ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരി കോവിഡ്‌ 19 എന്ന് ഇല്ലാതാകും? നാം അന്വേഷിക്കുന്ന ചോദ്യത്തിന്‌ ഉത്തരം ഇതാ

Web Desk
Posted on July 17, 2020, 5:54 pm

ലോകമൊന്നാകെ മരണം വിതച്ച് കൊറോണ വൈറസ് സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുകയാണ്. വൈറസ് വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. സമൂഹ വ്യാപനവും, ദിനം പ്രതി വർധിക്കുന്ന പോസറ്റീവ് കേസുകളും അതെ തുടർന്നുള്ള മരണവും ഏറെ ആശങ്ക പടർത്തുന്ന ഒരു അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സമൂഹ വ്യാപനം വഴിയുള്ള കേസുകളുടെ വർദ്ധനവ് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ജങ്ങളിൽ മാനസിക പിരിമുറുക്കത്തിനും കാരണമായിട്ടുണ്ട്. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ഇതിലേക്ക് നയിച്ച പ്രധാന ഘടകം. ഒരു സമാധാനത്തിനായി പുറത്ത് ഇറങ്ങാനോ, ബന്ധുക്കളെയോ ചങ്ങാതിമാരെയോ കാണാനോ ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കാനോ കഴിയാത്തതും ആളുകൾ ഇന്ന് അഭിമുഖികരിക്കുന്ന പ്രധാന പ്രേശ്നങ്ങളിൽ ഒന്നാണ്. ഇത്തരമൊരു അന്തരീക്ഷത്തിലൂടെ കടന്നു പോകുമ്പോൾ ഏതൊരാളും ചിന്തിക്കുന്ന ഒരു കാര്യമുണ്ട് എന്നാണ് ഈ വൈറസിൽ നിന്നും ഒരു മുക്തി നേടാൻ കഴിയുക.

ഇപ്പോഴിതാ, ഈ ചോദ്യത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐഎംആർസി) മുൻ ഡെപ്യൂട്ടി ഡയറക്ടറും കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ കേന്ദ്രസർക്കാരിന്റെ മെഡിക്കൽ സംഘത്തിന്റെ മുഖവുമായ ഡോ. രാമൻ ഗംഗാഖേദ്കർ. ഒരു അഭിമുഖത്തിലാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രധാനകാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചത്.

ഈ പകർച്ചവ്യാധിക്ക് പരിഹാരം കാണണമെങ്കിൽ ‘കന്നുകാലികളുടെ പ്രതിരോധശേഷി’ അഥവ ‘ഹെർഡ് ഇമ്മ്യൂണിറ്റി’ എന്നറിയപ്പെടുന്ന ആശയം നടപ്പിലാക്കണം. പകർച്ചവ്യാധികളിൽനിന്ന് പരോക്ഷമായി ലഭിക്കുന്ന സംരക്ഷണമാണ് ഹെർഡ് ഇമ്മ്യൂണിറ്റി. അതായത് വാക്സിനേഷൻ വഴിയോ മുമ്പത്തെ അണുബാധകളിലൂടെയോ ജനസംഖ്യയുടെ വലിയൊരു ശതമാനം അണുബാധയിൽ നിന്ന് രക്ഷനേടുന്നതിലൂടെ രോഗപ്രതിരോധ ശേഷിയില്ലാത്ത വ്യക്തികൾക്ക് ഒരു പരിധിവരെ സംരക്ഷണം ലഭിക്കുന്നുവെന്നാണ് ഹെർഡ് ഇമ്മ്യൂണിറ്റി എന്ന ആശയം വ്യക്തമാക്കുന്നത്.

