25 April 2024, Thursday

ദുർബലമായ ഇഷ്ടങ്ങളെയൊക്കെയും പ്രേമമെന്ന് വിളിച്ചതാരാണ്?

വിജിഷ വിജയൻ
ഓർമ്മ
April 10, 2022 1:12 pm

ഒരു മാസികയിലേക്ക് സ്ത്രീകളെക്കുറിച്ച് കവിത തരുമോന്നു ചോദിച്ച് ഒരു ചേച്ചി വിളിച്ചു..
ഏത് പെണ്ണിനെക്കുറിച്ചെഴുതണം എന്നായി പിന്നെ ആലോചന.
കവിതയും ഓർമ്മയും കൂട്ടിക്കുഴയുമ്പോൾ പെണ്ണുങ്ങൾ രണ്ടാവും.
പറഞ്ഞു പറഞ്ഞു രണ്ടാമത്തവൾ അവളെയും കൂട്ടി വായിക്കുമ്പോഴാണിങ്ങനെ വരുന്നത്.നിങ്ങളൊരുപക്ഷെ അവളെ
നുണച്ചിയായി മുദ്ര കുത്താം. എഴുതുന്നവരെ അങ്ങനെയും നാമകരണം ചെയ്യാറുണ്ടല്ലോ! എഴുത്തിന്റെ ഇട്ടാവട്ടത്തൂടെ നടന്നു പോവാത്ത ആളുകൾക്ക് എഴുത്തുകളെല്ലാം കള്ളനാട്യങ്ങളായും,അല്പം സ്വാതന്ത്ര്യം കാംക്ഷിക്കുന്ന പെണ്ണുങ്ങളെ അഭിസാരികകളായും തോന്നാം.
ഒട്ടും വികസനം വരാത്ത ചിന്തകളുള്ള മനുഷ്യരിലേക്കാണ് നോക്കിയിരിക്കാൻ ഏറെ രസം. വലിയ വിമർശനങ്ങളും, ഏഷണിപ്പിരിപ്പും കൈമുതലാണെങ്കിലും അവരിലൂടെ സഞ്ചരിക്കുക എളുപ്പമാണ്.

നിജില ചേച്ചിക്കും എനിക്കും ചുരുണ്ട മുടിയായിരുന്നു.
ചുരുണ്ടത് നീട്ടി വലിക്കാൻ കുറേ ശ്രമം നടത്തിയപ്പോൾ പിന്നെ വീട്ടിൽ കയറ്റില്ലെന്ന അമ്മയുടെ ഭീഷണിയിൽ മൂക്കും കുത്തി വീണ് ഞാനെന്റെ ആഗ്രഹത്തിന് സ്റ്റോപ്പിട്ടു.
നിന്റെ ചുരുണ്ട മുടി കണ്ടാണ് പ്രേമിച്ചതും, ചാടിച്ചതും എന്ന റൊമാന്റിക് ടിപ്പിക്കൽ ഹസ്ബൻഡ്
വാക്യത്തിൽ പഠാന്ന്‌ വീണ് ചേച്ചിയും പിന്നെ കമാന്നൊരക്ഷരം മിണ്ടീല.
ദർശൻ ചേട്ടായി തൃശ്ശൂർ പണിക്ക് പോയപ്പോ കൂടെക്കൂട്ടിയതാണ് നിജില ചേച്ചിയെ.
ചുരുണ്ട മുടി പ്രേമം.
പൊന്നും പണവും ഇല്ലാതെ വന്ന രണ്ടാം തട്ടുകാരിയായാണ് വീട്ടിൽ സ്‌ഥാനമെങ്കിലും ചേച്ചി എല്ലായ്പ്പോഴും ചിരിച്ച് കാണപ്പെട്ടു.

‘മാലാഖ ’ എന്ന കവിത എഴുതുമ്പോൾ ചേച്ചി മുന്നിലുണ്ടായിരുന്നു.
സ്വന്തമായി ഫേസ്ബുക് ഇല്ലാഞ്ഞിട്ടുപോലും മകന്റെ ഫോണിൽ എന്റെ പ്രൊഫൈൽ തുറന്ന് ഡ്രെസ്സിങ് സ്റ്റൈലിനെ പുകഴ്ത്തിപറയാറുള്ള നിജിലേച്ചി.
വായനാകമ്പമില്ല. എന്റെ എഴുത്തുകളൊന്നും വായിച്ചിട്ടില്ല.
“കവിതയല്ലാണ്ട് വേറെന്തേലും എഴുതിക്കൂടെ പെണ്ണെ, നിന്റെ എഴുത്തൊന്നും തിരിയുന്നില്ല ”
എന്ന് ചുമ്മാ എന്നെ കളിയാക്കും.

