോപ്പാൽ ദുരന്തത്തിന്റെ ഇരകൾ ഇന്നും ഗതികിട്ടാപ്രേതങ്ങളെപ്പോലെ ജീവൻ തള്ളിനീക്കുകയാണ് എന്ന യാഥാർത്ഥ്യം ഇതുമായി ചേർത്തു കാണേണ്ടതാണ്.

ഡബ്ല്യുഎഫ്പിക്കു ലഭിച്ചിരിക്കുന്ന അംഗീകാരം സംഘടനയുടെ ഉത്തരവാദിത്തം പതിന്മടങ്ങ് വർധിപ്പിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്തിരിക്കുന്നതും ഒരു ദശകക്കാലത്തെ കാലാവധിയുള്ളതുമായ സസ്റ്റേയ്നബിൽ ഡവലപ്മെന്റ് ഗോൾസ് (എസ്ഡിജി) എന്ന ലക്ഷ്യം കൈവരിക്കുക എന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഊന്നൽ 2030 ആകുന്നതോടെ “സീറോ ഹങ്കർ” നേടുക എന്നതിനാണല്ലോ. ഈ ലക്ഷ്യത്തിലെത്തുന്നതിന് ദീർഘകാല സ്വഭാവമുള്ള ചിലതുകൂടി കണക്കിലെടുക്കേണ്ടതുണ്ട്. സായുധകലാപങ്ങളും വംശീയ‑വർഗീയ കലാപങ്ങളും പരമാവധി ഒഴിവാക്കുക, കാർഷിക മേഖലയുടെ ത്വരിതഗതിയിലുള്ള വികസനത്തിന് പ്രതിബന്ധമായ വിധത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടം നല്കാതിരിക്കുക, അന്തരീക്ഷ‑വായുമലിനീകരണത്തിനിടയാക്കുന്ന കാർബൺ പുറന്തള്ളൽ തടയുക തുടങ്ങിയവ ആസൂത്രിതവും സമയബന്ധിതവുമായ അടിസ്ഥാനത്തിൽ യാഥാർത്ഥ്യമാക്കണം.

ആഗോളതലത്തിൽ ആഗോള വ്യാപനവും ആരോഗ്യ സുരക്ഷയും സാമ്പത്തിക സഹകരണവും ഉറപ്പാക്കേണ്ടത് ആധുനിക കാലഘട്ടത്തിൽ ഒരു തരത്തിലും ഒഴിവാക്കാൻ കഴിയുന്നതല്ല. ഏറ്റുമുട്ടലിന്റേതിനു പകരം സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും മൈത്രിയുടെയും അന്തരീക്ഷമാണ് നമുക്കിന്നാവശ്യം. ഇന്ത്യയടക്കമുള്ള നിരവധി വികസ്വര രാജ്യങ്ങൾ പാൻഡെമിക്കിന്റെ വ്യാപനത്തോടെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഗുരുതരമായ പ്രതിസന്ധികളാണ് നേരിടുന്നത്.

