കാനം രാജേന്ദ്രൻ

December 10, 2020, 3:37 am

ശാസ്ത്ര ഗവേഷണ സ്ഥാപനം വര്‍ഗീയവല്‍ക്കരിക്കുമ്പോള്‍

Janayugom Online

കാനം രാജേന്ദ്രൻ

ല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഗോള്‍വാള്‍ക്കറുടെ പ്രതിമ എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ട് സ്ഥാപിക്കുകയുണ്ടായി. ഇത്തരത്തില്‍ ആര്‍എസ്എസ് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കുകയും നഗരങ്ങള്‍ക്കും റോഡുകള്‍ക്കും അവരുടെ പേരുകള്‍ നല്‍കിക്കൊണ്ടിരിക്കുകയുമാണ് സംഘപരിവാറുകാര്‍. രാജ്യത്തിന്റെ ചരിത്രം ബോധപൂര്‍വ്വം തിരുത്തിയെഴുതുകയാണ് സംഘപരിവാര്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയുടെ രണ്ടാം കാമ്പസ്സിന് ശ്രീഗുരുജി മാധവ് സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ വൈറല്‍ ഇന്‍ഫക്ഷന്‍ എന്ന് നാമകര­ണം ചെയ്തുകൊണ്ടുള്ള ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ പ്രഖ്യാപനം അര്‍ത്ഥഗര്‍ഭമാണ്.

കേരളത്തിലെ പൊതുമനസ്സിന് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്ത ഈ നടപടിക്കെതിരെ സംഘപരിവാര്‍ നേതാക്കള്‍ ഒഴികെ, ശാസ്ത്ര സമൂഹം ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇക്കാര്യത്തിലുള്ള ന്യായം വിചിത്രമാണ്. നെഹ്രുവിന് വള്ളംകളിയുമായി എന്ത് ബന്ധമാണുള്ളത്. പിന്നെന്തേ നെഹ്രു ട്രോഫി വള്ളംകളി എന്ന പേര് നല്‍കിയിരിക്കുന്നത് എന്നാണ് ചോദ്യം. എന്ത് അജ്ഞതയാണ് ഈ ചോദ്യത്തിനു പിന്നില്‍. ജവഹര്‍ലാല്‍ നെഹ്രു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്നു എന്നതും ശാസ്ത്ര ചിന്തയും യുക്തിചിന്തയുമുള്ള മഹാപ്രതിഭയുമായിരുന്നു എന്നതും ബിജെപി നേതാവിന് അറിയാഞ്ഞിട്ടല്ല. തികഞ്ഞ വര്‍ഗീയവാദിയായ ഗോള്‍വാള്‍ക്കറും നെഹ്രുവുമായുള്ള താരതമ്യം എന്ത് അസംബന്ധമാണ്.

