13 September 2024, Friday
KSFE Galaxy Chits Banner 2

സുരേഷ്ഗോപിയെ കെ എൻ ഗണേശ് വായിക്കുമ്പോള്‍

ബിനോയ് ജോർജ് പി
August 10, 2024 4:30 am

പ്രമുഖ ചിന്തകനും ചരിത്രകാരനുമായ കെ എൻ ഗണേശിന്റെ ‘സുരേഷ് ഗോപിയുടെ നാനാർത്ഥങ്ങൾ’ എന്ന അവതാരിക ശ്രദ്ധേയമാകുന്നു. നടനും തികഞ്ഞ ഹിന്ദുത്വവാദിയുമായ സുരേഷ്ഗോപിയുടെ തൃശൂരിലെ വിജയത്തെക്കുറിച്ചും അതിനിടയാക്കിയ സാമൂഹിക പരിസരങ്ങളെക്കുറിച്ചും ആഴത്തിൽ പരിശോധിക്കുകയാണ് ഈ ഡി ഡേവിസ് രചിച്ച ‘ഇഎംഎസും സെക്യുലറിസവും’ എന്ന ഈ പുസ്തകത്തിന്റെ അവതാരികയില്‍ കെ എൻ ഗണേശ്.
ആദ്യത്തെ തൊഴിലാളി സംഘടനകളിലൊന്നായ ലേബർ ബ്രദർഹുഡ് തൃശൂരിലാണ് രൂപം കൊണ്ടത്. കർഷക-കർഷകത്തൊഴിലാളി പ്ര­സ്ഥാനങ്ങൾ കൊടുങ്ങല്ലൂരിൽ വളർന്നു. സഹോദരപ്രസ്ഥാനം വഴി ശാസ്ത്രബോധത്തിന്റെ പ്രചാരണം നടന്നതും യുക്തിവാദപ്രസ്ഥാനം വളർന്നുവന്നതും തൃശൂരിലായിരുന്നു. ചാത്തൻ മാസ്റ്ററുടെ നേതൃത്വത്തിൽ പുലയമഹാസഭ, സഹോദരപ്രസ്ഥാനം, എസ്എൻഡിപി, അംബേദ്കർ അനുയായികളുടെ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ തുടങ്ങിയവ അയിത്ത വിരുദ്ധ സമരങ്ങൾ നടത്തി. കുട്ടംകുളം സമരം, പാലിയം സത്യഗ്രഹം, മണിമലർക്കാവ് സമരം തുടങ്ങിയവ ഈ മണ്ണില്‍ നടന്നു. കേരളത്തിലെ ആദ്യത്തെ ജീവൽസാഹിത്യ സമ്മേളനവും തൃശൂരിലാണ് നടന്നത്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി കേരളത്തിൽ വളർന്നുവന്നിട്ടുള്ള അമിതാധികാരവിരുദ്ധ‑ഫാസിസ്റ്റ് വിരുദ്ധ സാംസ്കാരികപ്രസ്ഥാനങ്ങളുടെയും കേന്ദ്രം തൃശൂരാണ്. ഇതിനെയാണ് സുരേഷ്ഗോപി ഒറ്റയടിക്ക് തകിടംമറിച്ചത്.
ഇതിനു കാരണമന്വേഷിക്കുമ്പോഴാണ് സുരേഷ്ഗോപിക്ക് വിവിധ അർത്ഥങ്ങളുണ്ടെന്നും ഈ അർത്ഥങ്ങൾ നമ്മുടെ മതേതര ജനാധിപത്യ സംസ്കാരത്തെ ബാധിക്കുന്നുവെന്നും കെ എൻ ഗണേശ് പറയുന്നത്. ഇതിൽ ആദ്യത്തേത്, സുരേഷ്ഗോപി, ബിജെപി അണികളിൽനിന്ന് വളർന്നുവന്ന ആളല്ല എന്നതാണ്. അദ്ദേഹം സിനിമാനടനാണ്. സിനിമയിൽ പ്രകടനപരതയ്ക്ക് കേൾവികേട്ട ആളാണ്. അഴിമതിക്കും പ്രത്യേകിച്ച് രാഷ്ട്രീയ അഴിമതിക്കും, തിന്മയ്ക്കുമെതിരെ പോരാടുന്ന പൊലീസ് ഓഫിസറും ഉദ്യോഗസ്ഥനുമൊക്കെയായാണ് അദ്ദേഹം കേൾവികേട്ടത്. തിരശീലയിലെ സാന്നിധ്യവും ശരീരഭാഷയുമെല്ലാം അതിന് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ഇവയെല്ലാം രാഷ്ട്രീയത്തിലും തുടരുന്നു. തിരശീലയിൽ കാണികൾ ഇഷ്ടപ്പെടുന്നതും, ഇപ്പോൾ ഒരു രാഷ്ട്രീയക്കാരനായുള്ള പ്രകടനത്തിൽ ഇഷ്ടപ്പെടുന്നതും ഈ പ്രതിച്ഛായയിലാണ്. 