2019 ൽ ‘യുനിസെഫ്’ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിൽ കാണുന്നതനുസരിച്ച് ഇന്ത്യയിൽ അഞ്ച് വയസിനു താഴെ 8.82 ലക്ഷം കുട്ടികളാണ് പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണമടഞ്ഞതെന്നാണ്. ശരാശരി ഒരു മണിക്കൂറിൽ 300 കുട്ടികൾ, പ്രതിവർഷം 26 ലക്ഷം കുട്ടികൾ എന്നീ നിരക്കുകളാണ് പട്ടിണിക്കിരയായി മരിക്കാനിടവരുന്നതെന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു. സ്വാഭാവികമായും മോഡിയുടെ മൻകീ ബാത്തിൽ തന്നെ ശിശുമരണ നിരക്കിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് ഏറ്റു പറയാൻ നിർബന്ധിതമായിരിക്കുകയാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളതോ? പാകിസ്ഥാനും കോംഗോയും. പട്ടിണിക്കും പോഷകാഹാരക്കുറവിനും രോഗാതുരതയ്ക്കും അകാലമരണത്തിനും ഇരകളായി തീരുന്ന ഇന്ത്യയിലെ കുട്ടികൾക്ക് പട്ടിണി അകറ്റാൻ വഴികണ്ടെത്തുന്നതിനു പകരം അവർക്ക് ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന കളിപ്പാട്ടം നല്കാമെന്ന വിചിത്രമായ വാദാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയിൽ നിന്നും കേൾക്കാൻ കഴിയുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണെങ്കിൽ ലോകാരോഗ്യ സംഘടന, കൊറോണയുടെ കാര്യത്തിൽ ചൈനീസ് സർക്കാർ അനുകൂല നിലപാടെടുക്കുന്നു എന്നതിന്റെ പേരിൽ ഐക്യരാഷ്ട്രസഭയ്ക്കാവശ്യമുള്ള സാമ്പത്തിക സഹായം ഏറെക്കുറെ പൂർണമായും വെട്ടിച്ചുരുക്കിയിരിക്കുകയാണ്. കോവിഡ് 19 ന്റെ കടന്നാക്രമണത്തിന് മുമ്പും അതിനു ശേഷവും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥകൾ ഗുരുതരമായ വികസന പ്രതിസന്ധികൾ അഭിമുഖീകരിച്ചുവരുമല്ലോ? ഇത്തരം പ്രതിസന്ധികൾ ഫലപ്രദമായി നേരിടുകയും തരണം ചെയ്യുകയും ചെയ്യുന്നതിന് വേണ്ടതായ വ്യവസ്ഥാപിത സംവിധാനങ്ങൾ ഇത്തരം രാജ്യങ്ങളിൽ ലഭ്യവുമല്ല. സ്വാഭാവികമായും അമേരിക്കയെപ്പോലുള്ള വൻ ശക്തികൾ ഐക്യരാഷ്ട്ര സംവിധാനത്തിന്റെ വിവിധ ഏജൻസികളുടെ സാമ്പത്തികമായ ശാക്തീകരണത്തിനാണ് സന്നദ്ധമാവേണ്ടത്.

അതോടൊപ്പം മിലിറ്ററിസത്തിനെതിരായും സാഹോദര്യത്തിനനുകൂലമായും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും വേണ്ടിയും പ്രാദേശിക സ്വഭാവമുള്ള സംഘട്ടനങ്ങളും ഏറ്റുമുട്ടലുകളും ഒഴിവാക്കുന്നതിനുവേണ്ടിയും നേതൃത്വപരമായ പങ്കാണ് വൻശക്തികൾക്ക് ഏറ്റെടുത്ത് നിർവഹിക്കാനുള്ളത്. ഇതിനു പകരം നൊബേൽ സമ്മാന നിർണായക സമിതിയുടെ തീരുമാനത്തിനെതിരേ വില കുറഞ്ഞതും അടിസ്ഥാനരഹിതവും ആരോഗ്യകരവുമല്ലാത്ത വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ഡബ്ല്യുഎഫ്പി ക്കുള്ള ധനസഹായം അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും രാഷ്ട്രീയ താല്പര്യസംരക്ഷണത്തിനും വഴിയൊരുക്കുമെന്നാണ് വിമർശനത്തിന്റെ കാതൽ. ഭക്ഷ്യധാന്യ വ്യാപാരികൾ കരിഞ്ചന്തയിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുമെന്നും അങ്ങനെ അവർ കർഷകരേയും ഉപഭോക്താക്കളേയും ഒരുപോലെ ചൂഷണം ചെയ്യുമെന്നും മറ്റുമാണ് വിമർശനങ്ങളുടെ പോക്ക്.

