എപ്പൊഴേയുണർന്നൂ നാം!
ചുറ്റിലുംനോക്കൂ എത്ര
കൃത്യമായ് അതേ താളം
ജീവിതം സ്പന്ദിക്കുന്നൂ
അപ്രകാശിതരാക-
യാലതാ നക്ഷത്രങ്ങൾ
അപ്പുറമപ്രത്യക്ഷ-
രായതക്കുന്നിൻ ചാരെ!
നിദ്രവിട്ടകന്നിട്ടും
വിരൽനീട്ടിയെന്നുള്ളിൽ
തൊട്ടുനോക്കുമാ
സ്വപ്നത്തിരതൻ കുസൃതിക്കൈ
ഒട്ടു ഞാൻ സ്വയം മറന്ന്
അർധവിസ്മൃതീ ലീന-
സുപ്തയായ് നിൽക്കുന്നേരം
കേട്ടപോലതേ ശബ്ദം
എത്രനാളിതിന്നായി
ധ്യാനമഗ്നയായ് വാണൂ
വക്കടർന്നുള്ളോരോർമ്മപ്പടിയിൽ
നിർന്നിദ്ര ഞാൻ
രാത്രിയായിരു,ന്നപ്പോളൊക്കെയും
വെളിച്ചത്തിൻ കൂർത്ത കണ്ണുകൾ തേടി
യെത്തിടാത്തൊരു ദ്വീപില്‍
നമ്മളിൽനിന്നും നമ്മള്‍
അജ്ഞാതവാസം മോഹിച്ചൊന്നു
ചേർന്നൊരാ നാളിൽ
കൂട്ടുകൂടിയോർ പണ്ടേ
പകലിൻവർണാഭമാം
വൈവിധ്യങ്ങളിലൂടെ-
പ്പതിയെപ്പോകേയെങ്ങും
കണ്ണുകളുടയ്ക്കാതെ
നിനദശതങ്ങൾതൻ
നിർത്ധരി നീന്തുമ്പോഴും
നിയതം മറ്റെങ്ങെങ്ങും
കാതുകൾ കൊരുക്കാതെ
എത്രമേലപൂർവമാ-
ണെങ്കിലും നാമൊന്നിക്കും
സ്വപ്നവും കൊണ്ടേ
രാവൊന്നെത്തുവാൻ മോഹിച്ചെങ്കിൽ
എപ്പൊഴൊക്കെയോ നമ്മൾ
സ്നേഹിച്ചിട്ടുണ്ടാവണം
അത്രമേലാഴങ്ങളിൽ
തൊട്ടിരിക്കണം തമ്മിൽ
വച്ചുനീട്ടിയോരില-
ക്കുമ്പിളിൽ നിന്നും
പൂവൊന്നക്ഷണമെടുത്തേ ഞാൻ
ചൂടിയിട്ടുണ്ടാവണം
ഇത്രനാൾ ചുമന്നോരാ
മാണിക്യ,മീസർപ്പത്തിൻ
ചിത്രകൂടത്തിൽ നിന്നും
നീയെടു ത്തിരിക്കണം
ലവണം കടൽജലം
തന്നിലെന്നപോലെത്ര-
യുഗങ്ങൾ മുമ്പേയൊന്നായ്
ചേർന്നതായിരിക്കണം… !
മഴതോർന്നിട്ടും തോരാമരമായ് പെയ്യും
ഓർമ്മയ്ക്കരുളാനിതല്ലാതൊരുത്തരം
നിനക്കുണ്ടോ
രാത്രിയായിരുന്നെങ്കിലിപ്പൊഴു
മെന്നല്ലാതെ പേർത്തു മോഹിക്കാൻ
മറ്റൊരർഥനയെനിക്കുണ്ടോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.