പുതുതായി ആരംഭിക്കാന്‍ പോകുന്ന സ്ഥാപനത്തില്‍ ജീന്‍ ഗവേഷണം, ചികില്‍സ, സൂക്ഷ്മാണു കോശവുമായി ബന്ധപ്പെട്ട ഗവേഷണം, രോഗപ്രതിരോധം തുടങ്ങിയവയാണ് മുഖ്യമായുള്ള പ്രവര്‍ത്തനങ്ങള്‍. ബയോ ടെക്‌നോളജിയും ജീന്‍ റിസര്‍ച്ചുമൊന്നും ഇത്ര പ്രാമുഖ്യമില്ലാതിരുന്ന കാലഘട്ടത്തില്‍ താഴ്ന്ന ജാതിക്കാരെ സങ്കരയിന പ്രജനനത്തിലൂടെ (ക്രോസ് ബ്രീഡിംഗ്) മേന്മയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്ന തന്റെ വംശീയ സിദ്ധാന്തം 1960 ഡിസംബര്‍ 17‑ന് ഗുജറാത്ത് സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് സംഘടിപ്പിച്ച പ്രഭാഷണത്തില്‍ ഗോള്‍വാള്‍ക്കര്‍ അവതരിപ്പിച്ചു. ക്രോസ് ബ്രീഡിംഗ് നടത്തി ഹിന്ദുത്വവല്‍ക്കരണം കേരളത്തില്‍ സാധ്യമാക്കിയതിന്റെ ചരിത്രം വിശദീകരിക്കവെ വംശീയ വീക്ഷണത്തില്‍ താഴ്ന്ന ജാതിക്കാരെ നമ്പൂതിരി ബ്രാഹ്മണ വിഭാഗം വേഴ്ച നടത്തി ഉയര്‍ന്ന ബ്രീഡ് ഉല്പാദിപ്പിക്കുന്ന രീതിയെ പ്രശംസിക്കുകയായിരുന്നു ഗോള്‍വാള്‍ക്കര്‍. വിവാഹ രാത്രിയില്‍ താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ മേന്മയുള്ള കുഞ്ഞുങ്ങളെ ലഭിക്കാന്‍ നമ്പൂതിരിക്കൊപ്പം കഴിയുമെന്നും അതിനു ശേഷമേ സ്വഭര്‍ത്താവിനൊപ്പം രാപാര്‍ക്കാന്‍ അവസരം ലഭിക്കൂ എന്നും ഗോള്‍വാള്‍ക്കറുടെ പ്രഭാഷണത്തില്‍ എടുത്തു പറഞ്ഞിരുന്നു. (ഓര്‍ഗനൈസര്‍ 1961 ജനുവരി 2).

അഡോള്‍ഫ് ഹിറ്റ്‌ലറുടെ യൂജനിക്‌സ് സിദ്ധാന്തത്തിന്റെ വക്താവായിരുന്നു ഗുരു ഗോള്‍വാള്‍ക്കര്‍. ഉയര്‍ന്ന മൃഗങ്ങളില്‍ ക്രോസ് ബ്രീഡിംഗ് ആകാമെങ്കില്‍ മനുഷ്യരില്‍ എന്തുകൊണ്ട് സങ്കര ജനനം ആയിക്കൂടാ എന്ന് പ്രഭാഷണവേളയില്‍ ശ്രോതാക്കളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ശാസ്ത്രജ്ഞരോട് ചോദിക്കുകയും ചെയ്തു. ഇത്തരത്തില്‍ ജനിതക ശാസ്ത്രത്തിനെ വികലമായ വര്‍ഗീയ ചിന്തയില്‍ നിന്നുകൊണ്ട് വീക്ഷിച്ച ഗോള്‍വാള്‍ക്കറുടെ പേരില്‍ കേരളത്തില്‍ ജീന്‍ ഗവേഷണത്തിനും ജൈവസാങ്കേതിക വിദ്യക്കു വേണ്ടിയുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനമെന്നത് തികച്ചും പ്രതിഷേധാർഹമാണ്. ശാസ്ത്രഗവേഷണ മേഖലകളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ബിജെപിയുടെ ഹീനമായ അജണ്ടയാണ് ഇതിലൂടെ വെളിപ്പെടുന്നത്. എം എസ് ഗോള്‍വാള്‍ക്കറുടെ ഹിന്ദുത്വ ദേശീയതയാണ് സംഘപരിവാര്‍ അതിന്റെ ഔദ്യോഗിക ദേശീയതയായി അംഗീകരിച്ചത്. ഗോള്‍വാള്‍ക്കര്‍ തന്റെ ”നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു” (വീ ഓര്‍ ഹൂഡ് ഔര്‍ നേഷന്‍ ഡിഫൈന്‍ഡ്) എന്ന ഗ്രന്ഥത്തില്‍ ഹിന്ദു മതത്തിന്റേയും ഹിന്ദു സംസ്‌കാരത്തിന്റേയും അടിസ്ഥാനത്തില്‍ രൂപം കൊള്ളേണ്ട രാഷ്ട്രത്തില്‍ മുസ്‌ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇതര മതവിഭാഗങ്ങള്‍ക്കും സ്ഥാനമുണ്ടായിരിക്കില്ല എന്ന് ഉറപ്പിച്ച് പറയുന്നുണ്ട്.

