September 29, 2022 Thursday

വനിതാ ന്യായാധിപരുടെ സാധ്യതകള്‍ക്ക് കുടുംബാധികാരങ്ങള്‍ തടസമാക്കേണ്ടതുണ്ടോ

പ്രത്യേക ലേഖകൻ
April 23, 2021 3:58 am

ഇന്ത്യക്കൊരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ടസമയം അതിക്രമിച്ചെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അഭിപ്രായം. ആരും എതിരുപറയാത്ത ഒന്നാണ് ആ വാക്കുകള്‍. സ്ത്രീ-പുരുഷ തുല്യത എന്നത് വാക്കുകളിലും മുദ്രാവാക്യങ്ങളിലും ഉയര്‍ന്നുകേള്‍ക്കുന്ന നാടാണ് ഇന്ത്യ. ആ തുല്യതയ്ക്ക് സ്ത്രീ തന്നെ തടസം എന്ന നിലയിലാണ് ബോബ്ഡെ തന്റെ വാക്കുകളിലൂടെ ആസൂത്രിതമായൊരു ചര്‍ച്ചക്കിടം നല്‍കിയിരിക്കുന്നത്. കൂടുതല്‍ സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കണം എന്ന് ആവശ്യപ്പെട്ട് വനിതാ അഭിഭാഷകരുടെ സംഘടനാപ്രതിനിധികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞതെല്ലാം അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയും വിലയിരുത്തുകയും വേണം.
‘ജഡ്ജിമാരായ സ്ത്രീകള്‍ വേണമെന്ന താല്പര്യം തങ്ങളുടെ മനസില്‍ ഉണ്ട്. അത് നല്ല രീതിയില്‍ തങ്ങള്‍ നടപ്പാക്കുന്നുമുണ്ട്. ആ മനോഭാവത്തില്‍ യാതൊരു മാറ്റവുമില്ല. പക്ഷെ, നല്ല ഒരു ആളെ ലഭിക്കണം എന്നുമാത്രമേ ഉള്ളൂ’-എന്താണ് ഈ വാക്കുകളില്‍ ഒളിഞ്ഞുകിടക്കുന്നത്. നീതിന്യായ രംഗത്ത് നിലവില്‍ സേവനം അനുഷ്ഠിക്കുന്ന സ്ത്രീകളെല്ലാം നല്ല ആളുകളല്ലെന്നാണോ. ഹൈക്കോടതികളില്‍ ജഡ്ജി ആക്കുന്നതിന് നിരവധി വനിതകളെ ക്ഷണിച്ചിരുന്നതായി അദ്ദേഹം പറയുന്നു. എന്നാല്‍ അവരെല്ലാം ക്ഷണം നിരസിച്ചുവെന്നാണ് തുടര്‍ന്ന് ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തുന്നത്. കാരണമായി ആ വനിതകളെല്ലാം ചൂണ്ടിക്കാട്ടിയത്, പ്ലസ് ടുവില്‍ പഠിക്കുന്ന കുട്ടിയുണ്ടെന്നും ഭര്‍ത്താവിനും കുടുംബത്തിനും ഭക്ഷണം പാകം ചെയ്തുകൊടുക്കാന്‍ ആളില്ലെന്നുമാണത്രെ. നിയമരംഗത്തെ വനിതകളെല്ലാം ഒരേ സ്വരത്തില്‍ ഈ കാരണം തന്നെ പറഞ്ഞുകാണുമോ? ഭാര്യ, കുട്ടികള്‍, കുടുംബം എന്നിവയില്‍ പുരുഷന് ഉത്തരവാദിത്തമില്ലെന്നാണോ ചീഫ് ജസ്റ്റിസ് പറയാതെ പറയു­ന്നത്. അവിശ്വസനീയമായിട്ടേ ആ വാക്കുകള്‍ ശ്രവിക്കാനാവൂ.

