ഹോങ്കോങിലെ കലാപം എവിടെ ചെന്നവസാനിക്കും?

Web Desk
Posted on August 31, 2019, 10:47 pm
lokajalakam

ജൂലൈ 29 ലെ ജനയുഗത്തില്‍ ‘ഹോങ്കോങില്‍ നടക്കുന്നത് കലാപമോ സ്വാതന്ത്ര്യ സമരമോ’ എന്ന ചോദ്യം ഉന്നയിക്കുമ്പോള്‍ സമരക്കാരുടെ ലക്ഷ്യം ഇത്ര പ്രകടമായിരുന്നില്ല. കാരണം പ്രക്ഷോഭകരുടേത് വളരെലളിതമായ ഒരു ആവശ്യമായിരുന്നു. ഹോങ്കോങിലെ ചില വിഭാഗം കുറ്റവാളികളെ ചൈനയിലേക്ക് വിചാരണയ്ക്കായി അയക്കുന്നതു സംബന്ധിച്ച് ഹോങ്കോങ് ഭരണാധികാരി നടത്താന്‍ പോകുന്ന ഒരു നിയമ നിര്‍മ്മാണത്തിനെതിരായി മാത്രമായിരുന്നു പ്രതിഷേധം. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മുഖ്യഭരണാധികാരിയായ കാരി ലാം ഈനിയമം ഉടനെ നടപ്പിലാക്കില്ലെന്നും, അത് പരണത്തുവയ്ക്കുകയാണെന്നും പ്രഖ്യാപിച്ചിട്ടും അവര്‍ അടങ്ങിയില്ല. നിയമം എവിടെ പിന്‍വലിക്കണമെന്നായി അവരുടെ ആവശ്യം. നിയമത്തിനെതിരായി മാത്രമുള്ളതായിരുന്നില്ല പ്രക്ഷോഭമെന്ന് അതോടെ കൂടുതല്‍ സ്പഷ്ടമായി.
കൂടുതല്‍ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ വേണമെന്നും, മുഖ്യഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന രീതി തന്നെ മാറ്റണമെന്നുമായി ആവശ്യം. ഹോങ്കോങിന് പൂര്‍ണ സ്വാതന്ത്ര്യം തന്നെ വേണമെന്നും ആയിട്ടുണ്ട് ആവശ്യം. ഓഗസ്റ്റ് അഞ്ചിലെ പൊതുപണിമുടക്ക് ഹോങ്കോങിനെ നിശ്ചലമാക്കിയപ്പോള്‍ പൂര്‍ണ സ്വാതന്ത്ര്യത്തിന് വേണ്ടി തന്നെയുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറയാതെ പറഞ്ഞു. ആ പണിമുടക്കില്‍ വ്യോമഗതാഗതം പാടെ നിലച്ചിരുന്നു. പ്രക്ഷോഭകാരികള്‍ പതിനായിരക്കണക്കിനാണ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. അതിനു ശേഷവും വ്യോമഗതാഗതം താറുമാറാക്കാനുള്ള പല സമരമാര്‍ഗങ്ങളും അവര്‍ അവലംബിച്ചു. സ്വാതന്ത്ര്യ സമരഭടന്മാര്‍ക്ക് അതിനെല്ലാം അവകാശമുണ്ടെന്നാണല്ലൊ വയ്പ്.
