വി പി ഉണ്ണികൃഷ്ണൻ
രാത്രിയുടെ മറവിലാണ് പല കുപ്രസിദ്ധ നിയമങ്ങളും ഭരണനടപടികളും അരങ്ങേറ്റപ്പെടുക. ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇന്ത്യന്‍ ലോക്‌സഭയിലും രാജ്യസഭയിലും നാം അതു കണ്ടു. ലോക്‌സഭയില്‍ അര്‍ദ്ധരാത്രിയോടടുത്തെങ്കിലും ഉപരിസഭയായ രാജ്യസഭയില്‍ അത്രമേല്‍ നീണ്ടുനിന്നില്ല സംഘപരിവാര രാഷ്ട്രീയത്തിന്റെ ജുഗുപ്സാവഹമായ അജണ്ട. രാത്രി എട്ടരമണിയോടെ പൗരത്വ ബില്‍ രാജ്യസഭയിലും കൗശലപൂര്‍വം പാസാക്കിയെടുത്തു. ഒപ്പം ചേര്‍ക്കേണ്ടവരെ ഒപ്പം ചേര്‍ത്തും ഒപ്പം ചേരുവാന്‍ കഴിയാത്തവരെ ബഹിഷ്കരണത്തിനു പ്രേരിപ്പിച്ചും ഭരണഘടനയുടെ മഹനീയ തത്വങ്ങളെ ധ്വംസിച്ചും ഇന്ത്യയുടെ സമാനതകളില്ലാത്ത മതനിരപേക്ഷ തത്വസംഹിതകളെ നീചമായ കാലുകളാല്‍ ചവിട്ടിമെതിച്ചും ബില്ല് പാസാക്കിയെടുത്തു. മണിപ്പൂരിലും ഗോവയിലും കര്‍ണാടകയിലും അരുണാചല്‍പ്രദേശിലും രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി, ജനവിധിയെ അപഹസിച്ച് ബിജെപിയെ അതതു സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്തിച്ച ബിജെപി രാഷ്ട്രീയത്തിലെ ‘കപടചാണക്യന്‍’ അമിത്ഷാ മഹാരാഷ്ട്രയിലെ കരുനീക്കങ്ങളില്‍ നാണംകെട്ടു പരാജയപ്പെട്ടുപോയെങ്കിലെന്ത്?
പൗരത്വ ഭേദഗതി ബില്ലില്‍ അയാളുടെ കുതന്ത്രങ്ങള്‍ വിജയിച്ചു. ലോക്‌സഭയില്‍ ബില്‍ പാസായപ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദന പുഷ്പവര്‍ഷം നടത്തി. ഇത് അമിത്ഷായുടെ വിജയം എന്ന് പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. എതിര്‍ക്കുന്നവരുടെ സ്വരവും ഭാഷയും പാകിസ്ഥാനികളുടേതാണെന്ന് കൂടി മോഡി കൂട്ടിച്ചേര്‍ത്തു. അധമ ദേശീയതാ വികാരം ഉദ്ദീപിപ്പിക്കുക എന്നത് എക്കാലവും സംഘപരിവാര ഫാസിസ്റ്റുകളുടെ അജണ്ടയായിരുന്നു. ഇരുണ്ട കാലത്ത് ഇരട്ടനാവും ഇരട്ട നയവും പ്രകടിപ്പിച്ച് ആ കുത്സിത പ്രവര്‍ത്തനം അവര്‍ വിജയകരമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ലോക്‌സഭയിലും രാജ്യസഭയിലും പൗരത്വ രജിസ്റ്റര്‍ ബില്‍ ചര്‍ച്ചകള്‍ക്കുശേഷം അമിത്ഷാ ധിക്കാര സ്വരത്തില്‍ പ്രതിപക്ഷ നിരകളോട് പറഞ്ഞു, ‘ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂ കാത്തിരിക്കുക’ എന്ന് ഇന്ത്യയില്‍ ജനാധിപത്യവും ഭരണഘടനയും മതനിരപേക്ഷതയും കറുത്ത ഹാസ്യമായി പരിണമിപ്പിച്ച് ഏക മത മേധാവിത്വത്തിന്റെ മണ്ണായി മാറ്റുവാന്‍ തിടുക്കം കൂട്ടുകയാണ് നരേന്ദ്രമോഡിയും അമിത്ഷായും.