സുരേഷ്ഗോപി, താൻ ഒരു എസ്എഫ്ഐക്കാരനാണെന്ന് അവകാശപ്പെടുന്നുണ്ട്. പല പ്രസിദ്ധരും ഉന്നയിക്കുന്ന ഒരു അവകാശവാദമാണത്. ഈ അവകാശവാദം അവരെതിർക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് ആധികാരികമായ അഭിപ്രായം പറയാനുള്ള സമ്മതപത്രമായി കരുതുന്നവരുമുണ്ട്. താൻ ഒരു ദൈവഭക്തനാണ്, ഹിന്ദുവാണ്, ഇനിയൊരു ജന്മമുണ്ടെങ്കിൽ ബ്രാഹ്മണനായിജനിക്കാൻ ആഗ്രഹമുള്ള ആളാണ്. അതിനായി ഏതുരൂപത്തിലുള്ള ഭക്തിമാർഗവും സ്വീകരിക്കുന്ന ആളാണ്. ഭക്തർക്ക് മൂന്നു ദശകളുണ്ടെന്നാണ് ദെെവശാസ്ത്രം പറയുന്നത്; സാമീപ്യം, സാരൂപ്യം, സായൂജ്യം. ദൈവത്തിനെ കുമ്പിടുകയാണ് സാമീപ്യം, ദൈവത്തെപ്പോലെയാകുന്നത് സാരൂപ്യം, സ്വയം ദൈവമായി തീരുകയാണ് സായൂജ്യം. ആശ്രിതരെ സഹായിക്കുകയാണ് ദൈവത്തിന്റെ കർത്തവ്യമെന്ന് വിശ്വാസം. കടംകേറി മുടിഞ്ഞയാളെ കടംവീട്ടാൻ, പരീക്ഷാഫീസ് അടയ്ക്കാൻ, രോഗികൾക്ക് സഹായം, ദുരന്തബാധിതരെ രക്ഷിക്കല്‍… ഇതെല്ലാം ദൈവത്തിന്റെ കർത്തവ്യമായി കരുതുമ്പോള്‍, ദൈവസാരൂപ്യമുള്ള ഭക്തന്മാരും അതു ചെയ്യണ്ടേ?
‘ജീവകാരുണ്യം’ നിലനില്‍ക്കുന്ന ജനാധിപത്യരാഷ്ട്രീയത്തിനു നേർവിപരീതമാണ്. കൊടുങ്ങല്ലൂർ, എറിയാട് ഭാഗങ്ങളിലെ ജനങ്ങളുടെ ദുരിതമാണ്, ആദ്യത്തെ കർഷക-കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ജന്മം നൽകിയത്. ജന്മിമാരുടെയും ഇടനിലക്കാരുടെയും ചൂഷണം കർഷകർ നേരിട്ടത് സഹകരണസംഘങ്ങളിലൂടെയാണ്. അങ്ങനെയാണ് ആനമല‑കോർമല സഹകരണസംഘങ്ങൾ ഉണ്ടായത്. ദുരിതങ്ങൾക്ക് കാരണമായ ചൂഷണത്തെ നേരിട്ടതു കൊണ്ടാണ് അന്തിക്കാട്ടെയും ആമ്പല്ലൂരെയും തൊഴിലാളികൾ സമരംചെയ്തത്. സീതാറാം മില്ലിലെ തൊഴിലാളികൾ പണിമുടക്കിയത്. ഈ സമരങ്ങളിലൂടെയാണ് അടിച്ചമർത്തപ്പെട്ടവർ മുന്നോട്ടുവന്നത്. അവരുടെ പിന്തുടർച്ചക്കാർ സുരേഷ്ഗോപിയുടെ മുമ്പിൽ കൈനീട്ടിനിൽക്കുന്നത് മറ്റൊരു അർത്ഥത്തെയാണ് സൃഷ്ടിക്കുന്നതെന്ന് കെ എൻ ഗണേശ് രേഖപ്പെടുത്തുന്നു. 