എന്നാല്‍ ബ്രിട്ടീഷുകാര്‍ ഹോങ്കോങ് വിട്ടു പോയത് ചൈനീസ് സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പു പ്രകാരമാണ്. ആ ഒത്തുതീര്‍പ്പില്‍ ഹോങ്കോങിലെ സാമൂഹ്യ വ്യവസ്ഥയ്ക്ക് ഒരു കോട്ടവും വരില്ലെന്നുള്ള ഒരു വാഗ്ദാനം ഉണ്ടായിരുന്നു. ‘ഒരു രാജ്യം, രണ്ട് വ്യവസ്ഥകള്‍’ എന്ന ധാരണ പ്രകാരമാണ് മക്കാവുവില്‍ നിന്ന് പോര്‍ച്ചുഗീസുകാരും വിട്ടു പോയത്. ഫോര്‍മോസ (തായ്‌വാന്‍) ദ്വീപിനും അതേ സംരക്ഷണം ചൈന ഉറപ്പ് നല്‍കിയിട്ടുണ്ട്. ഹോങ്കോങ് ചൈനയുടെ വകയാണെന്ന് അംഗീകരിച്ചുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ വിട്ടുപോകലിന് സമ്മതിച്ചത്, അന്ന് ഇത് സംബന്ധിച്ച് ഹോങ്കോങുകാരുടെ ഒരു അഭിപ്രായ വോട്ടെടുപ്പും ആരും ആവശ്യപ്പെട്ടിരുന്നില്ല.
ബ്രിട്ടീഷുകാര്‍ ഹോങ്കോങിനെ ഒരു കോളനി ആക്കിയതിന് ശേഷമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസുകാരും ഉദ്യോഗാര്‍ഥികളും അവിടെ കുടിയേറിയത്. ഹോങ്കോങ് ചൈനയുടെ വകയാണെന്ന് അറിയാതെ ആവില്ല കുടിയേറ്റക്കാര്‍ അവിടെ എത്തിയത്. ബ്രിട്ടീഷുകാര്‍ അവിടെ നിന്ന് ഒഴിഞ്ഞു പോകുമ്പോള്‍ അതിനെതിരായി ആരും ഒരു പ്രക്ഷോഭം നടത്തിയതായും കേട്ടിട്ടില്ല.
പിന്നെങ്ങനെ ഇപ്പോള്‍ പൊടുന്നനേയുള്ള വമ്പിച്ച പ്രക്ഷോഭത്തിന് തുടക്കമായത് എന്ന് ആലോചിക്കേണ്ടതാണ്. കുറ്റവാളി കൈമാറ്റനിയമ (എക്ട്രാഡിക്ഷന്‍) ഒരു പിടിവള്ളിയായെന്ന് മാത്രം. ചൈനയില്‍ നിന്നുള്ള വിട്ടുപോകലായി ഇതിനെ വളര്‍ത്തിക്കൊണ്ടു വന്നത് ദീര്‍ഘമായ പ്ലാനിംഗിന് ശേഷമാകാനേ തരമുള്ളൂ. ജനങ്ങളെ എരിപൊരികൊള്ളിക്കുന്ന ഒരു പ്രശ്‌നമായി ഈ കുറ്റവാളി കൈമാറ്റനിയമത്തെ അവര്‍ ഒരു കരുവാക്കിയതാണ്. പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിക്കുന്ന ചിലര്‍ ഓഗസ്റ്റ് മാസത്തില്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച് യുഎസ് പാര്‍ലമെന്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയത്-യാദൃശ്ചികമാവില്ല. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ ഇതിന്റെ പിന്നിലുണ്ടെന്ന് തീര്‍ച്ച. മൂന്നു മാസമായി ഈ പ്രക്ഷോഭകര്‍ക്ക് ജോലിപോലും ഉപേക്ഷിച്ചുകൊണ്ടുള്ള നിരന്തര സമരത്തിന് സാമ്പത്തിക പിന്തുണ നല്‍കിയ കേന്ദ്രങ്ങള്‍ പലതുണ്ടാകുമല്ലൊ. അമേരിക്ക തന്നെയാണ് അതിന്റെ കേന്ദ്രം എന്ന് പ്രക്ഷോഭത്തിന്റെ നേതാക്കള്‍ വാഷിംഗ്ടണില്‍ ചടഞ്ഞുകൂടിയിരിക്കുന്നതില്‍ നിന്ന് സ്പഷ്ടമാണല്ലൊ.
