കണ്ണുകള്‍കൊണ്ട് മലയാളി പ്രേക്ഷകരെ മോഹിപ്പിച്ച ആ താരം ഇപ്പോള്‍ ഇങ്ങനെയാണ്

Web Desk
Posted on October 02, 2019, 8:42 pm

നീണ്ട ഇടതൂര്‍ന്ന മുടിയും വെള്ളാരം കണ്ണുമുള്ള കുഞ്ഞാതോലെന്ന ആ സുന്ദരി യക്ഷിയെ ആരും മറന്നുകാണില്ല. ഹരിഹരന്‍ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ കുഞ്ഞാതോള്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ചഞ്ചല്‍. എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് ശേഷം ഓര്‍മ്മച്ചെപ്പ്, ഋഷിവംശം എന്നീ ചിത്രങ്ങളിലും അഭിനയിച്ച ചഞ്ചല്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവ് ഹരിശങ്കറിനൊപ്പം അമേരിക്കയിലാണ് താമസം. നീഹാര്‍, നിള എന്ന രണ്ടു മക്കളാണ് താരത്തിനുള്ളത്.

അഭിനയരംഗത്തു സജീവമല്ലെങ്കിലും താരമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചഞ്ചല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുടുംബ ചിത്രങ്ങള്‍ ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നടി ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കുഞ്ഞാതോള്‍ എന്ന സാങ്കല്‍പ്പിക കഥാപാത്രമായി വന്ന് ദംഷ്ട്ര കാണിച്ച് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ താരത്തിന്റെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെങ്കിലും നൃത്തരംഗത്ത് സജീവമാണ് താരം. ലോഹിതദാസ് സംവിധാനം ചെയ്ത് ലാല്‍, ദീലിപ് എന്നിവര്‍ അഭിനയിച്ച ഓര്‍മ്മച്ചെപ്പ് എന്ന ചിത്രത്തില്‍ ചഞ്ചല്‍ അവതരിപ്പിച്ച സമീറ എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 1997ല്‍ മോഡലിങ്ങിലൂടെയാണ് ചഞ്ചല്‍ തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ടെലിവിഷന്‍ പരിപാടികളിലെ അവതാരകയായി മാറി. നിരവധി മലയാളം ചാനലുകളില്‍ ക്വിസ് പ്രോഗ്രാമുകളും ചര്‍ച്ചകളും ചഞ്ചല്‍ അവതരിപ്പിച്ചിട്ടുണ്ട്.