ദൈവതുല്യനായ വ്യക്തിയുടെ പ്രതിച്ഛായയ്ക്ക് മാറ്റുകൂട്ടുന്ന മറ്റൊരു വേഷം ത്യാഗിയുടേതാണ്. സ്ഥിരമായി യാത്ര ചെയ്യുന്ന കാർ ഉപേക്ഷിച്ച് ജനങ്ങളോടൊപ്പം നടക്കുക, മറ്റുള്ളവർ ഇരിക്കുന്ന കസേര ഉപേക്ഷിച്ച് സ്റ്റീൽചെയർ വാങ്ങിവയ്ക്കുക. മറ്റു നടന്മാരെപ്പോലെ സൗന്ദര്യവർധക വസ്തുക്കളിൽ മുങ്ങാതെ വെളുത്തതാടിയുമായി ജനകീയത കാണിക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. ദീർഘദൂര നടത്തം ത്യാഗികളായ രാഷ്ട്രീയക്കാരുടെ മറ്റൊരു മുഖമുദ്രയാണ്. സുഖജീവിതം നയിച്ചുപോന്നയാൾ ഒരു സമരത്തിന്റെ ഭാഗമായി പതിനെട്ട് കിലോമീറ്റർ നടക്കുകയും അതിക്ഷീണിതനായി മാറുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ത്യാഗത്തിന്റെ അളവായാണ് ജനങ്ങൾ കാണുന്നത്. ആഡംബരങ്ങൾ ഉപേക്ഷിച്ചില്ലേ? ജനങ്ങളോടൊപ്പം നടന്നില്ലേ? ഇതൊന്നും ചെയ്യാതെ വെറുതെ സിനിമയിലഭിനയിച്ചാൽ ഇപ്പോഴും പണം വാരാമായിരുന്നില്ലേ?. ഇവിടെ വിമർശിക്കുന്നവരാണ് പുറന്തള്ളപ്പെടുക. ഈ പ്രതിച്ഛായയിൽ നിന്ന് മാറാൻ സുരേഷ്ഗോപിക്ക് കഴിയുകയില്ല. ആ പ്രതിച്ഛായ ജനങ്ങളിൽ ഒരു വിഭാഗം അംഗീകരിച്ചിരിക്കുന്നു എന്നതാണ് സുരേഷ്ഗോപിയുടെ വിജയംകാണിക്കുന്നത്.
ഇഎംഎസ്, വി അരവിന്ദാക്ഷൻ, ബിഷപ്പ് പൗലോസ് മാർ പൗലോസ്, കുഞ്ഞാമൻ തുടങ്ങിയവരെല്ലാം വിവിധ ഘട്ടങ്ങളിൽ ജനാധിപത്യവല്‍ക്കരണത്തിനു ശക്തിയും ഊർജവും പകർന്നവരാണ്. സുരേഷ്ഗോപിയുടെ നാനാർത്ഥങ്ങളിൽ ഇവരുടെ വഴികൾ പെടുകയില്ല. ജനങ്ങളുടെ ദുരിതങ്ങളെ ഏതെങ്കിലും ദൈവത്തിനോ, ധനിക ജീവകാരുണ്യപ്രവർത്തകർക്കോ സംഘടനകൾക്കോ വിൽക്കുകയല്ല ഇവർ ചെയ്തത്. സ്വന്തം നിലപാടുകളും കർമ്മപദ്ധതികളും ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിച്ച്, അവരെ സ്വന്തംകാലിൽ ഉറച്ചുനിൽക്കാനുള്ള കൂട്ടായ്മകൾ സൃഷ്ടിക്കാനാണ്. നവോത്ഥാനഘട്ടം മുതൽ ഇന്നുവരെയുള്ള ജനാധിപത്യ രാഷ്ട്രീയസാമൂഹ്യ പ്രസ്ഥാനങ്ങളും നേതാക്കളും ശ്രമിച്ചതും ഇതിനാണ്. സുരേഷ്ഗോപി ഒരു വ്യക്തിയല്ല, ഒരു പ്രവണതയാണ്. ഈ വിധത്തിലുള്ള പ്രതിച്ഛായയുടെ അകമ്പടിയില്ലാതെയും ഒരു വിധേയ ജനസമൂഹത്തെ പോറ്റിവളർത്തുന്നവരെ കാണാം. ജനാധിപത്യ മുദ്രാവാക്യങ്ങളുടെയോ സംവേദനാത്മകതയുടെയോ രാഷ്ട്രീയ നിലപാടുകളുടെയോ അടിസ്ഥാനത്തിലല്ല ഇവർ തെരഞ്ഞെടുപ്പിനെ സമീപിച്ചത്. വിശ്വാസം, സാമുദായികത, നേരിട്ടുള്ള വർഗീയത, വൈകാരികത, പ്രകടനപരത തുടങ്ങിയവയെല്ലാം ആശ്രയിക്കുന്നുവെന്ന് കെ എൻ ഗണേശ് അവതാരികയിൽ പറഞ്ഞുവയ്ക്കുന്നു. ഈ ഡി ഡേവിസ് രചിച്ച ‘ഇഎംഎസും സെക്യുലറിസവും’ എന്ന ഈ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് തൃശൂരിൽ ഡോ. തോമസ് ഐസക് നിർവഹിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.