രണ്ടാം വട്ടം അധികാരത്തിലെത്തിയപ്പോള്‍ അതിവേഗതയില്‍ മുത്തലാഖ് ബില്ലും കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളയലും നടപ്പാക്കിയവര്‍ പൗരത്വ രജിസ്റ്റര്‍ ഭേദഗതി ബില്‍ പാസാക്കുന്നതിനു മുമ്പുതന്നെ അസമില്‍ 19 ലക്ഷം ഭാരതീയരെ ഇന്ത്യന്‍ പൗരത്വപട്ടികയില്‍ നിന്ന് പുറത്താക്കി. രാത്രി ഇരുണ്ടുവെളുക്കുമ്പോള്‍ രാജ്യത്തിലെ ആരും ഭാരതീയരല്ലാതായി മാറാം. അവര്‍ക്കായി ഹിറ്റ്ലര്‍ പണികഴിപ്പിച്ച കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക് സമാനമായ ക്യാമ്പുകള്‍ അതിവേഗതയില്‍ നിര്‍മ്മിക്കപ്പെടുന്നു. ഈ നിഷ്കാസനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു മാത്രമല്ല ബാധകം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളെ തിരഞ്ഞുപിടിച്ച് പുറത്താക്കുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് മുസ്ലിങ്ങള്‍ മാത്രം ഒഴിവാക്കപ്പെടുന്നു? പൗരത്വ ഭേദഗതി നിയമപ്രകാരം അന്യരാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, ജൈന, ബുദ്ധ പാഴ്സി, ക്രിസ്ത്യാനി വിഭാഗങ്ങളിലെ മതസ്ഥര്‍ക്ക് അഞ്ചുവര്‍ഷം ഇന്ത്യയില്‍ താമസിച്ചാല്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കും.
പക്ഷേ മുസ്ലിം ഇവിടെ ജനിച്ചുവളര്‍ന്നാലും എത്ര പതിറ്റാണ്ടുകള്‍ വസിച്ചാലും അവര്‍ ഇന്ത്യന്‍ പൗരരാവുകയില്ല. അവര്‍ അധിനിവേശക്കാരും നുഴഞ്ഞുകയറ്റക്കാരും രാജ്യദ്രോഹികളും ഭീകരവാദികളുമാവും. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം, ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലകും അവരുടെ പ്രഥമഗണനീയനായ ആചാര്യന്‍ എന്ന് അവര്‍ വിശേഷിപ്പിക്കുന്ന മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’, ‘നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു’ എന്നീ ഗ്രന്ഥങ്ങളിലെ ആഹ്വാനങ്ങളാണ്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും മനുസ്മൃതി പ്രാമാണിക ഗ്രന്ഥമാണെന്നും എഴുതിയ ഗോള്‍വാള്‍ക്കര്‍ ഹിറ്റ്ലര്‍ പറഞ്ഞതുപോലെ രക്തവിശുദ്ധിമാഹാത്മ്യത്തെക്കുറിച്ചും എഴുതി. ക്ഷത്രിയന്റെയും ബ്രാഹ്മണന്റെയും രക്തത്തിനു മാത്രമേ വിശുദ്ധിയുള്ളൂ എന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഹിറ്റ്ലറായിരിക്കണം ആരാധ്യപുരുഷന്‍ എന്നെഴുതിയ ഗോള്‍വാള്‍ക്കര്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇന്ത്യ വിട്ടുപോകണം, അഥവാ പോകുന്നില്ലെങ്കില്‍ പൗരാവകാശമില്ലാതെ ഇന്ത്യയില്‍ കഴിഞ്ഞുകൂടാമെന്നും എഴുതി. അമിത്ഷായും നരേന്ദ്രമോഡിയും കൊണ്ടുവരുന്ന നിയമം ഗോള്‍വാള്‍ക്കറുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനുള്ളതാണ്. ഇപ്പോഴത്തെ ബില്ലില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്നതുകൊണ്ട് ആശ്വസിക്കേണ്ടതില്ല.