നിജിലേച്ചിക്ക് എന്റെ സാരികളോടാണ് പ്രിയം.
എല്ലാറ്റിനും അഭിപ്രായം പറയും.ഏതെങ്കിലും നല്ലൊരു കളറ് സാരി എന്നതിൽ കവിഞ്ഞ് സാരി വാങ്ങാനുള്ള യാതൊരു അറിവും സത്യമായിട്ടും എനിക്കില്ല.
മടി പിടിച്ച് എല്ലാത്തിന്റേം ബ്ലൗസും അടിക്കാറില്ല. എന്തേലും പരിപാടികൾ ഉണ്ടാവുമ്പോൾ സ്‌ഥിരം കുപ്പായഅടിപ്പുകാരി ഷീജചേച്ചിയെ വിളിക്കും. കിട്ടേണ്ട ദിവസവും പറയും. അന്നേക്ക് സാധനം റെഡിയായിരിക്കും.
ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ദാണ്ടെ ഇറങ്ങുന്നു എന്ന് കാലേക്കൂട്ടി കണ്ടപ്പോ ഷീജചേച്ചീടെ അടുത്തേക്കോടി.
“ബ്ലൗസും പാവാടേം വേണം. ”
തുണിയെടുപ്പും അളവെടുപ്പും ശടപടേന്ന്‌ കഴിഞ്ഞു.
ബ്ലൗസണിഞ്ഞ് ഒരു കൗമാരക്കാരി കണക്കെ നിൽക്കുമ്പോ, കവറിലേക്ക് ഒരു ബ്രാ എടുത്തിട്ട് ചേച്ചി സ്വകാര്യമായി പറഞ്ഞു.
“ഈ ബ്ലൗസിന് നിനക്ക് ഇതാ നല്ലത്, ഫോട്ടോ എടുക്കുമ്പോ
ഇതിട്ടാ മതി. ”
അത്രയും ശ്രദ്ധയുണ്ട് എപ്പോഴും ഷീജേച്ചിക്ക്.
അടിപ്പും, ഉടുപ്പിടീലും,ഫോട്ടോ എടുപ്പും മാത്രം നടന്നു.
വേറൊന്നും ഉണ്ടായില്ല.
ഏത് കാര്യത്തിനും ചാപ്രാച്ചിത്തരം പാടില്ല എന്ന് നിജില ചേച്ചി എന്റെ ക്ഷമയില്ലായ്മയെക്കുറിച്ച് പറയാറുണ്ട് .
അലമാരയിൽ ആ ഡ്രെസ്സ് തൂങ്ങികിടക്കുന്നത് കാണുമ്പോ എനിക്കല്പം പാകതയൊക്കെ ഇപ്പൊ ഉണ്ടായെന്ന് തോന്നും. എന്നാലും കുപ്പായം തയ്ക്കുന്ന ഷീജചേച്ചിയെ വാണിജ്യവൽക്കരിക്കാൻ എനിക്കിഷ്ടമില്ല. ചേച്ചീ വിളികളിൽ സ്നേഹനീരുറവ പൊട്ടിയ സൗഹൃദങ്ങൾ അകന്നുപോയിപ്പോയി എനിക്ക് വിളർച്ച ബാധിച്ചിരിക്കുന്നു.
അവരെങ്കിലും എന്റെ സ്വകാര്യമായി കിടക്കട്ടെ.

നിജിലേച്ചിയുടെ സംസാരം വളരെ വ്യത്യസ്തമാണ്. എനിക്ക് ചിരി വരും.എന്റേത് കേട്ട് ചേച്ചിയും ചിരിക്കും.ഞാൻ പൊതുവെ സംസാരപ്രിയ അല്ലാത്തതിനാൽ അയൽപ്പക്കസൗഹൃദങ്ങൾ കുറവാണ്. വീട്ടിൽ നാത്തൂന്മാരില്ലാത്തതിനാൽ ഞങ്ങൾക്ക് അതിഥികളും കുറവാണ്.
നിജിലചേച്ചി ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടതാണ്.
അപ്പോം മൊട്ടക്കറിയും മുതൽ, രാത്രി പന്ത്രണ്ട് മണിയിലെ സൂര്യനമസ്കാരം വരെ പറയും. എനിക്കാദ്യം ചളിപ്പായിരുന്നു.
പിന്നെപ്പിന്നെ സെൻസറിട്ടായി സംസാരം.