എന്നാൽ അണുബാധയ്ക്കൊപ്പം വരുന്ന ഈ പ്രതിരോധശേഷി എത്രത്തോളം നിലനിൽക്കുമെന്ന് അറിയില്ലെങ്കിലും ഇത്തരമൊരു കാര്യം ഇതിനിടെ സംഭവിക്കുന്നുണ്ടെന്നും ഡോ. രാമൻ ഗംഗാഖേദ്കർ പറഞ്ഞു. അണുബാധയ്ക്ക് ശേഷമുള്ള പ്രതിരോധത്തെക്കുറിച്ച് വേണ്ടത്ര അറിവില്ല. കാരണം ഇത് പൊട്ടിപ്പുറപ്പെട്ടിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂ. അതിനാൽ ഈ അണുബാധയെക്കുറിച്ച് കൂടുതലായി പഠിക്കേണ്ടതുണ്ട്. ലോകത്തിലെ മുഴുവൻ ശാസ്ത്രഞ്ജൻമാരും ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ കൊവിഡ്-19നെക്കുറിച്ച് പഠനം നടത്തുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സമീപഭാവിയിൽ മരുന്നോ വാക്സിനോ പുറത്തുവരില്ലെന്ന് കരുതുന്നില്ല. പുതിയതും ഫലപ്രദവുമായ ഇടപെടൽ കണ്ടെത്തുന്നതിനിടെ അവയെല്ലാം പരാജയപ്പെടുമെന്ന് കരുതുന്നത് ഉചിതമല്ല. ഇപ്പോൾ തന്നെ നൂറോളം ഗ്രൂപ്പുകളാണ് വാക്സിനുകളെക്കുറിച്ച് ഗവേഷണം നടത്തുന്നത്.

രണ്ടാം ഘട്ടത്തിൽ വാക്സിനുകൾ മനുഷ്യശരീരത്തിൽ കുത്തിവച്ച് പരീക്ഷണം നടത്തുകയാണ്. ഇന്ത്യയ്ക്ക് രണ്ട് വാക്സിനുകളാണ് ഉള്ളത്. ഇവ ഉടൻ തന്നെ രണ്ടാം ഘട്ടമെന്നോളം മനുഷ്യശരീരത്തിൽ കുത്തിവച്ച് പരീക്ഷണം നടത്തും. കൂടാതെ രാജ്യത്തെ പല ശാസ്ത്രജ്ഞരും പുതിയ കെമിക്കൽ എന്റിറ്റികൾക്കും മരുന്നുകൾക്കുമായും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ‘അവസാനം’ എന്നത് രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്നുകിൽ ഫലപ്രദമായ വാക്സിൻ വികസിപ്പിച്ചെടുക്കുകയോ മരുന്നോ ഉണ്ടെങ്കിൽ ഈ അണുബാധയെ വളരെ വേഗത്തിൽ അവസാനിപ്പിക്കാൻ കഴിയും. അല്ലെങ്കിൽ ഹെർഡ് ഇമ്മ്യൂണിറ്റി എന്ന ആശയത്തെ ആശ്രയിക്കേണ്ടതുണ്ട്. ഹെർഡ് ഇമ്മ്യൂണിറ്റി നടപ്പിൽ വരുന്നതോടെ മാത്രമെ ഈ പകർച്ചവ്യാധി അവസാനിച്ചെന്ന് ഇനി പറയാൻ സാധിക്കുകയുള്ളൂ.

വൈറസിനെ പിടിച്ചു കെട്ടാൻ ലോകം ഒന്നടങ്കം ഒറ്റകെട്ടായി നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനായി ഗവേഷകർ രാപകലില്ലാതെ പ്രയത്‌നിക്കുന്നുമുണ്ട്. വൈറസിനെ പ്രതിരോധിക്കുന്നതനായി പുതിയൊരു വാക്സിൻ കണ്ടെത്തുന്നതോടെ അത് ശാസ്ത്ര ലോകത്തിൻെറ മറ്റൊരു കുതിച്ചു ചാട്ടത്തിനു കാരണമാകുമെന്നത് തീർച്ചയാണ്.

YOU MAY ALSO LIKE THIS VIDEO