പിന്നാലെ അവരും പുറന്തള്ളപ്പെടും. ഗോള്‍വാള്‍ക്കര്‍ ‘വിചാരധാര’യില്‍ എഴുതിയിട്ടുണ്ട്. ആര്‍എസ്എസിന് മൂന്ന് ശത്രുക്കള്‍. 1. ‘മുസ്ലീങ്ങള്‍ 2. ക്രിസ്ത്യാനികള്‍ 3. കമ്മ്യൂണിസ്റ്റുകാര്‍. പല ഘട്ടങ്ങളില്‍ ഇന്ത്യ മതങ്ങളുടെയും വര്‍ണവെറിയുടെയും പേരില്‍ രാഷ്ട്രത്തിന്റെ സാംസ്കാരിക പൈതൃകത്തെ നിന്ദിച്ചുകൊണ്ട് കലാപങ്ങളിലും കലഹങ്ങളിലും മനുഷ്യക്കുരുതിയിലും ഏര്‍പ്പെട്ടു. വിഭജനത്തിന്റെ ഒരിക്കലും ഉണങ്ങാത്ത മുറിവ് ഇന്ത്യ ഹൃദയത്തിലേറ്റുവാങ്ങിക്കേണ്ടിവന്നു- എത്രയായിരം മനുഷ്യര്‍— വനിതകള്‍, ശിശുക്കള്‍ ഹത്യക്കിരയായി. പശുവിന്റെയും പന്നിയുടെയും പേരില്‍ കലാപരൂക്ഷിതമായ കേന്ദ്രങ്ങളുണ്ടായി. അന്ന് മതനിരപേക്ഷതയുടെ മഹനീയ വിളംബരം ഉയര്‍ത്തി മരണപ്പാച്ചിലുകളില്‍ നിന്ന് ഇന്ത്യയെ ഇതിഹാസതുല്യമായ നിലയില്‍ പുനരുജ്ജീവിപ്പിച്ച മഹനീയ നേതാക്കളുണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ ഗാന്ധിജി ദില്ലിയിലെ സ്വാതന്ത്ര്യ ആഘോഷ വേദികളിലൊന്നും പങ്കെടുത്തില്ല. ഒരു കരിഞ്ഞ ഇലയുമായി മതേതര ഭാരതത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും അഭ്യര്‍ഥിക്കുകയുമായിരന്നു. 1948 ജനുവരി 30 സായാഹ്നത്തില്‍ ഗാന്ധിജി ഹൃദയത്തില്‍ വെടിയുണ്ടകളേറ്റ് ധീര രക്തസാക്ഷിയാവുമ്പോള്‍ നാഥുറാം വിനായക് ഗോഡ്സേയുടെ അനുയായികള്‍ ലഡുവിതരണം നടത്തി ആഹ്ലാദിക്കുകയായിരുന്നു.
ഇന്ത്യയുടെ വിഭജനം തന്റെ ഹൃദയത്തിലൂടെയായിരിക്കുമെന്ന് ആ മനുഷ്യന്‍ വിലപിക്കുകയുണ്ടായി. ഇന്നിപ്പോള്‍ അമിത്ഷാമാര്‍ രാഷ്ട്രവിഭജന രാഷ്ട്രീയത്തെ പുനര്‍നിര്‍മ്മിക്കുകയാണ്. ഹിന്ദുരാഷ്ട്രം, ഇതര മതരഹിത രാഷ്ട്രം എന്ന ഗോള്‍വാള്‍ക്കര്‍ തത്വസംഹിതയെ ഭരണഘടനാ മൗലിക തത്വങ്ങളെ ഉല്ലംഘിച്ചുകൊണ്ട് നടപ്പില്‍ വരുത്തുവാന്‍ യത്നിക്കുകയാണ്. മതനിരപേക്ഷ‑ജനാധിപത്യ‑മാനവിക ബോധമുള്ളവരെ തിരസ്കരിക്കുകയും വര്‍ഗീയ ഫാസിസ്റ്റ് ചേരികള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്ന നയസമീപനങ്ങളെ രാഷ്ട്ര നിലനില്‍പ്പിനായി പൊരുതുന്ന ഗാന്ധിജിയെ അറിയുന്ന നെഹ്റുവിനെ കേള്‍ക്കുന്ന രാഷ്ട്രത്തിനായി വീരമൃത്യുവരിച്ച രക്തസാക്ഷികളെ മതനിരപേക്ഷ രാഷ്ട്രത്തിനായി ആത്മസമര്‍പ്പണം ചെയ്ത് പൊരുതി മറിച്ചവരെ രാഷ്ട്രീയ ബോധമുള്ള സമൂഹത്തിന് എങ്ങനെ വിസ്മരിക്കുവാനാകും. 1948 ഒക്ടോബര്‍ രണ്ടിന് മഹാത്മാവിന്റെ ജന്മവാര്‍ഷികനാളില്‍ വമ്പിച്ച ഒരു ജനാവലിയോട് നെഹ്റു വികാരഭരിതമായി ഇങ്ങനെ പ്രസംഗിച്ചു. ‘സര്‍ക്കാര്‍ അയിത്തവും ഭൂപ്രഭുത്വവും അവസാനിപ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധമാണ്. വര്‍ഗീയവാദികളാണ് മുഖ്യശത്രുക്കള്‍. അവരോട് യാതൊരു ദാക്ഷിണ്യവും കാണിക്കാതെ സര്‍വശക്തിയും ഉപയോഗിച്ച് കീഴ്‌പ്പെടുത്തും’ 95 മിനിറ്റ് നീണ്ടുനിന്ന ആ പ്രസംഗത്തെ ജനാവലി ഹര്‍ഷാരവത്തോടെ എതിരേറ്റു.