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അധിപന്‍ വനിതാ നിയമജ്ഞരെയെല്ലാം വിലകുറച്ചുകാണുന്നുവെന്ന് സംശയിക്കുന്നവരെ തെറ്റുപറയാനാവില്ല. പീഡനത്തിനിരയായ സ്ത്രീയെ പീഡിപ്പിച്ച ആള്‍ക്കുവേണ്ടി വിവാഹാലോചന നടത്താനുണ്ടായ മാനസികാവസ്ഥ ഒന്നുമതി ഇത്തരത്തില്‍ ആളുകളെ ചിന്തിപ്പിക്കാന്‍. ബോബ്ഡെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം വനിതാ സംഘടനകള്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം.
ന്യായാധിപന്മാര്‍ക്കിടയില്‍ 11 ശതമാനം സ്ത്രീകളുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് പരിഗണിച്ച ഹര്‍ജിയില്‍ വനിതാ അഭിഭാഷകരുടെ സംഘടന തന്നെ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ 25 ഹൈക്കോടതികളില്‍ ഒന്നില്‍ മാത്രമാണ് വനിതാ ചീഫ് ജസ്റ്റിസ് ഉള്ളത്. തെലങ്കാന ചീഫ് ജസ്റ്റിസ് ഹിമ കോഹ്‌ലി ആണത്. രാജ്യത്താകെയുള്ള 661 ഹൈക്കോടതി ജഡ്ജിമാരില്‍ 73 പേര്‍ മാത്രമാണ് വനിതകള്‍. മണിപ്പൂര്‍, മേഘാലയ, പട്ന, ത്രിപുര, ഉത്തരാഖണ്ഡ് ഹൈക്കോടതികളില്‍ പേരിനുപോലും ഒരു വനിതാ ജഡ്ജിയില്ല. എന്നാല്‍ പല ഹൈ­ക്കോടതികളിലും വനിതാ ജഡ്ജിമാര്‍ തങ്ങളുടെ കഴിവുതെളിയിച്ചവരാണെന്ന വസ്തുത ബോധപൂര്‍വം മറച്ചുവയ്ക്കപ്പെടുന്നു.

ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയുടെ വിധി പ്രസ്താവങ്ങള്‍ വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. പോക്‌സോ കേസുകളിലാണ് വിവാദവിധികളുണ്ടായി എന്നതിനാല്‍ അത് അപൂര്‍വവും വിചിത്രവുമായാണ് വിലയിരുത്തപ്പെട്ടത്. ജസ്റ്റിസ് പുഷ്പയുടെ വിധി സുപ്രീംകോടതി സ്റ്റേചെയ്യുക മാത്രമല്ല, അവരെ സ്ഥിരപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ കൊളീജിയം പിന്‍വലിക്കുകയും ചെയ്തത് അതിവേഗത്തിലാണ്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് കണ്ടെത്താനും രണ്ട് വര്‍ഷത്തെ പഴക്കമുള്ളതിനാല്‍ അതില്‍ തുടര്‍ അന്വേഷണം ആവശ്യമില്ലെന്ന് വിധിക്കാനും സുപ്രീം കോടതിക്ക് വേഗം കഴിഞ്ഞു. രണ്ട് കാര്യത്തിലും കോടതിക്കുണ്ടായ തിടുക്കത്തിന്റെ കാര്യകാരണങ്ങള്‍ സംശയാസ്പദമാണ്. ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗൊഗോയ്‌യുടെ കേസില്‍ തിടുക്കത്തില്‍ തീര്‍പ്പ് കണ്ടത്.