രാഷ്ട്രീയ തലത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഗോള്‍വാള്‍ക്കറുടെ ഏറ്റവും വലിയ ശത്രു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തിച്ചുവന്നത്. ഇന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എതിരായി തീഷ്ണമായ അക്രമങ്ങള്‍ നടത്തിക്കൊണ്ടാണ് ആര്‍­എസ്എസ് പ്രവര്‍ത്തിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ദേശീയതയെ കുറിച്ച് വ്യക്തമായ നിലപാടുകളുണ്ട്. വര്‍ഗപരരമായ അടിത്തറയില്‍ നിന്നുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാർ ദേശീയത്വത്തെ നിര്‍വചിക്കുന്നത്. ബിജെപിയും ആര്‍എസ്­എസും അവരുടെ അക്രമോല്‍സുക സംഘടനകളും ഏകാത്മകമായ ദേശീയതയെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നു. ഏകാത്മകമായ വംശീയത, ഭൂപ്രദേശം, മതം, സംസ്‌കാരം, ഭാഷ തുടങ്ങിയ ഘടകങ്ങളെ ആസ്പദമാക്കിയാണ് ഗോള്‍വാള്‍ക്കറുടെ ഹിന്ദുത്വ രാഷ്ട്ര സങ്കല്പം നിലകൊള്ളുന്നത്. ഇതുമായി ഒരിക്കലും പൊരുത്തപ്പെടുന്നതല്ല നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സങ്കല്പങ്ങള്‍. എം എസ് ഗോള്‍വാള്‍ക്കറുടെ ഹിന്ദുത്വ ദേശീയ വാദം സെമിറ്റിക് മതങ്ങളേയും ഹിന്ദു ഇതര മതവിഭാഗങ്ങളേയും ഇന്ത്യയില്‍ നിന്നും തുടച്ചു മാറ്റാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നു.

കാലഹരണപ്പെട്ട സവര്‍ണജാതി സങ്കല്പങ്ങളേയും മനുസ്മൃതി ശാസനകളേയും ഇന്ത്യന്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് സംഘപരിവാര്‍ ശക്തികള്‍. വൈദിക ബ്രാഹ്മണ്യത്തിന്റെ പ്രത്യയശാസ്ത്ര വിവക്ഷകള്‍ക്ക് അനുസൃതമായ സംസ്‌കാരമാണ് അവര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന അടിത്തറയായി കാണുന്നത്. അതുകൊണ്ടുതന്നെ വൈദിക ബ്രാഹ്മണ്യത്തിന്റെ ജീര്‍ണമായ പാരമ്പര്യത്തെ അവര്‍ സ്വന്തമായി പിന്തുടരുകയും ചെയ്യുന്നു. കടുത്ത വിജ്ഞാന വിരോധവും ശാസ്ത്ര വിരുദ്ധതയും ഹിന്ദുത്വ ഫാസിസത്തിന്റെ മുഖമുദ്രയായി നിലകൊള്ളുന്നു. സര്‍വ്വകലാശാലകളേയും അക്കാദമിക് സ്ഥാപനങ്ങളേയും വര്‍ഗീയവല്‍ക്കരിക്കാനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അപകടകരമായ പ്രവണതകളാണ് സൃഷ്ടിക്കുന്നത്. മന്ത്രവാദം, ദുര്‍ദേവതാ പൂജകള്‍, ജ്യോതിഷം എന്നിവയെ പിന്തുടരുകവഴി അവര്‍ പരസ്യമായി ജനങ്ങളുടെ ആരോഗ്യത്തേയും സമാധാനപരമായ ജീവിതത്തേയും വെല്ലുവിളിക്കുന്നു. ഇന്നും രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഗുരുതരമായ രോഗങ്ങള്‍ക്ക് ശരിയായ ചികില്‍സ ലഭിക്കുന്നില്ല. ആധുനിക ശാസ്ത്രീയ ചികില്‍സക്ക് വിരുദ്ധമായി ദുര്‍ദേവ പൂജയും ദുര്‍ദേവതാ പൂജകളും ആണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പുരുഷാധിപത്യത്തിന്റേയും ഏകശിലാത്മക സംസ്‌കാരത്തിന്റേയും അടിത്തറയില്‍ വികസിപ്പിച്ചതാണ് ഹിന്ദുത്വത്തിന്റെ സാസ്‌കാരിക ദേശീയവാദം. ഇത് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ബഹുസ്വരതയുടേയും സ്വാംശീകരണ പാരമ്പര്യത്തിന്റെയും മതസമന്വയത്തിന്റേയും നഗ്നമായ ലംഘനമാണ്. സവര്‍ണ ഹിന്ദുത്വത്തിന്റെ ജാതി ബോധമാണ് ഹിന്ദുത്വ ദേശീയത്വം.