“Two Roads diverged in a yel­low wood
And sor­ry I could not trav­el both ”
ഫ്രോസ്റ്റ് പറഞ്ഞ പോലെ രണ്ടായി പിരിഞ്ഞ റോഡിലെ രണ്ടിലും യാത്ര ചെയ്യാനാവാത്ത രണ്ട് സഞ്ചാരികളായിരുന്നു ഞങ്ങൾ.
ഞാനൊരു ശരാശരി ജീവിതമാണ് നയിക്കുന്നതെങ്കിൽ നിജിലേച്ചിയുടേത് മാലാഖയെപ്പോലുള്ള ജീവിതമാണ്.
എന്റെ സ്വപ്നങ്ങൾക്ക് അതിർവരമ്പുകളും, അളവെടുപ്പുകളും ഉണ്ടെങ്കിൽ ചേച്ചിക്ക് മുൻപിൽ സീമകളില്ലാത്ത നിരപ്പാർന്ന വഴികളാണ്.
എന്റെ സ്വപ്നങ്ങളിൽ ഒരു കാരണവരോ, മാർഗദർശിയോ ഇല്ലെങ്കിൽ ചേച്ചിക്കെല്ലാം ഭർത്താവായിരുന്നു.
ആ ധാർഷ്ട്യത്തിൽ നഷ്ടമായ എത്രയോ കിനാവുകൾ അവർ എണ്ണിയെണ്ണിപ്പറയുമായിരുന്നു.

“ചേച്ചിയെ ദർശേട്ടൻ പോന്നുപോലെ നോക്കുമല്ലോ.“എന്ന്‌ ഞാൻ ഒരിക്കലേ പറഞ്ഞുള്ളു, (ഇനിയൊരിക്കലും പറയുകയുമില്ല )
പൊട്ടിക്കരച്ചില് നിർത്താൻ പാട് പെട്ടു.
ഒന്നാം സ്വാതന്ത്ര്യസമരചരിത്രം
നാല് ഡാം തുറന്നു. ഞാൻ കുതിർന്നു.
ആ വെള്ളച്ചാട്ടത്തിൽ സഞ്ചരിച്ച് കുറേ വരികൾ ഊർന്നു വീണു..

അന്ന് പാതിരക്ക് ലൈറ്റും കത്തിച്ചിരുന്ന് ഞാൻ വരികളെഴുതി.
“അയാൾക്കവളെ
ജീവനായിരുന്നു.
തന്റെത്
മാത്രമെന്ന്
പറയിക്കാൻ
നെറുകിലെന്നും
സിന്ദൂരച്ചോപ്പ്
തുന്നിക്കൊടുക്കും.

കണ്ടു കണ്ണുവയ്ക്കാതിരിക്കാൻ
വഴിയരികുകളിൽ
അവനാദ്യം
മുള്ളുവേലി കെട്ടി.
അതിരുകൾ
പ്രതിരോധങ്ങളാംവിധം
പിഴുതെറിഞ്ഞ്
പിന്നെ കമ്പിവേലിയും.
അയൽക്കാരനോട്
സംസാരിച്ചതിനാൽ
കമ്പി കല്ലാവാൻ
ഒട്ടും താമസിച്ചില്ല.

സൈറാത്ത
ജോലിയ്ക്ക് പോണത്
നോക്കിക്കൊതിച്ചപ്പോൾ
ആലിംഗനം പുതപ്പിച്ചു.
തട്ടുമ്പുറത്തെ
മോഷണക്കുറ്റം ചാർത്തിയ
ചാക്കുപ്പൂച്ചയെ
ഓമനിച്ചതിന്
ഇന്നലെയതിനെ
കുഴിച്ചിടാനുള്ള
യോഗവും
അവൾക്കായിരുന്നു.

വയലറ്റ് സാരിയിലെ
ഇളംമഞ്ഞപ്പൂക്കളോട്
ഓട്ടോക്കാരൻ
കിന്നാരം പറഞ്ഞതിനാൽ
ഒരു തീപ്പട്ടിക്കൊള്ളിയിൽ
അഞ്ചുമീറ്റർ നിന്ന് കത്തി.
പാൽക്കാരൻ
നാണുപ്പാപ്പന്,
ചിരികൊടുത്തതിന്
ഒരു മാസത്തെ പാൽക്കാശ്
മുഴുവൻ കൊടുത്തു
പാലും വറ്റി.