2007ല്‍ ജില്ലാ ജഡ്ജിയായി നിയമിതയായ പുഷ്പ ഗനേഡിവാലയുടെ ഔദ്യോഗിക ജീവിതം ചികഞ്ഞാല്‍ ദുരന്തനാടകങ്ങളേറെക്കാണാം. 2018­ല്‍ ബോംബെ ഹൈക്കോടതിയില്‍ നിയമനത്തിന് പരിഗണിക്കപ്പെട്ട ഇവര്‍ക്കെതിരെ അതേ കോടതി നിലകൊണ്ടു. സുപ്രീം കോടതി ഇടപെടലിലൂടെ പ്രത്യേക നിയമനം നേടിയ അവര്‍, പോക്‌സോ കേസുകളിലെ വിധിപ്രസ്താവങ്ങളിലൂടെ സ്വയം കുഴിതോണ്ടിയെന്നത് മറ്റൊരു വാസ്തവം. പക്ഷെ, വിവാദങ്ങളായിമാറിയ ആ വിധികള്‍ക്കു പിന്നില്‍ കേസന്വേഷണങ്ങളില്‍ പൊലീസിനും പ്രോസിക്യൂഷനും ഉണ്ടായ പാകപ്പിഴവുകളുണ്ട്. അത് ആരും ചര്‍ച്ചചെയ്തില്ല. ജസ്റ്റിസ് പുഷ്പ മറിച്ചാണ് വിധി പറഞ്ഞിരുന്നതെങ്കില്‍ പ്രതികള്‍ മറ്റൊരു കോടതിയിലൂടെയെങ്കിലും പുറത്തുവരുമായിരുന്നു. എന്നാല്‍ ജസ്റ്റിസ് പുഷ്പയ്ക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന എതിര്‍പ്പുകള്‍ വീണ്ടും തലപൊക്കാന്‍ അതൊരു അവസരമായിമാറി. വലിയ സാധ്യതകളാണ് ജസ്റ്റിസ് പുഷ്പയ്ക്കുമുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടത്.
ജസ്റ്റിസ് പുഷ്പയുടെ കാര്യത്തില്‍ മാത്രമല്ല ന്യായാധിപകോണുകളില്‍ നിന്നുള്ള വിലങ്ങുതടികള്‍. ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെട്ട മീനാക്ഷി അറോറ, മനീന്ദര്‍ ആചാര്യ എന്നിവരുടെ പേരുകള്‍ 2010 ജൂണില്‍ സുപ്രീം കോടതിയുടെ കൊളീജിയം തിരിച്ചയച്ചത് അവരുടേതല്ലാത്ത കാരണം നിരത്തിയാണ്. അന്ന് കൊളീജിയം അധ്യക്ഷനായ ചീഫ് ജസ്റ്റിസിന്റെ കാലാവധി അവസാനിച്ചു എന്ന പേരിലാണത്. എന്നാല്‍ പിന്നീട് ഈ പേരുകള്‍ പരിഗണിച്ചതുമില്ല. 2013ല്‍ പി സദാശിവം ചീഫ് ജസ്റ്റിസ് ആയിരിക്കെ മീനാക്ഷി അറോറയെ മുതിര്‍ന്ന അഭിഭാഷകയായി നിയമിക്കുക മാത്രമാണ് ചെ­യ്തത്. ഇന്ത്യന്‍ ഇലക്ഷന്‍ കമ്മിഷന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലര്‍ ആയി സേവനം അനുഷ്ഠിക്കുകയും 2013ലെ സുപ്രീംകോടതി (പ്രിവിഷന്‍, നിരോധനം, പരിഹാരം) റഗുലേഷന്‍സ് ആക്ടിനുള്ള കരട് തയ്യാറാക്കുന്ന സമിതിയിലെ അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്ത അഭിഭാഷകകൂടിയാണിവര്‍. നിലവില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി സേവനം അനുഷ്ഠിക്കുന്ന അഭിഭാഷകയാണ് മനീന്ദര്‍ ആചാര്യ.
നിലവിലെ ചീഫ് ജസ്റ്റിസും കൊളീജിയം അധ്യക്ഷനുമായ എസ് എ ബോബ്ഡെയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ചീഫ് ജസ്റ്റിസ് പദവിയില്‍ വനിത വരണമെന്ന് ‘ആഗ്രഹിക്കുന്ന’ ബോബ്ഡെയുടെ പിന്‍ഗാമി എന്‍ വി രമണയാണ്. ഓഗസ്റ്റ് 26 വരെയാണ് രമണയുടെ കാലാവധി. ശേഷം ഒരു വനിതാ ചീഫ് ജസ്റ്റിസ് അവരോധിക്കപ്പെടുന്നതിന് തടസങ്ങളൊന്നുമില്ല. പ­ക്ഷെ, അന്നും പുരുഷാധിപത്യത്തിനുവേണ്ടി മുട­ന്തന്‍ ന്യായങ്ങളുയര്‍ന്നേക്കും.