ഇത്തരം ഏർപ്പാടുകൾ ഇപ്പോൾ തന്നെ നിരവധി രാജ്യങ്ങളിൽ നിലവിലുള്ളതല്ലേ? ഇന്ത്യയും ഇതിന് അപവാദമല്ലല്ലോ. അതിനു പരിഹാരം കാണുന്നതിനാവശ്യമായ ഉപാധികളല്ലേ കണ്ടെത്തേണ്ടത്? “സിസ്റ്റമിക്ക്” പരാജയത്തിനുള്ള പരിഹാരം “സിസ്റ്റം” തന്നെ ഇല്ലാതാക്കുന്ന നടപടികളല്ലല്ലോ ഭരണകർത്താക്കൾ സ്വീകരിക്കേണ്ടത്? “എലിയെക്കാല്ലാൻ ഇല്ലം ചുടുന്നു” എന്നു പറയുന്നതുപോലെ. മോഡി സർക്കാർ അടിയന്തരമായ ഏതാനും നിയമനിർമ്മാണത്തിന്റെ പേരിൽ വിളിച്ചു ചേർത്ത ഏകദിന, കോവിഡ്കാല പാർലമെന്റ് സമ്മേളനത്തിൽ നാല് കാർഷിക മേഖലാ ബില്ലുകളാണല്ലോ ചർച്ചകൾക്കുപോലും ഇടം നല്കാതെ തിടുക്കത്തിൽ നിയമമാക്കിയെടുത്തത്. ഇതിന്റെയെല്ലാം ഗുണഭോക്താക്കൾ ഉല്പാദകരോ, ഉപഭോക്താക്കളോ ആയിരിക്കില്ല, കോർപ്പറേറ്റുകളായിരിക്കും. ഈ തിരിച്ചറിവിനെ തുടർന്നാണ് രാഷ്ട്രീയത്തിനതീതമായി കർഷക സമൂഹം ദേശവ്യാപക പ്രക്ഷോഭണത്തിൽ അണിനിരത്തിയിട്ടുള്ളത്.

അടിസ്ഥാനപരമായി ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾക്കുള്ള വ്യക്തമായ മറുപടി നൊബേൽ നിർണായക സമിതി തന്നെ താഴെകാണുന്ന വിധത്തിൽ വ്യക്തമാക്കുന്നുണ്ട്. ഡബ്ല്യുഎഫ്പിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സേവിഡ് ബീസ്ലിയുടെ പ്രസ്താവന ശ്രദ്ധിക്കുക- “ലോകമാകെയുള്ള വിശപ്പ് അനുഭവപ്പെടുന്ന 690 മില്യൻ ജനങ്ങൾക്ക് ഇപ്പോൾ വേണ്ടത് വിശപ്പില്ലാതെ, സമാധാനപരമായി ജീവിക്കാനുള്ള അവകാശമാണ്. സമാധാനമില്ലാതെ ‘സീറോ ഹങ്കർ’ എന്ന ആ­ഗോള ലക്ഷ്യം നേടിയെടുക്കാനാവില്ല. വിശപ്പ് നിലവിലുള്ളിടത്തോളം സമാധാനം പുലരുന്നൊരു ലോകം നമുക്ക് ആവില്ല.

ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോഡി സർക്കാരിനും അതിൽ ധനമന്ത്രിയായിരിക്കുന്ന നിർമ്മല സീതാരാമനും ഈ പ്രസ്താവന ഉൾക്കൊള്ളുന്ന ആശയം പ്രായോഗിക തലത്തിൽ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഭാരിച്ച ബാധ്യത ഏറ്റെടുത്തേ മതിയാകൂ. തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ടോ, “നിർമ്മല നോമിക്സ്” എന്ന ലേബലിൽ വിശേഷിപ്പിക്കപ്പെടുന്ന ആശ്വാസ പാക്കേജുകൾ ഇടക്കിടെ പ്രഖ്യാപിച്ചതുകൊണ്ടോ സമ്പദ് വ്യവസ്ഥ നേരിടുന്ന ഗുരുതരമായ തൊഴിലില്ലായ്മയും വരുമാനത്തകർച്ചയും പട്ടിണിയും അകറ്റാൻ സാധ്യമാവില്ല.