ചൈനീസ് വന്‍കരയോടു തൊട്ടുകിടക്കുന്ന ഒരു ദ്വീപാണ് ഹോങ്കോങ്. അവിടെ നിന്നുള്ള ഒരു വലിയ സൈനികവ്യൂഹം ഹോങ്കോങില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഒരു ഘട്ടത്തിലും ഒരു നീക്കം അവരില്‍ നിന്നുണ്ടായതായി ഒരു ഭാഗത്തുനിന്നും പരാതി ഉണ്ടായിട്ടില്ല. അങ്ങനെയൊരു സൈനിക ഇടപെടല്‍ ഉണ്ടാകാതിരിക്കാനുള്ള പ്രചരണമാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വാശിയോടെ നടത്തുന്നത്.
ഇതിനായാണ് മുപ്പതുകൊല്ലം മുന്‍പ് ബീജിങില്‍ നടന്ന ഒരു കലാപത്തെപ്പറ്റി തൊണ്ടപൊട്ടുമാറ് അവര്‍ ഉദ്‌ഘോഷിക്കുന്നത്. 1969 ല്‍ തലസ്ഥാന നഗരിയിലെ ടിയാനെന്മെന്‍ ചത്വരത്തിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പര്‍വതീകരിക്കുന്നത്. ആ ലഹളയിലെ പട്ടാള ഇടപെടലില്‍ എത്രപേര്‍ക്ക് ജീവന്‍ നഷ്ടമായെന്നതിന്റെ ഒരു കണക്കും ചൈന പ്രസിദ്ധീകരിച്ചിട്ടില്ല. ഹോങ്കോങില്‍ ഒരു സൈനിക ഇടപെടലുണ്ടായ കാലത്തെ ഭവിഷ്യത്തുകള്‍ പാശ്ചാത്യ പെരുപ്പിച്ചുകാണിച്ച് ചൈനയെ പേടിപ്പെടുത്തുന്നതിന്റെ ഉദ്ദേശം മറ്റൊന്നാകാന്‍ വഴിയില്ല.
സൈന്യം ഇടപ്പെട്ടാല്‍ കലാപം മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് പാശ്ചാത്യര്‍ക്കും അറിയാം. അതില്‍ നിന്ന് ചൈനയെ പിന്തിരിപ്പിക്കാനാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി ഒരു സൈനിക ഇടപെടലില്‍ നിന്ന് ചൈനയെ പിന്തിരിപ്പിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലേര്‍പ്പെട്ടിരിക്കുന്നത്. സൈനിക ഇടപെടലിന്റെ ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാണിച്ച് ചൈനയെ വിരട്ടി നിര്‍ത്താമെന്നത് അതിമോഹമാണ്.
1949 ല്‍ നിലവില്‍വന്നതിന്റെ പിറ്റേകൊല്ലം തന്നെ കൊറിയയില്‍ യുദ്ധവീരനായ ജനറല്‍ ഐസന്‍ഹോവറുടെ സൈന്യത്തെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞ ചൈനയ്ക്ക് ഹോങ്കോങ് ഇടപെടല്‍ ഒരു പിള്ളേരുകളി മാത്രമായിരിക്കും. അതുകൊണ്ടാണ് ആ തീക്കളിക്ക് മുതിരേണ്ടതില്ലെന്ന് ചൈന പാശ്ചാത്യരെ ഓര്‍മ്മിപ്പിക്കുന്നത.് തീകൊണ്ട് കൡക്കുന്നവര്‍ ആ തീയില്‍ തന്നെ അവസാനിക്കുമെന്ന പഴമൊഴിയും ചൈനീസ് ചുവപ്പുസേന അമേരിക്കയെ ഓര്‍മിപ്പിച്ചിട്ടുള്ളത്.