വനിതാ അഭിഭാഷകരോട് കൊളീജിയത്തിന്റെ ഈ നിലപാട് അന്നും ഇന്നും ക്രമരഹിതമോ ഏകപക്ഷീയമോ ആയിട്ടേ കാണാനാവൂ. സ്ത്രീകളുടെ ഉയര്‍ച്ചയ്ക്ക് ഇത്തരം ആസൂത്രിത തടസങ്ങള്‍ സൃഷ്ടിക്കുന്നവര്‍, പിന്നീട് കുടുംബം, അടുക്കള എന്നിങ്ങനെ കാരണം പറഞ്ഞ് നിയമനങ്ങളില്‍ നിന്ന് പിന്മാറുകയാണെന്ന് പറയുന്നത് കേവലം മുതലക്കണ്ണീര്‍ മാത്രമായേ കാണാനാവൂ. മറ്റെല്ലാ പ്രഫഷണലുകളിലെന്ന പോലെ ന്യായാധിപന്മാര്‍ക്കിടയിലും സ്ത്രീസാന്നിധ്യം അനിവാര്യമാണ്. പ്രത്യേകിച്ച് സ്ത്രീത്വത്തിനെതിരെ ആസൂത്രിതവും സംഘടിതവുമായി ആക്രമണങ്ങളും അതിക്രമങ്ങളും പെരുകുമ്പോള്‍. നിയമരംഗത്തെ സ്ത്രീകള്‍ തങ്ങള്‍ക്ക് മുന്നിലെത്തുന്ന ഓരോ കേസുകളും അതീവ ശ്രദ്ധയോടെയും ഗൗരവത്തിലും കൈകാര്യം ചെയ്യുന്നതായി ഈ മേഖലയിലുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അഭിഭാഷകരായാലും ഹൈക്കോടതികളിലെയും വിചാരണ കോടതികളിലെയും വനിതാ ജഡ്ജിമാരായാലും തങ്ങളിലേല്‍പ്പിക്കപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് തീവ്രശ്രമങ്ങള്‍ നടത്തുന്നവരാണ്. പൊതുവെ ന്യായാധിപന്മാരില്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന പക്ഷം ചേരല്‍ സ്ത്രീകളായ ജഡ്ജിമാരില്‍ ഇല്ലെന്ന് അഭിഭാഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ബാഹ്യസമ്മര്‍ദ്ദങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ വനിതാ അധികാരികള്‍ക്കാകുമെന്നത് വിവിധ തലങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. കഴിവും ഉത്സാഹവും ഉള്ള സ്ത്രീകള്‍ തന്നെയാണ് നിയമരംഗത്തും ഉള്ളത്. ഫാത്തിമാ ബീവിയും സുജാതാ മനോഹറും റുമാ പാലും ഗ്യാന്‍ സുധാ മിശ്രയും രഞ്ജന പി ദേശായിയും ആര്‍ ഭാനുമതിയും ഇന്ദു മല്‍ഹോത്രയും ഇന്ദിരാ ബാനര്‍ജിയുമെല്ലാം ഈ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമറിയിച്ച വനിതകളാണ്.പുരുഷന്മാരായവര്‍ക്കെ സമയവും കരുത്തും ഉള്ളൂവെന്ന നിഗമനത്തോടെ ജഡ്ജിമാരുടെ നിയമനങ്ങളെ കൊളീജിയം കൈകാര്യം ചെയ്യരുത്. സ്ത്രീകള്‍ പൂര്‍ണമായും കുടുംബത്തിന്റെ ഉത്തരവാദച്ചട്ടക്കൂടുകളില്‍ നിന്നുകൊണ്ട് തൊഴിലെടുക്കണം എന്ന പിടിവാശികളാണ് ഇന്ന് പ്രഗത്ഭരായ പ്രൊഫഷണലുകളെ ഇല്ലാതാക്കുന്നത്. അവരുള്‍പ്പെടുന്ന ശക്തമായ അധികാര കേന്ദ്രങ്ങളെ നമുക്ക് നഷ്ടപ്പെടുത്തരുത്. ലിംഗപരമായ തുല്യത ഓരോ മേഖലയിലെ തൊഴിലിനെയും കൂടുതല്‍ വിശാലമാക്കുമെന്ന കാഴ്ചപ്പാടുണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.