Saturday
16 Feb 2019

അക്രമങ്ങള്‍ അവസാനിപ്പിച്ചാല്‍ കണ്ണൂരിന് ശാശ്വത സമാധാനം; പി ജയരാജന്‍

By: Web Desk | Thursday 1 February 2018 8:55 PM IST

കണ്ണൂര്‍: കണ്ണൂരില്‍ ശാശ്വത സമാധാനം ഉണ്ടാകണമെങ്കില്‍ ആയുധ പരിശീലനവും അക്രമത്തിന് മുന്നിട്ടിറങ്ങുന്നതും അവസാനിപ്പിക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ മുഖ്യമന്ത്രി പങ്കെടുത്ത സമാധാന ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങള്‍ ലംഘിച്ചത് ആര്‍ എസ് എസ് ആണ്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി നടന്ന അക്രമണങ്ങളുടെ പൊതുസ്ഥിതിയെടുത്താല്‍ പരിശീലനം നേടിയ ക്രിമിനലുകള്‍ നടത്തിയ അക്രമണങ്ങളാണെന്നത് വ്യക്തമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഹോമിയോ ഡോക്ടര്‍ സുധീറിനും പാല്‍വിതരണക്കാരനും വെട്ടേറ്റപാടുകള്‍. കണ്ണൂരിലെ രാഷ്ട്രീയസംഘര്‍ഷത്തിന് ഒന്നുകില്‍ സി പി എം അല്ലെങ്കില്‍ ആര്‍ എസ് എസ് ആണ് ഉത്തരവാദികള്‍ എന്ന നിലയിലാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.

സി പി എമ്മിനെയും ആര്‍ എസ് എസിനെയും ഒരേ തുലാസിന്‍റെ തട്ടില്‍ തൂക്കുകയാണ് ചില മാധ്യമങ്ങള്‍. എന്നാല്‍ അധ്വാനവര്‍ഗ്ഗത്തിന്‍റെ നന്‍മയാണ് സി പി എമ്മിന്‍റെ നയമെങ്കില്‍ ഹിന്ദുരാഷ്ട്രം എന്ന ഒരൊറ്റ നയം മാത്രമാണ് ആര്‍ എസ് എസിനുള്ളത്. അവിടെ നാട്ടിലെ പാവപ്പെട്ടവര്‍ക്കോ തൊഴിലാളികള്‍ക്കോ പിന്നോക്ക വിഭാഗങ്ങള്‍ക്കോ ഒരു സ്ഥാനവുമില്ല. രാജ്യത്തുടനീളം സംഘപരിവാര്‍ അവരുടെ അജണ്ട കൃത്യമായി നടപ്പിലാക്കുന്നുണ്ട്.

ആയുധം എടുത്ത് അക്രമിച്ചിട്ടല്ല രാജ്യത്തെ സാംസ്‌കാരിക പ്രവര്‍ത്തകരെ സംഘപരിവാറുകാര്‍ കൊലപ്പെടുത്തുന്നത്. ബൈക്കുകളിലൂടെ അസഹിഷ്ണുതയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ച് നമ്മുടെ യുവാക്കളെ അക്രമത്തിലേക്ക് സജ്ജരാക്കുക്കയാണ് ആര്‍ എസ് എസും ബി ജെപിയും.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ സി പി എം പ്രവര്‍ത്തകര്‍ക്കുനേരെ കരിനിയമങ്ങള്‍ പ്രയോഗിച്ചതുപോലെ ബി ജെ പിയുടെ ഭരണത്തിലും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സി പി എമ്മിനെ തകര്‍ക്കുവാന്‍ നോക്കുന്നത് വലതുപക്ഷരാഷ്ട്രീയക്കാരും വലതുപക്ഷ മാധ്യമങ്ങളുമാണെന്നും ഇവരെ സഹായിക്കാന്‍ കോര്‍പ്പറേറ്റ് മൂലധന ശക്തികളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്‍റ് എ കെ ഹാരിസ് അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറര്‍ സിജി ഉലഹന്നാന്‍ നന്ദിയും പറഞ്ഞു.

Related News