വിടവുകളിൽ
ചുരുട്ടിവച്ച
കടലാസുകൾ,
ബെഡ്ഷീറ്റുകളിലെ
ചുളിച്ചിലിന്റെ
എണ്ണമെടുക്കലുകൾ..
ജീവിതത്തിൽ
വെളിച്ചം മാത്രം
വിതച്ച് അയാളവളെ
നിറഞ്ഞു സ്നേഹിച്ചു.
കടവാവലുകളെപ്പോലെ
അവൾക്ക് ചുറ്റും പറന്നു.
വീടെന്നുമൊരു
സ്വർഗ്ഗമാക്കി.
അവൾ
മാലാഖയും..”

മാലാഖ എന്ന് കവിതയ്ക്ക് പേരിട്ടു.
പോസ്സസ്സീവ് ലവ് ഞാനൊരു കാലത്ത് ആഗ്രഹിച്ചതാണ്. കെട്ടിപ്പൂട്ടി വരിഞ്ഞു മുറുക്കിയ ഒന്ന്.
പാടില്ലായ്മകളും, പോകരുതായ്മകളുമുള്ള ആരെയും കൊതിപ്പിക്കുന്നൊരു വികാരം!
ചെറിയ ലോകം,
പെരിയ സ്നേഹം!
പിന്നെപ്പഴോ ആ മോഹം പോയി.

നിജിലേച്ചിയെ പരിചയപ്പെട്ടതിനു ശേഷം ഒട്ടും വേണ്ടായെന്ന് തീർച്ചപ്പെടുത്തി.
ചേച്ചിക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു.
ചെറുപ്പത്തിൽ നന്നായി ഡാൻസ് കളിച്ചിരുന്നു. കല്യാണം കഴിഞ്ഞതിനു ശേഷം ദർശേട്ടന് താല്പര്യമില്ല.
“അങ്ങനിപ്പോ നിന്റെ ചന്തീം മൊലേം നോക്കി ആൾക്കാര് വെള്ളെറക്കണ്ട, അതൊക്കെ പണ്ട് രാജാക്കന്മാർക്ക് പെണ്ണുങ്ങളെ നോക്കാൻ ഉണ്ടാക്കിയ പരിപാടിയാ, പെണ്ണുങ്ങള് വെറുതെ തുള്ളാൻ പോവും ”
ചേച്ചി ചിലപ്പോപറഞ്ഞു കരയും.
“ന്റെ വിജിയേ ജീവിക്കാൻ കുറേ പണിയുണ്ട് ”
ഞാൻ ചിരിക്കും. അരികും മൂലയും വെട്ടിയും കൂട്ടിയും നല്ല പണിയുണ്ട് സൂക്ഷ്മമായി ജീവിക്കാൻ, വെറുതെ ആസ്വദിച്ച് കാലം കഴിക്കാനാണെങ്കിൽ വലിയ പണിയൊന്നുമില്ലതാനും.

മോളെ സ്കൂളിൽ കൊണ്ടാക്കുന്നത് മാത്രമാണ് ചേച്ചിയുടെ വിനോദം.
അവിടന്ന് പരിചയപ്പെട്ട ഒരു പിടിഎ അംഗത്തെക്കുറിച്ച് എന്നോട് പറഞ്ഞു.. മിലൻ. അവര് നല്ല കമ്പനി ആയിരുന്നു. ശ്വാസം മുട്ടുന്ന വീട്ട് സാഹചര്യത്തിൽ നിന്നും ചേച്ചിക്കത് ആശ്വാസമായിരുന്നു.
ഇടക്കുള്ള ഫോൺ വിളികളിൽ അവർ സന്തോഷിച്ചിരുന്നു.
അതവരുടെ മുഖത്ത് പ്രകടമായിരുന്നു.
പെട്ടന്നൊരു ദിവസം നാട്ടിൽ ചേച്ചിയെക്കുറിച്ച് എന്തൊക്കെയോ കിംവദന്തികൾ പരന്നു.
ഒരു വട്ടം ചാടിയാൽ പിന്നേം ചാടും എന്നായി അടുത്ത സംസാരം.
അടുക്കളകളിൽ, ഉമ്മറത്ത്.. സംസാരം കൂലം കുത്തി.

