Web Desk

തിരുവനന്തപുരം

November 23, 2020, 1:46 pm

തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് പെരുമാറ്റച്ചട്ടം നിർബന്ധം

Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളും വോട്ടർമാരും കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പറഞ്ഞു. ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ടെങ്കിലും ആശ്വസിക്കാനുള്ള സമയമായിട്ടില്ല. തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കോവിഡ് പ്രതിരോധത്തിൽ നിന്നുള്ള ശ്രദ്ധയും ജാഗ്രതയും ഒരുതരത്തിലും കുറയാൻ പാടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച്ച വരുത്തിയാൽ തെരഞ്ഞെടുപ്പിനു ശേഷം കേസുകളുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ടെന്നു കൂടി ഏവരും ഓർക്കണം. അതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് അതത് രാഷ്ട്രീയ പാർട്ടികൾ ഒരു കോവിഡ് നോഡൽ ഏജന്റിനെ ചുമതലപ്പെടുത്തണം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർത്ഥികൾ ഭവന സന്ദർശനം നടത്തുമ്പോൾ സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും മറക്കരുത്. സ്ഥാനാർത്ഥികളുടെ ഭവന സന്ദർശന സമയത്ത് വയോജനങ്ങൾ, കുട്ടികൾ, ഗുരുതര രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ, ഗർഭിണികൾ എന്നിവരുമായുള്ള സമ്പർക്കം ഒഴിവാക്കണം. സ്ഥാനാർത്ഥികൾ ഭവന സന്ദർശനം നടത്തുമ്പോഴും പാർട്ടി ഭാരവാഹികളുമായി ഇടപഴകുമ്പോഴും നിർബന്ധമായും മാസ്ക് ധരിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിതരണം ചെയ്യുന്ന നോട്ടീസുകളും ലഘുലേഖകളും പരിമിതപ്പെടുത്തി സോഷ്യൽ മീഡിയ പരമാവധി പ്രയോജനപ്പെടുത്തണം. സാനിറ്റൈസർ ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുകയും വേണം. തെരഞ്ഞെടുപ്പ് പ്രചാരണത്തോടൊപ്പം കോവിഡ് മാനദണ്ഡങ്ങളെപ്പറ്റിയും മാസ്കിന്റെ ഉപയോഗത്തെകുറിച്ചും വോട്ടർമാരിൽ ബോധവത്ക്കരണവും നടത്തണം. സാമൂഹിക മാധ്യമങ്ങളിലൂടെ കോവിഡ് പ്രതിരോധ നിർദേശങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കണമെന്നും അടഞ്ഞമുറികളിൽ ഒരു കാരണവശാലും ഒത്തുകൂടാൻ പാടില്ലെന്നും ജില്ലാ കളക്ടറുടെ അറിയിപ്പിൽ പറയുന്നു.

you may also like this video