വിഭജനത്തിന്റെയും വിവേചനത്തിന്റെയും അധമരാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ ഇന്ത്യയുടെ പാരമ്പര്യവും മഹിമയും തിരിച്ചറിഞ്ഞെങ്കില്‍ എത്ര നന്നായിരുന്നു. ഇന്ത്യയുടെ ഭരണഘടന കേവലം ഭാവനാവിലാസ സൃഷ്ടിയല്ല. ഇന്ത്യയുടെ ബഹുസ്വരതയും സാംസ്കാരിക മഹിമയും സാമൂഹ്യയാഥാര്‍ഥ്യവും തിരിച്ചറിഞ്ഞുകൊണ്ട് ഇന്ത്യന്‍ പൗരാവകാശ സംരക്ഷണത്തിന്റെ സുവര്‍ണ സുരക്ഷാ കവചമായാണ് അത് സൃഷ്ടിക്കപ്പെട്ടത്. ഭരണഘടനയില്‍ നിന്ന് ഇന്ത്യ ഒരു മതേതര രാഷ്ടമാണെന്നത് ഒഴിവാക്കണമെന്നും സോഷ്യലിസം എന്ന വാക്ക് പാടില്ലെന്നും വാദിക്കുന്ന കൂട്ടര്‍ ഏകാധിപത്യശൈലിയില്‍ അത് നടപ്പാക്കുകയാണ്. ഒരു മതം, ഒരു ഭാഷ, ഒരു നേതാവ് ഒരേയൊരു ചിന്ത എന്നത് പ്രസംഗത്തില്‍ മാത്രമല്ല പ്രവൃര്‍ത്തിയിലും പ്രാവര്‍ത്തികമാക്കുകയാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍. പൗരത്വ ഭേദഗതി ബില്ലിനെ ഭരണഘടനയെ മുന്‍നിര്‍ത്തി എതിര്‍ക്കുമ്പോള്‍ അതിനെ പാകിസ്ഥാന്റെ ഭാഷയായി വ്യാഖ്യാനിച്ച് അധമ ദേശീയ വികാരം സൃഷ്ടിക്കുന്നു.
നരേന്ദ്രമോഡിയില്‍ നിന്നും അമിത്ഷായില്‍ നിന്നും പുറത്തുവരുന്നത് ഒരു കാലത്തെ മുഹമ്മദ് ജിന്നയുടെ സ്വരമാണ്. നാനാത്വത്തില്‍ ഏകത്വത്തിന്റെ വിവിധ ജാതി ഉപജാതികളുടെയും വര്‍ഗ ഗോത്രവിഭാഗങ്ങളുടെയും നിരവധി ഭാഷകളുടെയും വ്യത്യസ്ത സംസ്കാരങ്ങളുടെയും സംഗമഭൂമിയായി ഇന്ത്യ പുലരുന്നത് വീര്‍സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ഗോഡ്സെയുടെയും അനുചരന്‍മാര്‍ ഇഷ്ടപ്പെടുന്നില്ല. ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങളും നിയമനീതിന്യായ വ്യവസ്ഥയും പൗരന്‍മാരുടെ മൗലികാവകാശങ്ങളും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തുല്യതയും അവര്‍ക്ക് അരോചകമാണ്. അര്‍ധ ഫാസിസമേ ആയിട്ടുള്ളൂ. ഫാസിസം തന്നെ വരുവാന്‍ പോകുന്നു എന്നാണ് ‘ഇതിലും വലുത് വരാനിരിക്കുന്നു എന്ന അമിത്ഷായുടെ ഭീഷണി സ്വരത്തില്‍ പ്രതിഫലിക്കുന്നത് പൊരുതുകയും ചെറുത്തുനില്‍ക്കുകയും മാത്രമാണ് പോംവഴി. ഇല്ലെങ്കില്‍ ഇന്ത്യ ഇന്ത്യയല്ലാതായി മാറും എന്ന ഭയാനക സത്യം മുന്നില്‍ നില്‍ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.