“ന്റെ മോന് ചൊവ്വാദോഷമായി അഞ്ചു കൊല്ലം പെണ്ണ് തെരഞ്ഞു നടന്നിട്ടും ഇങ്ങനൊന്നും ചെയ്തില്ല എന്ന് അമ്മായിഅമ്മ വീമ്പ് പറഞ്ഞു.”
അന്ന് രാത്രി ഞാൻ സുധ്യേട്ടനോട് ചോദിച്ചു.
“ങ്ങളെന്താ ആരേം പ്രേമിക്കാഞ്ഞേ? ”
“ഒന്നൂല്ല ”
“ജീവനപ്പേട്യോണ്ടാ?”
“ഒന്ന് പോടീ ”
“ന്നാലും പറ”
“അത് പിന്നെ ഞാൻ സൗന്ദര്യം കൂടിപ്പോയപ്പോ പെണ്ണുങ്ങളൊക്കെ കരുതി എനിക്ക് വേറെ പ്രേമമുണ്ടെന്ന്‌, അതോണ്ട് കിട്ടീല.”
“ഓ നന്നായിപ്പോയി ”
ഞങ്ങളന്ന് കുറേ ചിരിച്ചു.
പൊതുവെ എന്റെ സൗഹൃദങ്ങളെക്കുറിച്ച് കേൾക്കാൻ താല്പര്യമില്ലാത്തതിനാൽ നിജില ചേച്ചിയെക്കുറിച്ച് ഞാനൊന്നും പറഞ്ഞില്ല.

എന്നോട് മോശമായി പറഞ്ഞ ചിലരോട് മാത്രം ഞാൻ തിരുത്തി പറഞ്ഞു നോക്കി.
നല്ലത് മാറ്റിപറഞ്ഞു മോശപ്പെടുത്തുന്നതിനോടാണ് നാടിന് താല്പര്യം എന്ന് മനസ്സിലാക്കിയതിനാൽ ഞാൻ പിന്നൊന്നും മിണ്ടീല.
ദർശേട്ടന് ദർശനം കിട്ടി, വാള് കൊടുത്താൽ വെട്ടുമെന്ന രീതിയിൽ ഉറഞ്ഞു തുള്ളി.
ചേച്ചി സിംഹത്തിന്റെ മുന്നിൽപ്പെട്ട മുയൽകുഞ്ഞിനെപ്പോലെ നടുങ്ങി നിന്നു..
അന്ന് ആദ്യമായാണ് ഒരു ആണിന്റെ ശക്തമായ കൈപ്പത്തി ഒരു പെണ്ണിന്റെ മൃദുലമുഖത്ത് കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നത് ഞാൻ കണ്ടത്.
പ്രണയത്തിന് വേണ്ടി എല്ലാം ത്യജിച്ച ഒരുവൾക്ക് വേണ്ടി അയാൾ സൂക്ഷിച്ചു വെച്ച ആണിന്റെ ഏറ്റവും നെറികെട്ട മുഖം.

ഞാനന്ന് കവിതയിലേക്ക് വരികൾ വീണ്ടും ചേർത്തു.
“എന്നിട്ടും
മുക്കല്ലുകൂട്ടി
വേവാനിട്ട
നാവൂരിച്ചോറിൽ
അല്പം വിഷം ചേർത്ത്
അവൾ മാത്രം കഴിച്ചു..”

ചേച്ചിയെ ഞാൻ കൊന്നു.കവിത മാസികയ്ക്ക് അയച്ചു കൊടുത്തു..
കവിത വന്നതിന് ശേഷം നിജിലേച്ചിയെ കാണാൻ കുറേ ബുദ്ധിമുട്ടി.
സാധാരണ തടവ് കഠിനതടവായതിനാൽ നന്നേ കഷ്ടപ്പെട്ടു.
നാട്ടിലൊരു കല്യാണം ഉണ്ടായതിനാൽ എല്ലാവരും കല്യാണത്തിന് പോയ അന്ന് ഞാൻ ചേച്ചിയുടെ വീട്ടിൽ സ്വകാര്യസന്ദർശനം നടത്തി.
കവിത കാണിച്ച് കൊടുത്തു.
“പാല് നിർത്തിയതും, ഓട്ടോക്കാരന്റെ പ്രശ്നത്തിൽ സാരി കത്തിച്ചതും നീ നന്നായി എഴുതിയല്ലോ .
ലീലേടത്തിയെ സൈറാത്തയാക്കി അല്ലേ പാറൂ?
എനിക്കിവിടെ മടുത്തു ”
അവര് കുറേ കരഞ്ഞു.
പരിഹസിക്കപ്പെട്ട് ജീവിക്കുന്നതിലും നല്ലത് മരണമാണെന്ന് വീണ്ടും വീണ്ടും പറഞ്ഞു.