ആത്യന്തികമായ സൈനിക ഇടപെടലിനും തങ്ങള്‍ മടിക്കില്ലെന്ന ചൈനയുടെ മുന്നറിയിപ്പ് നിസാരമായി തള്ളിക്കളയാതിരിക്കുന്നതാണ് പാശ്ചാത്യരുള്‍പ്പെടെ സര്‍വ്വര്‍ക്കും ഗുണം. ചൈനയുടെ ക്ഷമയ്ക്കും അതിരുണ്ട്. മൂന്നുമാസമായി അമേരിക്കയുടെ ഹോങ്കോങ് കുട്ടിപ്പട്ടാളം ചൈനയുടെ താടിപിടിച്ച് കുലുക്കിയിട്ടും അവര്‍ പ്രകോപിതരായിട്ടില്ലെന്നത് അവരുടെ സംയമനം കൊണ്ട് മാത്രമാണ്.
ചൈനയ്ക്ക് സൈനികമായി ഇടപെടേണ്ടി വന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ ഏതൊരാളെയും ഭയപ്പെടുത്തുക തന്നെ ചെയ്യും. ആ സാഹചര്യം ഒഴിവാക്കാന്‍ പാശ്ചാത്യര്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്. മുന്‍ ചൈനീസ് പ്രസിഡന്റ് ചിയാംഗ് കൈഷക്കിനെ അവരുടെ അമേരിക്കന്‍ പട്ടാളത്തോടൊപ്പം ഫോര്‍മോസയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതമാക്കിയ ചൈനീസ് സേന തീയില്‍ കുരുത്തതാണെന്ന് ഓര്‍മ്മ വേണം. അത് വെയിലത്തു വാടുകയില്ല.
ചൈനയെ പ്രലോഭിപ്പിച്ച് സോവിയറ്റ് യൂണിയനെതിരായ പാശ്ചാത്യ ചേരിയിലെത്തിച്ച അമേരിക്കന്‍ നയതന്ത്രം തിരിച്ച് കീശയിലിടുന്നതാണ് ബന്ധപ്പെട്ടവര്‍ക്കെല്ലാം നല്ലത്. പ്രസിഡന്റ് ട്രംപ് ചൈനയ്‌ക്കെതിരായി ആരംഭിച്ച വാണിജ്യ യുദ്ധത്തിന്റെ തുടര്‍ച്ചയാണ് ഹോങ്കോങില്‍ അവര്‍ കെട്ടഴിച്ചുവിട്ട പുതിയ അക്രമ രാഷ്ട്രീയം. ഇറാനും സ്വതന്ത്രമായ വിദേശനയം പിന്തുടരുന്ന മറ്റുരാഷ്ട്രങ്ങള്‍ക്കും എതിരായി പിന്തുടരുന്ന ഭീകരനയത്തിന് ഏതു സമയത്തും ഒരു തിരിച്ചടി നേരിടാം. അതിന് മുന്‍പായി ചൈനയെ പ്രകോപിപ്പിക്കുന്ന ഈ സാഹസത്തില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതാണ് എല്ലാവര്‍ക്കും ഗുണകരം.
ഒരു യുദ്ധം സാമ്രാജ്യത്വത്തിനും കൊളോണിയലിസത്തിനും അന്ത്യമാണ് സമ്മാനിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിലാണ് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള കൊളോണിയലിസ്റ്റുകളുടെ ചരമക്കുറിപ്പ് രചിച്ചത്. ആ തന്ത്രം ഉപേക്ഷിച്ച് ഹോങ്കോങില്‍ നിന്ന് മാനമായി പിന്തിരിയുന്നതായിരിക്കും അവര്‍ക്കു ഭംഗി.
ഹോങ്കോങിലെ കലാപം സമയോചിതമായി അവസാനിപ്പിക്കാനുള്ള സന്മനസ് അവര്‍ക്കുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. പട്ടാള ഇടപെടല്‍ വിളിച്ചുവരുത്താനുള്ള അക്രമങ്ങള്‍ക്ക് ഇനി വലിയ നിലനില്‍പുണ്ടാവില്ല.