തീവ്ര ദേശീയ രാഷ്ട്ര സങ്കല്പം പ്രായോഗിക തലത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്നത് അക്കാദമിക്, സാംസ്‌കാരിക, ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലൂടെയാണ്. ശാസ്ത്രത്തേയും ശാസ്ത്രീയ ഗവേഷണത്തേയും പല്ലും നഖവും ഉപയോഗിച്ചുകൊണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ എതിര്‍ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ഗവേഷണ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. സാങ്കേതികമായും ശാസ്ത്രീയമായും വികസിച്ച ഒരു സ്ഥാപനമെന്ന നിലയില്‍ ഇതിനെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് ഈ സ്ഥാപനത്തിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിലൂടെ സംഘപരിവാര്‍ സാക്ഷാത്കരിക്കുന്നത്.

ബിജെപിയുടെ മത രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഇവിടെ വ്യക്തമായിരിക്കുകയാണ്. ഭരണഘടനാദത്തവും നിയമവാഴ്ചയില്‍ അധിഷ്ഠിതവും ആയ ഒരു രാഷ്ട്രീയ സംസ്‌കാരത്തെ മോഡി സര്‍ക്കാര്‍ ഭയപ്പെടുന്നു. പ്രാകൃതവും മാനസികവും സാംസ്‌കാരികവും ആയ ഒരു അടിമ സമൂഹത്തിലാണ് ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്ത്രം വേരുറയ്ക്കുക എന്നത് അവര്‍ക്ക് വ്യക്തമായി അറിയാം. അതുകൊണ്ടാണ് ശാസ്ത്ര ചിന്തയേയും യുക്തി വിചാരത്തേയും അടിച്ചമര്‍ത്തിക്കൊണ്ട് അന്ധവിശ്വാസത്തിന്റേയും പ്രാകൃത അനുഷ്ഠാനങ്ങളുടേയും കുടില സദാചാര നിഷ്‌കര്‍ഷകളുടേയും ശീലുകള്‍ അവര്‍ പിന്തുടരുന്നത്.

അക്കാദമിക് സ്ഥാപനങ്ങളുടെമേല്‍ കടന്നുകയറ്റം നടത്തുക എന്നത് ഹിന്ദുത്വ ഫാസിസ്റ്റുകളുടെ പ്രഖ്യാപിത അജണ്ടയാണ്. അതിന്റെ ഭാഗമായി സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളിലെല്ലാം സംഘപരിവാര്‍ ശക്തികള്‍ തങ്ങളുടെ നിഗൂഢ പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രായോഗികമാക്കുന്നു. ഇതിന്റെ ഏറ്റവും ഭയാനകമായ ഉദാഹരണമാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. ജെ­എന്‍യു, ജാമിയ മിലിയ, ചെന്നൈ ഐഐടി തുടങ്ങിയവയിലെല്ലാം സംഘപരിവാര്‍ സംഘടനകളും അവരുടെ ഒത്താശയോടെ പൊലീസും നടത്തിയ തേര്‍വാഴ്ച നാം കണ്ടതല്ലേ.

