വിപ്പ് ലംഘനം ജോസഫിനും മോൻസിനും കാരണം കാണിക്കൽ നോട്ടീസ്

Web Desk

തിരുവനന്തപുരം

Posted on October 16, 2020, 10:31 pm

നിയമസഭയിൽ വിപ്പ് ലംഘിച്ച പി ജെ ജോസഫ്, മോൻസ് ജോസഫ് എംഎൽഎമാർക്ക് സ്പീക്കറുടെ കാരണം കാണിക്കൽ നോട്ടീസ്. കൂറ് മാറ്റ നിരോധന നിയമപ്രകാരം കേരള കോൺഗ്രസ് (എം) ചീഫ് വിപ്പായ റോഷി അഗസ്റ്റിൻ നൽകിയ പരാതിയിലാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ഓഗസ്റ്റ് 24ന് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കണമെന്നായിരുന്നു പാർട്ടി തീരുമാനം. ഇതിനെതിരെ യുഡിഎഫിന് അനുകൂലമായി പി ജെ ജോസഫും, മോൻസ് ജോസഫും വോട്ടു ചെയ്തു. ഇരുവരും പാർട്ടി വിപ്പ് ലംഘിച്ച സാഹചര്യത്തിലാണ് റോഷി അഗസ്റ്റിൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് രേഖാമൂലം പരാതി നൽകിയത്. ഇരുവരെയും അയോഗ്യരാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.അവിശ്വാസപ്രമേയ വോട്ടെടുപ്പിലെ നിലപാട് സംബന്ധിച്ച് കേരള കോൺഗ്രസിലെ ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗങ്ങൾ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. റോഷി അഗസ്റ്റിനാണ് ആദ്യം പരാതി നൽകിയത്. മോൻസ് ജോസഫ് നൽകിയ പരാതിയും ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.

നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി നിയമസഭയുടെ നടപടിക്ക് യാതോരു ബന്ധവുമില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇത് രാഷ്ട്രീയ വിവാദമാവും എന്ന് കരുതി ഔദ്യോഗിക കർത്തവ്യത്തിൽ നിന്ന് മാറി നിൽക്കാൻ ആവില്ല. കോടതി വിധി, തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് എന്നിവ കണക്കിലെടുത്താകും നടപടി. ഇരുവിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷമേ തീരുമാനം ഉണ്ടാകു. കൂറുമാറ്റനിരോധന പ്രകാരമുള്ള വിഷയങ്ങളിൽ വേഗത്തിൽ നടപടി വേണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.

you may also like this video