” തമ്മിലൊരാൾക്ക് മടുത്തു തുടങ്ങിയാൽ പിന്നെയും തിരിഞ്ഞു നോക്കി വീണ്ടുമവിടെ തുടരരുത്, പ്രിയമുള്ളതാണെങ്കിൽ നിന്നെയൊരിക്കലും മടുത്തില്ലെന്നു കള്ളം പറഞ്ഞെങ്കിലും തിരിഞ്ഞു നടക്കണം, ഓർമ്മകളെ മഹത്തരമാക്കാൻ അതാണ്‌ നല്ലത്.”

“എവിടെ പോവാനാടീ എന്നെപ്പോലെ വീടില്ലാത്തൊരു പെണ്ണ്?”
ഇന്നും ആ വീട്ടിൽ അരിയിടുന്നത് ആലോചിച്ചാൽ എനിക്ക് പേടിയാണ്. എങ്ങാനും നാവൂരിച്ചോറിൽ ചേച്ചിക്ക് വിഷമിടാൻ തോന്നിയാൽ കാരണക്കാരി ഞാനാകുമല്ലോ എന്ന കുറ്റബോധം..

അന്ന് ഡയറിയിൽ വെറുതെ കോറിയിട്ടു .
‘മനസ്സും ശരീരവും ഒരുപോലെ സഞ്ചരിക്കാത്ത പെണ്ണുങ്ങൾക്കാണ്
ചുരുളൻ മുടിയുണ്ടാവുക..
ചൂട് പിടിപ്പിക്കാതെയും ,
ബലപ്രയോഗത്തിൽ നീട്ടി വലിക്കാതെയും
സങ്കൽപ്പത്തെയും യാഥാർഥ്യത്തെയും
കൂട്ടിക്കുടുക്കി
എത്ര കെട്ടറുത്താലും,
മിനുക്കി മെടഞ്ഞാലും
ജീവിതകാലം മുഴുവൻ അവൾ
ജടയറുത്തുകൊണ്ടേയിരിക്കും..’
ശരിക്കും യാഥാർഥ്യവും,സങ്കല്പവും തമ്മിൽ എന്ത്മാത്രം അന്തരമാണ്?

“നീ പേടിക്കണ്ടെടീ ഞാൻ ചാവൂല, ചുരുണ്ട മുടിയുള്ളോര് ധൈര്യശാലികളാണ് പെണ്ണേ.”
“ഉവ്വോ ”
ഞാൻ ചിരിക്കും.
“നിനക്ക് ധൈര്യമില്ലേ?”
“പിന്നല്ലാണ്ട്, കൂടുതലാ എന്തേലും പ്രശ്നം വന്നാൽ ഒരുളുപ്പും ഇല്ലാണ്ട് ഇരുന്ന് കരയും, മിണ്ടാണ്ടിരിക്കും ടെൻഷൻ അടിച്ച് കൊളാക്കും.”
“ന്നാലും നിന്നെയെനിക്ക് ഇഷ്ടാട്ടാ.നമുക്ക് ഒളിച്ചോടിയാലോ?”
എന്ന് തൃശൂർസ്ലാങ്ങിൽ പറയും.
“ന്റമ്മച്ചിയെ ങ്ങക്ക് പൂതി തീർന്നില്ലേ പെണ്ണുമ്പിള്ളേ,ങ്ങള് ലെസ്ബിയനൊന്നുമല്ലാലോ, എനിക്ക് പേടിയാണ്.”
എന്ന് മലപ്പുറം സ്റ്റൈലിൽ ഞാനും

ദുർബലമായ ഇഷ്ടങ്ങളെയൊക്കെയും ആരാണ് പ്രേമമെന്ന് വിളിച്ചത്?
ചുരുളൻമുടിക്കാരിപ്പെണ്ണുങ്ങളുടെ
നാട്ടുകിസകളെയപ്പോൾ നിങ്ങളെന്ത്‌ പേരാണ് വിളിക്കുക?

വിജിഷ വിജയൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.