രണ്ട് രീതിയിലാണ് ഫാസിസ്റ്റുകള്‍ അക്കാദമിക് സ്ഥാപനങ്ങളുടെമേല്‍ തങ്ങളുടെ ഹിംസാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒന്നാമത്തേത്, പ്രത്യക്ഷമായ ആക്രമണം ആണെങ്കില്‍ രണ്ടാമത്തേത്, പരോക്ഷമായ ആക്രമണമാണ്. ഇതില്‍ രണ്ടാമത്തെ ആക്രമണമാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയുടെ തിരുവനന്തപുരത്തെ പുതിയ കാമ്പസിന് ആര്‍എസ്എസ് സൈദ്ധാന്തികനായ ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. നേരത്തെ സൂചിപ്പിച്ചതുപോലെ ഇത് രാജ്യത്ത് ശക്തമായ പ്രതികരണങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ശാസ്ത്ര ചിന്തകള്‍ക്ക് എതിരായ നിലപാടുകളാണ് ഗോള്‍വാള്‍ക്കറും അദ്ദേഹത്തിന്റെ സംഘപരിവാര്‍ ശക്തികളും എക്കാലവും സ്വീകരിച്ചിട്ടുള്ളത്. മുസ്‌ലീങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും ഗോള്‍വാള്‍ക്കര്‍ തങ്ങളുടെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും മുസ്‌ലീങ്ങളോടുള്ള ശത്രുതക്കാണ് കൂടുതല്‍ കാഠിന്യം. ആര്‍ എസ് എസിന്റെ സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ ആശയങ്ങള്‍ തന്നെയാണ് ഗോള്‍വാള്‍ക്കര്‍ തന്റെ വിചാരധാര എന്ന ഗ്രന്ഥത്തിലൂടെ പ്രകടമാക്കുന്നത്.

1929‑ല്‍ മദ്രാസിലെ മറൈന്‍ അക്വേറിയത്തില്‍ ഗവേഷക വിദ്യാര്‍ത്ഥി ആയിരുന്നു ഗോള്‍വാള്‍ക്കര്‍. അക്കാലത്ത് ഗോള്‍വാള്‍ക്കര്‍ ബാബുറാവു തലാങിന് എഴുതിയ കത്തില്‍ മുസ്‌ലീങ്ങളോടുള്ള കടുത്ത ശത്രുത പ്രകടമാകുന്നുണ്ട്. മത ന്യൂനപക്ഷ വിഭാഗങ്ങള്‍ ഹിന്ദു സമുദായത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണെന്ന് ഗോള്‍വാള്‍ക്കര്‍ പറയുന്നു. ഹിന്ദു സമൂഹത്തിന്റെ ആരോഗ്യത്തിന് വിനാശകരമായ അര്‍ബുദ രോഗങ്ങളാണ് മതന്യൂനപക്ഷങ്ങള്‍ എന്നാണ് ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിക്കുന്നത്. ജര്‍മ്മന്‍ രാഷ്ട്ര തന്ത്രജ്ഞനായിരുന്ന ആദം മുള്ളറിന്റെ രാഷ്ട്രം നിഗൂഢാത്മകവും പാവനവുമായ സ്ഥാപനമാണ് എന്ന ആശയം തന്നെയാണ് ഗോള്‍വാള്‍ക്കര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയെ ഗോള്‍വാള്‍ക്കര്‍ തന്റെ വിചാരധാര എന്ന ഗ്രന്ഥത്തില്‍ രൂക്ഷമായി പരിഹസിക്കുന്നു. മാത്രമല്ല, മതപരമായ വൈവിധ്യങ്ങളെയും ഭിന്നതകളെയും ഹിന്ദുരാഷ്ട്രത്തിന്റെ തടസ്സമായി പ്രഖ്യാപിക്കുന്നു.

ഡോ. ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ രാജ്യം അംഗീകരിച്ച ഇന്ത്യന്‍ ഭരണഘടനക്കു പകരം മനുസ്മൃതി ഇന്ത്യന്‍ ഭരണഘടന ആക്കണമെന്ന് വാദിച്ചത് ആര്‍എസ്എസ് പ്രമുഖ് ഗോള്‍വാള്‍ക്കറുടെ നേതൃത്വത്തിലായിരുന്നു(ഓര്‍ഗനൈസര്‍— 1949 നവംബര്‍ 30, 1950 ജനുവരി 11). രാഷ്ട്രം എന്നത് അനാദിയായ സൃഷ്ടിയായി വിചാരധാരയിലും ഗോള്‍വാള്‍ക്കര്‍ അടയാളപ്പെടുത്തുന്നു. രാഷ്ട്രം സ്മരണാതീതവും അനാദിയുമാകയാല്‍ ആ രാഷ്ട്രത്തിന് ഒരു പിതാവിന്റെ ആവശ്യമില്ല. അതുകൊണ്ടു തന്നെയാണ് ഗോള്‍വാള്‍ക്കര്‍ ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നതിനെ എതിര്‍ത്തത്. ഗോള്‍വാള്‍ക്കര്‍ വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തില്‍ മതന്യൂനപക്ഷങ്ങളോ കമ്മ്യൂണിസ്റ്റുകാരോ ഉണ്ടായിരിക്കില്ല. അത് ഒരു ഏകശിലയില്‍ പടുത്തുയര്‍ത്തുന്ന ഹിന്ദുസമൂഹം ആയിരിക്കും. ജാതി വ്യവസ്ഥ ആയിരിക്കും ആ ഹൈന്ദവ സമൂഹത്തിന്റെ നട്ടെല്ല്. ഹിന്ദുരാഷ്ട്രത്തെ ഭരണകൂടമില്ലാത്ത സമൂഹമായിട്ടാണ് ഗോള്‍വാള്‍ക്കര്‍ അവതരിപ്പിക്കുന്നത്. അവിടെ നിയമങ്ങളോ ഭരണഘടനയോ ഉണ്ടായിരിക്കില്ല. സോഷ്യലിസ്റ്റ് ചിന്തകളെ ഗോ­ള്‍വാള്‍ക്കര്‍ ശക്തമായി വിമര്‍ശിക്കുന്നു. അദ്ദേഹം ജനാധിപത്യ വ്യവസ്ഥക്കും എതിരായിരുന്നു.

ഭരണഘടനയെയും നിയമവാഴ്ചയെയും ജനാധിപത്യത്തെയും നിരാകരിക്കുന്ന ഒരു പ്രത്യയശാസ്ത്രം ഉപയോഗിച്ചുകൊണ്ട് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. അത് ശാസ്ത്രത്തെയും യുക്തിചിന്തയേയും നിരാകരിക്കുന്നതാണെന്ന് വളരെ വ്യക്തമാണ്. ”രാഷ്ട്രം ഒരു മൃഗമാണ്. അതിനെ നിയന്ത്രിക്കേണ്ടത് തലയാണ്. ഓരോ പൗരനും അതിന്റെ കോശങ്ങള്‍ മാത്രമാണ്” എന്ന ഹിറ്റ്‌ലറുടെ വാക്കുകള്‍ തന്നെയാണ് വിചാരധാരയിലൂടെ വെളിവാക്കപ്പെടുന്നത്. മനുസ്മൃതിയെ ആധാരമാക്കിക്കൊണ്ടുള്ള ഹിന്ദുത്വ രാഷ്ട്രനിര്‍മ്മിതിയുടെ വക്താവും ശാസ്ത്ര വിജ്ഞാന വിരോധവും വര്‍ഗീയ തീവ്രവാദവും മുഖമുദ്രയാക്കിയ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അറിയപ്പെടുന്ന ആചാര്യനുമായ ഗോള്‍വാള്‍ക്കറുടെ നാമധേയം ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് നല്‍കാനുള്ള തീരുമാനം തികച്ചും അപലപനീയമാണ്, പ്രതിഷേധാര്‍ഹമാണ്.